ഇഫ്താര്‍ വിരുന്നുകളിലെ സന്ദേശം

മൈത്രിയും സാഹോദര്യവും നിലനില്‍ക്കേണ്ടതിന്റെ ഉള്‍വിളിയാണ് ഇഫ്താര്‍ കൂടിച്ചേരലുകള്‍. മതത്തിനും ജാതിക്കും ഉപരിയായി ആഘോഷങ്ങളെ സ്വീകരിക്കുക എന്നതും വ്രത പുണ്യത്തിന്റെ നന്മകള്‍ പരസ്പരം പങ്കുവെക്കുക എന്നതും നോമ്പുകാലത്തെ ഇഫ്താര്‍ വിരുന്നുകളുടെ മാത്രം പ്രസക്തിയാണ്. കഴിഞ്ഞ ദിവസം എറണാകുളം കരയോഗം കൊച്ചിയില്‍ നടത്തിയ ഇഫ്താര്‍ സംഗമം ഏറെ വേറിട്ട ഒരു അനുഭവമായിരുന്നു. സിനിമാ സംവിധായകരായ സിദ്ദീഖ്, ജോഷി, രഞ്ജി പണിക്കര്‍, നടന്‍ ഇടവേള ബാബു, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, ജി.സി.ഡി.എം ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള തുടങ്ങിയ ഏറെ പ്രമുഖര്‍ ഇഫ്താര്‍ സംഗമത്തില്‍ […]

മൈത്രിയും സാഹോദര്യവും നിലനില്‍ക്കേണ്ടതിന്റെ ഉള്‍വിളിയാണ് ഇഫ്താര്‍ കൂടിച്ചേരലുകള്‍. മതത്തിനും ജാതിക്കും ഉപരിയായി ആഘോഷങ്ങളെ സ്വീകരിക്കുക എന്നതും വ്രത പുണ്യത്തിന്റെ നന്മകള്‍ പരസ്പരം പങ്കുവെക്കുക എന്നതും നോമ്പുകാലത്തെ ഇഫ്താര്‍ വിരുന്നുകളുടെ മാത്രം പ്രസക്തിയാണ്. കഴിഞ്ഞ ദിവസം എറണാകുളം കരയോഗം കൊച്ചിയില്‍ നടത്തിയ ഇഫ്താര്‍ സംഗമം ഏറെ വേറിട്ട ഒരു അനുഭവമായിരുന്നു. സിനിമാ സംവിധായകരായ സിദ്ദീഖ്, ജോഷി, രഞ്ജി പണിക്കര്‍, നടന്‍ ഇടവേള ബാബു, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, ജി.സി.ഡി.എം ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള തുടങ്ങിയ ഏറെ പ്രമുഖര്‍ ഇഫ്താര്‍ സംഗമത്തില്‍ സംബന്ധിച്ചു.
സമൂഹത്തില്‍ നടക്കുന്ന ചില അക്രമ സംഭവങ്ങള്‍ അത് വിശ്വാസത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലുമൊക്കെ ആവര്‍ത്തിക്കുന്നു. ഇത്തരം തിന്മകള്‍ക്ക് മുകളില്‍ നന്മയുടെ ഒരു കൈത്തിരി കത്തിക്കാനും സമൂഹത്തിന് സ്‌നേഹത്തിന്റെയും തിരിച്ചറിവിന്റെയും മഹദ് സന്ദേശങ്ങള്‍ നല്‍കാനും നോമ്പുകാലത്തെ ഇത്തരം സ്‌നേഹ സംഗമങ്ങള്‍ക്ക് കഴിയുന്നുവെന്നാണ് സംഗമത്തില്‍ സംബന്ധിച്ചവര്‍ എടുത്തു പറഞ്ഞത്. മനുഷ്യര്‍ എന്ന ഒരൊറ്റ ബോധത്തെ എല്ലാ മതില്‍ക്കെട്ടുകള്‍ക്ക് മുകളില്‍ സ്ഥാപിക്കുക എന്ന ശ്രമകരമായ വലിയ ദൗത്യമാണ് ഇഫ്താര്‍ സംഗമങ്ങള്‍ അടിവരയിടുന്ന വിശുദ്ധി. വിശ്വാസി അന്നപാനീയങ്ങള്‍ വെടിഞ്ഞ് പകല്‍ മുഴുവന്‍ വ്രതമിരിക്കുമ്പോള്‍ ആത്മ സംസ്‌കരണം ഉണ്ടാകുന്നു. അവനവനിലേക്ക് തിരിഞ്ഞ് നോക്കാനുള്ളതും ചുറ്റും വിശന്ന് വലയുന്ന സഹജീവികളോടുള്ള ഐക്യദാര്‍ഡ്യം ഉറപ്പിക്കാനും കഴിയുന്നു. ദരിദ്രര്‍ക്ക് വരുമാനത്തിന്റെ നിശ്ചിത ശതമാനം സക്കാത്ത് നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നതിലൂടെ സമൂഹത്തിന്റെ സമത്വത്തിന് വിശ്വാസി ഊന്നല്‍ നല്‍കുന്നു. അയല്‍ക്കാരന്റെ വിശപ്പറിയല്‍ അയല്‍ക്കാരനെ സ്‌നേഹിക്കലാണ്. ഇത്തരം ഒരു ജീവിതം നയിക്കുന്ന നമുക്ക് ആരെയാണ് വെറുക്കാന്‍ കഴിയുക. പിന്നെങ്ങിനെ ആരെയെങ്കിലും അക്രമിക്കാന്‍ കഴിയും. ഇതാണ്, ഈ സ്‌നേഹത്തിന്റെ പരസ്പരം ചേര്‍ത്ത് പിടിക്കലാണ് നാട്ടിലെ ഇഫ്താര്‍ സംഗമങ്ങള്‍. ഒരു പൂന്തോട്ടത്തിലെ വേറിട്ട പൂക്കളെപ്പോലെ വേറിട്ട നിറം, വേറിട്ട സുഗന്ധം കാറ്റിന് സമര്‍പ്പിക്കും പോലെ എത്ര വിശുദ്ധമാണ് മതങ്ങളുടെ ആശയങ്ങള്‍. എന്നിട്ടും എന്തേ മനുഷ്യരുടെ അലമുറകള്‍ ഇവിടെ അങ്ങിങ്ങായി കേള്‍ക്കുന്നു. മതത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്ത് ഇവിടെ രാഷ്ട്രീയ, മത മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തണം. വിശ്വാസം എന്നത് മൈത്രിയുടെ വസന്തമാണെന്ന് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ നമുക്ക് കഴിയണം. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരം മുസ്ലീം അസോസിയേഷന്‍ വിപുലമായ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അതില്‍ മന്ത്രി വി.ശിവന്‍കുട്ടി, മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരടങ്ങിയ വലിയൊരു സമൂഹ കൂട്ടായ്മ അണിചേര്‍ന്നു. പൗര പ്രമുഖരും നാട്ടുകാരുമായ നിരവധി മനുഷ്യര്‍ പങ്കാളികളായ ഈ മൈത്രി സംഗമം നല്‍കുന്ന സ്‌നേഹ സന്ദേശം ഒന്നാണ്. നമ്മള്‍ വ്യത്യസ്ത മത, ജാതി വിഭാഗങ്ങള്‍ ആണെങ്കിലും നാമെല്ലാം സഹോദരങ്ങളാണ് എന്നതാണ് അത്. ഇതാണെന്റെ നാടിന്റെ സംസ്‌കാരം. ഞാന്‍ ഈ ജീവിത രീതിയില്‍ ഏറെ സന്തോഷവാനാണ്. അതാണെന്റെ ദൈവത്തിലേക്കുള്ള പ്രാര്‍ത്ഥനയും എന്ന ഒരു വലിയ ചിന്തയാണ് ഇഫ്താര്‍ പോലെയുള്ള സംഗമങ്ങളില്‍ തെളിഞ്ഞുകാണുന്നത്. ഏവരും സോദരത്വേന വാഴുന്ന മാതൃകാ സംസ്ഥാനമാണ് നമ്മുടേത്. പ്രാവചകനെ കരുണാവാനാം മുത്തു നബി എന്ന് വിശേഷിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ കേരളമാണിത്. ഇവിടെ മൈത്രി എന്നത് വലിയ സുരക്ഷിതത്വമാണ്. നമ്മുടെ മനസ്സുകളുടെ ഐക്യപ്പെടുത്തലാണ് ഇഫ്താര്‍ വിരുന്നുകളിലൂടെ ലഭിക്കുന്ന മഹത്വം.

Related Articles
Next Story
Share it