മിഅ്‌റാജ് രാവിലെ കാറ്റെ...

മിഅ്‌റാജ് രാവിലെ കാറ്റെ...മരുഭൂ തണുപ്പിച്ച കാറ്റെ...1973ല്‍ എരഞ്ഞോളി മൂസ ആത്മാവ് കൊണ്ട് പാടിയ ഈ വരികള്‍ പറഞ്ഞുതരും തിരുദൂതരുടെ ആകാശ പ്രയാണത്തെപ്പറ്റി. മഹാ കവി പി.ടി. അബ്ദുറഹ്മാന്‍ വരികള്‍ നല്‍കിയ ഈ ഗാനം എരിഞ്ഞോളി മൂസയുടെ മാസ്മരിക ശബ്ദ വീചികളില്‍ തട്ടി മഴവില്ല് വിതറി പ്രപഞ്ചമാസകലം വര്‍ണശോഭ പരത്തി കാലാതീതമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷാന്തരങ്ങള്‍ക്ക് പൗരുഷം നല്‍കിയ, പുരുഷന്റെ കഥകള്‍ പറഞ്ഞാട്ടേ.... എന്ന് തൊണ്ട കീറിയദ്ദേഹം പാടുമ്പോള്‍ ഏതൊരു ഹൃദയവും കോള്‍മയര്‍ കൊണ്ട് പോകും. സൂര്യന്‍ ചുട്ട് പഴുക്കുന്ന […]

മിഅ്‌റാജ് രാവിലെ കാറ്റെ...
മരുഭൂ തണുപ്പിച്ച കാറ്റെ...
1973ല്‍ എരഞ്ഞോളി മൂസ ആത്മാവ് കൊണ്ട് പാടിയ ഈ വരികള്‍ പറഞ്ഞുതരും തിരുദൂതരുടെ ആകാശ പ്രയാണത്തെപ്പറ്റി. മഹാ കവി പി.ടി. അബ്ദുറഹ്മാന്‍ വരികള്‍ നല്‍കിയ ഈ ഗാനം എരിഞ്ഞോളി മൂസയുടെ മാസ്മരിക ശബ്ദ വീചികളില്‍ തട്ടി മഴവില്ല് വിതറി പ്രപഞ്ചമാസകലം വര്‍ണശോഭ പരത്തി കാലാതീതമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷാന്തരങ്ങള്‍ക്ക് പൗരുഷം നല്‍കിയ, പുരുഷന്റെ കഥകള്‍ പറഞ്ഞാട്ടേ.... എന്ന് തൊണ്ട കീറിയദ്ദേഹം പാടുമ്പോള്‍ ഏതൊരു ഹൃദയവും കോള്‍മയര്‍ കൊണ്ട് പോകും. സൂര്യന്‍ ചുട്ട് പഴുക്കുന്ന മദ്ധ്യാഹന നേരത്ത് പ്രകൃതി നിശബ്ദമായി ഈ ഈരടികള്‍ അന്തരീക്ഷത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ നമ്മുടെ കര്‍ണപുടങ്ങളിലേക്ക് വലിച്ചു കൊണ്ടുവരികയാണ്.
റജബിന്റെ പൊന്നമ്പിളി മാനത്ത് വിടര്‍ന്ന് പുഞ്ചിരി തൂകിയ രാവ് മുതല്‍ പള്ളികളുടെ മിഹ്‌റാബുകളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന പ്രാര്‍ത്ഥനയാണ്, പടച്ചതമ്പുരാനെ റജബിലും ശഅ്ബാനിലും നീ സുകൃതം ചൊരിഞ്ഞു തരേണമേ..., പുണ്യമാസം റമദാനെ അനുഭവിക്കാനുളള ഭാഗ്യം നല്‍കിയനുഗ്രഹിക്കേണമേ നാഥാ... അതെ, റമദാനിന്റെ മുന്നോടിയായി വന്നിറങ്ങുന്ന റജബിന്റെ വെണ്‍മയിര്‍ കൊള്ളുന്ന പ്രഭാവലയത്തിലൂടെയാണ് ഓരോ വിശ്വസിയും ഇപ്പോള്‍ കടന്നുപോകുന്നത്.
റമദാനിനെ വരവേല്‍ക്കാന്‍ ദൈവം തമ്പുരാന്‍ കനിഞ്ഞേകിയ ഉല്‍കൃഷ്ട മാസമാണ് റജബും ശഅ്ബാനും. ഹൃദയ വിശുദ്ധിയിലൂടെ മാത്രം കടന്നുപോകേണ്ട റമദാനിന്റെ ദിനരാത്രങ്ങള്‍ക്ക് ഓജസ്സും സൗകുമാര്യതയും വേണ്ടുവേളം പകരാന്‍ വേണ്ടിയാണ് രണ്ടുമാസത്തെ മുന്നൊരുക്കങ്ങള്‍ക്ക് അല്ലാഹു ആഹ്വാനം ചെയ്യുന്നത്. മനസ്സിലെ നന്മയാണ് മനുഷ്യനെ മൂല്യവത്താക്കുന്നത്. നന്മപൂക്കുന്ന പച്ചമരങ്ങളെ നട്ടുപിടിപ്പിച്ച് വളം കൊടുത്ത് നനച്ചു വളര്‍ത്തിയെടുക്കാനുള്ള മാസമാണ് റജബും ശഅ്ബാനും. അതുതന്നെയാണ് റജബിന്റെ പ്രത്യേകതയും.
അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളില്‍ പെട്ട മാസം കൂടിയാണ് റജബ്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ത്ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോട് തന്നെ ആക്രമണം കാണിക്കാതിരിക്കുക (9:36).
മേലെ പറഞ്ഞ നാലെണ്ണത്തില്‍ ആദ്യത്തെ മൂന്ന് മാസം തുടര്‍ച്ചയായി വരുന്ന ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ്, മുഹറം ആകുന്നു. പിന്നെ അഞ്ച് മാസങ്ങള്‍ക്ക് ശേഷം വരുന്നത് റജബാണ്. ഇസ്ലാമിന്റെ അടിത്തറ കറകളഞ്ഞ ദൈവിക വിശ്വാസമാണ്. പ്രപഞ്ച നാഥനിലുളള നിരുപാധിക വിശ്വാസത്തിന് തന്റെ അടിമയെ ആദരിച്ച മാസം കൂടിയാണ് റജബ് മാസം. മക്കയില്‍ വിശ്വാസ സംസ്‌കരണത്തിനും അധാര്‍മ്മിക ഉച്ചാടനത്തിനും ജീവന്‍ പോലും പണയപ്പെടുത്തി വിപ്ലവത്തിന്റെ പാതകള്‍ വെട്ടിത്തെളിച്ച് ഉത്തമ സംസ്‌കാരത്തിന്റെ നവ ചൈതന്യം വിളംബരം ചെയ്ത പ്രവാചകന്‍ മുഹമ്മദ് നബിയെ തന്റെ സിംഹാസനത്തിന്റെ ചുവട്ടിലേക്കാനയിച്ച് അല്ലാഹു അഭിനന്ദിച്ച, നിലാപെയ്തിറങ്ങിയ ഇരുപത്തേഴിന്റെ രാവുള്‍ക്കൊള്ളുന്നതും ഈ റജബില്‍ തന്നെയാണത്രെ.
ഖുര്‍ആന്‍ വ്യക്തമാക്കുന്നു: തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് -അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു- നിശാ യാത്ര ചെയ്യിച്ചവന്‍ എത്ര പരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഇസ്രാഅ്: 1)
മാലാഖ ജിബ്‌രീ(അ) ലിന്റെ അകമ്പടിയോടെ ബുറാഖെന്ന അത്ഭുത വാഹനത്തില്‍ ഇരുപത്തേഴിന്റെ കുളിര്‍മയുളള രാത്രിയില്‍ മക്കാ തിരുമുറ്റത്ത് നിന്ന് പലസ്തീനിലുള്ള ബൈതുല്‍ മുഖദ്ദസിലേക്ക് പുറപ്പെട്ട പ്രവാചകന്‍ മുഹമ്മദ് (സ) അവിടെ ഒത്തൊരുമിച്ചു കൂടിയ മുന്‍ കഴിഞ്ഞ പ്രവാചകന്മാരോട് സംഗമിക്കുകയും അവര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അഖ്‌സാ പള്ളിയങ്കണത്തിലുളള വിശുദ്ധമാക്കപ്പെട്ട കല്ലില്‍ നിന്ന് ജിബ്‌രീല്‍ മാലാഖയുടെ വലതു ചിറകില്‍ കയറി ആകാശാരോഹണത്തിന് പുറപ്പെടുകയായിരുന്നു.( ഇബ്‌നു കസീര്‍)
ഓരോ ആകാശത്തിന്റെ കവാടങ്ങളും തിരുനബിയെ സ്വീകരിക്കാന്‍ വേണ്ടി മലര്‍ക്കെ തുറക്കപ്പെട്ടു. ഒന്നും രണ്ടും മൂന്നും തുടങ്ങി ഏഴാനാകാശം വരെ വ്യത്യസ്ത പ്രവാചക പുംഗവന്മാരെ കണ്ടുമുട്ടിയ മുഹമ്മദ് നബി (സ) ഏഴാം ആകാശത്തിലേക്ക് കടന്നതോടെ അകമ്പടി സേവിച്ചിരുന്ന ജിബ്‌രീല്‍ മാലാഖ അല്‍പം പിന്തിരിഞ്ഞ് നിന്ന് പറഞ്ഞു: ഇനിയങ്ങോട്ട് നിങ്ങള്‍ തനിയെ പോകണം, ജഗന്നിയന്താവിനെ കാണാന്‍ അങ്ങേക്ക് മാത്രമാണ് അനുവാദമുളളത്: നിങ്ങള്‍ ഭയപ്പെടാതെ മുന്നിട്ടാലും, തങ്കളുടെ കൈകാര്യകര്‍ത്താവായ രക്ഷിതാവിനെ കണ്ടുമുട്ടുന്ന സന്തോഷ വാര്‍ത്തയറിഞ്ഞാലും.
പിന്നെയങ്ങോട്ട് മുഹമ്മദ് നബി (സ) തനിച്ചായിരുന്നു യാത്ര, അല്ലാഹുവിന്റെ സിംഹാസനത്തിന്റെ ചുവട്ടില്‍ പ്രയപ്പെട്ട അടിമയും ഉടമയും പരസ്പരം കണ്ടുമുട്ടുന്ന ആ ധന്യ മുഹൂര്‍ത്തത്തെ ഖുര്‍ആന്‍ തന്നെ വിശേഷിപ്പിക്കുന്നത് കാണുക: പിന്നെ അവന്‍ അടുത്തു വന്നു, വീണ്ടും അടുത്തു, അങ്ങനെ രണ്ടു വില്ലോളമോ അതില്‍ കൂടുതലോ അടുത്ത് നിലകൊണ്ടു, അപ്പോള്‍ തന്റെ ദാസന് നല്‍കേണ്ട സന്ദേശം അവന്‍ ബോധനമായി നല്‍കി, കണ്ണ് കൊണ്ട് കണ്ടതിനെ മനസ്സ് കളവാക്കുകയില്ല (59:811).
ഈ സമാഗമത്തിലാണ് അല്ലാഹു തന്നെ സ്മരിക്കാന്‍ അഞ്ച് നേരത്തെ നമസ്‌കാരം സമ്മാനമയി മനുഷ്യരാശിക്ക് മുഹമ്മദ് നബി (സ) മുഖാന്തരം നല്‍കുന്നത്. ഇതൊരു ആദരവാണ്, മാനവ കുലത്തിനുള്ള ആദരവ്. മനസ്സിലെ കറുത്ത കറകളെ വിപാടനം ചെയ്യാന്‍ വേണ്ടി മിഅ്‌റാജിന്റെ രാവില്‍ അവതരിച്ച നമസ്‌കാരത്തിന്റെ കര്‍മ്മഫലത്തെ കുറിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നത് കാണുക: നിശ്ചയം നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മ്മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു: (29:45) ഈയൊരു കര്‍മ്മഫലത്തിന് വേണ്ടിയാകട്ടെ ഒരോരുത്തരുടെയും ഇനിയുളള ദിനരാത്രികള്‍.
ഈയൊരു രാപ്രയാണത്തിലൂടെ അല്ലാഹു പ്രവചകന്‍ മുഹമ്മദ് (സ) ആദരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുകയാണ്. തന്റെ പ്രയപ്പെട്ട ഭാര്യ ഖദീജ ബീവിയും തന്നെ ഏത് പ്രതിസന്ധി ഘട്ടത്തിലും കൈവെടിയാതെ സംരക്ഷണമേകിയ സ്‌നേഹനിധിയായ എളേപ്പ അബൂത്വാലിബും വിടപറഞ്ഞ സന്ദര്‍ഭത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു ആദരവ് അല്ലാഹു കനിഞ്ഞുനല്‍കുന്നത്.
ആകയാല്‍ മുസ്ലിം ലോകത്തിന് തികച്ചും ഇതൊരു ആനന്ദ മുഹൂര്‍ത്തമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈയൊരു സന്തോഷ പ്രകടനം ദാനധര്‍മ്മം, അന്നദാനം, തലേരാത്രി ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ട് വ്യാപൃതമാക്കല്‍ തുടങ്ങിയവകൊണ്ട് നിര്‍വ്വഹിക്കുക എന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് പിറ്റേ ദിവസത്തെ (റജബ് 27) വ്രതവും. കാരണം നോമ്പ് കൊണ്ട് സന്തോഷം പ്രകടിപ്പിക്കുക എന്നത് പ്രവാചക ചര്യയാണ്.
അതിന് എത്രയോ തെളിവുകള്‍ തിരുദൂതരുടെ ജീവിതത്തില്‍ ലഭ്യവുമാണ്. ഇതിന് പുറമെ ഇമാം ഗസ്സാലി തന്റെ ഇഹ്യാഅയിലും, ഇമാം ജൗസി തന്റെ മുന്‍തലമിലും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തന്റെ ഗുന്‍യയിലും: ആരെങ്കിലും റജബ് 27 നോമ്പനുഷ്ഠിച്ചാല്‍ അറുപതുമാസം നോമ്പനുഷ്ഠിച്ച പ്രതിഫലം ലഭിക്കും എന്ന നബി വചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്‌നു ഹജര്‍ തന്റെ ഫതാവയിലും ഇമാം ഇബ്രാഹീമുല്‍ ബാജൂരി തന്റെ ഹാശിയത്തുല്‍ ബാജൂരിയിലും സയ്യിദുല്‍ ബക്രി തന്റെ ഇആനത്തിലും സുലൈമാനുല്‍ ജമല്‍ തന്റെ ഹാശിയത്തുല്‍ ജമലിലും റജബ് 27 ലെ നോമ്പ് സുന്നത്താണെന്ന് വളരെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മനുഷ്യ ജീവിതം നന്മയുടെ മേല്‍ കെട്ടിപ്പടുത്തപ്പെടുന്നതായിരിക്കണം. അതിന്റെ ഊര്‍ജ സമ്പാദനത്തിനാകണം നമ്മുടെ നമസ്‌കാരവും നോമ്പും. ഇതിലൂടെ കൈവരിക്കപ്പെടുന്ന ആത്മസംസ്‌കരണമായിരിക്കണം ഓരോ ആദം സന്തതിയുടെയും ഇസ്രാഉം മിഅ്‌റാജും.
(പ്രിന്‍സിപ്പാള്‍, ദാറുന്നൂര്‍ എജുക്കേഷന്‍ സെന്റര്‍, കാശിപട്ട്ണ, കര്‍ണാടക).


-അമീന്‍ ഹുദവി ഖാസിയാറകം

Related Articles
Next Story
Share it