100ന്റെ നിറവില്‍ മൃദംഗ മാന്ത്രികന്‍ കെ.ബാബുറൈ

പ്രശസ്ത മൃദംഗ വാദകനും സംഗീതജ്ഞനുമായ കെ. ബാബുറൈ നൂറാം പിറന്നാളിന്റെ നിറവില്‍. അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ എടനീര്‍ മഠത്തില്‍ സംഗീതാര്‍ച്ചന, പൗരാവലിയുടെ ആദരം എന്നീ പരിപാടികളോടെ നടക്കും.കുമ്പള കോയിപ്പാടി കോട്ടേക്കാറിലെ ഭട്ട്യപ്പ റൈ-മുത്തു ഹെങ്കസു ദമ്പതികളുടെ മകനായാണ് ജനനം.ചെറുപ്പത്തിലേ വീടുവിട്ട് വിവിധ ജോലികള്‍ ചെയ്തു. ഒപ്പം വിവിധ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. വീട്ടില്‍ നടത്തി വന്നിരുന്ന ഭജന, പുരാണ വായന, ഹരികഥ, യക്ഷഗാനം എന്നിവ അദ്ദേഹത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ സംഗീതവാസന […]

പ്രശസ്ത മൃദംഗ വാദകനും സംഗീതജ്ഞനുമായ കെ. ബാബുറൈ നൂറാം പിറന്നാളിന്റെ നിറവില്‍. അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ എടനീര്‍ മഠത്തില്‍ സംഗീതാര്‍ച്ചന, പൗരാവലിയുടെ ആദരം എന്നീ പരിപാടികളോടെ നടക്കും.
കുമ്പള കോയിപ്പാടി കോട്ടേക്കാറിലെ ഭട്ട്യപ്പ റൈ-മുത്തു ഹെങ്കസു ദമ്പതികളുടെ മകനായാണ് ജനനം.
ചെറുപ്പത്തിലേ വീടുവിട്ട് വിവിധ ജോലികള്‍ ചെയ്തു. ഒപ്പം വിവിധ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. വീട്ടില്‍ നടത്തി വന്നിരുന്ന ഭജന, പുരാണ വായന, ഹരികഥ, യക്ഷഗാനം എന്നിവ അദ്ദേഹത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ സംഗീതവാസന ഉണര്‍ത്തി. മൂത്ത സഹോദരന്‍ യക്ഷഗാന ചെണ്ടവാദകന്‍ ആയിരുന്നു.
മൈസൂര്‍ കൊട്ടാരത്തിലെ ആസ്ഥാന മൃദംഗ-തബല വാദകന്‍ വരെയായി ഉയര്‍ന്ന ബാബുറൈ, സംഗീതത്തിന്റെ സര്‍വപാഠങ്ങളും സ്വായത്തമാക്കിയ അപൂര്‍വ പ്രതിഭയാണ്. അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. തമിഴ്‌നാട്ടിലെ ജ്വാലാര്‍പേട്ടെയിലും ബംഗളൂരുവിലും മറ്റും ഹോട്ടലുകള്‍ ജോലി ചെയ്തു. തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്താനെത്തിയപ്പോള്‍ പരിചയപ്പെട്ട രണ്ട് സ്വാമിമാര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് മൈസൂരിലെത്തുന്നതും സംഗീതാഭ്യസനത്തിലൂടെ കൊട്ടാരം ആസ്ഥാനവിദ്വാനാകുന്നതും.
ഔപചാരിക വിദ്യാഭ്യാസം തീരെ ലഭിക്കാതിരുന്ന ബാബു റൈ, സ്വന്തം പരിശ്രമം കൊണ്ടാണ് എഴുത്തും വായനയും പഠിച്ചതും പ്രതിധ്വനി എന്ന സംഗീതശാസ്ത്ര പുസ്തകം രചിച്ചതും.
കോഴിക്കോട് ആകാശവാണിയില്‍ കുറച്ചു കാലം സംഗീതക്കച്ചേരി സംഘത്തില്‍ അംഗമായി പ്രവര്‍ത്തിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ മൈസൂര്‍ ചൗഡയ്യയുടെ കച്ചേരിയില്‍ മൃദംഗവാദകനായി.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായി അടുപ്പമുണ്ടായിരുന്ന ബാബുറൈ, അദ്ദേഹം ബദിയഡുക്കയില്‍ നടത്തിയ ത്യാഗരാജ സംഗീതസഭയില്‍ മൃദംഗം വായിച്ചു. ഓടക്കുഴല്‍ വാദകന്‍ ടി.ആര്‍. മഹാലിംഗം, ബാലമുരളീകൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പവും സംഗീതക്കച്ചേരി നടത്തി.
നാലു വര്‍ഷം കര്‍ണാടക പ്രൗഢ ശിക്ഷണ മണ്ഡലിയുടെ കര്‍ണാടക സംഗീത പക്കവാദ്യ വിഭാഗം തലവനായിരുന്നു. മൈസൂര്‍ ഗാന ഭാരതി, ബംഗളൂരു ഗായക സമാജം, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ പുരസ്‌ക്കാരങ്ങള്‍ നേടി. എടനീര്‍ മഠം, ഉഡുപ്പി മഠം, മുംബൈ ബണ്ടറസംഘം, പൂനെ ബണ്ടറസംഘം, കുഡ്‌ലു ഗോപാലകൃഷ്ണ മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുടെ അംഗീകാരങ്ങളും ലഭിച്ചു.
ടി.എം. വെങ്കടേശ ദേവറുവാണ് പ്രധാന സംഗീത ഗുരു. മാതൃഭാഷ തുളുവാണെങ്കിലും കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളും വശമുള്ള ബാബുറൈ, ദക്ഷിണേന്ത്യയിലെ ഇന്ന് ജീവിച്ചിരിക്കുന്ന മൃദംഗ വാദകരില്‍ ഏറ്റവും വലിയ വിസ്മയമാണ്.
സംഗീതത്തിനു വേണ്ടി സമര്‍പ്പിച്ച സാര്‍ത്ഥകമായ ഒരു ജീവിതമാണ് ബാബുറൈയുടേത്. കര്‍ണാടക-ഹിന്ദുസ്ഥാനി സംഗീതത്തിന്റെ എല്ലാ ധാരകളും വശമുള്ള അദ്ദേഹത്തിന് സംഗീതചരിത്രം ഹൃദിസ്ഥമാണ്.
സൂര്‍ളു ഗണേഷ് മന്ദിരത്തിനടുത്താണ് ഇപ്പോള്‍ താമസം. ഭാര്യ സുശീല 20 വര്‍ഷം മുമ്പ് മരണപ്പെട്ടു. ശ്രീരാമ, ശ്രീധര, നാരായണ, കൃഷ്ണ, സുബ്ബണ്ണ, സോമശേഖര എന്നീ ആറ് ആണ്‍ മക്കളുണ്ട്. ഇവരില്‍ ശ്രീധര അറിയപ്പെടുന്ന മൃദംഗ-തബല വാദകനാണ്.
ആഗസ്ത് 15ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ആദരച്ചടങ്ങില്‍ എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഭദ്രദീപം തെളിക്കും. അനുഗ്രഹ പ്രഭാഷണവും സ്വാമിജി നടത്തും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. രാം പ്രസാദ് കാസര്‍കോട് അധ്യക്ഷത വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മംഗലാപുരം ബണ്ടറ സംഘം അധ്യക്ഷന്‍ അജിത് കുമാര്‍ റൈ, പ്രദീപ് കുമാര്‍ കല്‍ക്കൂറ, മലാര്‍ ജയറാമ റൈ, കെ. സുബ്ബണ്ണ ഷെട്ടി, കെ. വെങ്കട്രമണ ഹൊള്ള, കെ. ശശിധര ഷെട്ടി, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, ശിവരാമ കാസര്‍കോട്, ജഗദീഷ് കൂഡ്‌ലു, ഗുരു പ്രസാദ് കോട്ടക്കണ്ണി എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് 2 മണിമുതല്‍ കല്‍മാടി സദാശിവ ആചാര്യ, ഉഷാ ഈശ്വര ഭട്ട്, രാധാ മുരളീധര, ജയഭാരതി പ്രകാശ് എന്നിവര്‍ നയിക്കുന്ന സംഗീതക്കച്ചേരികളും സംഘടിപ്പിക്കുന്നുണ്ട്.


-രവീന്ദ്രന്‍ പാടി

Related Articles
Next Story
Share it