എം.ടി എന്ന മലയാളത്തിന്റെ പുണ്യം

മലയാള സാഹിത്യത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ തനി നാട്ടിന്‍ പുറക്കാരായ ഒരു പറ്റം പച്ച മനുഷ്യരുടെ കഥകള്‍ തന്റെതായ ശൈലിയിലൂടെ രചനകള്‍ നടത്തിക്കൊണ്ട് മലയാള സാഹിത്യത്തിലേക്ക് കടന്നുവന്ന എം.ടി.വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്‍ പറഞ്ഞ കഥകള്‍ അനുവാച ഹൃദയങ്ങളില്‍ പറഞ്ഞറിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വിചാര വികാരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മലയാളി ജനസമൂഹം ഒന്നടങ്കം അദ്ദേഹത്തിന് നല്‍കി വരുന്ന സ്‌നേഹാദരവുകളില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. വായനക്കാരെയും കാണികളെയും ഒരു പോലെ സ്വാധീനിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രചനകള്‍ നടത്തിക്കൊണ്ട് മലയാള സാഹിത്യത്തില്‍ […]

മലയാള സാഹിത്യത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ തനി നാട്ടിന്‍ പുറക്കാരായ ഒരു പറ്റം പച്ച മനുഷ്യരുടെ കഥകള്‍ തന്റെതായ ശൈലിയിലൂടെ രചനകള്‍ നടത്തിക്കൊണ്ട് മലയാള സാഹിത്യത്തിലേക്ക് കടന്നുവന്ന എം.ടി.വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്‍ പറഞ്ഞ കഥകള്‍ അനുവാച ഹൃദയങ്ങളില്‍ പറഞ്ഞറിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വിചാര വികാരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മലയാളി ജനസമൂഹം ഒന്നടങ്കം അദ്ദേഹത്തിന് നല്‍കി വരുന്ന സ്‌നേഹാദരവുകളില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. വായനക്കാരെയും കാണികളെയും ഒരു പോലെ സ്വാധീനിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രചനകള്‍ നടത്തിക്കൊണ്ട് മലയാള സാഹിത്യത്തില്‍ മഹാവിസ്മയങ്ങള്‍ തീര്‍ത്ത് മലയാള ഭാഷയുടേയും കലാ സാഹിത്യത്തിന്റെയും കീര്‍ത്തി കേരളക്കരയിലും രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ക്കുമപ്പുറത്തേക്ക് ലോക സാഹിത്യത്തോളം കൊണ്ടെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള ഒരു എഴുത്തുകാരനാണ് എം.ടി.വാസുദേവന്‍ നായര്‍.
അദ്ദേഹം തന്റെ തൂലികയിലൂടെ നടത്തിയ മാസ്മരവിദ്യകള്‍ ഉതാത്തമായ രചനകളായി മാറി അത് തന്റെ വായനക്കാരെ അനുഭൂതികളുടെ പുതിയൊരു ലോകത്തേക്ക് ആനയിക്കാന്‍ സാധിച്ചതിലൂടെയാണ് അദ്ദേഹത്തിന്ന് ജനഹൃദയങ്ങളിലേക്ക് ചേക്കേറാനായത്.
എം.ടി.വാസുദേവന്‍ നായര്‍ എന്ന മലയാളത്തിന്റെ ഈ സാഹിത്യാചാര്യന്‍ 1933 ജൂലൈ പതിനഞ്ചാം തിയ്യതിയാണ് കൂടല്ലരിലെ പുന്നയൂര്‍കുളത്ത് ടി.നാരായണന്‍ നായരുടേയും മാടത്ത് തെക്കേ പാട്ട് അമ്മാളു അമ്മയുടേയും നാലാമത്തെ മകനായി പിറന്നത്. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു എം.ടിയുടെ ബാല്യകാലം. വീട്ടിലെ ഇല്ലായ്മകളും വല്ലായ്മകളും കുട്ടികളെ അറിയിക്കാതിരിക്കാന്‍ വേണ്ടി കുഞ്ഞുന്നാളില്‍ അമ്മ പറഞ്ഞു കൊടുക്കാറുള്ള ഓരോ കഥകളും വാസുദേവന്റെ ഇളം മനസ്സില്‍ മായാതെ കിടന്നു. ഇതോടൊപ്പം തന്നെ ചെറുപ്പത്തിലേ തുടങ്ങിയ വായനാശീലവും വാസുദേവന്റെ മനസ്സിനെ കൂടുതല്‍ വളക്കൂറുള്ളതാക്കി മാറ്റി. കുമരനല്ലൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വായന ഒരു ഹരമായിരുന്ന എം.ടി പുസ്തകങ്ങള്‍ തേടി അലഞ്ഞു. കയ്യില്‍ കിട്ടുന്നതെന്തും വായിച്ചുതള്ളി. നിരന്തരമായ വായനാനുഭവങ്ങളില്‍ നിന്ന് അദ്ദേഹത്തിന് എഴുതാനുള്ള കമ്പവും പിറവിയെടുത്തു. തന്റെ പതിനേഴാമത്തെ വയസ്സിലായിരുന്നു ആദ്യ രചനയായ 'വിഷുകൈനീട്ടം' എന്ന കഥ ചിത്രകേരളം മാസികയിലൂടെയും രണ്ടാമത്തെ കഥ ചന്ദ്രികയിലൂടെയും പ്രസിദ്ധീകരിച്ചു വന്നു. അവര്‍ അതിന് നാലു രൂപ പ്രതിഫലവും നല്‍കി. ഇത് അദ്ദേഹത്തിന്റെ ഒരു നല്ല തുടക്കമായിരുന്നു. പിന്നീടങ്ങോട്ടുള്ള ഓരോ ചുവടുവെപ്പുകളും ഉയര്‍ച്ചയിലേക്കു തന്നെയായിരുന്നു
എസ്.കെ.പൊറ്റക്കാട്, ജി.ശങ്കരകുറുപ്പ്, അക്കിത്തം തുടങ്ങിയ പ്രതിഭാധനന്മാരായ സാഹിത്യകാരന്മാരുമായുണ്ടായ കൂട്ടുകെട്ടിലൂടെ അവരുടെ സഹകരണങ്ങളും പ്രോത്സാഹനങ്ങളും എം.ടി.എന്ന എഴുത്തുകാരനെ വാര്‍ത്തെടുക്കുന്നതില്‍ ഏറെ സഹായകരമായി ഇതോടെ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും കഥകളും നോവലുകളും ഒന്നൊന്നായി പുറത്തു വന്നു.
സ്വന്തം സമുദായമായ നായര്‍ തറവാട്ടുകളുടേയും തൊട്ടടുത്തുള്ള മാപ്പിളന്മാരുടേയും അകത്തളങ്ങളില്‍ നീറിപ്പുകഞ്ഞിരുന്ന സംഭവങ്ങളെ തന്റെ രചനകളിലൂടെ പുറം ലോകത്തിന്ന് പകര്‍ന്നു കൊടുത്തു. എം.ടി.വരച്ചു വെച്ച കഥാപാത്രങ്ങള്‍ ഓരോന്നും മലയാളികളുടെ മനം കവരുന്നവയായിരുന്നു.
കേരളത്തിന്റെ നാലുകെട്ടുകള്‍ക്കകത്ത് പുറം ലോകമറിയാതെ ഉമിത്തീ പോലെ നീറിയും പുകഞ്ഞും കൊണ്ടിരുന്ന കാര്യങ്ങള്‍ തന്റെ കഥകളിലൂടെ നോവലുകളിലൂടെ സീമകളിലൂടെ സഹൃദയ മനസ്സുകളിലേക്ക് കോറിയിട്ടപ്പോള്‍ അത് മലയാളികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു നല്‍കി. ഇത് വായനക്കാരുടെ മനസ്സിലുണ്ടാക്കിയെടുത്ത ചലനങ്ങള്‍ വിവരണാതീതമായിമാറി.
ഏറനാടന്‍ ഗ്രാമങ്ങളുടേയും നിളാ നദീതീരത്തെയും നാട്ടിന്‍പുറത്തെ അനുഭവ കഥകള്‍ പറഞ്ഞ എം.ടി ഹിന്ദു -മുസ്ലിം സാഹോദര്യത്തിന്റെയും ആത്മബന്ധങ്ങളുടേയും നൂറ്റാണ്ടുകളായ ഇരുസമുദായങ്ങളും കൊണ്ടും കൊടുത്തും ഇടപഴകുകയും ചെയ്ത സാസ്‌കാരികമായി നില നിന്നിരുന്ന സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞിരുന്ന കാലത്തിന്റെകഥകള്‍ വിവരിക്കുക മാത്രമായിരുന്നില്ല മലയാള മണ്ണിന്റെ ഗന്ധവും ബന്ധവുമുള്ള സംഭവങ്ങളുടെ ചുരുളഴിക്കുകയായിരുന്നു ഈ മഹാനായ എഴുത്തുകാരന്‍. അത് മലയാള ഭാഷാ സാഹിത്യത്തെ തന്നെ പത്തരമാറ്റിന്റെ മികവുറ്റതാക്കി. മരക്കാര്‍, കുഞ്ഞരക്കാര്‍, സൈദാലിക്കുട്ടി കുഞ്ചുനായര്‍ ഗോപി, ഫാത്തിമ ഇങ്ങനെ പോകുന്നവരുടെ കഥയും കഥാപാത്രങ്ങളും മാത്രമായിരുന്നില്ല എം.ടിയുടെ തൂലികയില്‍ നിന്നും നിര്‍ഗമിച്ചിരുന്നത്, നിളാ നദിയും കൂടല്ലൂര്‍ ഗ്രാമത്തിനും ഏറനാടിനുമപ്പുറം മഹാഭാരതത്തിലെ മിത്തുകള്‍ ആഴക്കടലില്‍ നിന്നും തേടിയെടുത്ത് ആ പുണ്യപുരാണ ഇതിഹാസ മൂര്‍ത്തികളെ പുനരാഖ്യാനത്തിലൂടെ പുതുജീവന്‍ നല്‍കിയപ്പോള്‍ അതൊരു അമൂല്യ കലാരൂപമായി മാറ്റിയെടുക്കാന്‍ എം.ടി.യുടെ കരുത്തുറ്റ തൂലികക്ക് സാധിച്ചു എന്നത് കൊണ്ട് തന്നെ എം.ടി. അതുല്യപ്രതിഭയായി മാറി.
അദ്ദേഹത്തിന്റെ എഴുത്തും സിനിമയും മറ്റു കലാസൃഷ്ടികളും മൂല്യവത്തായത് കൊണ്ട് തന്നെയാണ് നമ്മള്‍ വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും അതിലെ കഥാപാത്രങ്ങളം ഓരോരുത്തരുടെയും മനസ്സിന്റെ അകത്തളങ്ങളില്‍ ഇപ്പോഴും മായാതെ കിടക്കുന്നത്.
നാലുകെട്ട്, അസുരവിത്ത്, മഞ്ഞ, ഇരുട്ടിന്റെ ആത്മാവ്, കാലം, കുട്ടേട്ടത്തി, നിര്‍മ്മാല്യം, മുറപ്പെണ്ണ്, ഓപ്പോള്‍, ദേവപ്രസ്ഥം, രണ്ടാമൂഴം തുടങ്ങിയ അദ്ദേഹത്തിന്റെ രചനകളെലെല്ലാം ഒന്നിനൊന്ന് മികവു പുലര്‍ത്തുന്നവയായിരുന്നു. അത് കൊണ്ട് തന്നെയാണ് അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും കാലത്തിലെ സുമിത്രയും നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടും അബ്ദുവും ഫാത്തിമയും മാത്രമല്ല പുണ്യപുരാണമായ മഹാഭാരത്തിലെ കഥാപാത്രങ്ങര്‍ക്ക് പോലും പുനരാഖ്യാനം നല്‍കിയപ്പോള്‍ ഏറെ മികവുറ്റതാക്കി മാറ്റാന്‍ എം.ടി.എന്ന അതുല്യ സാഹിത്യകാരന് സാധ്യമായത്. ഭീമന് പ്രാമുഖ്യം നല്‍കിക്കൊണ്ട് രണ്ടാമൂഴത്തിലൂടെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചപ്പോള്‍ അത് കലാമൂല്യമുള്ള മികവാര്‍ന്ന ഒരു രചനയായി മാറുകയും അത് വഴി എഴുത്തുകാരന്നും പ്രശസ്തിയുടെ പടവുകള്‍ കീഴടക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു ജന്മം മുഴുവന്‍ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമന്‍ ചൂത് കളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ യുധിഷ്ഠിരന്റെയും വില്ലാളിവീരനായ അര്‍ജ്ജുനന്റെയും നിഴലില്‍ നായര്യം നഷ്ടപെട്ട് കഴിയേണ്ടിവന്ന ഭീമന് പ്രധാന്യം നല്‍കി ഭീമായണമെന്ന രണ്ടാമൂഴത്തെഒരു പ്രണയകാവ്യമാക്കി മാറ്റിയെടുക്കാന്‍ സാധിച്ച എം.ടി എന്ന കലാകരനും അദ്ദേഹത്തിന്റെ കൃതികളും അത്യുന്നതിലേക്കെത്തുക മാത്രമായിരുന്നില്ല, എം.ടി മലയാളി മനസ്സുകളില്‍ എന്നെന്നും സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു.
നോവല്‍, കഥ, സിനിമ, തിരക്കഥാ, നാടകം, കവിത, ബാലസാഹിത്യം, യാത്രാവിവരണം,ലേഖനങ്ങള്‍ തുടങ്ങി താന്‍ കൈവെച്ച മേഖലകളിലെല്ലാം വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുവാന്‍ എം.ടി.എന്ന സാഹിത്യകാരന് സാധിച്ചിട്ടുണ്ട്. തന്റെ ജീവിതം തന്നെ എഴുത്തിനും കലാ സാഹിത്യത്തിനും വേണ്ടി സമര്‍പ്പിച്ചിട്ടുള്ള എം.ടി.എന്ന മഹാനായ സാഹിത്യകാരന്ന് 1975ല്‍ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
2005ല്‍ പത്മഭൂഷണ്‍ പുരസ്‌ക്കാരവും, 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുള്ള ഇദ്ദേഹത്തിന്ന് 1986 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1973ല്‍ മികച്ച ചലചിത്രത്തിനുള്ള ദേശീയ (നിര്‍മ്മാല്യം) ദേശീയ പുരസ്‌കാരവും, ഒരു വടക്കന്‍ വീരഗാഥ (1990), കടവ് (1992), സദയം (1993) പരിണയം (1995), തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച തിരക്കഥകള്‍ക്കുള്ള ദേശീയ പുരസ്‌കാരം നാലു തവണയും നേടിയിട്ടുള്ള എം.ടിക്ക് 1978ല്‍ ബന്ധനം എന്ന സിനിമയിലൂടെ മികച്ച ചലചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും 1991 ല്‍ കടവിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും, 2009 ല്‍ മികച്ച തിരകഥക്കുള്ള സംസ്ഥാന അവാര്‍ഡ്, കേരളവര്‍മ്മ പഴശ്ശിരാജയിലൂടെയും നേടിയിട്ടുള്ള ഇദ്ദേഹത്തിന്ന് 2011 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013ല്‍ എ.സാം ഡാനിയേല്‍ അവാര്‍ഡും ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരവുമടക്കം നിരവധി ചെറുതും വലുതുമായ അവാര്‍ഡുകളും അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
പ്രമുഖ നര്‍ത്തകി കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ സിതാര, അശ്വതി എന്നിവരാണ് മക്കള്‍.
1954ല്‍ പട്ടാമ്പി ബോഡ് ഹൈസ്‌കൂളില്‍അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച എം.ടി.പിന്നീട് മാതൃഭൂമിയില്‍ ചേര്‍ന്നു. ഏറെക്കാലം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന എം.ടി കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍, തുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എം.ടി.1999 മുതല്‍ സാഹിത്യത്തിലും സിനിമയിലും പരിസ്ഥിതി പ്രശ്‌നങ്ങളിലും നിറസാന്നിധ്യമായി മാറി. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍കോടിന്റെ ഗ്രാമങ്ങളില്‍ എന്‍വിസാജിന്റെ ബാനറില്‍ എം.എ.റഹ്‌മാന്‍ മാഷുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം കത്തിജ്വലിച്ചുകൊണ്ടിരുന്നപ്പോള്‍ അന്ന് തേജസ് പത്രത്തില്‍ ജോലി ചെയ്തിരുന്ന ഞാനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സമരപരിപാടികളില്‍ സംബന്ധിക്കുവാനും ഇരകള്‍ക്ക് സാന്ത്വനമേകാനുമായി കാസര്‍കോട്ടെത്തിയ എം.ടി.യെ നേരില്‍ കാണുവാനും ഇന്റര്‍വ്യു നടത്തി ഒരു ലേഖനം തയ്യാറാക്കി ചന്ദ്രിക വാരാന്ത്യ പതിപ്പില്‍ വരുത്തുവാനും സാധിച്ച ആ ധന്യ മുഹൂര്‍ത്തത്തെ ഞാനിപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുന്നു.
നിളയുടേയും പരിസര പ്രദേശങ്ങളിലേയും പാരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടാറുള്ള എം.ടി ഈ വിഷയങ്ങളെ ആസ്പദമാക്കി പലപ്പോഴായി എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമായ 'കണ്ണാന്തളിപ്പൂക്കള്‍' എന്ന പുസ്തകവും ഏറെ പ്രസിദ്ധമാണ്.
ഉദാത്തമായ രചനകള്‍ കൊണ്ട് ഭാഷാ സാഹിത്യത്തെ സമ്പന്നമാക്കിയ എം.ടി എന്ന വിശ്വസാഹിത്യകാരന്‍ നിളയുടെ മാണിക്യം മലയാളത്തിന്റെ പുണ്യമായി തന്റെ എണ്‍പത്തി ഏഴാം വയസ്സിലും കലാ സാഹിത്യ രംഗത്തെ മുടിചൂടാമന്നനായി വിഹരിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം സന്തോഷത്തോടെ പ്രാര്‍ത്ഥിക്കാം.

Related Articles
Next Story
Share it