കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മൊബൈല്‍ കട കുത്തിത്തുറന്ന് 15 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസിലെ പ്രതികളെ തേടി കാസര്‍കോട്ടുനിന്നുള്ള പൊലീസ് സംഘം രാജസ്ഥാനിലെത്തി. 2017 നവംബര്‍ 25ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ മൊബൈല്‍ കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും മറ്റും കവര്‍ന്ന കേസിലെ പ്രതികളും രാജസ്ഥാന്‍ സ്വദേശികളുമായ പ്രകാശ് കുമാര്‍(26), മുകേഷ് എന്ന സുമര്‍(23) എന്നിവരെ പിടികൂടുന്നതിനാണ് അന്വേഷണം. ഇവരെ തേടി മുമ്പ് കാസര്‍കോട് പൊലീസ് രാജസ്ഥാനില്‍ പോയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് കോവിഡ് വന്നതോടെ രണ്ടുവര്‍ഷക്കാലമായി ഈ കേസിന്റെ തുടര്‍ അന്വേഷണം നടത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. എ.എസ്.ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജോസ് വര്‍ഗീസ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത് പരിയാച്ചേരി എന്നിവര്‍ പ്രതികളെ തേടി വീണ്ടും രാജസ്ഥാനിലേക്ക് പോകുകയായിരുന്നു. ഒരാഴ്ചയോളമായി പൊലീസ് സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ വീടുകള്‍ പൊലീസ് കണ്ടെത്തി അന്വേഷണത്തിനെത്തിയെങ്കിലും വീട്ടില്‍ വരാറിലെന്നാണ് പ്രതികളുടെ കുടുംബങ്ങള്‍ അറിയിച്ചത്. ഡല്‍ഹിയിലും മുംബൈയിലും ഹൈദരാബാദിലും പ്രതികള്‍ മാറിമാറി ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
മാവുങ്കാല്‍ സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്.