നേരത്തെ നടത്തിയ ഇടപാട് നിയമപരമായിരുന്നില്ലെന്ന് സമ്മതിച്ച് ലോംഗ് റിച്ച് ഗ്ലോബല്‍ എംഡി നിഷാദ് കിളിയടുക്കല്‍; വീണ്ടും പണം മുടക്കി കോയിന്‍ വാങ്ങിയാല്‍ പഴയതും കൂടി ഒന്നിച്ച് നല്‍കാമെന്ന് മോഹനവാഗ്ദാനം; നിക്ഷേപകര്‍ക്കിടയില്‍ വലവിരിച്ച് മോറിസ് കോയിന്‍ തട്ടിപ്പ് വീണ്ടും തലപൊക്കുന്നു

മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടി മുങ്ങിയ മലപ്പുറം സ്വദേശി നിഷാദ് കിളിയടുക്കലിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശബ്ദ സന്ദേശവുമായി വീണ്ടും രംഗത്ത്. നിക്ഷേപകര്‍ ഇനിയും പണം മുടക്കി മോറിസ് കോയിന്‍ വാങ്ങണമെന്നും അതില്‍ നിന്നുകിട്ടുന്ന ലാഭം ഉപയോഗിച്ച് പഴയ നിക്ഷേപവും ലാഭവിഹിതവുമെല്ലാം തിരിച്ചുതരാമെന്നുമുള്ള മോഹനവാഗ്ദാനമാണ് നിഷാദിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നത്. മോറിസ് കോയിന്‍ അമേരിക്കന്‍ ആസ്ഥാനമായുള്ള മറ്റൊരു വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തുവെന്നും ഇനി എല്ലാം നിയമപരമാണെന്നുമാണ് സന്ദേശത്തില്‍ പറയുന്നു. നേരത്തെ […]

മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടി മുങ്ങിയ മലപ്പുറം സ്വദേശി നിഷാദ് കിളിയടുക്കലിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശബ്ദ സന്ദേശവുമായി വീണ്ടും രംഗത്ത്. നിക്ഷേപകര്‍ ഇനിയും പണം മുടക്കി മോറിസ് കോയിന്‍ വാങ്ങണമെന്നും അതില്‍ നിന്നുകിട്ടുന്ന ലാഭം ഉപയോഗിച്ച് പഴയ നിക്ഷേപവും ലാഭവിഹിതവുമെല്ലാം തിരിച്ചുതരാമെന്നുമുള്ള മോഹനവാഗ്ദാനമാണ് നിഷാദിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നത്. മോറിസ് കോയിന്‍ അമേരിക്കന്‍ ആസ്ഥാനമായുള്ള മറ്റൊരു വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തുവെന്നും ഇനി എല്ലാം നിയമപരമാണെന്നുമാണ് സന്ദേശത്തില്‍ പറയുന്നു.

നേരത്തെ പേ ബിറ്റോ എന്ന വെബ്സൈറ്റില്‍ മോറിസ് കോയിന്‍ ലിസ്റ്റ് ചെയ്ത് വ്യാപാരം നടത്തുമെന്ന് പറഞ്ഞായിരുന്നു നിക്ഷേപകരില്‍ നിന്ന് പണം പിടുങ്ങിയിരുന്നത്. എന്നാല്‍ മണിചെയിന്‍ ഇടപാടിലൂടെ അനധികൃത നിക്ഷേപം സ്വീകരിച്ചുവെന്ന കുറ്റം ചുമത്തി പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്ട് (ബാനിംഗ്) പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടു മറ്റൊരു എക്സ്ചേഞ്ചില്‍ കോയിന്‍ ലിസ്റ്റ് ചെയ്തെന്നും എല്ലാവരും കോയിന്‍ വാങ്ങി കമ്പനിക്ക് ലാഭമുണ്ടാക്കി അതുവഴി തങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള വഴിയുണ്ടാക്കണമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ചില പരിമിതികളുണ്ടായിരുന്നത് കൊണ്ടാണ് ചില കാര്യങ്ങള്‍ മറച്ചുവെക്കേണ്ടിവന്നതെന്നും ഇപ്പോള്‍ എല്ലാം നിയമപരമായെന്നുമാണ് അവകാശപ്പെടുന്നത്. കേസും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ആര്‍ക്കും ഒരു പൈസയും കിട്ടില്ലെന്ന ഭീഷണിസ്വരത്തിലുള്ള മുന്നറിയിപ്പും നിക്ഷേപകരുടെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ച സന്ദേശത്തിലുണ്ട്.

ഫ്രാങ്ക് എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് പുതിയ എക്‌സ്‌ചേഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. ബെബ്‌സൈറ്റ് ലിങ്കും പ്ലേ സ്റ്റോര്‍, ആപ്പ്‌സ്റ്റോര്‍ ആപ്ലിക്കേഷനുകളുടെ ലിങ്കും വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം പുതിയ എക്‌സ്‌ചേഞ്ച് സംബന്ധിച്ച് നിക്ഷേപകര്‍ സംശയമുന്നയിക്കുകയാണ്. ഇതും തട്ടിപ്പ് ആണെന്നും നിഷാദ് തന്നെ നിര്‍മിച്ച വ്യാജ എക്‌സ്‌ചേഞ്ച് ആണെന്നും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതകരിക്കുന്നു. പ്ലേ സ്റ്റോറില്‍ പോലും ആകെ 5000 ഡൗണ്‍ലോഡ്‌സ് മാത്രമാണ് ആപ്ലിക്കേഷനുള്ളത്. അഞ്ചില്‍ രണ്ട് റേറ്റിംഗ് മാത്രമുള്ള ആപ്പിന് താഴെ തട്ടിപ്പാണെന്നും ഡൗണ്‍ലോഡ് ചെയ്യരുതെന്നും ആളുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തട്ടിപ്പിന് ഉപയോഗിച്ച നിഷാദിന്റെ സ്ഥാപനങ്ങളായ ലോംഗ് റിച്ച് ടെക്നോളജി, ലോംഗ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വ്യാജമാണെന്നും ഇരുകമ്പനികളും രജിസ്ട്രേഷന്‍ നേടിയിട്ടില്ലെന്നും നേരത്തെ പേൂക്കോട്ടുംപാടം പോലീസ് വ്യക്തമാക്കിയിരുന്നു. ആളുകളില്‍ നിന്ന് പണം സ്വീകരിച്ച് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ കൂടി അനുമതി ആവശ്യമാണ്. നിഷാദിന്റെ സ്ഥാപനങ്ങള്‍ ഈ അനുമതി തേടിയിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തിയത്.

അതിനിടെ കഴിഞ്ഞ ദിവസം നിഷാദിനെതിരെ വഞ്ചനാകുറ്റവും ചുമത്തി പുതിയ കേസെടുത്തു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയുടെ പരാതിയിലാണ് പൂക്കോട്ടുംപാടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിക്ഷേപകരുടെ പരാതിയില്‍ നിഷാദിനെതിരെ കേസെടുക്കുന്നത് ഇതാദ്യമായാണ്. നേരത്തെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. നിക്ഷേപകര്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണോ പുതിയ വാഗ്ദാനവുമായി നിഷാദ് രംഗത്തെത്തിയതെന്നും നിക്ഷേപകരില്‍ ചിലര്‍ സംശയമുന്നയിക്കുന്നുണ്ട്.

പ്രതിദിനം 3,849 രൂപ വീതം 300 ദിവസത്തേക്ക് ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2.10 ലക്ഷം രൂപ കൈപറ്റിയെന്നും എന്നാല്‍ ഒരു ദിവസം മാത്രമാണ് ലാഭവിഹിതം നല്‍കിയതെന്നും എരുമപ്പെട്ടി സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്ട് (ബാനിംഗ്) പ്രകാരം പോലീസ് സ്വമേധയാ കേസെടുത്തെങ്കിലും നിക്ഷേപകര്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ പോലീസിന് മറ്റു വകുപ്പുകള്‍ ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. നിഷാദ് ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അതേസമയം വിദേശത്തുകടക്കുന്നത് തടയാന്‍ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇത് കോടതിയുടെ പരിഗണനയിലാണ്. നിഷാദിന്റെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കായി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 1200 കോടി നിക്ഷേപം എത്തിയതായാണ് നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Related Articles
Next Story
Share it