സമീറെ ഇത്ര പെട്ടെന്ന്....?

ഒരു സഹപാഠിയും മറ്റൊരു ക്ലാസ്‌മേറ്റിനെ കുറിച്ച് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത കേട്ടുകൊണ്ടാണ് തിങ്കളാഴ്ച നേരം പുലര്‍ന്നത്. ആദ്യമൊക്കെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി എന്നറിഞ്ഞാല്‍ വീട് സന്ദര്‍ശിക്കുന്നതില്‍ പ്രധാനി ആയിരുന്നു തളങ്കര സ്വദേശിയും വിദ്യാനഗറില്‍ താമസക്കാരനുമായ സമീര്‍. പിന്നീട് അവന്‍ ഓഫര്‍ തരുന്ന മേഖലയില്‍ താല്‍പര്യമില്ല എന്നറിഞ്ഞതിനുശേഷം ആ സന്ദര്‍ശനം പതുക്കെ കുറഞ്ഞു.

പഠനകാലത്ത് സ്‌കൂളിലെ സര്‍വ്വ മേഖലകളിലും ഇടപെടുന്ന പ്രധാന പയ്യന്‍സില്‍ പെട്ട ഒരാളായിരുന്നു സമീര്‍ എന്നതിനാല്‍ സ്‌കൂളിലെ ഏകദേശം ഒട്ടുമിക്ക വിദ്യാര്‍ത്ഥികള്‍ക്കും അവനെ അറിയുമായിരുന്നു. നാട്ടില്‍ ഒരു വര്‍ഗീയ പ്രശ്‌നം ഉടലെടുത്ത സമയത്ത് ചൂരിയില്‍ താമസക്കാരായിരുന്ന സമീര്‍ ആക്രമണത്തിന് ഇരയായി. മാലിക്ദിനാര്‍ ഹോസ്പിറ്റല്‍ അഡ്മിറ്റ് ചെയ്ത സമയത്ത് സ്‌കൂള്‍ കുട്ടികള്‍ ഒന്നിച്ച് പിരിവെടുത്ത് സഹായിക്കാനായി ചെന്നപ്പോള്‍ സ്‌നേഹപുരസരം നിരസിക്കുകയും 'നിങ്ങള്‍ എന്തിനിത് ചെയ്തു..? എനിക്ക് ഇത് ആവശ്യമില്ല..' എന്ന് പറയുകയും ചെയ്ത സമീറിനെ ഞാനിന്നും ഓര്‍ക്കുന്നു, അഭിമാനിയായിരുന്നു അവന്‍...

ഈയിടെയായിരുന്നു അവന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം. സഹപാഠികളെ മുഴുവന്‍ പ്രത്യേകം ഒരു ദിവസം വിളിച്ചു സല്‍ക്കരിച്ചത് മറക്കാനാവാത്ത ഓര്‍മ്മകളായി നിലനില്‍ക്കും. ഞങ്ങളുടെ ബാച്ചില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പാസായ പോളി ടീച്ചറിന്റെ ആ കുട്ടികളില്‍ സമീര്‍ ഉണ്ടായിരുന്നു അഭിമാനത്തോടെ.

കഴിഞ്ഞവര്‍ഷം ടൗണ്‍ ഹാളില്‍ വെച്ച് ഓര്‍മ്മച്ചെപ്പ് എന്ന പേരില്‍ നടന്ന ബാച്ച് ഗെറ്റ്ടുഗതറിലെ സമീറിന്റെ സജീവ സാന്നിധ്യം കാലങ്ങളോളം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. ഇന്നുള്ളത് പോലുള്ള കോലാഹലങ്ങള്‍ ഒന്നുമില്ലെങ്കിലും സ്‌കൂള്‍ സെന്റ്ഓഫ് ദിവസം സമീര്‍ ഞങ്ങളെയൊക്കെ കൂട്ടി ബദര്‍ ഹോട്ടലില്‍ പോയി പൊറോട്ടയും ബീഫും വാങ്ങി തന്നതിന് ശേഷം നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയില്‍ എന്നും ഈ പാവം ഞാന്‍ ഉണ്ടാകണമെന്ന് ഓര്‍മിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. തീര്‍ച്ചയായും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നീ ഉണ്ടാകും സമീറെ.

ഒരു കാലിന് സ്വാധീനക്കുറവുമായി ജന്മം കൊണ്ട്, ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടമായി, പരീക്ഷണങ്ങള്‍ ഒരു പാട് ഏറ്റുവാങ്ങി ജീവിച്ച സമീറിന് ജീവിച്ച് കൊതി തീരും മുമ്പേ റബ്ബിലേക്ക് മടങ്ങിപ്പോകേണ്ടി വരികയും ചെയ്തു. ഇരുലോക നാഥനായ റബ്ബ് സമീറിന് പാരത്രിക ലോക വിജയം നല്‍കി അനുഗ്രഹിക്കട്ടെ. കുടുംബത്തിന് സമാധാനം നല്‍കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. (ആമീന്‍).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it