കളിയും എഴുത്തും ഒരുപോലെ കൊണ്ടുനടന്ന എം.എ. ദാമോദരന്‍ മാസ്റ്റര്‍

അന്നൂര്‍ ആലിന്‍കീഴില്‍ -ഇ.കെ. പൊതുവാളുടെ വീടായ ശ്രീശൈലം-അവിടെ 9.3.25ന് ഞായറാഴ്ച വൈകിട്ട് മഹാത്മജി കുടുംബ സംഗമം നടക്കുകയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കോണ്‍ഗ്രസിന്റെ യോഗം. ആ യോഗത്തില്‍ വി.എം. ദാമോദരന്‍ മാഷുണ്ടായിരുന്നു. അദ്ദേഹം ഒടുവിലായി പങ്കെടുത്ത പൊതു പരിപാടി എന്ന് തന്നെപറയാം.
ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഒരേ സമയം ഏറ്റെടുക്കും. ചിലപ്പോഴൊക്കെ കടുത്ത രീതിയില്‍ അദ്ദേഹം പറയും. അത്തരം ഒരു രീതി വളരെ അടുത്തുള്ളവര്‍ക്കറിയാം. ഒരുപാട് അവാര്‍ഡുകളും ആദരങ്ങളുമെല്ലാം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് എന്ന നിലയിലും ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷം വി.എം ദാമോദരന്‍ കണ്ണൂര്‍ ജില്ലാ കലക്ടറില്‍നിന്നും ഏറ്റുവാങ്ങുകയുണ്ടായി. ഗ്രന്ഥശാലാ പ്രവര്‍ത്തകനെന്നനിലയിലുള്ള ആദരം തീര്‍ച്ചയായും അദ്ദേഹം അര്‍ഹിക്കുന്നതാണ്. എല്ലാവരോടും സംവദിച്ചും സംസാരിച്ചും ഒരു ദിവസത്തിന്റെ വലിയ സമയവും ചെലവഴിക്കുന്ന ദാമോദരന്‍ മാഷ്, നല്ലൊരുവായനക്കാരനും കൂടിയാണ്. വെറുതെ വായിച്ചുപോകലല്ല. പ്രധാന സംഭവങ്ങള്‍, ലേഖനങ്ങള്‍, ചില അനുസ്മരണങ്ങള്‍ ഇവയൊക്കെയും അദ്ദേഹം സൂക്ഷിക്കും. അമ്പത് വര്‍ഷം മുമ്പുള്ള സ്‌പോര്‍ട്‌സ് ആന്റ് പാസ്റ്റ് ടൈം മാഗസിന്‍ ബൈന്‍ഡ് ചെയ്ത് അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. സ്വന്തം കുടുംബക്കാര്‍ക്ക് പോലുംനഷ്ടമായ ഫോട്ടോകളും ഓര്‍മ്മക്കുറിപ്പുകളും ദാമോദരന്‍ മാഷിന്റെ ശേഖരത്തിലുണ്ടാവും. ശരിക്കും പറഞ്ഞാല്‍ ദാമോദരന്‍ മാഷ് ആര്‍ക്കും എപ്പോഴും തുറന്നു നോക്കാവുന്ന സഞ്ചരിക്കുന്ന പുസ്തമാണ്.
1948ല്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം അന്നൂര് ആലിന്‍കീഴിലായിരുന്നു. അന്ന് 6 വയസ്സുള്ള കുട്ടി വൈകിട്ട് പ്രാര്‍ത്ഥനാ യോഗത്തിലേക്ക് സഹപാഠികളോടൊപ്പം പോകും. ടി.കെ. ചിണ്ടന്‍ മാസ്റ്റര്‍ ബാല വിഭാഗം ചുമതലക്കാരനായിരുന്നു. കെ.കെ.പി. മാഷ് തന്റെ തടിച്ച ശബ്ദത്തില്‍ ഈണത്തില്‍ എന്റെ ഗുരുനാഥന്‍ പാടും. കുട്ടികള്‍ അതേറ്റുപാടും. വര്‍ഷങ്ങളോളം അന്നൂരിലെ കുട്ടികള്‍ വളര്‍ന്നത്‌കെ.കെ.പി. മാഷിന്റെ നീട്ടിവലിച്ചുള്ള ഈണത്തിലുള്ള എന്റെ ഗുരുനാഥന്‍ കേട്ടുകൊണ്ടായിരുന്നു. വി.എം. ദാമോദരന്‍ അക്കാര്യം തന്റെ പ്രസംഗങ്ങളിലെല്ലാം എടുത്ത് പറയാറുണ്ട്. കോറോം സ്വാതന്ത്ര്യഭവന്‍ വായനശാലയുടെ സെക്രട്ടറി വി.എം. ദാമോദരന്റെ പിതാവായ കോറോത്തെ വണ്ണാടില്‍ നാരായണ പൊതുവാളും പ്രസിഡണ്ട് കൊടക്കല്‍ കുഞ്ഞിക്കണ്ണനുമായിരുന്നു. ആ വായനശാലയാണ് പീന്നീട് കോറോം രക്തസാക്ഷി വായനശാലയായി മാറിയത്. വായനശാലയുംവായനയും പുസ്തകത്താളുകളും മാതമല്ല കളിക്കളങ്ങളെ അറിയാനും സംരക്ഷിക്കാനും ദാമോദരന്‍ ജാഗ്രത കാണിക്കാറുണ്ട്.
പയ്യന്നൂരിന്റെ കായിക ചരിത്രത്തെ വി.എം. ദാമോദരന്‍ അടയാളപ്പെടുത്തിയത് പയ്യന്നൂരിലെ ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 80-ാം വാര്‍ഷികവേളയില്‍ പ്രസിദ്ധീകരിച്ച ഗോള്‍ എന്ന സുവനീറിലാണ്.1917ല്‍ രൂപീകൃതമായ പയ്യന്നൂര്‍ ബോര്‍ഡ് ഹൈസ്‌കൂളില്‍ നിന്നാണ് ആ ചരിത്രം ആരംഭിച്ചത്. 1921ല്‍ ഈ വിദ്യാലയത്തിലെ കായികാധ്യാപകനായി മുഴുപ്പലങ്ങാട്ട് നിന്നുമെത്തിയ പി.ഒ.ജി മാസ്റ്ററില്‍ നിന്നാണ് പുതിയൊരു കായിക സംസ്‌കാരത്തിന് പയ്യന്നൂരില്‍ തുടക്കമായത്. ഫുട്ബാള്‍, വോളിബോള്‍, ഹോക്കി തുടങ്ങിയ കളികളെ പയ്യന്നൂരിന് പരിചയപ്പെടുത്തിയത് 1924ല്‍ കണ്ണൂരിലെ സി.കെ. ലക്ഷ്മണന്‍ ഉള്‍പ്പെട്ട ടീം പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്തതുള്‍പ്പടെ പഴയകാലത്തെ കളികളെ കുറിച്ചുള്‍പ്പടെ സമഗ്രമായ ഒരവലോകനം അദ്ദേഹം അതില്‍ നടത്തിയിട്ടുണ്ട്. തീര്‍ച്ചയായും വരും കാലത്തിന് പയ്യന്നൂരിന്റെ കായിക പാരമ്പര്യത്തെയും ആ കാലത്തെയും പരിചയപ്പെടാനാവും. ആ പുസ്തകം തയ്യാറാക്കാനും എഡിറ്റിംഗിനും പരിശോധനകള്‍ക്കും എനിക്കും അവസരം ലഭിച്ചു. 1938ല്‍ പി.ഒ.ജി. മാഷിന്റെ കാര്‍മ്മികത്വത്തില്‍ പിറവികൊണ്ട പയ്യന്നൂര്‍ ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്. സ്വാതന്ത്ര്യ സമരകാലത്തെ ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥാപിച്ച ക്ലബ്ബിന്റെ നാള്‍വഴികള്‍ പയ്യന്നൂരിലെ കായിക ചരിത്രമാവുകയായിരുന്നു. വി.എം. ദാമോദരന്‍ കഴിഞ്ഞ 40 വര്‍ഷക്കാലമായി ക്ലബ്ബിന്റെ ഭാരവാഹിയാണ്. ഇപ്പോഴദ്ദേഹം ക്ലബ്ബിന്റെ പ്രസിഡണ്ടാണ്. ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പയ്യന്നൂരില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി വിലകൊടുത്ത് വാങ്ങിയ ഭൂമി, പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ നാല്‍പത് സെന്റ് സ്ഥലം മുന്‍സിപ്പാലിറ്റിയുടെ അപേക്ഷമാനിച്ച് വിട്ടുകൊടുക്കുകയുണ്ടായി.
കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് നഗരത്തിന്റെ കണ്ണായ സ്ഥലത്തുനിന്നും വിട്ടു നല്‍കിയത്. വി.എം. ദാമോദരന്‍ പ്രസിഡണ്ടായ കമ്മിറ്റിയുടെ തീരുമാനത്തെ മുന്‍സിപ്പല്‍ കമ്മിറ്റി പലയോഗങ്ങളിലും പ്രശംസിച്ചു. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും അധ്യാപകനുമായിരുന്ന ടി.എം.കെ. വിഷ്ണു നമ്പീശന്‍ സ്മാരക അവാര്‍ഡ് പൊതുപ്രവര്‍ത്തകരായ അധ്യാപകര്‍ക്കുള്ളതാണ്. അവാര്‍ഡ് 2020ല്‍ ലഭിച്ചത് വി.എം. ദാമോദരന്‍ മാഷിനായിരുന്നു.പയ്യന്നൂരിന്റെ കായിക പ്രേമികളെ പ്രത്യേകിച്ചും വോളിബാള്‍ കളിയുടെ ആരാധകര്‍ ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന ഓര്‍മ്മകളാണ് 76-77ല്‍ പയ്യന്നൂരില്‍ വെച്ച് നടത്തിയ അഖിലേന്ത്യാ പി.ഒ.ജി. സ്മാരക വോളിബാള്‍ ടൂര്‍ണ്ണമെന്റ്. പരേതനായ പ്രൊഫ. എം.വി. ഭരതന്‍ മാസ്റ്ററോടൊപ്പം ചേര്‍ന്ന് ആ പരിപാടി വിജയത്തിലെത്തിക്കുന്നതില്‍ ദാമോദരനും വലിയ ചുമതലകള്‍ വഹിച്ചു. 86ല്‍ പയ്യന്നൂരില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ഷിപ്പ്, 97ല്‍ നടന്ന കൊ-ഖോ ടൂര്‍ണ്ണമെന്റ് ഇവയുടെയും മുഖ്യ സംഘാടകരിലൊരാളായിരുന്നു. പയ്യന്നൂരിലെ കളിക്കളങ്ങളെ സംരക്ഷിക്കാനും നിലനിര്‍ത്താനും അന്യാധീനപ്പെട്ടുപോകാതിരിക്കാനും കാവല്‍ക്കാരനെപ്പോലെ വര്‍ത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പയ്യന്നൂര്‍ ഗവ. ഹൈസ്‌കൂളിലും തുടര്‍ന്ന് ദേവഗിരി കോളേജിലും കോഴിക്കോട് നിന്നും ഫിസിക്കല്‍ എജുക്കേഷന്‍ ട്രെയിനിംഗ് പാസ്സായി. പിന്നീട് രാജസ്ഥാനിലെ ജയ്പൂര്‍ എന്‍.ഡി.എസ്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കായിക വിദ്യാഭ്യാസത്തിലും യൂത്ത് സര്‍വ്വീസിലും ഡിപ്ലോമ നേടി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഡിസിപ്ലിന്‍ സ്‌കീമില്‍ സെലക്ഷന്‍ കിട്ടി. എന്‍.ഡി.എസ്. അധ്യാപകനായി കവിയൂര്‍ എന്‍.എസ്.എസ്. സ്‌കൂളില്‍ ചേര്‍ന്നു. മാടായി, പയ്യന്നൂര്‍ അടക്കമുള്ള വിവിധ സ്‌കൂളുകളില്‍ ജോലി ചെയ്തു. കേരള യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍, എ.ഇ.ഒ. ഓഫീസ് പയ്യന്നൂര്‍ എന്നിവിടങ്ങളിലും കാസര്‍േേകാട്ടും ജോലി ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഗുഡ് സര്‍വ്വീസ് എന്‍ട്രി നേടിയാണ് വിരമിച്ചത്. ചെറുപ്പം മുതലെ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ബാലവിഭാഗത്തിലും യുവ വിഭാഗത്തിലും പിന്നീട് ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷമായി ഗ്രന്ഥാലയം പ്രസിഡണ്ടാണ്. എല്ലാ വിഷയങ്ങളെ കുറിച്ചും അറിയാനും പഠിക്കാനും ഇപ്പോഴും ശ്രമിക്കാറുണ്ട്. വിവിധ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിത്വവും അദ്ദേഹത്തിനുണ്ട്. അന്നൂര്‍ ഗ്രാമക്ഷേമ സമിതി പ്രസിഡണ്ടാണ്. ദീര്‍ഘകാലമായിവര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കബഡിയെ പ്രതിനിധീകരിച്ച് അംഗമായും പ്രവര്‍ത്തിച്ചുവരുന്നു. 1987ല്‍ കണ്ണൂരില്‍ നടന്ന ദേശീയ ഗെയിംസിന്റെ ജോ. കണ്‍വീനറായിരുന്നു.
നഷ്ടമായികൊണ്ടിരിക്കുന്ന കളികളെകുറിച്ചുംആ മനസ്സില്‍ ഓര്‍മ്മകളേറെയുണ്ട്. ഫുട്‌ബോളായാലും വോളിബോളായാലും കബഡിയായാലും കളിക്കളങ്ങളില്‍ ഓരോകളികളുടെയും പ്രവചനാതീതമായ ഒരന്ത്യമുണ്ട്. അതാണ് ആകളിയുടെ സൗന്ദര്യവും ആകര്‍ഷണീയതയും. അത് കലര്‍പ്പില്ലാത്തതുമാണ്. കളിക്കളങ്ങളിലെ ആരവങ്ങളില്‍ ആവേശം കൊള്ളുമ്പോഴും വായിക്കുകയും വായനശാലകളെ അറിയുകയും ചെയ്തു.
നിറഞ്ഞു കവിയുന്ന കളിമൈതാനങ്ങള്‍ ആ പ്രവര്‍ത്തനങ്ങളെ ആവേശഭരിതമാക്കി. വായനയും കളിയും എഴുത്തും ഒരു പോലെ കൊണ്ടുനടക്കുന്നവരുണ്ടാവുമോ. ദാമോദരന്‍ മാഷ്പറയും... ഒരു പേരല്ല ഒരുപാട് പേരുകളുണ്ട്... ആദരാഞ്ജലികള്‍...