വിട പറഞ്ഞത് ആത്മാര്‍ത്ഥത കൈമുതലാക്കിയ നര്‍മ്മ പ്രിയന്‍

കാസര്‍കോട് നഗരത്തില്‍ എല്ലാവര്‍ക്കും സുപരിചിതനായ സണ്ണിയേട്ടന്‍ വിട പറഞ്ഞത് അദ്ദേഹത്തെ ഏറെ സ്‌നേഹിക്കുന്നവരില്‍ നോവായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുക്കിയില്‍ നിന്ന് കാസര്‍കോട് എന്ന ചെറുപട്ടണത്തില്‍ എത്തിയ സണ്ണിയേട്ടന്‍ ഇവിടത്തെ ചെറിയവനും വലിയവനുമായി പെട്ടന്ന് തന്നെ ഇടപഴകി അടുത്തു നാട്ടുകാരനായി. കാണുന്നവരോടെല്ലാം വിശേഷങ്ങള്‍ തിരക്കിയിരുന്ന അദ്ദേഹം ആലിയ കോംപ്ലക്‌സിലെ ഹോട്ടലില്‍ സപ്ലെയറുടെ വേഷമിട്ടായിരുന്നു ജോലിക്ക് തുടക്കമിട്ടത്. ചെയ്യുന്ന ജോലിയില്‍ നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു. ഇവിടെ നിന്നും തുടങ്ങിയ ആത്മാര്‍ത്ഥത സണ്ണിയേട്ടന് നഗരത്തിലെ ചെറിയൊരു വ്യാപാരിയാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഞാനുമായി അടുക്കുന്നത് 1992 മുതലായിരുന്നു.

1992 കാലഘട്ടത്തിലായിരുന്നു എന്റെ പ്രിയ സുഹൃത്ത് കോഴിക്കോട്ടെ ഫൈസലിന്റെ ജ്യേഷ്ഠന്‍ ബാവക്ക നടത്തിയിരുന്ന ആലിയ ഹോട്ടലില്‍ ഞാന്‍ ക്യാഷറായി ഏതാനും മാസം ജോലിക്ക് കയറുന്നത്. അന്ന് സണ്ണിയേട്ടന്‍ ഹോട്ടലില്‍ സപ്ലെയറായിരുന്നു.

ആലിയഹോട്ടലില്‍ ചായ കുടിക്കാന്‍ വന്നവരെ പൊറോട്ട വാങ്ങിപ്പിച്ച് കഴിപ്പിക്കുന്ന സണ്ണി എന്ന സപ്ലെയറുടെ കഴിവ് അദ്ദേഹത്തിന് മാത്രം കഴിയുന്നതായിരുന്നു. ഒരു ചായ കുടിക്കാന്‍ ആലിയ ഹോട്ടലില്‍ എത്തുന്നവരെ പൊറോട്ടയും ചപ്പാത്തിയും രസകരമായ ശൈലിയോടെ പറഞ്ഞ് തീറ്റിപ്പിക്കുക എന്നത് സണ്ണിയേട്ടന് മാത്രം കഴിയുന്ന മാന്ത്രികസ്പര്‍ശമായിരുന്നു. ചായ കുടിക്കാന്‍ വന്നവരെ അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ ചാലിച്ചുള്ള... സാര്‍... 'കടിക്കാന്‍ പൊറോട്ടയോ ചപ്പാത്തിയോ ചിക്കനോ എടുക്കട്ടെ'. എന്ന ചോദ്യം രസകരമായിരുന്നു. ഈ ചോദ്യത്തിന് മുന്നില്‍ ചായ കുടിക്കാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും എന്തെങ്കിലും കഴിച്ചാണ് പോകാറുള്ളത്. ഇതില്‍ സണ്ണിയേട്ടന് ചില്ലറ ടിപ്‌സ് കിട്ടുമ്പോള്‍ ഹോട്ടല്‍ ഉടമയ്ക്ക് നോട്ടുകള്‍ എത്തും. അങ്ങനെ നല്ലൊരു രസികനായിരുന്നു സണ്ണിയേട്ടന്‍. കഠിനാധ്വാനത്തിന്റെ ഫലമായി ഇവിടെ സ്ഥലം വാങ്ങുകയും വീട് വെക്കുകയും പെണ്‍മക്കളെ നല്ല നിലയില്‍ പഠിപ്പിച്ച് കെട്ടിച്ചയക്കുകയും ചെയ്ത സണ്ണിയേട്ടന്റെ മിടുക്ക് കാരണം ആലിയ കോംപ്ലക്‌സില്‍ തന്നെ പയ്യന്നൂര്‍ ഖാദിയുടെ ഫ്രാഞ്ചസിയും എടുത്ത് നടത്തിയിരുന്നു. രാഷ്ട്രീയത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ സണ്ണിയേട്ടന്‍ കേരള കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളില്‍ ഒരാളായിരുന്നു. പലപ്പോഴും പാര്‍ട്ടിയുടെ വാര്‍ത്തകള്‍ എനിക്ക് കൈമാറുകയും അത് പത്രത്തില്‍ വന്നാല്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. അന്ന് ജീവിതത്തിലെ പ്രതിസന്ധികളില്‍ ഞാന്‍ തളര്‍ന്നപ്പോഴെല്ലാം സണ്ണിയേട്ടന്റെ ആശ്വാസവാക്കുകള്‍ പലപ്പോഴും ധൈര്യം പകര്‍ന്നിരുന്നു. ഏതാനും വര്‍ഷം മുമ്പ് എല്ലാത്തിനും കൈതാങ്ങായിരുന്ന ഭാര്യ ഷേര്‍ലി മരണപ്പെട്ടതോടെ ഏറെ വിഷമിക്കുകയും പ്രയാസപ്പെടുകയും ചെയ്തു. തന്റെ ജോലിയില്‍ നൂറു ശതമാനം ആത്മാര്‍ഥത കാണിച്ച സണ്ണിയേട്ടന്റെ മരണത്തില്‍ കണ്ണീര്‍ പൂക്കള്‍...

Related Articles
Next Story
Share it