കൊച്ചി: ഓണ്‍ലൈന്‍ വഴി വാങ്ങിയ മൊബൈല്‍ ഫോണ്‍ വാറണ്ടി കാലയളവില്‍ തകരാറിലായ കേസില്‍ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി ഉത്തരവ്. വാറണ്ടി കാലയളവിനുള്ളില്‍ തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ തകരാറിലായാല്‍ അത് നിര്‍മാണ വൈകല്യമായി കണ്ട് നഷ്ടപരിഹാരം ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് അഭിപ്രായപ്പെട്ടു.
മൊബൈല്‍ ഫോണിന്റെ വിലയും 5000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്കാന് എതിര് കക്ഷികള്‍ക്ക് നിര്‍ദേശം നല്കി. മൊബൈല്‍ ഫോണിന്റെ വിലയായ 11,998 രൂപ 9% പലിശയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ഉപഭോക്താവിന് നല്‍കാനാണ് കമ്മീഷന് എതിര് കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എറണാകുളം ചൊവ്വര സ്വദേശി വി ബി അലിയാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ആമസോണില്‍ നിന്നും വാങ്ങിയ ഷിവോമി റെഡ്മി നോട്ട് 3 മൊബൈല്‍ ഫോണ്‍ വാറന്റി കാലയളവിനുള്ളില്‍ പലതവണ തകരാറിലായി. തുടര്‍ന്ന് ഫോണിന്റെ മദര്‍ ബോര്‍ഡ് മാറ്റിവെക്കാന്‍ 7495 രൂപ നല്‍കണമെന്ന് സര്‍വീസ് സെന്റര്‍ ആവശ്യപ്പെട്ടു. നിര്‍മാണപരമായ വൈകല്യമുള്ള ഫോണ്‍ നല്കിയതിനുശേഷം അത് റിപ്പയര്‍ ചെയ്യാന്‍ വലിയ തുക ആവശ്യപ്പെടുന്ന എതിര്‍കക്ഷികളുടെ നടപടി അനുചിതമായ കച്ചവട രീതിയും സേവനത്തില്‍ ന്യൂനതയുമാണെന്ന് പരാതിയില്‍ ബോധിപ്പിച്ചു. കമ്മീഷന് നോട്ടീസ് അയച്ചിട്ടും എതിര് കക്ഷികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്.