മുഹമ്മദ് അസ്ഹറുദ്ദീന്‍: ബാറ്റിലും വാക്കിലും സെഞ്ച്വറി
തീപ്പന്തം പോലെ ചീറിപ്പാഞ്ഞു വരുന്ന പന്തുകളെ നിഷ്‌കരുണം സിക്‌സറുകളിലേക്ക് അടിച്ചുപറത്തുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗിന് മാത്രമല്ല, വാക്കുകള്‍ക്കും ചാരുതയുണ്ട്. ഞാന്‍ ഒന്നുമായിട്ടില്ലെന്നും മുംബൈ വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ നടത്തിയ ബാറ്റിംഗ് മികവ് ഈ നാടിന്റെ പിന്തുണ കൊണ്ട് മാത്രം ഉണ്ടായ കരുത്തില്‍ നേടിയ ചെറിയ നേട്ടമാണെന്നും പറയുമ്പോള്‍ അസ്ഹറുദ്ദീനിലെ എളിമ പിന്നെയും തിളങ്ങുന്നു. അസ്ഹറുദ്ദീന്‍ വന്ന വഴികള്‍ മറന്നിട്ടില്ല. അവ വിളിച്ചു പറയാന്‍ കേരളത്തിന്റെ ഈ പ്രിയ താരത്തിന് ഉത്സാഹവുമാണ്. സ്വീകരണ കേന്ദ്രങ്ങളില്‍ അസ്ഹറുദ്ദീന്‍ സംസാരിക്കുന്നത് മുംബൈക്കെതിരെ നേടിയ […]
തീപ്പന്തം പോലെ ചീറിപ്പാഞ്ഞു വരുന്ന പന്തുകളെ നിഷ്‌കരുണം സിക്‌സറുകളിലേക്ക് അടിച്ചുപറത്തുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗിന് മാത്രമല്ല, വാക്കുകള്‍ക്കും ചാരുതയുണ്ട്. ഞാന്‍ ഒന്നുമായിട്ടില്ലെന്നും മുംബൈ വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ നടത്തിയ ബാറ്റിംഗ് മികവ് ഈ നാടിന്റെ പിന്തുണ കൊണ്ട് മാത്രം ഉണ്ടായ കരുത്തില്‍ നേടിയ ചെറിയ നേട്ടമാണെന്നും പറയുമ്പോള്‍ അസ്ഹറുദ്ദീനിലെ എളിമ പിന്നെയും തിളങ്ങുന്നു. അസ്ഹറുദ്ദീന്‍ വന്ന വഴികള്‍ മറന്നിട്ടില്ല. അവ വിളിച്ചു പറയാന്‍ കേരളത്തിന്റെ ഈ പ്രിയ താരത്തിന് ഉത്സാഹവുമാണ്. സ്വീകരണ കേന്ദ്രങ്ങളില്‍ അസ്ഹറുദ്ദീന്‍ സംസാരിക്കുന്നത് മുംബൈക്കെതിരെ നേടിയ […]

തീപ്പന്തം പോലെ ചീറിപ്പാഞ്ഞു വരുന്ന പന്തുകളെ നിഷ്‌കരുണം സിക്‌സറുകളിലേക്ക് അടിച്ചുപറത്തുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗിന് മാത്രമല്ല, വാക്കുകള്‍ക്കും ചാരുതയുണ്ട്. ഞാന്‍ ഒന്നുമായിട്ടില്ലെന്നും മുംബൈ വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ നടത്തിയ ബാറ്റിംഗ് മികവ് ഈ നാടിന്റെ പിന്തുണ കൊണ്ട് മാത്രം ഉണ്ടായ കരുത്തില്‍ നേടിയ ചെറിയ നേട്ടമാണെന്നും പറയുമ്പോള്‍ അസ്ഹറുദ്ദീനിലെ എളിമ പിന്നെയും തിളങ്ങുന്നു. അസ്ഹറുദ്ദീന്‍ വന്ന വഴികള്‍ മറന്നിട്ടില്ല. അവ വിളിച്ചു പറയാന്‍ കേരളത്തിന്റെ ഈ പ്രിയ താരത്തിന് ഉത്സാഹവുമാണ്. സ്വീകരണ കേന്ദ്രങ്ങളില്‍ അസ്ഹറുദ്ദീന്‍ സംസാരിക്കുന്നത് മുംബൈക്കെതിരെ നേടിയ അതിവേഗ സെഞ്ച്വറികളെ കുറിച്ചല്ല. തന്നെ താനാക്കിയ ജന്മനാടിനെ കുറിച്ചാണ്. ഈ നാടിന്റെ സ്‌നേഹത്തെയും കരുതലിനെയും കുറിച്ചുമാണ്.
തളങ്കര കടവത്ത് പരേതരായ ബി.കെ. മൊയ്തുവിന്റെയും നബീസയുടെയും എട്ടാമത്തെ മകനായി ജനിച്ച മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാല്യം കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സാമ്പത്തിക ശേഷി കുറവായിരുന്നുവെങ്കിലും ക്രിക്കറ്റ് താരമാവാനുള്ള അസ്ഹറുദ്ദീന്റെ മോഹം വലുതായിരുന്നു. വീട്ടുപറമ്പിലെ പരുപരുത്ത 'പിച്ചി'ല്‍ ഓലയുടെ മടല് കൊണ്ടു തീര്‍ത്ത 'ബാറ്റി'ല്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ച അസ്ഹറുദ്ദീന്‍ വീടിന് തൊട്ടടുത്ത ടി.സി.സി. ക്ലബ്ബിലൂടെയാണ് ആദ്യമായി ബാറ്റ് പിടിച്ച് പരിശീലിച്ചത്. മൂത്ത സഹോദരങ്ങളെല്ലാം പഠനത്തിലും ജോലിയിലും വ്യാപൃതരാകുമ്പോള്‍ അസ്ഹറുദ്ദീന്‍ ക്രിക്കറ്റ് താരമാകാനുള്ള അതിരറ്റ മോഹവുമായി ഏതുനേരവും ഗ്രൗണ്ടില്‍ തന്നെയായിരുന്നു. തനിക്ക് ജ്യേഷ്ഠന്‍ ഖമറുദ്ദീന്‍ ഇട്ട മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേര് അര്‍ത്ഥ വത്താക്കാനുള്ള ശ്രമത്തിലായിരുന്നു നന്നേകുട്ടിക്കാലം മുതല്‍ തന്നെ അവന്‍. പക്ഷെ നല്ലൊരു ബാറ്റ് വാങ്ങാനുള്ള കാശ് കയ്യിലില്ലായിരുന്നു. ചിലരൊക്കെ അസ്ഹറുദ്ദീനെ സഹായിക്കാനെത്തി. ഒരാളെയും ഈ താരം മറന്നിട്ടില്ല. കഴിഞ്ഞ ദിവസം ടാസ്-ടി.സി.സി. തളങ്കരയുടെ സ്വീകരണ യോഗത്തില്‍ അസ്ഹറുദ്ദീന്‍ തിരഞ്ഞ മുഖങ്ങളിലൊന്ന് സലീം കൊപ്പലിന്റേതായിരുന്നു. തന്നെ കോച്ചിംഗ് ക്യാമ്പിലേക്ക് നിരന്തരം കൊണ്ടുപോയിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍. പലപ്പോഴും ഓട്ടോ വാടക കൊടുക്കാന്‍ അസ്ഹറുദ്ദീന്റെ കയ്യില്‍ കാശുണ്ടാവില്ല. 'സാരമില്ലഡാ, നീ കളിച്ച് നന്നായി വളര്‍ന്നു വാ, കാശില്ലെങ്കിലും എന്നെ വിളിക്കാന്‍ മറക്കണ്ട, എപ്പോള്‍ വിളിച്ചാലും ഞാന്‍ കൊണ്ടുവിടാം...' എന്ന് പറഞ്ഞ് സഹായത്തിന്റെ നല്ല മനസ് തുറന്ന ഓട്ടോ ഡ്രൈവര്‍ സലീമിനെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അസ്ഹറുദ്ദീന്‍ മറന്നിട്ടില്ല. ജ്യേഷ്ഠന്റെ സുഹൃത്ത് ഫിറോസ് കടവത്ത് ചെയ്ത സഹായങ്ങളെയും അസ്ഹറുദ്ദീന്‍ ഓര്‍ക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ പരിശീലനം നടത്താനും ക്യാമ്പിലേക്ക് പോവാനുമൊക്കെ നിര്‍ബന്ധിച്ചതും പ്രോത്സാഹിപ്പിച്ചതും ഫിറോസ് അടക്കമുള്ളവരാണ്. അന്ന് അസ്ഹറുദ്ദീന്‍ ക്രിക്കറ്റിന്റെ നല്ല പാഠങ്ങള്‍ പഠിച്ചു വരുന്നതേ ഉള്ളൂ. അവര്‍ നാല് കൂട്ടുകാരുണ്ടായിരുന്നു. അജു എന്ന അസ്ഹറുദ്ദീനെ കൂടാതെ അയല്‍വാസിയായ അസു എന്ന അസ്ഹറുദ്ദീനും സാദിഖും മറ്റൊരു സുഹൃത്തും. അസു എന്ന അസ്ഹറുദ്ദീന്‍ പിന്നീട് ജില്ലാ ക്രിക്കറ്റ് ടീമില്‍ അടക്കം മികച്ച കളി മികവ് കാട്ടി. പി. മാഹിന്‍ മാസ്റ്ററും നൗഫല്‍ തളങ്കരയും അജ്മല്‍ തളങ്കരയും കെ.എസ്. അഷ്‌റഫും അടക്കമുള്ളവരുടെ നിരന്തര പ്രോത്സാഹനം അസ്ഹറുദ്ദീന് വലിയ കരുത്തായി. വഴിവക്കില്‍ കണ്ടുമുട്ടുമ്പോഴൊക്കെ മാഹിന്‍ മാഷ് ഉപദേശത്തിന്റെ കെട്ടഴിക്കും. നന്നായി പരിശീലിക്കണം, നല്ല ക്ഷമ വേണം എന്നൊക്കെ ഉപദേശിക്കും. 'അക്കരപ്പച്ചകണ്ട് പാതിവഴിക്ക് വെച്ച് ഫുട്‌ബോളിന്റെയും കബഡിയുടെയുമൊന്നും പിന്നാലെ പോയേക്കരുത്, ക്രിക്കറ്റാണ് നിന്റെ വഴി' എന്നൊക്കെ പറഞ്ഞു കൊടുക്കും.
കോട്ടയത്ത് ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍ പോവണോ എന്ന് ശങ്കിച്ച് നില്‍ക്കാതെ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു അസ്ഹറുദ്ദീന്‍. അസ്ഹറുദ്ദീനൊപ്പം രണ്ട് പേര്‍ക്ക് കൂടി അക്കാദമിയിലേക്ക് സെലക്ഷന്‍ കിട്ടിയിരുന്നു. എന്നാല്‍ അവര്‍ മടി കാണിച്ചു. അസ്ഹറുദ്ദീന്റെ സഹോദരന്‍ ഹസൈന്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസ് അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു അപ്പോള്‍. വന്ന ഭാഗ്യത്തെ തട്ടിക്കളയല്ലേ എന്ന് പറഞ്ഞ് ഹസൈന്‍ അസ്ഹറുദ്ദീന്റെ കയ്യുംപിടിച്ചിറങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന ക്രിക്കറ്റ് താരത്തിന്റെ ജീവിത വഴിയിലെ ഒരു ടേണിംഗ്‌പോയിന്റായിരുന്നു അത്. അസ്ഹറുദ്ദീന്‍ അന്ന് സുഹൃത്തുക്കളെ പോലെ മടി കാണിച്ചിരുന്നുവെങ്കില്‍ ജനുവരി 13 ന് വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ കണ്ടതുപോലുള്ള ആ കൊടുങ്കാറ്റ് ബാറ്റിംഗ് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാവുമായിരുന്നില്ല. അക്കാദമിയിലെ പഠനത്തിനിടയില്‍ അവിടത്തെ പ്രധാനപ്പെട്ട സ്‌കൂളുകളില്‍ ഒന്നായ എസ്.എച്ച്. തേവരയില്‍ പഠനവും തുടര്‍ന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ ഫീസ് ഇനത്തില്‍ 7500 രൂപ അടക്കാനുണ്ടായിരുന്നു. അസ്ഹറുദ്ദീന്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് പണമടക്കാനുള്ള അറിയിപ്പ് വന്നത്. കയ്യില്‍ കാശില്ല. വീട്ടുകാരോട് ചോദിക്കാനും പറ്റില്ല. അപ്പോഴാണ് ദൈവം കല്‍പ്പിച്ചത് പോലെ ജ്യേഷ്ഠന്‍ ഉനൈസിന്റെ സുഹൃത്ത് ഖത്തറില്‍ ജോലിയുള്ള നിയാസ് വീട്ടില്‍ വരുന്നത്. അസ്ഹറുദ്ദീനെ കാണുമ്പോഴൊക്കെ നിയാസ് ക്രിക്കറ്റ് പരിശീലനത്തെ കുറിച്ച് തിരക്കാറുണ്ട്. അന്ന് കാര്യം തിരക്കുന്നതിനിടയില്‍ അസ്ഹറുദ്ദീന്റെ വാക്കുകളില്‍ നിന്ന് സ്‌കൂളില്‍ ഫീസ് അടക്കേണ്ടതിന്റെ കാര്യം പിടികിട്ടി. പേഴ്‌സില്‍ നിന്ന് ഒരു നോട്ടെടുത്ത് നീട്ടി. 100 എന്ന അക്കം കണ്ടെങ്കിലും അത് ഏത് കറന്‍സിയാണെന്ന് അസ്ഹറുദ്ദീന് മനസിലായില്ല. മണി എക്‌സ്‌ചേഞ്ചില്‍ കൊടുത്താല്‍ നോട്ട് മാറിക്കിട്ടുമെന്ന് മാത്രം നിയാസ് പറഞ്ഞു. അത് 100 ഡോളര്‍ ആയിരുന്നു. ഏഴായിരത്തില്‍ പരം രൂപ മാറി കിട്ടി. ഒരു പക്ഷേ അത് കിട്ടിയില്ലായിരുന്നുവെങ്കില്‍ പഠനം തന്നെ മുടങ്ങിപ്പോകുമായിരുന്നു എന്ന് തുറന്ന് പറയാന്‍ അസ്ഹറുദ്ദീന് ഒരു മടിയുമില്ലായിരുന്നു.
ഇതിനിടയില്‍ യഹ്‌യ തളങ്കര അടക്കമുള്ളവരുടെ നിര്‍ലോഭമായ സഹായം ലഭിച്ചുതുടങ്ങിയിരുന്നു. ക്രിക്കറ്റ് കളത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ താരമായി വളരണമെന്ന് ആഗ്രഹിച്ച് യഹ്‌യയും ഖാദര്‍ തെരുവത്തും ജാനിഷ് ജാസ്മിനുമൊക്കെ സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു. യഹ്‌യ തളങ്കര വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിലപിടിപ്പുള്ള ഒരു ബാറ്റ് സമ്മാനിക്കുകയും കുറേക്കാലം പ്രതിമാസം മുടങ്ങാതെ സഹായം എത്തിച്ചു നല്‍കുകയും ചെയ്തു. ഖാദര്‍ തെരുവത്ത് സ്വന്തമായി ഒരു പിച്ച് നിര്‍മ്മിക്കാന്‍ തന്നെ സഹായം നല്‍കി. എന്താവശ്യത്തിനും വിളിക്കാന്‍ മറക്കേണ്ടെന്ന് ജാനിഷിന്റെ വാഗ്ദാനവും സഹായവും.
'ഇന്ന് എന്നെ സഹായിക്കാന്‍ കമ്പനികള്‍ അടക്കം പലരും രംഗത്തുണ്ട്. എന്നാല്‍ ഞാന്‍ വളര്‍ന്നു വന്ന വഴികളില്‍ താങ്ങായി നിന്നവരെ മറക്കാന്‍ എനിക്കാവില്ല. ഞാന്‍ വാങ്ക്‌ഡെയില്‍ നേടിയ സെഞ്ച്വറിയേക്കാള്‍ എനിക്ക് പറയാനിഷ്ടം എന്നെ സഹായിച്ചവരെക്കുറിച്ചാണ്. വളര്‍ന്ന് ഒരു നിലയ്‌ക്കെത്തുമ്പോള്‍ ആരൊക്കെ കൂടെ ഉണ്ട് എന്നതിലല്ല കാര്യം. ഒരുപാട് പേരുണ്ടാകും. എന്നാല്‍ വളര്‍ന്നു വന്ന വഴിയില്‍ ആരൊക്കെ കൂടെ ഉണ്ടായിരുന്നുവെന്നതാണ് കാര്യം...' അസ്ഹറുദ്ദീന്റെ വാക്കുകള്‍ക്ക് സിക്‌സറുകളുടെ തിളക്കം.
പത്ത് വര്‍ഷമായി വല്ലാത്തൊരു നോവ് അസ്ഹറുദ്ദീന്റെ മനസില്‍ ഉണ്ട്. പ്രിയപ്പെട്ട വാപ്പയുടെ വേര്‍പാടാണത്. ഉപ്പ ബി.കെ. മൊയ്തീന്‍ മരിക്കുമ്പോള്‍ ഏറ്റവും ഇളയ മകനായ അസ്ഹറുദ്ദീന് 13 വയസ് മാത്രം പ്രായം. പിന്നീട് താങ്ങായി നിന്നത് ഉമ്മയാണ്. ഉപ്പയുടെ മരണത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ്, 2015ല്‍ ഉമ്മ നബീസയും യാത്രയായി. പിന്നീട് സഹോദരങ്ങളായ ഖമറുദ്ദീനും ഹസൈനും ഹുസൈനും ജലീലും ഉനൈസും മുഹമ്മദലിയും സിറാജുമായിരുന്നു കുഞ്ഞനുജനെ സ്‌നേഹലാളന നല്‍കി വളര്‍ത്തിയത്. ഉപ്പയും ഉമ്മയും ഇല്ലാത്തതിന്റെ വിഷമം അസ്ഹറുദ്ദീന്‍ ഒരു സ്വീകരണ ചടങ്ങില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 'ഉപ്പ മരിച്ച് അഞ്ചാം വര്‍ഷം ഉമ്മയും പോയി. എന്നെ അനാഥത്വത്തിന്റെ വിഷമം അറിയിക്കാതെ വളര്‍ത്തിയത് സഹോദരന്മാരാണ്. ഉപ്പയും ഉമ്മയും ഇപ്പോള്‍ പരലോകത്ത് മുഖാമുഖം ഇരുന്ന് എന്നെ കുറിച്ച് സംസാരിക്കുന്നുണ്ടാവും. രണ്ട് പേര്‍ക്കും ക്രിക്കറ്റ് വലിയ ഇഷ്ടമായിരുന്നു. കളിച്ച് ഞാന്‍ ഉന്നതിയില്‍ എത്തണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ഓരോ മത്സരത്തിനിടയിലും ഞാന്‍ ഉപ്പയെയും ഉമ്മയെയും ഓര്‍ക്കാറുണ്ട്..'
മുംബൈയിലെ പ്രകടനത്തിന് ശേഷം മംഗളൂരുവില്‍ വിമാനമിറങ്ങി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് അസ്ഹറുദ്ദീന്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍. വലിയ താരമായി മാറിയിട്ടും ടീഷര്‍ട്ടും സാദാ ചെരുപ്പുമിട്ടാണോ നാട്ടിലേക്ക് പോവുന്നത് എന്നായിരുന്നു സുഹൃത്തിന്റെ അന്വേഷണം. ഞാന്‍ ഇങ്ങനെ തന്നെയാണെന്നും എന്റെ ജന്മ നാട്ടിലേക്ക് ഇങ്ങനെ മാത്രമേ എനിക്ക് പോകാന്‍ കഴിയുകയുള്ളൂവെന്നും അസ്ഹറുദ്ദീന്റെ മറുപടി.
ഞാന്‍ ഇപ്പോഴും തുടക്കക്കാരന്‍ മാത്രം
സ്വീകരണങ്ങളുടെ പെരുമഴയില്‍ നനഞ്ഞു കുളിക്കുകയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇപ്പോള്‍. മുംബൈയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ അസ്ഹറുദ്ദീന് സ്വീകരണത്തിന്റെ തിരക്കൊഴിഞ്ഞ നേരമില്ല. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് നടന്ന പൗര സ്വീകരണത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സംസ്ഥാനത്തിന്റെ ആദരമാണ് അസ്ഹറുദ്ദീന് സമ്മാനിച്ചത്. സ്വീകരണ പരിപാടികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴും ചില സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാതിരിക്കാനാവുന്നില്ല. അത് കടപ്പാടിന്റെ പേരില്‍ കൂടിയാണ്. ഒരു നാട് ഹൃദയംഗമായി നല്‍കുന്ന സ്വീകരണത്തെ എങ്ങനെയാണ് മാറ്റിവെക്കുക.
? മുംബൈയിലെ അത്യുജ്വല പ്രകടനത്തിന്റെ ത്രില്ലിലാണ് നാടിപ്പോഴും. എന്താണ് അടുത്ത പരിപാടി. ഇനി എപ്പോഴാണ് നാടിന് അവിസ്മരണീയമായ മറ്റൊരു മുഹൂര്‍ത്തം സമ്മാനിക്കുക.
= (അസ്ഹറുദ്ദീന്‍ ചിരിക്കുന്നു). എപ്പോഴാണ് ഫോം വരികയെന്ന് പറയാന്‍ ഒരു കളിക്കാരനും ആവില്ല. നന്നായി കളിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. മുംബൈയിലേത് ഒരു റെക്കോര്‍ഡ് ആയിരുന്നുവെങ്കില്‍ അത് എന്റെ പരമാവധി കഴിവ് പ്രയോജനപ്പെടുത്തിയതിന്റെ ഫലം കൂടിയാണ്. മികച്ച ഫോമിന് വേണ്ടി ഇനിയും ശ്രമിക്കും. അടുത്തത് രഞ്ജി ക്യാമ്പിലേക്കുള്ള മടക്കമാണ്. അടുത്ത മാസം മത്സരങ്ങള്‍ തുടങ്ങും. നാടിന്റെ സ്വീകരണം എന്നെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും പരിശീലനത്തിന് കൂടുതല്‍ സമയം നീക്കിവെക്കാനാണ് എനിക്ക് താല്‍പ്പര്യം. ഇപ്പോള്‍ ഞാന്‍ ഒന്നുമായിട്ടില്ല. ഒരു തുടക്കക്കാരന്‍ തന്നെയാണ് ഇപ്പോഴും. ലക്ഷ്യത്തിലേക്കുള്ള വലിയ വഴികള്‍ ഇനിയും താണ്ടാനുണ്ട്. ഐ.പി.എല്ലില്‍ സെലക്ഷന്‍ കിട്ടണം. അവിടെ മികച്ച പ്രകടനം നടത്തണം. ഏതൊരു താരത്തെ പോലെയും ഇന്ത്യന്‍ ജേഴ്‌സി അണിയണം എന്നാണ് ആഗ്രഹം. അത് നിസാരമല്ല. കഠിന പാതകള്‍ താണ്ടേണ്ടതുണ്ട്. എല്ലാവരുടെയും പിന്തുണ ഉണ്ടാവണം.
? ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഡക് ഔട്ടായപ്പോള്‍ നിരാശ തോന്നിയോ.
= അങ്ങനൊന്നുമില്ല. എന്തും സംഭവിക്കാമെന്ന ധാരണയില്‍ തന്നെയാണ് ഒരാള്‍ ഓപ്പണിംഗ് ഇറങ്ങുന്നത്. ആ മാച്ചിലെ ഏറ്റവും മനോഹരമായ പന്തിലാണ് ഞാന്‍ ഔട്ടായത്. ഞാന്‍ അല്ലാതെ മറ്റൊരാളാണ് ആ പന്തിനെ നേരിട്ടിരുന്നതെങ്കില്‍ അവരും ഔട്ടാകുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും ശക്തമായ പന്തായിരുന്നു അത്.
മുഷ്താഖലി ട്രോഫിയില്‍ മുംബൈക്കെതിരെ അതിവേഗ സെഞ്ച്വറി നേടി രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആ മത്സരത്തില്‍ 11 സിക്‌സറുകളും 9 ഫോറുമടക്കം 54 പന്തിലാണ് പുറത്താകാതെ 137 റണ്‍സെടുത്തത്. അവിടെ പുതിയൊരു റെക്കോര്‍ഡും കുറിച്ചിട്ടു. മുഷ്താഖലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ കേരള താരം.