അമിതഭാരം കയറ്റി ഓടുന്ന ലോറികള്‍ അപകട ഭീഷണിയാവുന്നു

മുള്ളേരിയ: അമിതഭാരം കയറ്റി ഓടുന്ന ലോറികള്‍ അപകട ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ബോവിക്കാനം കുറ്റിക്കോല്‍ റോഡിലെ എരിഞ്ഞിപ്പുഴ ഉണുപ്പംകല്ലില്‍ അമിതമായി മരത്തടികള്‍ കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മണ്‍ഭിത്തിയിലിടിച്ച് തകര്‍ന്നിരുന്നു. അപകടത്തില്‍ ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ബന്തടുക്കയില്‍നിന്ന് തടി ലോഡുമായി സീതാംഗോളിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഇറക്കം കഴിഞ്ഞ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ഭിത്തിയിലിടിക്കുകയായിരുന്നു. ഏട്ട് ടണ്‍ ലോഡ് കയറ്റാവുന്ന ലോറിയില്‍ ഇരട്ടിയിലേറെ ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ദേശീയപാതകളില്‍ ഇത്തരത്തില്‍ അമിതഭാരം കയറ്റി പോകുന്ന ലോറികളെ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പിടികൂടി പിഴ ഈടാക്കുന്നുണ്ടെങ്കിലും മലയോര ഗ്രാമങ്ങളിലും അതിര്‍ത്തിയിലെ ഊടുവഴികളിലൂടെയും മറ്റും പൊലിസിന്റെയും ആര്‍.ടി.ഒ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് നൂറുകണക്കിന് ലോറികള്‍ കടന്നുപോകുന്നുണ്ട്. പലയിടത്തും ഉദ്യോഗസ്ഥര്‍ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളിലും മലയോരത്തും മരത്തടികളും കരിങ്കലുകളുമടക്കമുള്ള അമിതഭാരം കയറ്റി രാപ്പകല്‍ വ്യത്യാസമില്ലാതെ ലോറികള്‍ കടന്നുപോകുന്നുണ്ട്. അപകട ഭീഷണിയാവുന്ന ഇത്തരം വാഹനങ്ങളെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it