മിന്നുന്നതെല്ലാം പൊന്നല്ല എന്നത് നേര്, എന്നാല്‍ മിന്നുമണി പൊന്നുമാണ്, കേരളത്തിന്റെ തനി രത്നവുമാണ്. മിന്നുമണി ലോകമാകെ മിന്നിത്തിളങ്ങുകയാണ്. വയനാട്ടില്‍ നിന്ന് കഠിനമായ പ്രയത്നത്തിലൂടെ ഇന്ത്യന്‍ വനിതാ ടീമിലെത്തിയ മിന്നുമണി വ്യാഴാഴ്ച കാസര്‍കോട്ടുണ്ടായിരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായിരുന്ന പരേതനായ എന്‍.എ സുലൈമാന്റെ പേരില്‍ കുടുംബാംഗങ്ങള്‍ രൂപീകരിച്ച എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള പുരസ്കാരം ഏറ്റുവാങ്ങാനാണ് മിന്നുമണി കാസര്‍കോട്ട് എത്തിയത്. സിറ്റി ടവര്‍ ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മൂന്ന് എം.എല്‍.എമാരെയും നഗരസഭാ ചെയര്‍മാനെയും കാസര്‍കോടിന്റെ സാംസ്കാരിക പരിഛേദമെന്ന് വിശേഷിപ്പിക്കാവുന്ന നിറഞ്ഞ സദസ്സിനെയും സാക്ഷിനിര്‍ത്തി ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പുരസ്കാരം സമര്‍പ്പിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് മിന്നുമണി ഏറ്റുവാങ്ങിയത്.
”ഇത് എനിക്കുള്ള രണ്ടാമത്തെ പുരസ്ക്കാരമായിരുന്നു. ന്യൂസ് 18 ചാനലിന്റെ സ്ത്രീരത്നം പുരസ്കാരം കിട്ടിയതിന് ശേഷം എനിക്ക് ലഭിക്കുന്ന പുരസ്കാരം. അത് കാസര്‍കോട് ജില്ലയില്‍ സ്പോര്‍ട്സിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഒരു നല്ല മനുഷ്യന്റെ പേരിലുള്ളത് എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു’- കാസര്‍കോട്ടേക്കുള്ള വരവിനെയും പുരസ്കാരം ഏറ്റുവാങ്ങിയതിനെയും കുറിച്ച് വലിയ സന്തോഷത്തോടെയാണ് ഇന്ത്യന്‍ വനിതാ ടീമിലെ ആദ്യ മലയാളി സന്നിധ്യമായ മിന്നുമണി ഉത്തരദേശത്തോട് സംസാരിച്ചത്.
‘കാസര്‍കോട്ടേക്കുള്ള എന്റെ രണ്ടാമത്തെ വരവാണിത്. ആദ്യത്തേത് ഏത് വര്‍ഷമാണെന്ന് ഓര്‍ക്കുന്നില്ല. ഞാന്‍ അന്ന് വയനാട് ജില്ലയ്ക്ക് വേണ്ടി അണ്ടര്‍-16 ക്രിക്കറ്റ് കളിക്കുന്ന കാലം. മാച്ചുമായി ബന്ധപ്പെട്ടാണ് കാസര്‍കോട്ടു വന്നത്. അന്നുതന്നെ ഇവിടുത്തുകാരുടെ ആതിഥേയ മാധുര്യം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. ഇവിടുത്തെ ഭാഷയും ആളുകള്‍ ഇടപഴകുന്ന രീതികളും ഏറെ ഹൃദ്യമാണ്. ഇത്തവണ അവാര്‍ഡ് സ്വീകരിക്കാന്‍ വന്നപ്പോഴും ഇവിടത്തെ ജനങ്ങള്‍ എന്റെ ഹൃദയം കീഴടക്കികളഞ്ഞു. കലര്‍പ്പില്ലാത്ത സ്നേഹം. ഇവിടെ വന്ന് ഇറങ്ങിയതു മുതല്‍ കാസര്‍കോട്ടുകാര്‍ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നുണ്ട്. അത് മിന്നുമണിയോടുള്ള സ്നേഹം മാത്രമല്ല, ഒരു ഇന്ത്യന്‍ താരത്തിനോടുള്ള സ്നേഹം കൂടിയാണ്.’-മിന്നുവിന്റെ വാക്കുകളില്‍ കാസര്‍കോടന്‍ സ്നേഹം നിറയുന്നു.
? എന്‍.എ സുലൈമാന്‍ ഫൗണ്ടേഷന്റെ പുരസ്കാരം ലഭിച്ചപ്പോള്‍ എന്തുതോന്നി
=സുലൈമാനെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ തന്നെ വല്ലാത്ത ആവേശമായി. കേരള ക്രിക്കറ്റ് അസോസിയേഷന് ട്രഷറര്‍ കെ. എം അബ്ദുല്‍ റഹ്മാനാണ് അവാര്‍ഡ് വിവരം എന്നോട് വിളിച്ചുപറഞ്ഞത്. സുലൈമാനെ കുറിച്ചും അദ്ദേഹം പറഞ്ഞു. വ്യവസായ രംഗത്ത് വലിയ രീതിയില്‍ തിളങ്ങുമ്പോഴും സ്പോര്‍ട്സിനോട് അടങ്ങാത്ത സ്നേഹവുമായി ജീവിച്ച ഒരാള്‍. കലാകാരന് എന്ന നിലയിലും കായികരംഗത്ത് വളര്‍ന്നുവരുന്നവരെ പ്രോത്സാഹിപ്പിച്ചിരുന്ന ആളെന്ന നിലയിലും സുലൈമാനെ കുറിച്ചുകേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. ഞാനും ഇദ്ദേഹത്തെ പോലെ ആരുടെയൊക്കെയോ പിന്തുണയും പ്രോത്സാഹനവും കൊണ്ട് വളര്‍ന്നുവന്ന ഒരു ക്രിക്കറ്ററാണ്. എന്റെ ജീവിത വഴി കഠിനമായിരുന്നു. ആ കാലഘട്ടം താണ്ടിയതിന്റെ പ്രയാസം എനിക്കറിയാം. കലാ-കായിക രംഗങ്ങളില്‍ വളര്‍ന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആളുകള്‍ ഇല്ലെങ്കില്‍ ഞാനടക്കമുള്ളവര്‍ ഒരിടത്തും എത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്‍.എ സുലൈമാന്റെ പേരിലുള്ള പുരസ്കാരം ഒരുതരത്തിലും മിസ് ചെയ്യരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാനാണെങ്കില്‍ മുംബൈയില്‍ ഒരു ടൂര്‍ണ്ണമെന്റും വയനാട്ടില്‍ ക്യാമ്പും കഴിഞ്ഞ് നല്ല ക്ഷീണിതയായിരുന്നു. ആ ക്ഷീണം വകവെക്കാതെയാണ് ഈ പുരസ്കാരം ഏറ്റുവാങ്ങാന്‍ കാസര്‍കോട്ട് വന്നത്. പുരസ്കാരം മാത്രമല്ല, കാസര്‍കോടിന്റെ സ്നേഹവായ്പ്പും എനിക്ക് വേണ്ടുവോളം ലഭിച്ചു.
? സ്പോര്‍ട്സ് മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോ
=പഴയകാലമല്ല ഇത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നല്ല പരിഗണനയുണ്ട്. കഴിവുള്ളവര്‍ എല്ലാം മേഖലയിലും ഉയര്‍ന്നുവരുന്നു. പെണ്‍കുട്ടിയെന്ന അകല്‍ച്ച ഇന്നില്ല. സ്പോര്‍ട്സ് മേഖലയിലും ഒരുപാട് വനിതകള്‍ തങ്ങളുടെ മികവ് കൊണ്ട് ഉയര്‍ന്ന തലങ്ങളിലേക്ക് വളര്‍ന്നുവരുന്നുണ്ട്. പെണ്‍കുട്ടി എന്ന നിലയിലുള്ള മാറ്റിനിര്‍ത്തല്‍ ഒരുപാട് കുറഞ്ഞുവന്നിട്ടുണ്ട്. ക്രിക്കറ്റിലും ഒരുപാട് വനിതകള്‍ കേരളത്തില്‍ നിന്നും വളര്‍ന്നു വരുന്നുണ്ട്. അവര്‍ക്കൊക്കെ നല്ല പ്രോത്സാഹനമാണ് സമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. ക്രിക്കറ്റില്‍ പൊതുവെ ആണുങ്ങളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരുമടിയുണ്ടായിരുന്നു എന്നത് നേരാണ്. ആണുങ്ങള് കളിക്കുന്ന ഗെയിമാണ് എന്ന ചിന്ത പലര്‍ക്കുമുണ്ടായിരുന്നു. ഇതിനിടയിലും വുമണ്‍സ് ക്രിക്കറ്റ് ഒരുപാട് എസ്റ്റാബ്ലിഷ്ഡ് ആയിട്ടുണ്ട്. അങ്ങനെ വളര്‍ന്നുവന്നവരും ഏറെയാണ്. എന്റെ കൂട്ടുകാരി മലപ്പുറം സ്വദേശിനിയായ നജ്ല അക്കൂട്ടത്തില്‍ ഒരാളാണ്. അണ്ടര്‍-19 വേള്‍ഡ് കപ്പ് സ്ക്വാഡിലുള്ള നജ്ല വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. വയനാട്ടില്‍ നിന്നുള്ള സജിന ഇന്ത്യന്‍ വുമണ്‍സ് പ്രീയമര്‍ ലീഗില്‍ കളിക്കുന്നു. വരും വര്‍ഷങ്ങളിലും കൂടുതല്‍ പേര് കേരളത്തില്‍ നിന്ന് ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംനേടുമെന്നാണ് എന്റെ പ്രതീക്ഷ.
? മിന്നുമണിയുടെ അടുത്ത ലക്ഷ്യമെന്താണ്
= ഇന്ത്യന്‍ ടീമിലെത്തുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. പറഞ്ഞല്ലോ, അതികഠിനമായ വഴികള്‍ താണ്ടിയാണ് ഞാനിതുവരെയെത്തിയത്. കുട്ടിക്കാലത്ത് എന്നോടൊപ്പം കളിക്കാന്‍ പെണ്‍കുട്ടികള്‍ ആരുമില്ലായിരുന്നു. ആണ്‍കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ കളിച്ചുവളര്‍ന്നത്. എല്‍സമ്മ ടീച്ചര്‍ എനിക്ക് വലിയ പിന്തുണ നല്കി. അവരുടെ നിര്‍ബന്ധം കൊണ്ടാണ് ടീം സെലക്ഷനുകളില്‍ പങ്കെടുക്കുന്നത്. അണ്ടര്‍-16ല്‍ നിന്ന് തുടങ്ങിയ ജൈത്രയാത്ര, പലരുടേയും പ്രോത്സാഹനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുള്ള പ്രയാണം, ഇന്ത്യന്‍ ടീമില്‍ ഇടംനേടിയിട്ടേ വിശ്രമമുള്ളൂവെന്ന് തീരുമാനിച്ചുറച്ച് കഠിനമായ പ്രയത്നങ്ങള്‍ നടത്തിയ നാളുകള്‍… ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും ഇന്ത്യ എ ടീമിന്റെ നായക പദം ഏറ്റെടുക്കുകയും ചെയ്തു. ഇനിയും വിശ്രമമില്ല. ലോകകപ്പ് സ്ക്വാഡില്‍ കയറണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. അതിനുവേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് ഞാനിപ്പോള്‍. അടുത്തവര്‍ഷമായിരിക്കും വനിതാ ലോകകപ്പ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടണം എന്നതും മികച്ച ഫോമില്‍ കളിക്കണമെന്നതും എന്റെ സ്വപ്നമാണ്. വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കണമെന്നും ആഗ്രഹമുണ്ട്. ഇതുവരെയുള്ള ആഗ്രഹങ്ങളൊക്കെ സാധിച്ചിട്ടുണ്ട്. ഈ നാട് നല്കുന്ന സ്നേഹവും പ്രോത്സാഹനവുമാണ് അതിന് എനിക്ക് ഊര്‍ജ്ജമായി നിന്നത്-മിന്നുമണി പറഞ്ഞു നിര്‍ത്തി.
-ടി.എ. ഷാഫി