തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സാംസ്‌കാരിക വകുപ്പ്. തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. തീയറ്റര്‍ ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തീയറ്ററുകളില്‍ തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'സംസ്ഥാനത്തിന്റെ ഉത്പാദന മേഖല രണ്ട് വര്‍ഷമായി വലിയ പ്രതിസന്ധി നേരിടുകയാണ്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം ശാസ്ത്രീയമായി ശരിയായിരിക്കാം. അതിനാലാണ് പ്രോട്ടോക്കോള്‍ പാലിച്ച് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തീയറ്റര്‍ […]

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സാംസ്‌കാരിക വകുപ്പ്. തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. തീയറ്റര്‍ ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തീയറ്ററുകളില്‍ തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'സംസ്ഥാനത്തിന്റെ ഉത്പാദന മേഖല രണ്ട് വര്‍ഷമായി വലിയ പ്രതിസന്ധി നേരിടുകയാണ്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം ശാസ്ത്രീയമായി ശരിയായിരിക്കാം. അതിനാലാണ് പ്രോട്ടോക്കോള്‍ പാലിച്ച് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തീയറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്. അനന്തമായി തീയറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ സാധിക്കില്ല. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കും. വിനോദ നികുതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ആശങ്കയുണ്ട്. അതെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് തീരുമാനമെടുക്കും'. മന്ത്രി പറഞ്ഞു.

തീയറ്റര്‍ തുറക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. എ.സി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിലും ഐ.എം.എ എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഈ മാസം 25 മുതല്‍ സിനിമാ തീയറ്ററുകള്‍ തുറക്കാനാണ് തീരുമാനം. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.

Related Articles
Next Story
Share it