എന്‍.എം ഖറമുല്ല ഹാജി; സേവനം ജീവിതമുദ്രയാക്കിയ കര്‍മയോഗി

കാസര്‍കോട്: കാസര്‍കോടിന്റെ വിദ്യാഭ്യാസ-മത രംഗങ്ങളില്‍ ഒരു വെളിച്ചമായി നിറഞ്ഞുനിന്ന ആ പ്രകാശവും അണഞ്ഞു. എന്‍.എം ഖറമുല്ല ഹാജിയെ അറിയാത്തവര്‍ വിരളമാണ്. 1930ല്‍ തളങ്കര നെച്ചിപ്പടുപ്പ് സ്വദേശി മമ്മുഞ്ഞി മൗലവി കാസര്‍കോട് എം.എ റോഡില്‍ ട്രാഫിക് ജംഗ്ഷന് അടുത്ത് തുടക്കം കുറിച്ച മൗലവി ബുക്ക് ഡിപ്പോ പിന്നീട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തേക്ക് വളര്‍ന്നപ്പോള്‍ അവിടെ ഖറമുല്ല ഹാജിയുണ്ട്. ഹോട്ടല്‍ ബദരിയ പോലെ കാസര്‍കോടിന്റെ അടയാളമായി മാറിയ മൗലവി ബുക്ക് ഡിപ്പോയില്‍ ഏതാനും വര്‍ഷം മുമ്പ് വരെ ഖറമുല്ല ഹാജി സജീവമായിരുന്നു. മത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് വേണ്ടി ഖറമുല്ല ഹാജി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. കാസര്‍കോട്ട് മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നുവരുന്നതിലും ഈ സ്ഥാപനത്തിന് വലിയ പങ്കുണ്ട്. കാസര്‍കോട്ട് എത്തുന്നവര്‍ക്കൊക്കെ ഖറമുല്ല ഹാജി സുപരിചിതനായിരുന്നു. ആദ്യകാലങ്ങളില്‍ മുംബൈയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. മൗലവി ബുക്ക് ഡിപ്പോക്കൊപ്പം മൗലവി ട്രാവല്‍സിനും തുടക്കം കുറിച്ചപ്പോള്‍ മുംബൈയില്‍ അതിന്റെ ചുമതല ഖറമുല്ല ഹാജിക്കായിരുന്നു. ഒരു തനിക്കും കുടുംബത്തിന്റെ ക്ഷേമത്തിനും വേണ്ടി മാത്രം ജീവിക്കുകയല്ല മനുഷ്യദൗത്യം എന്ന് അദ്ദേഹം നന്നേ ചെറുപ്പത്തിലെ തിരിച്ചറിഞ്ഞിരുന്നു. മുംബൈ അദ്ദേഹം തന്റെ സേവനതട്ടകമാക്കി. മുംബൈയിലെത്തുന്ന മലയാളികള്‍ക്കെല്ലാം അദ്ദേഹം അഭയമായി. അവിടെ വിവിധ ജമാഅത്തുകള്‍ സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ഖറമുല്ല ഹാജി മുംബൈയില്‍ ഉണ്ടായിരുന്ന കാലം മലയാളികള്‍ക്കെല്ലാം സന്തോഷം നിറഞ്ഞ കാലഘട്ടമായിരുന്നു. മുംബൈയിലെ കാസര്‍കോടന്‍ കൂട്ടായ്മ ഇന്നലെ നവി മുംബൈയിലെ നെറൂല്‍ ജിംഖാനയില്‍ ഒരു കൂറ്റന്‍ സംഗമം സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങ് ആരംഭിച്ച് അല്‍പം കഴിഞ്ഞപ്പോഴാണ് എല്ലാവരെയും ഒരുപോലെ സങ്കപ്പെടുത്തി ഒരു കാലത്ത് മുംബൈയിലെ കാസര്‍കോട്ടുകാര്‍ക്ക് അഭയവും ആശ്രയവുമായിരുന്ന ഖറമുല്ല ഹാജിയുടെ വേര്‍പാട് വാര്‍ത്ത എത്തുന്നത്.

ഹജ്ജാജിമാര്‍ക്ക് വേണ്ടിയുള്ള സേവനങ്ങള്‍ക്കാണ് ഖറമുല്ല ഹാജി തന്റെ സമയമൊക്കെയും ചെലവഴിച്ചത്. ഹജ്ജ് ക്യാമ്പുകളില്‍ ഖിദ്മത്ത് ചെയ്യുന്ന എളിയ സേവകനായി അദ്ദേഹം ചെറുപ്പകാലം മുതലേ ഉണ്ടായിരുന്നു. ഹജ്ജിനുള്ള സമയം അടുക്കുമ്പോഴേക്കും ഖറമുല്ല ഹാജി സജീവമായി ഉണരും. ആദ്യകാലങ്ങളില്‍ മുംബൈയിലെ മുസാഫര്‍ ഖാനയിലും മദ്രാസിലും ഹജ്ജ് ക്യാമ്പുകളില്‍ അദ്ദേഹം അല്ലാഹുവിന്റെ അതിഥികളെ വിശുദ്ധ മക്കയിലേക്ക് എല്ലാ ഒരുക്കങ്ങളും നല്‍കി സ്‌നേഹപൂര്‍വ്വം യാത്രയാക്കാന്‍ മുന്‍പന്തിയില്‍ നിന്നു. അക്കാലത്ത് മുംബൈ വഴിയും മദ്രാസ് വഴിയുമാണ് ഹജ്ജാജിമാര്‍ യാത്ര പുറപ്പെട്ടിരുന്നത്. ഹാജിമാര്‍ക്ക് വേണ്ടിയുള്ള സേവനം ഏറ്റവും ഉത്തമമായ ദൗത്യമായി അദ്ദേഹം കണ്ടു. പില്‍ക്കാലത്ത് കോഴിക്കോട്ടും കൊച്ചിയിലും ഹജ്ജ് ക്യാമ്പുകള്‍ തുറന്നപ്പോള്‍ അവിടെയും സേവനതല്‍പരതയോടെ ഖറമുല്ല ഹാജി ആഴ്ചകളോളം ചെലവഴിച്ചു. പ്രധാനമായും ക്യാന്റീനിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്.

കാസര്‍കോട് നഗരത്തിന്റെ ഓരോ വളര്‍ച്ചയിലും ഖറമുല്ല ഹാജി അടക്കമുള്ളവരുടെ സംഭാവനകളുണ്ട്. നഗരത്തിന്റെ നെറ്റിപ്പട്ടം പോലെ പഴയ ബസ്സ്റ്റാന്റിന് തൊട്ടരികില്‍ (സുല്‍സണ്‍ ടെക്‌സ്റ്റൈല്‍സിന് സമീപം) പ്രവര്‍ത്തിച്ചിരുന്ന മൗലവി ബുക്ക് ഡിപ്പോയില്‍ ഇരുന്ന് അദ്ദേഹം നഗരത്തിന്റെ ഓരോ വളര്‍ച്ചയും കണ്‍കുളിര്‍ക്കെ കണ്ടു. മത രംഗങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സേവനം ഏറെയും. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെയും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെയും ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം തളങ്കരയാകെ പരന്നിരുന്നു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സ്ഥാപിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരില്‍ ഒരാള്‍ ഖറമുല്ല ഹാജിയായിരുന്നു. അനാഥ അഗതി മന്ദിരത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന, ഏഴുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തെ വളര്‍ത്തുന്നതിലും ഇന്നത്തെ നിലയില്‍ എത്തിക്കുന്നതിലും ഖറമുല്ല ഹാജി വഹിച്ച പങ്ക് വലുതാണ്. അദ്ദേഹം തന്റെ സേവനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമായി കണ്ടതും ദഖീറത്തിനെയാണ്. അടുത്തകാലം വരെ ദഖീറത്ത് കമ്മിറ്റിയില്‍ സജീവവുമായിരുന്നു.

കാസര്‍കോട് നഗരത്തിലെ പ്രധാനപ്പെട്ട മുസ്ലിം പള്ളികളില്‍ ഒന്നായ ടൗണ്‍ മുബാറക് മസ്ജിദിന്റെയും ടൗണ്‍ ഹസനത്തുല്‍ ജാരിയ മസ്ജിദിന്റെയും (കണ്ണാടിപ്പള്ളി) നവീകരണ പ്രവര്‍ത്തനങ്ങളില്‍ നെടുംതൂണായി ഖറമുല്ല ഹാജിയുണ്ടായിരുന്നു. ചെറിയൊരു പള്ളിയായിരുന്ന മുബാറക് മസ്ജിദിനെ നഗരത്തിന്റെ വികസനത്തിനനുസരിച്ച് ആയിരങ്ങള്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥന നടത്താനുള്ള തരത്തിലേക്ക് വലിയ തോതില്‍ പുനര്‍ നിര്‍മ്മിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഖറമുല്ല ഹാജി സമാനതകളില്ലാത്ത പങ്കുവഹിച്ചു. മരിക്കുമ്പോഴും അദ്ദേഹം മുബാറക് മസ്ജിദ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. പുതിയ ബസ്സ്റ്റാന്റിലെ അന്‍സാര്‍ മസ്ജിദിന്റെ പ്രവര്‍ത്തനങ്ങളിലും ഖറമുല്ല ഹാജിയുടെ ശ്രദ്ധയും സേവനവും ഉപദേശങ്ങളും ഉണ്ടായിരുന്നു.

തബ്‌ലീഗ് പ്രസ്ഥാനത്തെ ഏറെ സ്‌നേഹിച്ച അദ്ദേഹം കാസര്‍കോട്ട് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച ഒരാളാണ്. തബ്‌ലീഗ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോഴൊക്കെ അതിന്റെ സംഘാടകരില്‍ ഏറ്റവും മുന്നില്‍ ഖറമുല്ല ഹാജി തന്നെ വേണമെന്നത് തബ്‌ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ബന്ധമായിരുന്നു. തബ്‌ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം പ്രസ്ഥാനത്തിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്.

Related Articles
Next Story
Share it