ഉദുമ: നാമനിര്‍ദ്ദേശപത്രികയില്‍ കേസുകളുടെ വിവരം മറച്ചുവെച്ച പഞ്ചായത്തംഗത്തെ മുന്‍സിഫ് കോടതി അയോഗ്യനാക്കി. ഉദുമ പഞ്ചായത്ത് ഭരണസമിതിയില്‍ 13-ാം വാര്‍ഡ് അംഗമായ മുസ്ലിം ലീഗിലെ മുഹമ്മദ് ഹാരിസിനാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി അയോഗ്യത വിധിച്ചത്.
സി.പി.എമ്മിലെ കെ.എന്‍ അബ്ബാസ് അലി ആസിഫിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. അബ്ബാസ് അലി ആസിഫ് വിജയിച്ച കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉദുമ പഞ്ചായത്തിനെയും അറിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2020 ഡിസംബര്‍ 14ന് നടന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 25 വോട്ടിനാണ് മുഹമ്മദ് ഹാരിസ് വിജയിച്ചിരുന്നത്.
എന്നാല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത്രാജ് ചട്ടപ്രകാരം നിശ്ചിത ഫോറത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം കേസ് വിവരം അറിഞ്ഞ സി.പി.എം സ്ഥാനാര്‍ത്ഥി കെ.എന്‍ അബ്ബാസ് അലി ആസിഫ് 2021 ജനുവരി 14ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ആര്. ബൈജു ഈ കേസിന്റെ വിചാരണവേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല.