ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂട്ടാനൊരുങ്ങി തമിഴ്നാട്. 152 അടിയായി ഉര്‍ത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന് മാധ്യമങ്ങളോട് വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തിയതിന് ശേഷം മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളി.
ബേബി ഡാം ബലപ്പെടുത്താന്‍ കേരളത്തിന്റെ അനുമതി ആവശ്യമുണ്ട്. എന്നാല്‍ ബേബി ഡാമിന് കീഴിലുള്ള മൂന്ന് മരങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഇതിനുവേണ്ടി കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനം വകുപ്പ് റിസര്‍വ് ഫോറസ്റ്റിനോട് ചോദിക്കണമെന്ന് പറയുന്നു. ഇത് വിശദമായി പരിശോധിച്ച് തടസങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ബേബി ഡാം ഉടന്‍ പുതുക്കും. ശേഷം മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടി ആയി ഉയര്‍ത്തുമെന്നും ദുരൈ മുരുകന് കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എ.ഐ.ഡി.എം.കെ നവംബര്‍ ഒമ്പതിന് തമിഴ്നാടില്‍ വ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒ. പനീര്‍ ശെല്‍വവും എടപ്പാടി പളനി സ്വാമിയും സംസാരിക്കുന്നതില്‍ ഒരു ധാര്‍മികതയുമില്ലെന്നും പത്ത് വര്‍ഷമായി ഒരു മന്ത്രിയും മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ദുരൈ മുരുകന് കുറ്റപ്പെടുത്തി.