സഫാരി സ്യൂട്ടിലൊളിപ്പിച്ച ഫലിതങ്ങള്‍...

മൗനമായിരിക്കുമ്പോഴും പൊട്ടിച്ചിരിപ്പിക്കാന്‍ മാത്രം എപ്പോഴും ഒരുപാട് ഫലിതങ്ങള്‍ കൂടെ കൊണ്ടുനടന്നിരുന്നു അദ്ദേഹം. ഗൗരവമാര്‍ന്ന സംഭാഷണങ്ങള്‍ക്കിടയിലാവും ഒട്ടും പ്രതീക്ഷിക്കാതെ അവ ചിലപ്പോള്‍ പൊട്ടിച്ചിതറുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച തളങ്കര ജദീദ്‌റോഡ് സ്വദേശിയും ദീര്‍ഘകാലം നായന്മാര്‍മൂലക്ക് സമീപം പടിഞ്ഞാര്‍മൂലയില്‍ താമസക്കാരനുമായിരുന്ന ഉമ്പു കൊട്ട(യഥാര്‍ത്ഥ പേര് മൊയ്തീന്‍ എന്നാണെന്ന് അറിഞ്ഞത് ചരമ വാര്‍ത്ത ശേഖരിക്കുമ്പോഴാണ്) ഫലിതങ്ങളെ ഹൃദയത്തിലേറ്റി നടന്ന ഒരാളായിരുന്നു. ഉമ്പു ഉണ്ടായിരുന്നിടത്തെല്ലാം പൊട്ടിച്ചിരിയുമുണ്ടായിരുന്നു. ഗള്‍ഫില്‍ പോയി ദീര്‍ഘകാലം അവിടെ തങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം തൊണ്ണൂറുകളില്‍ ജദീദ്‌റോഡിന്റെ എല്ലാ മേഖലകളിലും സജീവമായിരുന്നു. സ്ഥിരം സഫാരി സ്യൂട്ട് വേഷം. കൂളിംഗ് ഗ്ലാസുമുണ്ടാവും. കാണുമ്പോഴൊക്കെ ഫലിതങ്ങളുടെ ചെപ്പ് തുറക്കും. അതിനൊത്തൊരു പുഞ്ചിരിയുമുണ്ട്. ആ പുഞ്ചിരിയായിരുന്നു ട്രേഡ് മാര്‍ക്ക്. ഉമ്പുവിന്റെ ഓരോ വാക്കുകളിലും ഫലിതം പൊട്ടിച്ചിതറും. സന്ദര്‍ഭങ്ങള്‍ക്കൊത്ത് നിമിഷനേരങ്ങള്‍ കൊണ്ട് ഉരുവിടുന്ന ആ തമാശകള്‍ എവിടെ നിന്നാണ് പൊട്ടിവരുന്നതെന്നറിയില്ല. ഒരു തമാശയും ആരെയും വേദനിപ്പിക്കുന്നതായിരുന്നില്ല. ഇളയ സഹോദരന്‍ അസീസും തമാശകള്‍ക്ക് ഒട്ടും പഞ്ഞമുള്ള ആളായിരുന്നില്ല. ചിരിപ്പിച്ച് കൊന്നുകളയും. അസീസ് പൊടുന്നനെ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ഉമ്പുവിലും ഫലിതങ്ങളുടെ കറവ കുറഞ്ഞു.

എന്റെ ഡ്രൈവിംഗ് പഠനത്തിന് ഉമ്പുവിനോട് എനിക്ക് വലിയൊരു കടപ്പാടുണ്ട്. പത്തുമുപ്പത് വര്‍ഷമപ്പുറത്തെ കഥയാണത്. അന്ന് ഉമ്പുവിന് ഒരു ലാംമ്പി സ്‌കൂട്ടറുണ്ടായിരുന്നു. പടിഞ്ഞാര്‍ മൂലയില്‍ല്‍ നിന്ന് അദ്ദേഹം എന്നും ജദീദ്‌റോഡിലെത്തും. ആദ്യം പീടേക്കാരന്‍ അന്തുകാര്‍ച്ചയും പിന്നീട് ഉമ്പു പട്ടേലും ശേഷം പീടേക്കാരന്‍ അക്കൂച്ചയും കച്ചവടം നടത്തിയിരുന്ന ജദീദ്‌റോഡിലെ കടയിലേക്ക് സ്ഥിരം ഒരു വരവുണ്ട്. അക്കാലത്ത് മികച്ചൊരു കാരംസ് കളിക്കാരനുമായിരുന്നു അദ്ദേഹം. ജദീദ്‌റോഡില്‍ വായനശാലക്ക് പുറമെ ക്ലബ്ബുകളും സജീവമായിരുന്ന കാലം. ജദീദ് റോഡിന്റെ 'ഠ' വട്ടത്ത് മജെസ്റ്റിക്കും ചിറ്റ്ചാറ്റുമൊക്കെയായി അഞ്ചിലേറെ ക്ലബ്ബുകള്‍. നേരംപോക്കിന് ക്ലബ്ബുകളില്‍ കാരംസ് ബോര്‍ഡും ഉണ്ടായിരുന്നു. കാരംസ് ബോര്‍ഡില്‍ ഉമ്പുവിന്റെ അസാമാന്യ വിരുത് കണ്ട് ഞങ്ങള്‍ വിസ്മയിച്ച് നിന്നിട്ടുണ്ട്. കാരംസ് അദ്ദേഹത്തിന് അത്രമാത്രം വഴങ്ങിയിരുന്നു. പലപ്പോഴും ഉമ്പുവിന്റെ എതിരാളി അദ്ദേഹത്തിന്റെ ആത്മ സുഹൃത്ത് കൂടിയായ ഇസ്മയിലായിരുന്നു.

ഉമ്പു ജദീദ്‌റോഡില്‍ വന്ന് പടിഞ്ഞാറെ മൂലയിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ കയറിപ്പറ്റും. ആ യാത്രയ്ക്ക് പിന്നില്‍ ഒരു ഗൂഢോദ്ദേശം എനിക്കുണ്ടായിരുന്നു. പടിഞ്ഞാറെമൂലയിലെ വീട്ടില്‍ ഉമ്പുവിന്റെ അനുജന്‍ ഇഖ്ബാല്‍ എന്നെ കാത്തിരിക്കുന്നുണ്ടാവും. ഞാനന്ന് ആ വീട്ടില്‍ തങ്ങും. പിറ്റേന്ന് പുലര്‍ച്ചെ നേരത്തെ എണീറ്റ് ലാംമ്പി സ്‌കൂട്ടറുമെടുത്ത് ഞാനും ഇഖ്ബാലും ഒരു മുങ്ങലുമുങ്ങും. ഓട്ടാനറിയില്ല. പതുക്കെ ഉരുട്ടി റോഡിലെത്തിക്കും. പിന്നെ പതുക്കെ സ്റ്റാര്‍ട്ടാക്കി കയറി ഇരിക്കും. പടച്ചോനില്‍ ജീവനര്‍പ്പിച്ച് ഒരു പോക്കാണ്. പടച്ചവന്‍ സഹായിച്ച് ഒരു അപകടവും പറ്റിയില്ല. ഞങ്ങളങ്ങനെ പതുക്കെ സ്‌കൂട്ടറോടിക്കാന്‍ പഠിച്ചു.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് അഗ്രഗണ്യനായിരുന്നു അദ്ദേഹം. പല വ്യവസായികളും ഈ മേഖലയില്‍ ആശ്രയിച്ചിരുന്നതും ഉമ്പുവിനെ തന്നെയാണ്. കുറച്ചുകാലമായി ഉമ്പു തീരെ സൈലന്റായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് വിദ്യാനഗറിലെ ഉത്തരദേശം ഓഫീസില്‍ എന്നെ കാണാന്‍ അദ്ദേഹം വന്നു. അല്‍പനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. പഴയ ഫലിതങ്ങളൊന്നും പുറത്ത് ചാടാത്തപ്പോള്‍ ഞാന്‍ തിരക്കുകയും ചെയ്തു. ആ കാലമൊക്കെ പോയില്ലേ എന്നായിരുന്നു മറുപടി.

കുറച്ചുകാലമായി കൊല്ലങ്കാനത്തായിരുന്നു ഉമ്പുവും കുടുംബവും താമസം. അനുജന്‍ ഇഖ്ബാലിന്റെ സന്തോഷ് നഗറിലെ വീട്ടിലാണ് മയ്യിത്ത് കൊണ്ടുവന്നത്. അത് എല്ലാവര്‍ക്കും അനുഗ്രഹമായി. മാലിക് ദീനാര്‍ പള്ളി ഖബര്‍സ്ഥാനിലെ ആറടി മണ്ണ് ആ മയ്യിത്ത് ഏറ്റുവാങ്ങുമ്പോള്‍ എന്റെ മനസില്‍ ഉമ്പൂച്ചയെ കുറിച്ചുള്ള ഒരുപാട് ഓര്‍മ്മകള്‍ തിരതല്ലുന്നുണ്ടായിരുന്നു. ഉമ്പൂച്ച എന്ന ആ ആശ്വാസവും പോയി. റമദാനിലെ പവിത്രമായ നാളുകളിലൊന്നിലാണ് അദ്ദേഹം വിട പറഞ്ഞത്. എത്ര വേഗത്തിലായിരുന്നു എല്ലാം. മരണെപ്പട്ട് 5 മണിക്കൂറുകള്‍ കൊണ്ട് മയ്യിത്ത് ഖബറിലെത്തിയിരുന്നു. അല്ലാഹു സ്വര്‍ഗം നല്‍കട്ടെ, ആമീന്‍.

Related Articles
Next Story
Share it