മുബാറക് ഹാജി: ചരിത്രത്തിന്റെ ഒരധ്യായത്തിന് പൂര്‍ണ്ണ വിരാമം
കാസര്‍കോട് എന്ന് കേട്ടാല്‍ ഏത് കാസര്‍കോട്ടുകാരന്റെയും മറു നാട്ടുകാരന്റെയും മനസ്സിലോടുക രണ്ടു സ്ഥാപനത്തിന്റെ പേരുകള്‍ -മുബാറക്കും ബദരിയയും. രണ്ടു ലാന്റ് മാര്‍ക്കുകളാണവ. ആദ്യത്തേത് തുണിക്കടയും മറ്റേത് റസ്റ്റോറന്റും. പേരിന്റെ മുമ്പില്‍ ചേര്‍ത്താലും പിന്നിലായാലും പഴയതും പുതിയതുമായ തലമുറകളുടെ മനസ്സില്‍ പതിഞ്ഞ ഗൃഹാന്തര നാമമാണ് (House hold name) മുബാറക്ക്.പഴയ തലമുറക്ക് അത് നൊമ്പരം പൊടിയുന്ന ഗൃഹാതുരത കൂടിയാണ്. മംഗലത്തിന് 'ചരക്ക്' എടുക്കണമെങ്കിലോ ഇടക്ക് 'ബജാറി'ല്‍ വരുന്ന ഉള്‍നാട്ടുകാര്‍ക്ക് നാട്ടു വിശേഷങ്ങള്‍ അറിയണമെങ്കിലോ മുബാറക്കില്‍ കയറണം. കല്യാണത്തിന് ഡ്രസ് […]
കാസര്‍കോട് എന്ന് കേട്ടാല്‍ ഏത് കാസര്‍കോട്ടുകാരന്റെയും മറു നാട്ടുകാരന്റെയും മനസ്സിലോടുക രണ്ടു സ്ഥാപനത്തിന്റെ പേരുകള്‍ -മുബാറക്കും ബദരിയയും. രണ്ടു ലാന്റ് മാര്‍ക്കുകളാണവ. ആദ്യത്തേത് തുണിക്കടയും മറ്റേത് റസ്റ്റോറന്റും. പേരിന്റെ മുമ്പില്‍ ചേര്‍ത്താലും പിന്നിലായാലും പഴയതും പുതിയതുമായ തലമുറകളുടെ മനസ്സില്‍ പതിഞ്ഞ ഗൃഹാന്തര നാമമാണ് (House hold name) മുബാറക്ക്.പഴയ തലമുറക്ക് അത് നൊമ്പരം പൊടിയുന്ന ഗൃഹാതുരത കൂടിയാണ്. മംഗലത്തിന് 'ചരക്ക്' എടുക്കണമെങ്കിലോ ഇടക്ക് 'ബജാറി'ല്‍ വരുന്ന ഉള്‍നാട്ടുകാര്‍ക്ക് നാട്ടു വിശേഷങ്ങള്‍ അറിയണമെങ്കിലോ മുബാറക്കില്‍ കയറണം. കല്യാണത്തിന് ഡ്രസ് […]
കാസര്‍കോട് എന്ന് കേട്ടാല്‍ ഏത് കാസര്‍കോട്ടുകാരന്റെയും മറു നാട്ടുകാരന്റെയും മനസ്സിലോടുക രണ്ടു സ്ഥാപനത്തിന്റെ പേരുകള്‍ -മുബാറക്കും ബദരിയയും. രണ്ടു ലാന്റ് മാര്‍ക്കുകളാണവ. ആദ്യത്തേത് തുണിക്കടയും മറ്റേത് റസ്റ്റോറന്റും. പേരിന്റെ മുമ്പില്‍ ചേര്‍ത്താലും പിന്നിലായാലും പഴയതും പുതിയതുമായ തലമുറകളുടെ മനസ്സില്‍ പതിഞ്ഞ ഗൃഹാന്തര നാമമാണ് (House hold name) മുബാറക്ക്.
പഴയ തലമുറക്ക് അത് നൊമ്പരം പൊടിയുന്ന ഗൃഹാതുരത കൂടിയാണ്. മംഗലത്തിന് 'ചരക്ക്' എടുക്കണമെങ്കിലോ ഇടക്ക് 'ബജാറി'ല്‍ വരുന്ന ഉള്‍നാട്ടുകാര്‍ക്ക് നാട്ടു വിശേഷങ്ങള്‍ അറിയണമെങ്കിലോ മുബാറക്കില്‍ കയറണം. കല്യാണത്തിന് ഡ്രസ് എടുക്കാനും മറ്റു അനുബന്ധ കോപ്പുകള്‍ക്കും ദുബായ്, ബോംബെ, ബാംഗ്ലൂര്‍ ഇത്യാദി നഗരങ്ങളിലേക്ക് പരിവാരത്തോടെ തിരിക്കാന്‍ കഴിയുന്നതായിരുന്നില്ല കാസര്‍കോട്ടുകാര്‍ക്ക് അക്കാലം.
തങ്ങളുടെ പ്രിയപ്പെട്ട 'മുബാറക്ക് ആര്‍ച്ച' യെ അടയാളപ്പെടുത്താത്ത മുക്കാല്‍ നൂറ്റാണ്ടിന്റെ കാസര്‍കോടന്‍ ചരിത്രം അപ്രസക്തവും അപൂര്‍ണവുമാവും. അന്നത്തെ കാസര്‍കോട്ടിന്റെ സാമുഹിക, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ കാലിക ചലനങ്ങളുടെ ദൈനംദിന കണക്കെടുപ്പും അവയിന്മേലുള്ള നയ നിലപാടുകളുടെ തീരുമാനങ്ങളും എം.ജി റോഡിലെ മുബാറക് ക്ലോത്ത് സ്റ്റോറിന്റെ തിണ്ണയില്‍ ഇട്ടിരുന്ന ബെഞ്ചില്‍ വച്ചായിരുന്ന ഒരു കാലമുണ്ടായിരുന്നു കാസര്‍കോടിന് എന്ന് പുതുതലമുറക്കറിയില്ല. മുസ്ലിം രാഷ്ടീയ, സാമുദായിക നായകനിരയിലെ ആഢ്യന്മാരിലേറെയും എല്ലാ വൈകുന്നേരങ്ങളിലും ഉപവിഷ്ടരാകാറുണ്ടായിരുന്ന ആ ബെഞ്ച് യോഗങ്ങളില്‍ നിന്ന് സമുദായത്തെ ബാധിക്കുന്ന എത്രയോ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിന് അന്ന് ഒരു സ്ഥിരമായ ഓഫീസില്ലായിരുന്നു. ഫിര്‍ദൗസ് ബസാറില്‍ ഒരു താലൂക്ക്-ജില്ലാ തല ഓഫീസും തായലങ്ങാടിയില്‍ ഒരു ടൗണ്‍ ഓഫീസും വന്നത് പോലും പില്‍ക്കാലത്താണെന്നാണ് അറിവ്. അക്കാലത്ത് ചാണക്യസൂത്രധാരികളായ രണ്ടു ബുദ്ധികേന്ദ്രങ്ങളായിരുന്നു കാസര്‍കോട്ടെ സാമുദായിക മുഖ്യധാരയില്‍ ഉണ്ടായിരുന്നത്. മുബാറക്കും സദാ സിഗരറ്റ് പുകച്ച് ഇംഗ്ലീഷ് പുസ്തകങ്ങളില്‍ കണ്ണ് നട്ട് ഇരുന്നിരുന്ന മുന്‍ എം.എല്‍.എ മര്‍ഹും ടി.എ. ഇബ്രാഹിം സാഹിബും. തന്റെ സ്മാരകമായി ഇപ്പോള്‍ നിലക്കൊള്ളുന്ന ജില്ലാ മുസ്ലിം ലീഗാഫീസിന്റെ മുമ്പിലെ പ്ലാവിന്റടിയില്‍ ഉണ്ടായിരുന്ന ഇബ്രാഹിം സാഹിബിന്റ തേയില ഏജന്‍സി സ്ഥാപനവും രാഷ്ട്രീയ, സാമുദായിക രാഷ്ടീയത്തിന്റെ ഗതിവിഗതികള്‍ അളക്കുന്ന മറ്റാരു ഇടമായിരുന്നു. ദൗര്‍ഭാഗ്യകരമായി മുസ്ലിം ലീഗ് രണ്ടായപ്പോള്‍ ഭിന്നാശയങ്ങളുടെ മതില്‍ക്കെട്ടുകള്‍ കൊണ്ട് വേര്‍പെട്ടുപോയ രണ്ടു കേന്ദ്രങ്ങളായിത്തീര്‍ന്നു അവ. പരസ്പരം വീഴ്ത്താനുള്ള തന്ത്രങ്ങളും മറുതന്ത്രങ്ങളുമാണ് പിന്നീട് അവിടങ്ങളില്‍ ഉരുത്തിരിഞ്ഞത്. കാസര്‍കോട്ടെ ഏറ്റവും വലിയ ചില്ലറ-മൊത്ത തുണി വ്യാപാര സ്ഥാപനമായിരുന്നു മുബാറക്ക് ക്ലോത്ത് സ്റ്റോര്‍. ഇന്ത്യയിലെ വിവിധ പ്രമുഖ വസ്ത്രനിര്‍മ്മാണ കമ്പനികളുടെ ഏജന്‍സി കുത്തകയും അദ്ദേഹത്തിന്നുണ്ടായിരുന്നു.
മുബാറക്ക് ഹാജി പ്രാസംഗികനായിരുന്നില്ല. അധരവ്യായാമവും അല്‍പം ഉപജാപ ചാതുരിയും മാത്രം മതി പൊതുധാരയില്‍ പ്രസക്തിയും സ്ഥാനവും നേടാനെന്ന വര്‍ത്തമാന സമവാക്യത്തിന്ന് ഒരു അപവാദമായിരുന്നു അദ്ദേഹം.
നാനാ മണ്ഡലങ്ങളില്‍ വ്യാപരിച്ച് സമൂഹത്തിന്റെയാകെ നാനാന്മുഖ അഭ്യുന്നതിക്ക് അനവരതം യത്‌നിച്ച നിശ്ശബ്ദ കര്‍മ്മയോഗിയായിരുന്നു ഏത് പ്രതിസന്ധിയിലും സൗമ്യനും അക്ഷോഭ്യനും സുസ്‌മേരവദനനുമായിരുന്ന ആ കൃശഗാത്രന്‍. തന്റെ ബിസിനസ് പിന്തുടര്‍ച്ചക്കാരനാക്കി വളര്‍ത്തിയിരുന്ന മൂത്ത മകന്‍ അബ്ദുല്ല കുഞ്ഞി ഒരു റോഡപകടത്തില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തില്‍ കണ്ട മനക്കരുത്തും ക്ഷമയും ഒരു നേതാവിലും ഗൃഹനാഥനിലും ഉണ്ടായിരിക്കേണ്ട മാതൃകയാണ് വേറെ ഒരു മകനേ അദ്ദേഹത്തിന്നുള്ളു- അബു എന്ന അബൂബക്കര്‍.
പാപമുക്തമായ പരലോകമാണ് ഒരു മുസ്ലിമിന്റെ ആത്യന്തിക ലക്ഷ്യമെന്നിരിക്കെ ആ വഴിയില്‍ നിതാന്ത പുണ്യം ലഭിക്കാനുള്ള ആസൂത്രണമാണ് അരനൂറ്റാണ്ടിന്ന് മുമ്പ് അദ്ദേഹം ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിക്കൊണ്ട് നടത്തിയത്. കാസര്‍കോട്ട് മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത മഹനീയ മാതൃക. പില്‍ക്കാലത്ത് അതിനോടനുബന്ധിച്ച് ഉണ്ടാക്കിയ ശാരീരിക ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനത്തിന്റെ നേതൃത്വവും മുബാറക്ക് ഹാജിക്ക് തന്നെയായിരുന്നു. കേരളത്തില്‍ തന്നെ അനാഥാലയങ്ങള്‍ ഏറെയില്ലാതിരുന്ന, കാസര്‍കോട്ട് തീരെ ഇല്ലാതിരുന്ന ഒരു കാലത്ത് ഉണ്ടാക്കിയ ഈ അനാഥാലയം ഇക്കാലത്തിനിടയില്‍ ആയിരക്കണക്കിന് അനാഥര്‍ക്ക് അഭയവും വിദ്യാഭ്യാസവും നല്‍കുകയും അന്നം തേടാനുള്ള വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
ഒരു കാലത്ത് ഒരു പൂര്‍ണ്ണ കാര്‍ഷിക ഗ്രാമമായിരുന്ന ആലംപാടിയെ വിദ്യാഭ്യാസ, സാമുഹിക മുഖ്യധാരയിലേക്കെത്തിക്കാന്‍ ഹാജി സാഹിബും യതീംഖാനയും അദ്ദേഹത്തിന്റെ പരിശ്രമത്താല്‍ ഉയര്‍ന്നു വന്ന പൊതുസ്ഥാപനങ്ങളും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
കാസര്‍കോടിന്റെ ഗ്രാമാന്തരങ്ങളില്‍ പോലും പത്രവായന ശീലമാകാന്‍ പരോക്ഷ കാരണക്കാരന്‍ മിക്ക മുഖ്യപത്രങ്ങളുടെയും ആദ്യകാല ഏജന്റും റിപ്പോര്‍ട്ടറുമായിരുന്ന മുബാറക്ക് ഹാജിയായിരുന്നുവെന്നത് ചരിത്രം. അക്കാലത്ത് പത്രവിതരണവും റിപ്പോര്‍ട്ടുകള്‍ അതാത് പത്രമാപ്പീസിലെത്തിക്കലും ക്ഷിപ്രസാധ്യമായിരുന്നില്ല. ഇവയടക്കം ഹാജി സാഹിബിന്റ എല്ലാ സംരംഭങ്ങളുമായി ചേര്‍ന്നു നിന്നിരുന്ന ഒരു പേരുണ്ട്; അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ എന്‍.എ.അബൂബക്കര്‍. രാഷ്ട്രീയ അധികാരത്തിന്റെ അരികുപറ്റി നില്‍ക്കുന്നില്ലെങ്കിലും കാസര്‍കോടിന്റെ മുഖ്യധാരയില്‍ ഇപ്പോഴും വെള്ളി വെളിച്ചത്തിലുണ്ട് അബു. വ്യവസായിയും കാസര്‍കോട്ടെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയുമാണ് അദ്ദേഹം. മുബാറക്കുമായുള്ള പാരസ്പര്യമാണ് എന്റെ ആത്മസുഹൃത്തും സഹപാഠിയുമായ എന്‍.എ. അബൂബക്കര്‍ വിപുലമായ സൗഹൃദ വലയത്തിനിടയിലടക്കം വ്യാപകമായി 'മുബാറക്ക് ഔക്കു' എന്നറിയപ്പെടുന്നത്.
നൂറുല്‍ ഇസ്ലാം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സാരഥ്യം ഹാജി സാഹിബ് ആരോഗ്യം അത്ര സുസ്ഥിതിയില്‍ അല്ലാതായപ്പോള്‍ തന്നെ ഔക്കുവിനെ ഏല്‍പിച്ചിരുന്നു. യതീം ഖാനയില്‍ മുമ്പ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന എന്റെ സുഹൃത്തും യൂത്ത് ലീഗില്‍ സഹപ്രവര്‍ത്തകനായിരുന്ന പരേതനായ അഡ്വ. കരോടി ഖാദറിന്റെ അനുജന്‍ അബ്ദുറഹിമാനും യത്തീംഖാന ഭരണത്തില്‍ ഔദ്യോഗിക സ്ഥാനത്ത് ഉണ്ട്.
ഞാന്‍ അതിന്റെ ആജീവനാന്ത അംഗമാണെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കാന്‍ കാരണമുണ്ട്. തുടക്കത്തില്‍ തന്നെ യത്തീംഖാനക്ക് ഒരു ഭരണഘടനയെഴുതാന്‍ അന്ന് വിദ്യാര്‍ത്ഥിയായിരുന്ന എന്നെയാണ് മുബാറക്ക് ഏല്‍പിച്ചിരുന്നത്. എനിക്കതിനു കഴിയുമെന്ന അദ്ദേഹത്തിന്റെ വിശ്വാസമായിരിക്കാം അതിന് കാരണം. അക്കാലത്ത് ഗവണ്‍മെണ്ടിലേക്കും മറ്റു സര്‍ക്കാര്‍ തലങ്ങളിലേക്കും യതീംഖാനക്ക് വേണ്ടി എഴുത്തു കത്തുകള്‍ നടത്താനും അദ്ദേഹം പലപ്പോഴും എന്നെ ഏല്‍പിക്കാറുണ്ടായിരുന്നു. അതിന്നെല്ലാമുളള അംഗീകാരമായിരിക്കാം യതീംഖാനയില്‍ എന്റ ആജീവനാംഗത്വം.
ഒന്നര വര്‍ഷം മുമ്പ് യതീംഖാന ഭരണഘടനയ്ക്ക് മലയാളത്തില്‍ വരുത്തിയ ചില ഭേദഗതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താനും എന്തുകൊണ്ടോ എന്നെത്തന്നെയാണ് ഭരണ സമിതി ഏല്‍പിച്ചത്. 1970കളുടെ ആദ്യത്തില്‍ സംസ്ഥാന യൂത്ത് ലീഗിന് വേണ്ടിയടക്കം ഇതുവരെയായി കേരളത്തിലെയും ഗള്‍ഫിലെയും ചെറുതും വലുതുമായ 37 മത-മതേതര സംഘടനകള്‍ക്കു ഭരണഘടന നിര്‍മ്മിക്കാന്‍ എനിക്ക് നിയോഗമുണ്ടായത് ഹാജി സാഹിബ് നല്‍കിയ ആദ്യ അവസരത്തിന്റെ 'ബര്‍ക്കത്ത്' കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. നന്നേ ചെറുപ്പത്തിലേ എം.എസ്.എഫ്-യൂത്ത് ലീഗ് പ്രവര്‍ത്തനത്തിലും പ്രസംഗ രംഗത്തും ഉണ്ടായിരുന്ന എനിക്ക് 1969-73 കാലഘട്ടത്തില്‍ രാഷ്ട്രീയ കളത്തില്‍ ചുവട് ശീലിപ്പിച്ച ഗുരുക്കളില്‍ ഒരാള്‍ നിസ്സംശയം മുഹമ്മദ് മുബാറക്ക് ഹാജിയായിരുന്നു.
അരനൂറ്റാണ്ടോളം ബഹുസ്വര സമൂഹത്തിന്റെ പൊതുധാരയില്‍ അലിഞ്ഞു ചേര്‍ന്ന പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അത് കൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ട് നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ചെങ്കള പഞ്ചായത്ത് മെമ്പറായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച റെക്കോഡ് അദ്ദേഹത്തിന്നുണ്ട്. ഒടുവിലായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അദ്ദേഹം മതിയാക്കിയത്.
ശുദ്ധിയുള്ള രാഷ്ട്രീയക്കാരനായിരുന്നു മുബാറക്ക് ഹാജി. അത്രയും വൃത്തി ഇന്നത്തെ രാഷ്രീയത്തിന് ഏറെക്കുറെ അന്യമാണ്.
1992ലെ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന സംഭവ വികാസങ്ങളില്‍ തന്റെ ബോധ്യം മറ്റൊന്നായതിനാലാണ് 1948 മുതല്‍ക്കുള്ള തന്റെ ദീര്‍ഘമായ മുസ്ലിം ലീഗ് പാരമ്പര്യം വിട്ട് ബദല്‍ രാഷ്ട്രീയം അദ്ദേഹം സ്വീകരിച്ചത്. ഐ.എന്‍.എല്ലിന്റെ ജില്ലാ ഖജാഞ്ചിയും പ്രസിഡണ്ടും മറ്റും ആയ ശേഷം സജീവ രാഷ്ട്രീയവും അദ്ദേഹം നിര്‍ത്തിയെന്നാണ് മനസ്സിലാവുന്നത്.
ചരിത്ര സംഭവങ്ങള്‍ കൃത്യമായി ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ചലിക്കുന്ന ആര്‍ക്കൈവ് ആയിരുന്നു മുബാറക്ക് ഹാജി. മൂന്നു വര്‍ഷമപ്പുറം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു ഗവേഷണ വിദ്യാര്‍ത്ഥി എന്നെ സമീപിച്ചു. കാസര്‍കോടിന്റെ രാഷ്ട്രീയ സാമുഹിക ചരിത്രത്തിന്റെ ചില വശങ്ങള്‍ അറിയാനായിരുന്നു വന്നത്. എനിക്കത്രത്തോളം ആധികാരികമായി പറയാനാവാത്തതിനാല്‍ അതിന് ഏറ്റവും യോജ്യനായ ആളെന്ന നിലയില്‍ ഞാന്‍ മുബാറക്ക് ഹാജിയെക്കുറിച്ച് പറഞ്ഞു കൊടുത്തു. മുമ്പത്തെ പോലെ അത്രയും തിളക്കത്തോടെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് നിരത്താന്‍ വാര്‍ദ്ധക്യത്തിന്റെ അവശത മൂലം അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവോ എന്നെനിക്ക് അറിയില്ല.
ഏതായാലും കാസര്‍കോട് ചരിത്രത്തിന്റെ ഒരധ്യായത്തിന്നാണ് മുബാറക്കിന്റെ നിര്യാണത്തോടെ വിരാമം കുറിച്ചത്. സ്വഛമായ പൊതുപ്രവര്‍ത്തനത്തിന്റെയും വികസന കാഴ്ചപ്പാടിന്റേയും പാവനമായ മത-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും അനാഥ സംരക്ഷണ സപര്യയുടെയും ഒരു ഉത്തമ മാതൃകയായിരുന്നു പരേതന്‍. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
ആമീന്‍....
-അഡ്വ. ബേവിഞ്ച അബ്ദുല്ല