എം.എം പെര്‍വാഡ്: മുസ്ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത വ്യക്തിത്വം

മൊഗ്രാലിലെ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ- വിദ്യാഭ്യാസ രംഗത്തെ സൗമ്യ സാന്നിധ്യമായി അറിയപ്പെട്ടിരുന്ന എം.എം പെര്‍വാഡ് എന്ന നാട്ടുകാരുടെ 'കൊട്ടാരം ഉമ്പായിച്ച' ഇനി ഓര്‍മകളില്‍. ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ആദര്‍ശ രാഷ്ട്രീയത്തില്‍ അടിയുറച്ചു നില്‍ക്കുകയും ജീവിതത്തിന്റെ സമസ്തമേഖലകളിലും നിറഞ്ഞുനിന്ന് കടന്നുപോയ വ്യക്തിത്വമായിരുന്നു എം.എം ഇബ്രാഹിം പെര്‍വാട് എന്ന ഉമ്പായിച്ചയുടെത്. മത-രാഷ്ട്രീയ സാമൂഹിക നിലപാടുകളില്‍ എന്നും മുസ്ലിം ലീഗിന് ഒപ്പം ചേര്‍ന്ന് നില്‍ക്കുമായിരുന്നു അദ്ദേഹം. മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തില്‍ ഹരിതരാഷ്ട്രീയം നെഞ്ചിലേറ്റി നിര്‍മ്മലമായ ജീവിതം നയിച്ച പച്ചയായ ഒരു മനുഷ്യസ്‌നേഹി. […]

മൊഗ്രാലിലെ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ- വിദ്യാഭ്യാസ രംഗത്തെ സൗമ്യ സാന്നിധ്യമായി അറിയപ്പെട്ടിരുന്ന എം.എം പെര്‍വാഡ് എന്ന നാട്ടുകാരുടെ 'കൊട്ടാരം ഉമ്പായിച്ച' ഇനി ഓര്‍മകളില്‍. ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ആദര്‍ശ രാഷ്ട്രീയത്തില്‍ അടിയുറച്ചു നില്‍ക്കുകയും ജീവിതത്തിന്റെ സമസ്തമേഖലകളിലും നിറഞ്ഞുനിന്ന് കടന്നുപോയ വ്യക്തിത്വമായിരുന്നു എം.എം ഇബ്രാഹിം പെര്‍വാട് എന്ന ഉമ്പായിച്ചയുടെത്. മത-രാഷ്ട്രീയ സാമൂഹിക നിലപാടുകളില്‍ എന്നും മുസ്ലിം ലീഗിന് ഒപ്പം ചേര്‍ന്ന് നില്‍ക്കുമായിരുന്നു അദ്ദേഹം. മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തില്‍ ഹരിതരാഷ്ട്രീയം നെഞ്ചിലേറ്റി നിര്‍മ്മലമായ ജീവിതം നയിച്ച പച്ചയായ ഒരു മനുഷ്യസ്‌നേഹി.
മൊഗ്രാലിലെ ആദ്യകാലത്തെ മരമില്ല് വ്യാപാരിയായിരുന്നു എം.എം പെര്‍വാഡ്. നേരത്തെ കുമ്പളയിലും മരമില്ല് സ്ഥാപനം നടത്തിയിരുന്നു. പിന്നീട് മൊഗ്രാല്‍ ടൗണില്‍ എയിംവുഡ്സ് എന്ന പേരില്‍ മരമില്ല് സ്ഥാപനം തുടങ്ങുകയായിരുന്നു. ഒരുകാലത്ത് വ്യാപാര സ്ഥാപനത്തിലുപരി എയിംവുഡ്സ് നാട്ടിലെ സാധാരണക്കാരുടെ ആശാകേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മറ്റു തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ഉമ്പായിച്ചയുടെ നേതൃത്വത്തിലായിരുന്നു. അവസാന വാക്ക് ഉമ്പായിച്ചയുടേതും. അത് കൊണ്ട് തന്നെ എയിംവുഡ്സ് ശ്രദ്ധാ കേന്ദ്രവുമായിരുന്നു. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മുഖപത്രമായ ചന്ദ്രിക ദിനപത്രം ഉമ്പായിചാക്ക് ഒഴിച്ചുകൂടാനാകാത്തതായിരുന്നു. നാട്ടുകാര്‍ക്ക് ചന്ദ്രിക പത്രം വായിക്കണമെങ്കില്‍ എയിംവുഡ്സില്‍ പോകണം. മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം മണ്ഡലത്തിലെയും കുമ്പള പഞ്ചായത്തിലെയും കരുത്തുറ്റ സംഘാടകരില്‍ ഒരാളായിരുന്നു എം.എം പെര്‍വാഡ് എന്ന ഉമ്പായിച്ച. ജില്ലയിലെ മുതിര്‍ന്ന മുസ്ലിംലീഗ് നേതാക്കളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഉമ്പായിച്ചയുടെ സംഘടനാ മികവിലൂടെ കഴിഞ്ഞിരുന്നു. മുസ്ലിം ലീഗിന്റെ പഴയകാല ചരിത്രം പറയാന്‍ ഉമ്പായിച്ച കാണിക്കുന്ന താല്‍പര്യം എടുത്തുപറയേണ്ടത് തന്നെയാണ്. അത് അദ്ദേഹത്തിന് ആവേശവുമായിരുന്നു.
1993 മുതല്‍ 2001 വരെ മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡണ്ടായിരുന്നു. ഈ കാലയളവില്‍ മൊഗ്രാല്‍ സ്‌കൂളിന്റെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എം.എം പെര്‍വാടിന് കഴിഞ്ഞിരുന്നു. അതുപോലെതന്നെ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച് മത സംഘടനാ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചിരുന്നു. മത-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വിനയം കൊണ്ട് അതിശയിപ്പിച്ച എം.എം പെര്‍വാട് ഒരിക്കലും പദവികളുടെ പിന്നാലെയോ, വ്യക്തിഗത നേട്ടങ്ങളുടെ പിന്നാലെയോ പോകാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആദര്‍ശം എവിടെയും അടിയറവ് വെക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. പ്രവാസികളായിരുന്ന സഹോദരങ്ങളെല്ലാവരും ചേര്‍ന്ന് പെര്‍വാട് ഒരു വലിയ വീടുപണിതതിനാ ല്‍ ആ വീട് പഴയ കാലത്ത് 'കൊട്ടാരം ' എന്ന് അറിയപ്പെട്ടിരുന്നു. അത്‌കൊണ്ടാകാം എം.എം പെര്‍വാടിനെ നാട്ടുകാര്‍ 'കൊട്ടാരം ഉമ്പായിച്ച'എന്ന് പേര് വെച്ചു. ഇന്നത്തെ പെര്‍വാട് ബസ്‌സ്റ്റോപ്പിന് പോലും പഴയ കാലത്ത് 'വിമത കൊട്ടാരം' ബസ് സ്റ്റോപ്പ് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.
നല്ലൊരു ഫുട്ബാള്‍ താരവും കലാസ്‌നേഹിയും കൂടിയായിരുന്നു എം.എം പെര്‍വാട്. 1972-77 കാലയളവില്‍ 100വര്‍ഷം പിന്നിട്ട മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു. ഒട്ടേറെ ടൂര്‍ണ്ണമെന്റുകളില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി എം. എം പെര്‍വാഡ് കളിച്ചിട്ടുണ്ട്. പഴയകാല മാപ്പിളപ്പാട്ടുകളെയും കലാകാരന്മാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന എം.എം പെര്‍വാഡ് മൊഗ്രാലില്‍ സംഘടിപ്പിച്ച ഒട്ടുമിക്ക കലാസദസ്സുകളിലും നിറസാന്നിധ്യമായി നിലകൊണ്ടിരുന്നു. മതപരമായ കാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച്ച ഉണ്ടായിരുന്നില്ല. ബാങ്ക് വിളിച്ചാല്‍ നിസ്‌കാരം കഴിഞ്ഞിട്ടേ മറ്റ് എന്ത് കാര്യങ്ങളും. കര്‍ക്കശ നിലപാട്. രാഷ്ട്രീയ രംഗത്ത് കുറെ കാലം ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന മര്‍ഹും എം.സി അബ്ദുല്‍ഖാദര്‍ ഹാജിയുടെ പേരില്‍ മൊഗ്രാലില്‍ രൂപീകൃതമായ മൊഗ്രാല്‍ എം.സി ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായും എം.എം പെര്‍വാഡ് പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞമാസം മൊഗ്രാല്‍ കടവത്ത് സംഘടിപ്പിച്ച പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ കൂട്ടായ്മയില്‍ എ.എം പെര്‍വാഡിനെ ആദരിച്ചിരുന്നു. ഒട്ടേറെ പ്രമുഖര്‍ ആ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ഉമ്പായിച്ചയുടെ അവസാന പൊതു പരിപാടിയായിരുന്നു അത്. വളരെ സന്തോഷവാനായാണ് അന്ന് ഉമ്പായിച്ഛയെ കാണപ്പെട്ടത്.
ജീവിത വിശുദ്ധിയില്‍ ഒരുപാട് നല്ല മാതൃകകള്‍ നാട്ടുകാര്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് എം.എം പെര്‍വാഡ് യാത്രയായത്. പ്രായം ചെന്ന സൗഹൃദങ്ങളില്‍ എനിക്കേറ്റവും പ്രിയപെട്ടവരില്‍ ഒരാളായിരുന്നു ഉമ്പായിച്ച. നാട്ടുവര്‍ത്തമാനങ്ങള്‍ സംസാരിച്ചിരിക്കാന്‍ മൊഗ്രാലിലെ പൗരപ്രമുഖരും രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും വൈകുന്നേരങ്ങളില്‍ ഒട്ടുകൂടുന്ന ഇടമായിരുന്നു ഉമ്പായിച്ചയുടെ എയിംവുഡ്സ് സ്ഥാപനം. നേരിന്റെയും നന്മയുടെയും ഓരംചേര്‍ന്ന് നടക്കാനായിരുന്നു ഉമ്പായിച്ചയ്ക്ക് താല്‍പര്യം. ലാളിത്യവും വിനയവും വിശുദ്ധിയും എം.എം പെര്‍വാഡിന്റെ വ്യക്തിത്വത്തില്‍ ആഴത്തില്‍ വേരൂന്നിയഗുണങ്ങളായിരുന്നു. പഴയ നോമ്പ് കാലത്തെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാകാം അദ്ദേഹത്തിനെ സര്‍വശക്തന്‍ പരിശുദ്ധ റമദാന്‍ മാസത്തില്‍ തന്നെ റബ്ബിന്റെ സന്നിധിയിലേക്ക് വിളിച്ചിരിക്കുന്നത് എന്ന് വേണം അനുമാനിക്കാന്‍. ഉമ്പായിച്ചയുടെ വേര്‍പാട് നാടിന് തീരാ നഷ്ടമാണ്. അദ്ദേഹത്തിന് സ്വര്‍ഗപ്രവേശം നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആമീന്‍...

എം.എ മൂസ

Related Articles
Next Story
Share it