തട്ടിപ്പുകാരെ കൊണ്ട് പൊറുതിമുട്ടി കേരളം; ലോണ്‍ ആപ്പും ഓണ്‍ലൈന്‍ തട്ടിപ്പിനും പുറമെ മണി ചെയിന്‍ നിക്ഷേപ തട്ടിപ്പുകാരും

മലപ്പുറം: തട്ടിപ്പുകാരെ കൊണ്ട് പൊറുതിമുട്ടുകയാണ് കേരളം. മൊബൈലിലൂടെ ഉടനടി വായ്പ നല്‍കി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘവും ഓണ്‍ലൈനിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന സംഘവും രാജ്യത്താകമാനം വിലസുമ്പോള്‍ മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ മണി ചെയിന്‍ മാതൃകയില്‍ ഏഴ് കമ്പനികള്‍ സംസ്ഥാനത്ത് നിലവില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം. വലിയ ലാഭവിഹിതം കുറഞ്ഞ ദിവസത്തിനുള്ളില്‍ നല്‍കാമെന്ന മോഹനവാഗ്ദാനം നല്‍കിയാണ് നിക്ഷേപകര്‍ ആളുകളെ സമീപിക്കുന്നത്. […]

മലപ്പുറം: തട്ടിപ്പുകാരെ കൊണ്ട് പൊറുതിമുട്ടുകയാണ് കേരളം. മൊബൈലിലൂടെ ഉടനടി വായ്പ നല്‍കി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘവും ഓണ്‍ലൈനിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന സംഘവും രാജ്യത്താകമാനം വിലസുമ്പോള്‍ മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ മണി ചെയിന്‍ മാതൃകയില്‍ ഏഴ് കമ്പനികള്‍ സംസ്ഥാനത്ത് നിലവില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം.

വലിയ ലാഭവിഹിതം കുറഞ്ഞ ദിവസത്തിനുള്ളില്‍ നല്‍കാമെന്ന മോഹനവാഗ്ദാനം നല്‍കിയാണ് നിക്ഷേപകര്‍ ആളുകളെ സമീപിക്കുന്നത്. എളുപ്പത്തില്‍ പണം ലഭിക്കുമെന്ന ധാരണയില്‍ വിദ്യാസമ്പന്നര്‍ വരെ ഇതില്‍ ഇരകളാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. നാണക്കേട് ഭയന്ന് ഇത്തരക്കാര്‍ സംഭവം പുറത്തുപറയാനോ പരാതി നല്‍കാനോ തയ്യാറാകാറില്ല. ഇതാണ് വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകാര്‍ വര്‍ധിച്ചുവരുന്നതിന് പ്രധാന കാരണങ്ങളിലൊന്ന്. പോലീസ് സ്വമേധയാ കേസെടുത്താലും നിക്ഷേപകര്‍ പരാതി നല്‍കിയില്ലെങ്കില്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ അന്വേഷണം നിലക്കാറാണ് പതിവ്.

സമൂഹമാധ്യമങ്ങളില്‍ ബന്ധം സ്ഥാപിച്ച് നിക്ഷേപ സാധ്യത ആളുകളെ ബോധ്യപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. റിയല്‍ എസ്റ്റേറ്റ്, സ്റ്റോക്ക് മാര്‍ക്കറ്റ്, നിര്‍മാണ മേഖലകളില്‍ പണം വിനിയോഗിച്ച് ലാഭവിഹിതം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുമെന്ന ഉറപ്പ് നല്‍കിയാണ് വല വിരിക്കുന്നത്. 100 മുതല്‍ 200 ദിവസത്തിനുള്ളില്‍ നല്‍കുന്ന പണത്തിന് ഇരട്ടിയോളം തുക തിരിച്ചുനല്‍കുമെന്നാണ് മോഹനവാഗ്ദാനം.

വിവാഹാവശ്യത്തിന് കരുതിവെച്ചതും വീട് പണയപ്പെടുത്തിയും ലക്ഷങ്ങള്‍ നിക്ഷേപിച്ചവരുണ്ട്. തുടക്കത്തില്‍ ചെറിയ തുക ലഭിച്ചതൊഴിച്ചാല്‍ പിന്നീട് പണത്തെക്കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ ഒരു വിവരവും ഉണ്ടാകാറില്ല. വെബ്‌സൈറ്റുകളും മറ്റും കാണിച്ചാല്‍ തന്നെ ബന്ധപ്പെടാനുള്ള നമ്പറോ കമ്പനിയുടെ വിലാസമോ നല്‍കിയിട്ടുണ്ടാകില്ല.

ലോഗിന്‍ ഐഡി, പാസ്സ്വേര്‍ഡ് എന്നിവയും തട്ടിപ്പ് സംഘം നല്‍കും. നിക്ഷേപം തുടങ്ങുന്നതോടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചു മുങ്ങുകയാണ് തട്ടിപ്പു സംഘത്തിന്റെ പതിവ്. പണം നഷ്ടപ്പെടുക മാത്രമല്ല, മണി ചെയിന്‍ മാതൃകയില്‍ മറ്റുള്ളവരെ ഇതിന്റെ ഭാഗമാക്കിയവരും മറുപടി പറയേണ്ട ഗതികേടിലാണ്.

മലപ്പുറം കേന്ദ്രീകരിച്ച് നടത്തിയ മോറിസ് കോയിന്‍ തട്ടിപ്പിന്റെ പേരില്‍ പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്ട് (ബാനിംഗ്) പ്രകാരം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നിക്ഷേപകരില്‍ അധികമാരും പരാതി നല്‍കാത്തതിനാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതിനിടെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത പ്രതി നിഷാദ് കിളിയടുക്കല്‍ മുങ്ങിയതായാണ് പോലീസ് പറയുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് 1200 കോടിയോളം രൂപയുടെ നിക്ഷേപം നിഷാദിന്റെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

Related Articles
Next Story
Share it