മംഗളൂരു: മംഗളൂരുവിലെ മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങളും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്ത അഞ്ചംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യയ്തു. ഇവരില്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു. മലഷെട്ടി വില്ലേജിലെ ഹൊന്നൂര്‍ സ്വദേശി രഘു എസ് (30), വിനോബ നഗര്‍ സ്വദേശി പ്രമോദ് വി (23), ഗോശാല ആവരഗേരി സ്വദേശി എച്ച് രവികിരണ്‍ (23), ആവരഗെരെ സ്വദേശി ദാവല സാബ് (23), മലഷെട്ടി വില്ലേജിലെ ഹൊന്നൂര്‍ സ്വദേശി മഞ്ജുനാഥ (29) എന്നിവരെയാണ് മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബര്‍ 17ന് മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോള്‍നാട് ചന്ദ്രമൗലീശ്വര റോഡില്‍ താമസിക്കുന്ന വാസന്തി ഷെട്ടിയുടെ സ്വര്‍ണ്ണ ചെയിന്‍ മോഷ്ടിക്കപ്പെട്ടു. അതേ ദിവസം ചന്ദ്രമൗലീശ്വര ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സൂര്യപ്രകാശിന്റെ കെഎ-19-ഇസി-2398 രജിസ്ട്രേഷനിലുള്ള ബജാജ് ഡിസ്‌കവറി ബൈക്കും മോഷണം പോയിരുന്നു. രണ്ട് മോഷണങ്ങള്‍ക്കും മുല്‍ക്കി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലെ പ്രതികളില്‍ ഒരാളായ രഘുവിനെയാണ് പൊലീസ് അദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് നാല് കവര്‍ച്ചക്കാരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയ മുല്‍ക്കി പൊലീസ് ചൊവ്വാഴ്ച പുനരൂരില്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളും ഒരു കാറും തടഞ്ഞുനിര്‍ത്തി പരിശോധിച്ചതോടെയാണ് കവര്‍ച്ചക്കാരായ നാല് പ്രതികള്‍ കൂടി അറസ്റ്റിലായത്.
മംഗളൂരു നോര്‍ത്ത് എസിപി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ മുല്‍ക്കി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിദ്യാധര്‍ ഡി ബായികേരിക്കര്‍, എസ്.ഐമാരായ വിനായക ബാവിക്കാട്ടെ, മാരുതി പി, എഎസ്ഐമാരായ സഞ്ജീവ, ഉമേഷ്, സുരേഷ് കുന്ദര്‍, എച്ച്‌സിമാരായ കിഷോര്‍ കുമാര്‍, ശശിധര്‍, മഹേഷ്, പ്രമോദ്, ചന്ദ്രശേഖര്‍, വിശ്വനാഥ്, എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.