ദുബായ്: കഴിഞ്ഞ 5 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പൊതുഗതാഗത യാത്രകള്‍ നടത്തിയവര്‍ക്കുള്ള ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്.ടി.എ) ചാമ്പ്യന്‍പട്ടം കാസര്‍കോട് തളങ്കര സ്വദേശിക്ക്. വിജയികള്‍ക്ക് ആര്.ടി.എ ചെയര്മാന് മത്തര്‍ അല്‍ തായര്‍ നോല്‍ പ്ലസ് പോയിന്റുകള്‍ സമ്മാനിച്ചു. പൊതുവിഭാഗത്തിലാണ് തളങ്കര സ്വദേശി മുഹമ്മദ് തളങ്കര അബൂബക്കര്‍ ഒന്നാം സ്ഥാനം നേടിയത്. 15,000 യാത്രകള്‍ നടത്തിയാണ് ഇദ്ദേഹം പൊതുഗതാഗത ചാമ്പ്യനായത്. മുഹമ്മദ് അഹ്മദ് സാദി 14,442 യാത്രകള്‍ നടത്തി രണ്ടാം സ്ഥാനവും സിറാജുദ്ദീന് അബ്ദുല്‍ ഖാദര്‍ 13,900 യാത്രകള്‍ നടത്തി മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അബൂബക്കറിന് 10 ലക്ഷം നോല്‍ പ്ലസ് പോയിന്റ് ലഭിച്ചു. കഴിഞ്ഞ 5 വര്‍ഷമായി എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളായ ദുബായ് മെട്രോ, ട്രാം, ബസ്, അബ്ര എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ആര്.ടി.എയുടെ 14-ാം മത് പൊതുഗതാഗത ദിനത്തോടും 18-ാം വാര്ഷികത്തോടും അനുബന്ധിച്ച് നടത്തിയ പ്രത്യേക പരിപാടിയില്‍ വിജയികള്‍ക്ക് സമ്മാനം നല്കി.