മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. പുതിയ പരിഷ്ക്കാരം നടപ്പാക്കിയാല്‍ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂള്‍ സമയ മാറ്റത്തിനെതിരെ സമസ്തയും രംഗത്തുവന്നിരുന്നു.
സ്കൂള്‍ പഠന സമയക്രമത്തില്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. സ്കൂള്‍ പഠന സമയം രാവിലെ 8 മുതല്‍ 1 മണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുള്ള കാര്യങ്ങള്‍ക്ക് മാറ്റിവെക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു പ്രധാന ശുപാര്‍ശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വര്‍ഷത്തെ കോഴ്സിനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. പ്ലസ്ടുവിന് ശേഷം ടി.ടി.സിക്കും ബി.എഡിനും പകരം അഞ്ച് വര്‍ഷത്തെ ഒറ്റ കോഴ്സെന്നതാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.