മുജീബിന്റെ വാപ്പ എനിക്ക് പ്രിയപ്പെട്ടവനായതെങ്ങനെ?

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ള ഉത്തരദേശം ഓഫീസിലേക്ക് കയറി വന്നത് മൈന്റ് ഇറ്റ്-എവരി ലൈന്‍ ടെല്‍സ് എ സ്റ്റോറി എന്ന മൂന്നൂറ് പേജോളമുള്ള, മനോഹരമായ ഒരു കാര്‍ട്ടൂണ്‍ പുസ്തകവുമായാണ്. ഓരോ താളിലും ചിന്തയും ചിരിയും ജനിപ്പിക്കുന്ന മുജീബിന്റെ കാര്‍ട്ടൂണുകള്‍. എല്ലാ കാര്‍ട്ടൂണുകള്‍ക്കും വിശദമായ അടിക്കുറിപ്പുമുണ്ട്.

ആ പുസ്തകത്തിന്റെ ഓരോ താളുകളിലൂടെയും കണ്ണോടിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇത്രമാത്രം ഗൗരവമാര്‍ന്ന കാര്‍ട്ടൂണുകള്‍ വരച്ച് പ്രശസ്തനായ മുജീബ് പട്‌ളയെ അല്ല, മുജീബിന്റെ വാപ്പ ഷാഫി പട്‌ളയെയാണ്.

ഏതാണ്ട് 25 വര്‍ഷം മുമ്പ് പരിചയപ്പെട്ട ഒരാള്‍. ഉത്തരദേശത്തിന്റെ പ്രധാന ഓഫീസും പ്രിന്റിംഗ് പ്രസും പഴയ ബസ്സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം. മുജീബ് അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി. ഒരിക്കല്‍ ഓഫീസില്‍ വന്നിരുന്ന് അഹ്മദ് മാഷിനെ കാത്തിരിക്കുകയായിരുന്ന ഷാഫി പട്‌ളയെ ഞാന്‍ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയായിരുന്നു. മുഖത്ത് പൂ പോലെ വിടര്‍ന്നുനിന്ന പുഞ്ചിരിയാണ് എന്നെ ആകര്‍ഷിച്ചത്. വരവിന്റെ ഉദ്ദേശം തിരക്കിയപ്പോള്‍ ആമദിനെ കാണാനാണെന്നും മകന്റെ കാര്‍ട്ടൂണ്‍ ഏല്‍പ്പിക്കാനാണെന്നും പറഞ്ഞു. ഉത്തരദേശം അച്ചുനിരത്തിയുള്ള പ്രിന്റിംഗില്‍ നിന്ന് ഓഫ്‌സെറ്റ് പ്രിന്റിംഗിലേക്ക് കടന്നിട്ടേയുള്ളൂ. ഷാഫിച്ച ഒരു വാരികയുടെ ഉള്ളില്‍ നിന്ന് മകന്റെ കാര്‍ട്ടൂണ്‍ എടുത്ത് കാണിച്ചു. ചെര്‍ക്കളം അബ്ദുല്ലയെ കഥാപാത്രമാക്കിയുള്ളതായിരുന്നു അത്. അഹ്മദ് മാഷെത്തി. രണ്ടുപേരും ഏറെനേരം സംസാരിച്ചിരുന്നു.

പോകാന്‍ നേരത്ത് ഷാഫിച്ച എന്റെ അരികില്‍ വന്നു. ആമദിന്റെ ബന്ധുവാണോ?- അദ്ദേഹം തിരക്കി. മരുമകനാണെന്ന് പറഞ്ഞപ്പോള്‍, മഹ്മൂദും (അഹ്മദ് മാഷിന്റെ ജ്യേഷ്ഠ സഹോദരന്‍) ഞാനും ദുബായില്‍ അടുത്ത കൂട്ടുകാരാണെന്നും ഒന്നിച്ച് താമസിക്കാറുണ്ടെന്നും ഷാഫിച്ച പറഞ്ഞു. അന്ന് തുടങ്ങിയ ബന്ധമാണ്. പിന്നീട് പലപ്പോഴും മകന്റെ കാര്‍ട്ടൂണുമായി വരുമ്പോഴെല്ലാം ഞങ്ങള്‍ സംഗമിച്ചു. ഏറെനേരം സംസാരിച്ചു. വളരെ പെട്ടെന്നാണ് പട്‌ള ഷാഫിച്ച എനിക്ക് ഏറെ പ്രിയപ്പെട്ടവനായി തീര്‍ന്നത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുമ്പോഴൊക്കെ ഉത്തരദേശത്തിലേക്കുള്ള ഒരു സന്ദര്‍ശനം അദ്ദേഹം പതിവാക്കി. പലപ്പോഴും കാര്‍ട്ടൂണുമായല്ല, എന്നെ കാണാന്‍ മാത്രമായി അദ്ദേഹം വന്നു.

മുജീബിന്റെ കാര്‍ട്ടൂണ്‍ വരയില്‍ ഉത്തരദേശം എന്നും ഒരു താങ്ങായി നിന്നിട്ടുണ്ട്. ധൈര്യമായി വരച്ചോളു എന്ന് പറഞ്ഞ് അഹ്മദ് മാഷ് മുജീബിന് വേണ്ടി ഉത്തരദേശത്തില്‍ ഇടം നീക്കിവെച്ചു. ഇതിന്റെ തീരാത്ത നന്ദി ഷാഫിച്ചക്ക് എന്നുമുണ്ടായിരുന്നു; മുജീബിനും. പിന്നീട് മുജീബിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ പലയിടത്തും സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഏറെ സന്തോഷിച്ചവരുടെ കൂട്ടത്തില്‍ ഉത്തരദേശവും ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ മുജീബ് മൈന്റ് ഇറ്റ് എന്ന പേരില്‍ ഏറെ ശ്രദ്ധേയമായ കാര്‍ട്ടൂണ്‍ പുസ്തകം ഇറക്കിയപ്പോഴും ഉത്തരദേശം ആവേശത്തോടെ അക്ഷരങ്ങള്‍ നിരത്തി. ഷാഫിച്ചയുടെ വാക്കുകളില്‍ നിറയെ സ്‌നേഹമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും തലമുറകള്‍ക്ക് അത് കൈമാറേണ്ടതിന്റെ അനിവാര്യത നിരന്തരം ഉണര്‍ത്തുകയും ചെയ്യുമായിരുന്നു. ദുബായില്‍ ഡിഫന്‍സില്‍ ജോലി ചെയ്തിരുന്ന ഒരാളെന്ന നിലയില്‍ സുഹൃത്തുക്കളോടൊക്കെ പങ്കുവെക്കാന്‍ അനുഭവങ്ങളുടെ വലിയ ഓര്‍മ്മക്കൂട്ട് അദ്ദേഹത്തിനുണ്ടായിരുന്നു. ഉറച്ചൊരു നിലപാടുള്ള മനുഷ്യനുമായിരുന്നു അദ്ദേഹം. ശാന്തനാണെങ്കിലും ചില നിലപാടുകളില്‍ ഷാഫിച്ച പുലര്‍ത്തിയിരുന്ന കാര്‍ക്കശ്യം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നെ പലപ്പോഴും ഉപദേശിക്കും. സെന്‍സേഷണല്‍ ന്യൂസുകള്‍ക്കല്ല, സമൂഹത്തിനുതകുന്ന വിദ്യാഭ്യാസ പ്രോത്സാഹനമടക്കമുള്ള വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഇടക്കിടെ ഉണര്‍ത്തും.

മുജീബിന്റെ പിതാവ് എന്നതിലുപരി ആത്മസുഹൃത്തുക്കളായ റൗഫ് പള്ളിക്കാലിന്റെ സഹോദരി ഭര്‍ത്താവും ഹമീദ് കാവിലിന്റെ ഭാര്യാ പിതാവും എന്ന നിലയിലും പട്‌ള ഷാഫിച്ച എന്റെ ഹൃദയത്തിലേക്ക് ആഴത്തില്‍ കടന്നുവന്നു. ഇടയ്ക്കിടെ അദ്ദേഹം വിളിക്കും. പ്രമേഹത്തിന്റെ വല്ലായ്കകള്‍ അലട്ടിയിരുന്നതിനാല്‍ വീട്ടില്‍ നിന്ന് അദ്ദേഹത്തിന് പഴയതുപോലെ ഇറങ്ങാന്‍ കഴിയാതെ വന്നപ്പോഴും ആ വിളിയും കുശലാന്വേഷണവും നിന്നില്ല. മൃദുലമായ വാക്കുകള്‍ കൊണ്ട് സാരോപദേശത്തിന്റെ മുല്ലപ്പൂക്കള്‍ അദ്ദേഹം എന്റെ ഹൃദയത്തിലേക്ക് വാരിയിട്ടു. പ്രമേഹം എന്നിലും നാമ്പിട്ട് തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് ആവലാതിയായി. പിന്നെ നിരന്തരം ഉപദേശിക്കലായി. പട്‌ളയില്‍ നിന്ന് ഉളിയത്തടുക്ക നാഷണല്‍ നഗറില്‍ ജയ്മാതാ സ്‌കൂളിനരികിലേക്ക് താമസം മാറിയത് മുതല്‍ വീട്ടിലേക്ക് പലപ്പോഴും ക്ഷണിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍, അനുഭവങ്ങള്‍ എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.

സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയും എളിമയും ലാളിത്യവും കൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്ത പട്‌ള ഷാഫിച്ച പൊടുന്നനെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ളുഹര്‍ നിസ്‌കരിച്ച് വിശ്രമിക്കുന്നതിനിെടയായിരുന്നു പുണ്യ റമദാനിന്റെ പോരിശ പേറി അദ്ദേഹത്തിന്റെ മടക്കം. വൈകിട്ട് 6 മണിയാകുമ്പോഴേക്കും ധന്യമായ ആ ജീവിതം ആറടി മണ്ണിലേക്കമര്‍ന്നു. അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

Related Articles
Next Story
Share it