കറമുല്ലാ ഹാജി നേരിന്റെ വഴിയിലൂടെ നടന്ന എളിമയുടെ ആള്‍രൂപം

കറമുല്ലാ (മൗലവി) ഹാജി സാഹബിനെ കോളേജ് കാലം മുതല്‍ക്ക് തന്നെ പരിചയമുണ്ട്. ആ അടുപ്പം ഒരുപക്ഷെ അക്ഷരങ്ങളെ കൊണ്ട് നടക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യമാവാം. സ്‌നേഹമാവാം. അപ്പോഴൊന്നും, പിന്നീടെപ്പോഴെങ്കിലും മൗലവി ട്രാവലില്‍ ഒരു സ്റ്റാഫ് ആയി വരുമെന്നും കറമുച്ചയുമായി ഒരുപാട് അടുത്ത് ഇടപെടേണ്ടിവരുമെന്നും കരുതിയതേയല്ല. യാദൃച്ഛികമാണല്ലോ ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളും. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളായ പീയെം അബ്ദുല്‍ ഖാദറും ബഷീര്‍ എന്ന എന്റെ ഒരു പഴയ സുഹൃത്തും ഒരു ദിവസം ഞാന്‍ താമസിക്കുന്ന ഖാര്‍ റോഡിലെ ഫ്ളാറ്റില്‍ എത്തുന്നു. മുറിയിലെത്തിയ ഉടനെ എന്നെ കൈയോടെ പിടിച്ചുകൊണ്ട് പോകാനാണ് വന്നതെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. ഞാനപ്പോള്‍ ദമ്മാമി-(സൗദി)-ലെ ഒരു കമ്പനിയില്‍ നിന്ന് ടെര്‍മിനേഷന്‍ വാങ്ങി മറ്റൊന്നിലേക്ക് ചേക്കേറാന്‍ വേണ്ടി മുംബൈയില്‍ എത്തിയതായിരുന്നു. അത് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ഓക്കെ. ശരിയായി വരുമ്പോള്‍ കയറിക്കോ. അവിടുന്നും പോകാലോ ഇപ്പൊ വന്നേ തീരൂ എന്ന്. പിറ്റേന്ന് രാവിലെ തന്നെ എത്തിക്കോളാമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുത്തു പിരിഞ്ഞു. കാരണം ആ സൗഹൃദം അങ്ങനെയായിരുന്നു. അന്നത്തെ ആ പിറ്റേന്ന് തുടങ്ങി ഞാന്‍ മൗലവി ട്രാവല്‍ മുംബൈ സ്റ്റാഫ് ആകുന്നു. മാനേജര്‍. കാലം 1983 ആണെന്ന് തോന്നുന്നു.

70കളുടെ ഒടുവില്‍ നാടുവിട്ട ശേഷം കാസര്‍കോട്ടുകാരുമായി എന്റെ ബന്ധം ഏറെക്കുറെ അറ്റുപോയ പോലെ ആയിരുന്നു. മുംബൈയില്‍ ഞങ്ങളുടെ, എന്റെയും സഹോദരന്റെയും സങ്കേതം മലയാളികളുമായി ബന്ധം തുലോം പരിമിതമായ ബാന്ദ്ര (ഉത്തര പശ്ചിമ മുംബൈ) ചുറ്റിപ്പറ്റി ആയിരുന്നു. മൗലവിയില്‍, ഡോണ്‍ഗ്രിയില്‍ എത്തിയ ശേഷം എനിക്ക് പിന്നെ കാസര്‍കോട്ടുകാരുമായി, പ്രത്യേകിച്ചും തളങ്കരക്കാരുമായും നിരന്തരം ബന്ധപ്പെടാനായി. കറമുച്ച അല്ലെങ്കില്‍ സുലൈമാന്‍, ആരെങ്കിലും ഒരാള്‍ മുംബൈയില്‍ ഞങ്ങളോടൊപ്പം ഉണ്ടാവും. ഞാനവിടെ എത്തിയ ശേഷം അവരാരും ഇല്ലാത്ത നീണ്ട ഇടവേളകളും കടന്നുപോയിട്ടുണ്ട്. ഗള്‍ഫിലേക്ക് ചേക്കേറാന്‍ വരുന്ന യാത്രക്കാര്‍, പ്രത്യേകിച്ചും കാസര്‍കോട്ടുകാര്‍, ഈ ഓഫീസിലൊന്ന് തല കാണിക്കണം എന്ന സ്ഥിതി ആയിരുന്നു, ആ കാലത്ത്. കാസര്‍കോട്ട് ഓഫീസില്‍ ഏല്‍പ്പിച്ച ഉീര െ കൈപ്പറ്റി എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ വേണ്ടി ചിലര്‍. മറ്റു ചിലര്‍ കാസര്‍കോട്ട് ഓഫീസില്‍ ഏല്‍പ്പിച്ചതിന്റെ നടപടികള്‍ക്ക് വേണ്ടി അവിടെ ഒരാഴ്ചയോ മറ്റോ താങ്ങും. ഉീര െനേരിട്ട് കൊണ്ട് വന്ന് അവിടുന്ന് തന്നെ നടപടികള്‍ തീര്‍ത്ത് പോകുന്നവരും ഉണ്ട്. സമയം ഒഴുകി പോവുകയായിരുന്നു. രണ്ടു, രണ്ടര വര്‍ഷം അറിയാതെ പോലെ, വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു പോകുന്ന മണല്‍ തരികള്‍ പോലെ മഹാനഗരം, മഹാസമുദ്രം പോലെ ഇടക്കൊക്കെ സംഘര്‍ഷ ഭരിതമാകുമെങ്കിലും മറ്റു വേളകളില്‍ സാധാരണ പോലെ കടന്നുപോയിരുന്നു ആ നാളുകള്‍.

ഇത്രയും പശ്ചാത്തല വിവരണം. കറമുല്ലാ ഹാജി ഒരുറച്ച വിശ്വാസി ആയതിന്റെ ഗുണം, നന്മ, ഒക്കെ അദ്ദേഹത്തിന്റെ ജീവിതവഴികളില്‍ നിറയെ കാണാമായിരുന്നു. ട്രാവല്‍ സംബന്ധമായ ജോലിയുടെ ടെന്‍ഷനുകളും മഹാനഗരം സമ്മാനിക്കുന്ന അനിശ്ചിതത്വങ്ങളും ഒന്നും, ആ വ്യക്തിത്വത്തെ തെല്ലും അലട്ടുമായിരുന്നില്ല. ഏതൊരു പ്രവര്‍ത്തനവും സത്യസന്ധമായ രീതിയില്‍ കൈകാര്യം ചെയ്യുക എന്ന ഉത്തരവാദിത്വമേ മനുഷ്യര്‍ക്കുള്ളു. അതിന്റെ വിധി, ഫലം നടപ്പിലാക്കുന്നത് പടച്ചവനാണ്. ആ വിധി അചഞ്ചലവും. പിന്നെ മനുഷ്യര്‍ക്ക് ടെന്‍ഷന്റെ കാര്യമെന്ത്? അതാണ് കറമുച്ചയുടെ ഒരു രീതി. അതിനാല്‍ തന്നെ കറമുച്ചയുടെ മുംബൈയിലെ സാന്നിധ്യം അത്തരം സന്ദര്‍ഭങ്ങള്‍ക്ക് അയവ് വരുത്താന്‍ ഞങ്ങള്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്.

ട്രാവല്‍ ബിസിനസിന്റെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കറമുച്ച എടുത്തത് വളരെ തണുത്ത രീതിയില്‍ ആണ്. അത് ഏവര്‍ക്കും ഒരു പാഠമാണ്. എന്തെങ്കിലും തരത്തിലുള്ള ഒരു വീഴ്ചയില്‍ യഥാര്‍ത്ഥത്തില്‍ സമ്മര്‍ദ്ദത്തിലാവേണ്ടത് ഓണര്‍ ആണ്. ഞങ്ങള്‍ ഒരിക്കല്‍ മാത്രം ഒന്നിച്ചു ഒരു യാത്ര നടത്തിയിട്ടുണ്ട്. ഫ്ളൈറ്റില്‍ പൂനെയിലേക്ക്. തിരിച്ചു ടാക്‌സിയില്‍ വരുമ്പോള്‍ ഞങ്ങളുടെ ദൗത്യം പരാജയെപ്പെട്ടതിലുള്ള ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. പക്ഷെ അദ്ദേഹം വളരെ കംഫോര്‍ട്ടബിള്‍ ആയും. ആ വേള കടന്നുപോയില്ലേ എന്ന മട്ടില്‍. ഞാന്‍ അതിനെ കുറിച്ച് ഒരു പുനര്‍ വിശകലനത്തിന് മുതിര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, വിട്. അത് കഴിഞ്ഞില്ലേ എന്ന്. ഞങ്ങള്‍ പത്തോളം പേര് അവിടെ സ്റ്റാഫ് ആയി ഉണ്ടായിരുന്നു. വിവിധ മതസ്ഥരും പ്രായത്തിലുള്ളവരും. ഒരുമിച്ചു ഒരു വിളക്കിനടിയില്‍ വട്ടമിട്ടിരുന്ന് ഭക്ഷണം കഴിച്ചു. ഉടമയും തൊഴിലാളിയും ഒന്നിച്ച്. മുതലാളി എന്ന ഭാവം ആ ഫോര്‍ത്ത് ഫ്‌ളോറില്‍ (ഞങ്ങളുടെ താമസയിടം) ഉണ്ടായില്ല. അത് ആ ഓഫീസിലും ഉണ്ടായിരുന്നില്ലല്ലോ. ആ മിതമായ ഒച്ച താഴ്ത്തിയുള്ള സംസാരവും സംയമനം പാലിച്ചു കൊണ്ടുള്ള പെരുമാറ്റവും. ക്ഷമാശീലവും അനുകരണീയമായിരുന്നു. അദ്ദേഹം ആരോടും ഒച്ചയിട്ട്, കയര്‍ത്തു സംസാരിച്ചില്ല.

കറമുച്ച മുംബൈയില്‍ എത്തിയാല്‍ അതറിഞ്ഞു ഒരുപാട് സുഹൃത്തുക്കള്‍ എത്തുമായിരുന്നു. ഏറെയും സമാന്തര ചിന്താഗതിക്കാര്‍. അവരില്‍ മലയാളികളല്ലാത്തവരും ഉണ്ടായിരുന്നു. ഒരു വിധം ഉറുദു സംസാരിക്കും. കാസര്‍കോട്ടുകാരായ അദ്ദേഹത്തിന്റെ മുംബൈ കാ ദോസ്ത്മാരില്‍ മിക്കവാറും പേര്‍ മുംബൈയില്‍ ബിസിനസുമായിരിക്കുന്ന തളങ്കര സ്വദേശികള്‍. സമദ് ഹാജി, എ.എംച്ച, പിന്നൊരു മഹമൂദ്ച്ച എന്നീ ചിലരെ പ്രാര്‍ത്ഥനയോടെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. കെ.എസ് സുലൈമാന്‍ ഹാജി മുംബൈയില്‍ എത്തിയാല്‍ പിന്നെ അദ്ദേഹത്തെ മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല, കറമുല്ലാ ഹാജിയുടെ കൂടെ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ കറമുല്ലാ ഹാജി കാണും. പള്ളികളില്‍ നിന്ന് പള്ളികളിലേക്കുള്ള ഹ്രസ്വപ്രയാണങ്ങള്‍. സുബ്ഹിക്ക് വളരെ മുമ്പേ രണ്ടുപേരും ഉണരും. തഹജ്ജുദ് നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും ഒക്കെ കഴിഞ്ഞു ബാങ്ക് വിളി കേട്ട് നമസ്‌കാരത്തിന് പള്ളിയിലേക്ക് ഇറങ്ങി പോകുമ്പോള്‍, പുറത്ത് ഹാളില്‍ വരിവരിയായി കിടന്നുറങ്ങുന്ന ഞങ്ങളെ കടന്നുവേണം പോകാന്‍. സുലൈമാന്‍ ഹാജി പിറുപിറുക്കും. ഇതൊരു നല്ല ലക്ഷണമല്ലല്ലോ എന്ന്. പിന്നീട് ഞങ്ങളെയൊക്കെ ഉണര്‍ത്തിയെ പോകൂ.

മുംബൈയിലെ ആ റമദാന്‍ കാലവും ഇന്നും മനസ്സില്‍ നിന്ന് അടര്‍ന്നുപോയിട്ടില്ല. അവിടെയൊക്കെ കറമുച്ച ഏര്‍പ്പെടുത്തിയ ഒരു ചിട്ടയുണ്ട്. മറ്റു മതസ്ഥര്‍ക്കും, ഒരു തരത്തിലും അവരെ ബാധിക്കാത്ത ഒരു രീതിയില്‍. ഓഫീസ് നേരത്തെ ക്ലോസ് ചെയ്യും. ഒന്നിച്ചുള്ള നോമ്പ് തുറ. പിന്നെ പള്ളിയിലേക്ക് ഒരോട്ടം. തറാവീഹ് കഴിഞ്ഞു വന്ന്. ഭക്ഷണത്തിന് ഒന്നിച്ചു ചേരും. മഹാനഗരത്തിലെ മുസ്ലിം മൊഹല്ലകളിലെ റമദാന്‍ രാവുകള്‍ വളരെ ചേതോഹരം എന്ന് ഞാനിന്നോര്‍ക്കുമ്പോള്‍. ഭക്തിസാന്ദ്രതയുടെ വ്യതിരിക്തമായ ഒരു അനുഭൂതി അത് പകര്‍ന്നു തന്നിരുന്നു. ഹജ്ജ് യാത്രക്കുള്ള ഒരുക്കങ്ങള്‍ക്ക് അതോടനുബന്ധിച്ചു തന്നെ തുടക്കമിടുമായിരുന്നു. അന്ന് ഉംറ യാത്രകള്‍ ഇതുപോലെ വ്യാപകം ആയിരുന്നില്ല. ആ കാലത്ത് ഹജ്ജ് വിമാനങ്ങള്‍ മുംബൈയില്‍ നിന്ന് മാത്രമായിരുന്നല്ലോ. മലയാളികള്‍ക്ക് പ്രത്യേകിച്ചും. കറമുച്ചയുടെ തിരക്കും അതോടെ ആരംഭിക്കുകയായി. അദ്ദേഹം എപ്പോഴും ആ വേളകളില്‍ ഹജ്ജ് ഹൗസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായിരിക്കും.

84ന്റെ മുംബൈ വര്‍ഗീയ കലാപവേളയില്‍ ഞാനവിടെയുണ്ട്. ഓഫീസില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടു പോയതും ഗൂര്‍ഖ പട്ടാളം ഇറങ്ങിയ ഒരു വൈകുന്നേരം എന്നോടൊപ്പം ഉണ്ടായിരുന്ന ഓഫീസ് ബോയ് മൊയ്തീന്റെ ജീവന്‍ ബാക്കിവെച്ച്, തൊട്ടു തൊട്ടില്ല എന്ന വിധം ഏതാനും മില്ലി മീറ്റര്‍ അകലെ കൂടി വെടിയുണ്ട പാഞ്ഞുപോയതും എന്റെ കണ്‍മുമ്പിലൂടെയാണ്. കറമുച്ച ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടു കൊണ്ടേയിരിക്കും. ഷാര്‍ജയില്‍ നിന്ന് ആദ്യമായി മുംബൈയിലേക്ക് ഇന്റര്‍നാഷണല്‍ ഐ.എസ്.ഡി വിളിവന്നതും ഞാനവിടെ ഉണ്ടായിരുന്ന കാലത്താണെന്ന് ഓര്‍മ്മ. അന്ന് കറമുച്ചയെ, സുലൈമാനെ വിളിക്കാന്‍ ഷാര്‍ജയില്‍ പലരും കാത്തിരിപ്പുണ്ടായിരുന്നു. ആദ്യമായി കാസര്‍കോട്ടേക്ക് എസ്.റ്റി.ഡി. സര്‍വീസ് ആരംഭിക്കുന്നത്. ആ കാലത്താണ്. അത് വരെ നമ്പര്‍ പ്ലീസിന്റെ കാലം. സംഭവ ബഹുലമായ ആ ജീവിതത്തിന്റെ ഒടുവില്‍ 2025 ജനുവരി 12ന് ഉച്ചയോടെ ആ ഒരു വാട്‌സാപ്പ് മെസേജിലൂടെ. കറമുല്ലാ ഹാജിയുടെ മരണാനന്തര ലോകം ദൈവീകാനുഗ്രഹത്തിലാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

Related Articles
Next Story
Share it