കാസര്‍കോട്: പൊളിവാക്ക് പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടലല്ല സര്‍ക്കാറിന്റെ ദൗത്യമെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് എല്‍.ഡിഎഫ് സര്‍ക്കാറിന് തുടര്‍ ഭരണം ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുലിക്കുന്നിലെ പി.ഡബ്ല്യു.ഡി കോമ്പൗണ്ടില്‍ പ്രഭാത ചര്‍ച്ചയില്‍ ജില്ലയില്‍ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ ഭരണം ലഭിച്ചതോടെ കൂടുതല്‍ ചുമതല ഞങ്ങളില്‍ അര്‍പ്പിതമായി.
ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്തൊക്കെയാണ് നടത്തിയതെന്ന് ഞാന്‍ പറയേണ്ടതില്ല. നിങ്ങള്‍ അനുഭവസ്ഥരാണ്. പകര്‍ച്ചവ്യാധിയും ഓഖിയും നിപ്പയും പ്രളയവും കോവിഡുമൊക്കെ ഉണ്ടായിട്ടും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. കേന്ദ്രം ആവശ്യമായ സഹകരണമോ പിന്തുണയോ നല്‍കുന്നില്ല. അര്‍ഹതപ്പെട്ടത് കേന്ദ്രം നിഷേധിച്ചു. ഗുജറാത്തില്‍ ദുരന്തമുണ്ടായപ്പോള്‍ പല രാജ്യങ്ങളുടേയും സഹായം സ്വീകരിച്ചുവെങ്കില് കേരളം ദുരിതമനുഭവിച്ച വേളകളില്‍ മലയാളികളെ സ്നേഹിക്കുന്ന പല രാജ്യങ്ങളും സഹായഹസ്തവുമായി വന്നപ്പോള്‍ അത് തടയുകയായിരുന്നു കേന്ദ്രം ചെയ്തത്. മന്ത്രിമാരുടെ വിദേശയാത്രയും കേന്ദ്രം നിഷേധിച്ചു. ഇത്തരം സാഡിസ്റ്റ് സ്വഭാവം രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പൊന്നും കാണാത്തതാണ്. എന്നാല്‍ ജനങ്ങളുടെ വലിയ പിന്തുണ പ്രതിസന്ധികള്‍ നേരിടാന്‍ സര്‍ക്കാറിന് കരുത്തായി മാറി-മുഖ്യമന്ത്രി പറഞ്ഞു.
പ്രഭാത ചര്‍ച്ചയില്‍ ജില്ല അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ജില്ലയുടെ ആരോഗ്യ, വ്യാവസായിക, കായിക, വ്യാപാര മേഖലകളിലെയടക്കമുള്ള വിഷയങ്ങള്‍ പലരും അവതരിപ്പിച്ചു. മുഴുവന്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി ഡോ. വി. വേണുവും സംബന്ധിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി, ഫാ. ബേബി മാത്യു, എന്‍.എ അബൂബക്കര്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം വേദിയിലുണ്ടായിരുന്നു.
12 പേര് വീതം ഇരുന്ന ഓരോ ടേബിളിലും ഓരോ മന്ത്രിമാര്‍ വീതം പ്രഭാത ഭക്ഷണത്തിനിരിക്കുകയും അതിഥികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തത് വ്യത്യസ്തമായി.