കാസര്‍കോട്: സംസ്ഥാനത്ത് മുഖ്യ പരിഗണനയുള്ള ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ബേക്കലെന്നും ഉത്തരവാദിത്ത ടൂറിസത്തിലൂടെ ബേക്കലിനെയും റാണിപുരം, വലിയപറമ്പ പോലെയുള്ള മറ്റു പ്രദേശങ്ങളെയും വികസിപ്പിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ടൂറിസം – പി ഡബ്ല്യു ഡി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി സൗന്ദര്യം മാത്രമല്ല ഓരോ പ്രദേശത്തിന്റെയും സംസ്‌കാരവും ചരിത്രവും പ്രാദേശിക വൈവിധ്യങ്ങളുമെല്ലാം സമന്വയിപ്പിക്കുന്ന തരത്തില്‍ കാസര്‍കോട്ടെ പ്രാദേശിക സവിശേതകളെല്ലാം കോര്‍ത്തിണക്കിയുള്ള സമഗ്രമായ ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ജൂലൈ 15നകം പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാരുടേയും യോഗം വിളിച്ചു ചേര്‍ത്ത് ടൂറിസം വികസനം ചര്‍ച്ച ചെയ്യും. ബി ആര്‍ ഡി സി, ഡി ടി പി സി എന്നിവയുടെ പദ്ധതികളും കോര്‍ത്തിണക്കിയായിരിക്കും ജില്ലയുടെ ടൂറിസം വികസനം നടപ്പാക്കുക. എം എല്‍ എ മാരായ ഇ.ചന്ദ്രശേഖരന്‍, സി എച്ച് കുഞ്ഞമ്പു, എം.രാജഗോപാലന്‍, എ കെ എം അഷറഫ്, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, പൊതുമരാമത്ത് – ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലയുടെ ടൂറിസം വികസന സാധ്യതകളുടെ പൊതുവായ ചിത്രം ബി ആര്‍ ഡി സി മാനേജിങ് ഡയറക്ടര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലയിലെത്തിയ മന്ത്രി വൈകുന്നേരം ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു. ദേശീയ പാതയോരത്തുള്ള നവീകരിച്ച കവാടം മുതല്‍ കോട്ട വരെ നടന്നാണ് മന്ത്രി കാഴ്ചകള്‍ കണ്ടത്.