'കീരിയും പാമ്പും പോലെ'

തലവാചകം ഒരു പഴഞ്ചൊല്ലാണ്. രണ്ടാളുകള്‍ തമ്മിലുള്ള ശത്രുതയുടെ തീവ്രത സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാചകം. ഇതിലും മികച്ച ഒരുപയോഗം മലയാളത്തിലില്ല. പഴയ നാട്ടുകഥകളിലൊന്നില്‍ നിഷ്‌കളങ്കനായ പാവം കഥാപാത്രമാണ് കീരി. പായയില്‍ കിടന്നു കളിക്കുന്ന ഓമനക്കുഞ്ഞിനെ, വളര്‍ത്തുന്ന കീരിയെ നോക്കാനേല്‍പ്പിച്ച് വിറക് ശേഖരിക്കാന്‍ പോയ ഗ്രാമീണ സ്ത്രീയുടെ കഥ. തിരിച്ചു വരുമ്പോള്‍ ദേഹമാസകലം ചോരയില്‍ കുളിച്ചു നില്‍ക്കുന്ന കീരിയെയാണ് വീട്ടുപടിക്കല്‍ കാണുന്നത്. എന്റെ കുഞ്ഞിനെ കൊന്ന നന്ദിയില്ലാത്ത ക്രൂരനെന്ന് കരുതി വിറക് കെട്ട് കീരിയുടെ ദേഹത്തിട്ട്് അവര്‍ അകത്തേക്കോടി. പായയില്‍ […]

തലവാചകം ഒരു പഴഞ്ചൊല്ലാണ്. രണ്ടാളുകള്‍ തമ്മിലുള്ള ശത്രുതയുടെ തീവ്രത സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാചകം. ഇതിലും മികച്ച ഒരുപയോഗം മലയാളത്തിലില്ല. പഴയ നാട്ടുകഥകളിലൊന്നില്‍ നിഷ്‌കളങ്കനായ പാവം കഥാപാത്രമാണ് കീരി. പായയില്‍ കിടന്നു കളിക്കുന്ന ഓമനക്കുഞ്ഞിനെ, വളര്‍ത്തുന്ന കീരിയെ നോക്കാനേല്‍പ്പിച്ച് വിറക് ശേഖരിക്കാന്‍ പോയ ഗ്രാമീണ സ്ത്രീയുടെ കഥ. തിരിച്ചു വരുമ്പോള്‍ ദേഹമാസകലം ചോരയില്‍ കുളിച്ചു നില്‍ക്കുന്ന കീരിയെയാണ് വീട്ടുപടിക്കല്‍ കാണുന്നത്. എന്റെ കുഞ്ഞിനെ കൊന്ന നന്ദിയില്ലാത്ത ക്രൂരനെന്ന് കരുതി വിറക് കെട്ട് കീരിയുടെ ദേഹത്തിട്ട്് അവര്‍ അകത്തേക്കോടി. പായയില്‍ ഓമനക്കുഞ്ഞ് കൊഞ്ചിച്ചിരിച്ച് കളിക്കുന്നു. അരികില്‍ ഒരു മൂര്‍ഖന്‍പാമ്പ് കഷ്ണങ്ങളായി ചത്തുകിടക്കുന്നു. തന്റെ കുഞ്ഞിനെ രക്ഷിച്ച കീരിയെ തെറ്റിദ്ധരിച്ച് കൊന്നുപോയതില്‍ സങ്കടപ്പെടുന്ന സ്ത്രീയുടെ കഥ പണ്ടൊക്കെ വലിയ ഹിറ്റായിരുന്നു. പാമ്പിനെ പേടിയില്ലാത്ത കീരികള്‍ക്ക് പൊതുവെ ഒരു ധീര ഇമേജാണുള്ളത്.
റുഡ്യാഡ്കിപ്‌ളിംഗ് എഴുതിയ ജംഗിള്‍ബുക്ക് എന്ന പുസ്തകത്തിലെ രസികന്‍ കഥാപാത്രമായ റിക്കി മിക്കി ടാവി വൈശ്രവണ പുത്രനായ കുബേരന്റെ കയ്യില്‍ ഒരു കീരയിയുള്ളതായി പുരാണത്തില്‍ പറയുന്നു. ദിവസവും അത് മുത്തും പവിഴവും തുപ്പുമത്രെ. അങ്ങനെയാണ് അദ്ദേഹം സമ്പന്നനായത് എന്ന് കഥ പറയുന്നു. വമ്പിച്ച ദാനങ്ങളോടെ അശ്വമേധയാഗം നടത്തിയ യുധിഷ്ഠിരനെ കളിയാക്കിയ ഒരു കീരിയെക്കുറിച്ച് ഒരു കഥ മഹാഭാരതത്തിലുണ്ട്. പട്ടിണിക്കാരായ കുടുംബം ചെയ്ത ദാനത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന കഥയിലാണ് പകുതി ഭാഗം സ്വര്‍ണവര്‍ണമായ കീരിയെക്കുറിച്ച് പറയുന്നത്.
ഹെര്‍ലിസ്റ്റിഡെ കുടുംബത്തില്‍ പെടുന്ന കീരികളുടെ അടുത്ത ബന്ധുക്കളാണ് മെരുകുകളും നീര്‍നായ്ക്കളും. മെരുകുകളുടേത് പോലുള്ള വലിയ ചെവികള്‍ കീരികള്‍ക്കില്ല. മഞ്ഞ കലര്‍ന്ന നരച്ച ചാരനിറമുള്ള പരുക്കന്‍ രോമങ്ങളാണ് ഇവക്കുള്ളത്. ധൈര്യശാലികളായ ഇവ മനുഷ്യവാസമുള്ള ഇടങ്ങളില്‍ കൂസലൊന്നുമില്ലാതെ ജീവിക്കും. കീരിക്കാടന്‍ എന്നത് മലയാള സിനിമയിലെ ഒരു വില്ലനാണെങ്കിലും നാട്ടുകീരിക്ക് തങ്ങാന്‍ വലിയ കാടൊന്നും വേണ്ട. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും പൊന്തകളിലും ജീവിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവയുടെ എണ്ണം വല്ലാതെ കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തില്‍ ഇഷ്ടം പോലെ കാണാനാകും. മുമ്പ് ലക്‌നോവില്‍ നടന്ന ഒരു റൈഡിലാണ് കീരിവേട്ടക്കാരുടെ വന്‍ സംഘത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. നാട്ടിന്‍ പുറങ്ങളില്‍ നിന്ന് വ്യാപകമായ തോതില്‍ ഇവയെ വേട്ടാടിയിരുന്നു. നാടോടികളെയും പ്രാദേശിക ഏജന്റുമാരെയും ആണ് ഇതിന് ഉപയോഗിച്ചിരുന്നത്. ലോക മാര്‍ക്കറ്റില്‍ ഏറ്റവും മികച്ച ബ്രഷുകള്‍ കീരിയുടെ രോമങ്ങള്‍ കൊണ്ടായിരുന്നു ഉണ്ടാക്കിയിരുന്നത്. കൂടുതല്‍ വീടുകള്‍ വന്നതിനാല്‍ ഒളിവിടങ്ങളായ കുറ്റിക്കാടുകളും മാളങ്ങളും കുറഞ്ഞതിനാല്‍ കൂടുതലായി ഇവയെ വെളിയില്‍ കാണാന്‍ തുടങ്ങി. അപൂര്‍വ്വമായി സ്വരക്ഷക്കായി ഇവ ആളുകളെ അക്രമിക്കാറുണ്ടെങ്കിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. നാട്ടുകീരികളുടെ തലയും ഉടലും ചേര്‍ന്നുള്ളത്ര തന്നെ നീളം വാലിനും ഉണ്ടാകും. പെണ്‍കീരികളെക്കാള്‍ വലുപ്പം കൂടുതല്‍ ആണ്‍ കീരികള്‍ക്കാണ്. ഓതിരം കടകം പഠിച്ച കളരിഗുരുക്കന്മാരെപ്പോലെ തന്ത്രപരമായി മിന്നല്‍ വേഗത്തില്‍ ഒഴിഞ്ഞുമാറി, ഉയര്‍ന്നുചാടി പാമ്പിന്റെ തലക്ക് കടിക്കാനുള്ള മെയ് വഴക്ക അഭ്യാസങ്ങള്‍ അറിയുന്നത് കൊണ്ടാണ് പാമ്പുകളെ കീരികള്‍ക്ക് വേഗത്തില്‍ കീഴ്‌പ്പെടുത്താന്‍ കഴിയുന്നത്. കട്ടിയുള്ള എഴുന്നേറ്റ് നില്‍ക്കുന്ന രോമപ്പുതപ്പും അയഞ്ഞ തൊലിയും പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷിക്കുകയും ചെയ്യുന്നു. സത്യത്തില്‍ മൂര്‍ഖന്‍ പാമ്പിനോട് കീരികള്‍ക്ക് പ്രത്യേക വൈരാഗ്യവും ഓടിച്ചു പിടിച്ച് കൊല്ലുന്ന പകയും ഒന്നുമില്ല. വിശപ്പ് കലശലായില്ലെങ്കില്‍ പൊല്ലാപ്പിനായി പോകാതെ ഒഴിഞ്ഞു മാറി നില്‍ക്കും. കീരികള്‍ക്ക് പാമ്പിറച്ചിയോട് പ്രതിപത്തിയുള്ളതായി കണ്ടെത്തിയിട്ടുമില്ല.'തിരിച്ചുകടിക്കാത്തതെന്തും ഞാന്‍ കഴിക്കും എന്ന് ചിലര്‍ ഭക്ഷണശീലത്തെക്കുറിച്ച് വീമ്പുപറയുന്നത് പോലെയല്ല കീരിയുടെ സ്വഭാവം. തിരിച്ചു കടിക്കുന്ന പാമ്പിനെയും കുത്തുന്ന തേളിനെയും എന്നു വേണ്ട ഞാഞ്ഞൂലിനെപ്പോലും അകത്താക്കാന്‍ ഇവ തയ്യാറാണ്. പക്ഷികള്‍, അവയുടെ മുട്ടകള്‍, എലികള്‍, ഓന്തുകള്‍, പാറ്റകള്‍, പഴങ്ങള്‍, വേരുകള്‍ ഒക്കെ തിന്നും. മുട്ടകളോട് ഇഷ്ടമുള്ള കീരികള്‍ നന്നായി മുട്ട പൊട്ടിച്ച് കഴിക്കാന്‍ കഴിവുള്ളവയാണ്. ചിലയിനം കീരികള്‍ ചീങ്കണ്ണികളുടെ മുട്ട പോലും മോഷ്ടിച്ച് ശാപ്പിടും. മാര്‍ച്ച് മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഇണചേരല്‍ക്കാലം. 60-65 നീളുന്നതാണ് ഗര്‍ഭകാലം.
എലികളെ നിയന്ത്രിക്കാനായി വെസ്റ്റ് ഇന്‍ഡീസിലേക്ക് കീരി കുടുംബത്തെ ഇറക്കുമതി ചെയ്ത് പുലിവാലു പിടിച്ചിരുന്നു. ഇവ ഇവിടത്തെ ചെറുജീവികളെ മുഴുവന്‍ കൊന്നു തീര്‍ത്ത് സ്വാഭാവിക ജൈവവൈവിധ്യത്തെ താറുമാറാക്കി. അതിനാല്‍ ഏതിനത്തിലുള്ള കീരികളെയും അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കയാണ്.
ലോകത്തെങ്ങും കീരിക്ക് പാമ്പിനെ പേടിയില്ലെങ്കിലും മനുഷ്യരെ പേടിക്കും. പക്ഷെ ഇന്ത്യയില്‍ നിലവില്‍ ഷെഡ്യൂള്‍ രണ്ടിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കീരികളെ പിടികൂടി കൊല്ലുന്നത് അഞ്ചുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമായതിനാല്‍ നിയമത്തെ ഭയക്കുന്ന ആരും കീരികളെ തൊടില്ല തന്നെ.

Related Articles
Next Story
Share it