പെയിന്റടിക്കാത്ത ജീവിതങ്ങളെ പച്ചയായി വരച്ചിടുന്നവന്‍

മലയാള ഭാഷാ സാഹിത്യം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കഥ, കവിത, നോവല്‍, നാടകം എന്നിവ മാത്രമല്ല സാഹിത്യമെന്നും മറിച്ച്, മനുഷ്യന്റെ പച്ചയായ ജീവിതങ്ങള്‍ വരച്ചു കാട്ടുന്ന എന്തും സാഹിത്യമാണെന്നും നാമിന്ന് തിരിച്ചറിയുന്നു. ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തക രൂപത്തിലായി നിരന്തരം ഇറങ്ങിക്കൊണ്ടിരിക്കുന്നു. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന, ആത്മകഥാംശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന അത്തരം പുസ്തകങ്ങള്‍ക്ക് ഇന്ന് വായനക്കാര്‍ ഏറിവരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ചില പുസ്തകങ്ങള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ടു തന്നെ പല പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നതും നാം കാണുന്നു. വായന മരിക്കുന്നു […]

മലയാള ഭാഷാ സാഹിത്യം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കഥ, കവിത, നോവല്‍, നാടകം എന്നിവ മാത്രമല്ല സാഹിത്യമെന്നും മറിച്ച്, മനുഷ്യന്റെ പച്ചയായ ജീവിതങ്ങള്‍ വരച്ചു കാട്ടുന്ന എന്തും സാഹിത്യമാണെന്നും നാമിന്ന് തിരിച്ചറിയുന്നു. ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തക രൂപത്തിലായി നിരന്തരം ഇറങ്ങിക്കൊണ്ടിരിക്കുന്നു. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന, ആത്മകഥാംശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന അത്തരം പുസ്തകങ്ങള്‍ക്ക് ഇന്ന് വായനക്കാര്‍ ഏറിവരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ചില പുസ്തകങ്ങള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ടു തന്നെ പല പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നതും നാം കാണുന്നു. വായന മരിക്കുന്നു എന്ന വാദങ്ങള്‍ക്കിടയില്‍ തന്നെയാണ് ഇതും സംഭവിക്കുന്നത് എന്നതും കാണാതിരുന്നു കൂടാ.
പുസ്തകങ്ങള്‍ മാത്രമല്ല, ഗ്രന്ഥ കര്‍ത്താക്കളും ഇന്ന് ഏറെ ജനകീയരായി മാറിക്കൊണ്ടിരിക്കുന്നു. ചില്ലു കൊട്ടാരങ്ങളില്‍ ഇരുന്നുകൊണ്ട് സാഹിത്യസൃഷ്ടി നടത്തുന്നവരല്ല ഇന്നത്തെ പല എഴുത്തുകാരും. അവര്‍ അനുവാചകര്‍ക്കിടയില്‍ ഇറങ്ങി നടക്കുന്നു. അവരുമായി നേരിട്ടു സംവദിക്കുന്നു. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല, എല്ലാത്തരം സോഷ്യല്‍ മീഡിയകളിലും അവര്‍ സജീവമാണ്.
എടുത്തു പറയേണ്ട മറ്റൊരു പ്രധാന കാര്യം അവര്‍ ഭാഷയെ കൂടുതല്‍ സ്വതന്ത്രരാക്കുന്നു എന്നതാണ്. സാഹിത്യത്തിന് മനുഷ്യന്റെ സാധാരണ സംവേദനത്തില്‍ നിന്നും ബാഹ്യമായ, കുളിപ്പിച്ച് അലക്കിത്തേച്ച വസ്ത്രം ധരിപ്പിച്ച് പൊട്ടും തൊടുവിച്ച് നിര്‍ത്തിയ ഭാഷ ആവശ്യമില്ലെന്നും നിത്യജീവിതത്തില്‍ പ്രയോഗിക്കുന്ന ഭാഷ മാത്രം മതി എന്നും അവര്‍ ആഹ്വാനം ചെയ്യുന്നു. വര്‍ത്തമാനകാല മനുഷ്യന്റെ വിഹ്വലതകളും ഉത്ക്കണ്ഠകളും ദൈന്യതകളും ആവിഷ്‌കരിക്കേണ്ടത് ഋജുവായ ഭാഷയിലും ശൈലിയിലുമാണെന്നും തിരിച്ചറിഞ്ഞവര്‍ ഇവിടെ ജീവസ്സുറ്റവരായി നില്‍ക്കുന്നു. എല്ലാറ്റിലും മീതെ എടുത്തു പറയേണ്ട മറ്റൊരു കാര്യം, എഴുത്തിന് നിബന്ധനകളില്ല എന്നതാണ്. സാഹിത്യം ഐച്ഛികവിഷയമായെടുത്ത് ബിരുദങ്ങള്‍ നേടിയവര്‍ക്കോ വലിയ വലിയ അധ്യാപകര്‍ക്കോ മാത്രമേ സാഹിത്യസൃഷ്ടി നടത്താനാകൂ എന്ന ധാരണകളേയും പലരുമിവിടെ പൊളിച്ചു കൊണ്ടിരിക്കുകയാണ്. സ്വപ്രയത്‌നത്തിലൂടെയും നിരന്തരമായ വായനയിലൂടെയും ഭാഷ കൈവരിക്കാനും തനിക്കു ചുറ്റുമുള്ള ലോകത്തെ വരച്ചു കാട്ടാനാവുമെന്നും ഇവിടെ പലരും സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അവരില്‍ ഒരാളാണ് മുഹമ്മദ് അബ്ബാസ്. ഇന്ന് മലയാളി ഏറ്റവുമധികം വായിക്കുന്നവരില്‍ പ്രമുഖന്‍. പിതാവ് മലബാറില്‍ നിന്നും തിരുവിതാംകൂറിലേക്ക് പ്രവാസം നടത്തിയതുകൊണ്ട് കന്യാകുമാരിയില്‍ ജനിക്കുകയും എട്ടാംതരം വരെ തമിഴ് വിദ്യാലയത്തില്‍ പഠിക്കേണ്ടി വരികയും എട്ടില്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വീണ്ടും മലബാറിലേക്ക് തിരിച്ചു വരികയും ചെയ്യേണ്ടി വന്ന ഒരാള്‍. തുടര്‍ന്ന് പഠിക്കാന്‍ പറ്റാതെ, ജീവിതം പഠിച്ചു തുടങ്ങേണ്ടി വന്ന ഒരാള്‍. ജീവിതം പഠിക്കാനും ജീവിക്കാനും വേണ്ടി മലയാളം സ്വപ്രയത്‌നത്തിലൂടെ പഠിച്ചെടുത്തവന്‍. സ്റ്റീല്‍ പ്ലാന്റിലെ ഖലാസിയായും ഹോട്ടലില്‍ ശുചീകരണ തൊഴിലാളിയായും ജീവിച്ചു തുടങ്ങിയവന്‍. പിന്നീട് പെയിന്റ് ജോലിക്കാരനായി. ഇതിനെല്ലാമിടയില്‍ മലയാളം പഠിച്ചെടുത്ത അബ്ബാസിന് വായന ഒരു അഭിനിവേശമോ ലഹരിയോ ആയിത്തീര്‍ന്നിരുന്നു. ഉന്മാദിയായ വായനക്കാരനായി അവന്‍ വളര്‍ന്നു. പൈങ്കിളിയും ലോക ക്ലാസ്സിക് രചനകളും എല്ലാം വായിച്ച് ഭ്രാന്തായ അവസ്ഥ. പുസ്തകങ്ങളില്‍ അവന്‍ മനുഷ്യരെ കണ്ടു. മനുഷ്യ വിലാപങ്ങള്‍ കേട്ടു. തനിക്കു ചുറ്റിലും അവന്‍ കഥാപാത്രങ്ങളെ ദര്‍ശിച്ചു. അവരുടെ കഥകളും ജീവിതങ്ങളും അവന്‍ പകര്‍ത്തി എഴുതി. തന്റെ കൈയ്യില്‍ സാഹിത്യഭാഷ ഇല്ലെന്നവന്‍ പറഞ്ഞു. പക്ഷേ, ആരും അവനോട് അതാവശ്യപ്പെട്ടതുമില്ല. അബ്ബാസ് 'വാരിവലിച്ച്' എഴുതിയതു തന്നെയായിരുന്നു എഴുത്ത്!
വെറും ഒരു പെയിന്റ് പണിക്കാരനും ലോകസഞ്ചാരം നടത്താനാകുമെന്ന് അബ്ബാസ് തെളിയിച്ചു. ലോകപ്രശസ്തമായ പുസ്തകങ്ങള്‍ മതിയായിരുന്നു, അതിനദ്ദേഹത്തിന്. പിന്നീട് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട 'വിശപ്പ് പ്രണയം ഉന്മാദം' (ഓര്‍മ്മക്കുറിപ്പുകള്‍) വന്നു. 2022 ഏപ്രിലില്‍ മാത്രം ആദ്യ എഡിഷനായി ഇറങ്ങിയ പുസ്തകത്തിന് കൃത്യം രണ്ടു വര്‍ഷത്തിനുള്ളില്‍ എട്ടാം പതിപ്പ് ഇറങ്ങി എന്നത് ഈ പുസ്തകം എത്രമാത്രം ജനകീയമായിത്തീര്‍ന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ്. (ഈ കുറിപ്പുകാരന്‍ പുസ്തകം വായിച്ചു തുടങ്ങിയിട്ടേ ഉള്ളൂ). പിന്നെയും രണ്ടു പുസ്തകങ്ങള്‍. മനുഷ്യന്‍ എന്നത് അത്ര സുഖമുള്ള ഒരേര്‍പ്പാടല്ല, ആത്മഹത്യക്കും ഭ്രാന്തിനുമിടയില്‍.
മെയ് ഒന്നിന് കാസര്‍കോട്ടെ 'ഹുബാഷിക' ബുക്‌സ് അബ്ബാസിനെ കൊണ്ടുവന്നു; ഒരു മാസം നീണ്ടുനിന്ന പുസ്തകോത്സവത്തിന്‍െ സമാപനവുമായി ബന്ധപ്പെടുത്തി. ചുരുങ്ങിയ സമയം കൊണ്ട് വൈവിധ്യങ്ങളായ ഏറെ പരിപാടികള്‍ സംഘടിപ്പിച്ച ഹുബാഷികയ്ക്ക് മെയ് ഒന്ന് എന്ന ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുഹമ്മദ് അബ്ബാസിനെയല്ലാതെ മറ്റാരെയാണ് കൊണ്ടു വരാനാവുക?
മൂന്നു മണി മുതല്‍ ആറുമണി വരെ അബ്ബാസ് അനുവാചകര്‍ക്കിടയില്‍ ഇരുന്നു. ഒരു വലിയ എഴുത്തുകാരന്റെ ഒരു ജാഡയും തലക്കനവുമില്ലാതെ. മുഖ്യപ്രഭാഷകനോ ഏതെങ്കിലും പരിപാടിയുടെ ഉദ്ഘാടകനോ ആയിരുന്നില്ല മറിച്ച്, തന്റെ വായനക്കാരുമായി സുഹൃദ് സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട വെറും സാധാരണ മനുഷ്യനായിരുന്നു, അബ്ബാസ്. എഴുത്തില്‍ താന്‍ പിന്തുടരുന്ന തന്റെ നിലപാടുകള്‍, രാഷ്ട്രീയം, പക്ഷം എല്ലാം കൂടിയിരുന്നവരുമായി തന്റെ എഴുത്തു പോലെത്തന്നെ ലളിതമായി പങ്കുവെച്ചു. അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് നിസ്സങ്കോചം പറഞ്ഞു. ബുദ്ധിജീവി ചമയാനായി വലിയ വലിയ വാക്കുകളെ ആശ്രയിച്ചില്ല.
നിലപാടിലോ തന്റെ തീരുമാനങ്ങളിലോ വെള്ളം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയ എഴുത്തുകാരന്‍ എഴുത്തു വഴിയല്ല, തന്റെ തൊഴിലായ പെയിന്റിംഗ് ജോലി ചെയ്തു തന്നെയാണ് ഇന്നും ജീവിക്കുന്നത് എന്ന കാര്യം അടിവരയിട്ടു പറഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയത്തിലും നയങ്ങളിലും തനിക്കുള്ള ഉത്ക്കണ്ഠയും നിരാശയും അദ്ദേഹം ശ്രോതാക്കളുമായി പങ്കിട്ടു. അനുഭവ-ഓര്‍മ്മക്കുറിപ്പുകള്‍ക്കായി വീണ്ടും വീണ്ടും പ്രസാധകര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെങ്കിലും ഇനിയും പക്ഷേ, അതു തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞതായും, ഇനിയും അവയുമായി മുന്നോട്ടു പോയാല്‍ ഇതുവരെ ഒപ്പം നിന്നവര്‍ തന്നെ തള്ളിപ്പറയുമെന്നും തന്റെ പുസ്തകങ്ങള്‍ വലിച്ചെറിയുമെന്നും പറഞ്ഞു. അടുത്തതായി രണ്ടു നോവലുകളുടെ രചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും. കെട്ടിടങ്ങള്‍ക്കു പെയിന്റടിക്കുമ്പോഴും ഒട്ടും പെയിന്റടിക്കാത്ത ജീവിതങ്ങളെ പച്ചയായും അവയുടെ പൂതലിപ്പോടും കൂടി നമുക്കു മുന്നില്‍ വരച്ചു കാണിക്കുന്ന ഈ മനുഷ്യനില്‍ നിന്നും ഇനിയും നമുക്ക് മഹത്തായ രചനകള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

-റഹ്മാന്‍ മുട്ടത്തൊടി

Related Articles
Next Story
Share it