കാസര്‍കോട്: ആള് ഇന്ത്യ ഫെഡറേഷന് ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് (എ.ഐ.എഫ്.എം.പി) ഗവേണിംഗ് കൗണ്‍സില്‍ (ജി.സി.) അംഗമായി ഉത്തരദേശം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ മുജീബ് അഹ്മദിനെ തിരഞ്ഞെടുത്തു.
1953ല്‍ രൂപീകൃതമായ എ.ഐ.എഫ്.എം.പി രാജ്യത്താകമാനമുള്ള രണ്ടരലക്ഷത്തോളം പ്രിന്റര്‍മാരുടെ അപെക്സ് ബോഡിയാണ്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ഐ.എഫ്.എം.പി പ്രിന്റിംഗ് മേഖലയുടെ ഉന്നമനത്തിന് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തിവരുന്നു.
വിവിധ അഫിലിയേറ്റ് അസോസിയേഷനുകളിലൂടെ സംസ്ഥാനതലത്തിലും സംഘടന ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കേരളത്തിലെ നാലായിരത്തോളം പ്രസ്സുടമകള്‍ അംഗങ്ങളായിട്ടുള്ള കേരള പ്രിന്റേര്‍സ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് മുജീബ് അഹ്മദ് ജി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കേരള പ്രിന്റേര്‍സ് അസോസിയേഷന് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും സംസ്ഥാന കാബിനറ്റ് അംഗവുമാണ്. മൂന്നാം തവണയാണ് ജില്ലാ പ്രസിഡണ്ട് പദവി വഹിക്കുന്നത്. കാസര്‍കോട് സാഹിത്യവേദി ട്രഷറര്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍, കേരള ചെറുകിട വ്യവസായ അസോ. (കെ.എസ്.എസ്.ഐ.എ.) ജോ. സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ജെ.സി.ഐ. കാസര്‍കോടിന്റെ മുന്‍ പ്രസിഡണ്ടാണ്.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഉത്തരദേശം സ്ഥാപകനുമായ കെ.എം. അഹ്മദിന്റെയും വി.എം. സുഹ്റയുടെയും മകനാണ്. ഷിഫാനി മുജീബ് ഭാര്യയാണ്.