മാധുര്യമേറിയ ആ സൗഹാര്‍ദ്ദക്കൂട്ടില്‍ നിന്ന് അപ്പുക്കുട്ടന്‍ മാഷും വിടവാങ്ങി

പി.വി. കൃഷ്ണന്‍, കെ.എം. അഹ്മദ്, സി.എന്‍. രാജു എന്നിവര്‍ക്കൊപ്പം പി. അപ്പുക്കുട്ടന്‍
പി. അപ്പുക്കുട്ടന്‍ മാഷും യാത്രയായി. ഏതാനും വര്‍ഷങ്ങളായി അദ്ദേഹം പൊതുചടങ്ങുകളില്‍ എത്താറില്ല. ആരോഗ്യസ്ഥിതി മോശമായതോടെ യാത്രകളും നിലച്ചു. അവസാനനാളുകളില്‍ ഓര്‍മ്മകളുടെ വേലിയിറക്കത്തില്‍ പ്രയാസപ്പെടുകയായിരുന്നു ആ പ്രഭാഷകന്‍. സന്ദര്‍ശിക്കാനെത്തിയവരെല്ലാം വിങ്ങുന്ന മനസ്സോടെയാണ് അദ്ദേഹത്തോട് യാത്രപറഞ്ഞിറങ്ങിയത്. അറിയുന്നവരെയെല്ലാം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഒരു മനസ്സിന്റെ ഉടമ കൂടി ഓര്‍മ്മയിലേക്ക് മായുകയാണ്. മികച്ച നിരൂപകനായും പ്രഭാഷകനുമായുമെല്ലാം തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ചും സംഘാടക വൈഭവത്തെ കുറിച്ചുമൊന്നുമല്ല ഈ കുറിപ്പ്.
ഞങ്ങള്‍ മാതൃഭൂമിയിലുള്ളവര്‍ക്കെല്ലാം വടക്ക് ഒരു മാഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ദീര്‍ഘകാലം ഞങ്ങളുടെ കാസര്‍കോട് ബ്യൂറോ ചീഫായിരുന്ന കെ.എം. അഹ്മദ് മാത്രം. പ്രഭാഷകന്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം മാതൃഭൂമിയുടെ മുഖമായി ഉത്തരകേരളത്തില്‍ നിറഞ്ഞുനിന്നിരുന്നു പതിറ്റാണ്ടുകളോളം കെ.എം. അഹ്മദ് എന്ന ഞങ്ങളുടെ മാഷ്. അദ്ദേഹവുമായുള്ള സൗഹൃദത്തില്‍ നിന്നാണ് മറ്റു രണ്ട് മാഷുമാരെ കൂടി പരിചയപ്പെടുന്നത്. പി. അപ്പുക്കുട്ടന്‍ മാഷും പി.വി. കൃഷ്ണന്‍ മാഷുമായിരുന്നു അവര്‍. കെ.എം. അഹ്മദ് കൂടി ചേര്‍ന്നാല്‍ മാഷുമാരുടെ സമ്മേളനമായെന്ന ഞങ്ങളുടെ തമാശ മൂവരും ചിരിയോടെ ആസ്വദിച്ചിരുന്നു.
അക്കാലത്ത് പുരോഗമന പ്രസ്ഥാനങ്ങളുടെ വലിയ നായകനായും പ്രഭാഷകനായും നിറഞ്ഞുനിന്നിരുന്ന അപ്പുക്കുട്ടന്‍ മാഷെ വേദികളിലാണ് കണ്ടുതുടങ്ങിയത്. ആ പരിചയമാകട്ടെ തികച്ചും ഔപചാരികവുമായിരുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനും കാര്‍ട്ടൂണിസ്റ്റുമായാണ് പി.വി. കൃഷ്ണനെയും അറിഞ്ഞിരുന്നത്. എന്നാല്‍ കെ.എം. അഹ്മദ് മാഷുടെ സൗഹൃദ വലയത്തില്‍ എത്തിച്ചേര്‍ന്നതോടെ ഔപചാരിതകളെല്ലാം അലിഞ്ഞില്ലാതായി. എന്തും പറയാവുന്ന, പങ്കിടാവുന്ന, ചോദിക്കാവുന്ന നിലയിലേക്ക് ആ അടുപ്പം വളര്‍ന്നതിന് പിന്നില്‍ അഹ്മദ് മാഷുടെ സാന്നിധ്യമായിരുന്നു പ്രധാനം. ആ സൗഹൃദവലയത്തില്‍ കാസര്‍കോട്ടുകാരായ വേറെയും ഒരുപാട് പേരുണ്ടായിരുന്നു. അതില്‍ മാധ്യമപ്രവര്‍ത്തകരും സാഹിത്യകാരും രാഷ്ട്രീയക്കാരുമെല്ലാം ഉള്‍പ്പെടും. എന്നാല്‍ അപ്പുക്കുട്ടന്‍ മാഷും കൃഷ്ണന്‍ മാഷും അഹ്മദ് മാഷിനോട് കാണിക്കുന്ന അടുപ്പം പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ അടുപ്പമൊന്നും വാര്‍ത്തകളുടെ പേരില്‍ ചൂഷണം ചെയ്യാന്‍ അഹ്മദോ തിരിച്ചെന്തെങ്കിലും സഹായം മറ്റുള്ളവരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ആ കൂട്ടായ്മകളുടെ രസതന്ത്രം. യാത്രകളില്‍ പോലും ഈ സൗഹൃദം അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ആര്‍ട്ടിസ്റ്റ് രാജുവിനെ കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മവരുന്നു.
കാസര്‍കോട് നിന്ന് ഔദ്യോഗിക യോഗങ്ങള്‍ക്കും മറ്റുമായി കെ.എം. അഹ്മദ് കണ്ണൂരിലേക്കോ കോഴിക്കോടേക്കോ യാത്രചെയ്യുമ്പോള്‍ പയ്യന്നൂരില്‍ പി.അപ്പുക്കുട്ടന്‍ മാഷെ കാണാതെ പോകില്ല. അപ്പുക്കുട്ടന്‍ മാഷ് കാസര്‍കോട് ജില്ലയിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ അഹ്മദിനെ കാണാതിരിക്കുകയുമില്ല. ഇരുവരും ഒറ്റക്കോ കൂട്ടായോ തിരുവനന്തപുരത്ത് എത്തിയാല്‍ കൃഷ്ണന്‍ മാഷ് അവിടെ ഓടിയെത്തും. വല്ലാത്തൊരു ഇഴയടുപ്പമായിരുന്നു ഈ സൗഹൃദത്തിന് എന്നും.
കാസര്‍കോട് അതുവരെ കാണാത്തവിധത്തില്‍ സാഹിത്യപരിഷത്തിന്റെ വലിയൊരു സമ്മേളനം സംഘടിപ്പിച്ച് വിജയിപ്പിച്ചതില്‍ മൂന്ന് മാഷുമാരുടേയും വലിയ അധ്വാനവും വിയര്‍പ്പുമുണ്ടായിരുന്നു. അപ്പുക്കുട്ടന്‍ മാഷ് സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയുമൊക്കെ തലപ്പത്ത് ഇരിക്കെ പല സാഹിത്യ സംരംഭങ്ങളും ഉത്തരമലബാറിലേക്ക് കൊണ്ടുവന്നു. അതെല്ലാം വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് രാഷ്ട്രീയ പിന്തുണ ധാരാളമുണ്ടായിരുന്നു. എന്നാലും തന്റെ കൂട്ടുകാരുടെ സാന്നിധ്യം അദ്ദേഹത്തിന് നല്‍കിയ ഊര്‍ജ്ജം ചെറുതായിരുന്നില്ല. കാസര്‍കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നപ്പോള്‍ മുഖ്യ സംഘാടകരില്‍ ഒരാളായി അപ്പുക്കുട്ടന്‍ മാഷ് ഉണ്ടായിരുന്നു. അന്നും ആ കൂട്ടായ്മയുടെ കരുത്ത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
അഹ്മദ് മാഷ് മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷം തന്റെ ഊര്‍ജ്ജം ഏറെയും ചെലവഴിച്ചത് താന്‍ സ്ഥാപിച്ച ഉത്തരദേശം എന്ന പത്രത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയായിരുന്നു. ഇതിനിടയില്‍ ഉണ്ടായ അദ്ദേഹത്തിന്റെ അകാലത്തിലുള്ള ആകസ്മിക നിര്യാണം സൃഷ്ടിച്ച ശൂന്യത വളരെ വലുതായിരുന്നു. ഇനി എങ്ങനെ മുന്നോട്ട് എന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം ചെന്നെത്തി നിന്നത് പി.അപ്പുക്കുട്ടന്‍ മാഷ് എന്ന ഉറ്റ സുഹൃത്തിലായിരുന്നു. ഉത്തരദേശത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ അഹ്മദിന്റെ മകന്‍ മുജീബ് അഹ്മദിനെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ മികച്ചൊരു നിര്‍ദ്ദേശം മുന്നിലുണ്ടായിരുന്നുമില്ല. വലിയ തിരക്കുകള്‍ക്കിടയിലും എല്ലാ പ്രയാസങ്ങളും മാറ്റിവെച്ച് പയ്യന്നൂരില്‍ നിന്ന് അപ്പുക്കുട്ടന്‍ മാഷ് കാസര്‍കോട് എത്തി ആ ചുമതല ഏറ്റെടുത്തത് ആ ഘട്ടത്തില്‍ ഉത്തരദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. പെട്ടെന്ന് അപ്രത്യക്ഷനായ കപ്പിത്താന് പകരം ഒരാളെ അവര്‍ക്ക് അനിവാര്യമായ ഘട്ടമായിരുന്നു അത്. ഉത്തരദേശത്തിന്റെ അഭ്യുദയകാംക്ഷികളുടെ അപേക്ഷകളേക്കാളേറെ അദ്ദേഹം അതിനായി സന്നദ്ധനായത് തന്റെ പ്രിയപ്പെട്ട സ്നേഹിതന്റെ മനസ്സ് അറിയാവുന്നത് കൊണ്ടായിരുന്നു. ആശയങ്ങളിലും സ്വപ്നങ്ങളിലും പ്രതീക്ഷകളിലുമെല്ലാം മനസ്സ് പങ്കുവെച്ചവരായിരുന്നു അവര്‍.
അതുകൊണ്ടുതന്നെ അഹ്മദ് മാഷുടെ അഭാവം സൃഷ്ടിച്ച ശൂന്യത മറികടക്കാന്‍ അപ്പുക്കുട്ടന്‍ മാഷിന്റെ സാന്നിധ്യം സംഘാടകര്‍ക്ക് വലിയ സഹായകമായി.
ഉത്തരദേശത്തിന്റെ തുടക്കം മുതല്‍ അതിനോട് ചേര്‍ന്നുനിന്ന സൗമ്യ സാന്നിധ്യമായിരുന്നു അപ്പുക്കുട്ടന്‍ മാഷ് എന്നതിനാല്‍ എല്ലാം വളരെ എളുപ്പവുമായി. ആ തരത്തില്‍ തന്റെ പ്രിയ കൂട്ടുകാരന് നല്‍കിയ സ്നേഹസ്പര്‍ശം കൂടിയായിരുന്നു അത്.
അപ്പുക്കുട്ടന്‍ മാഷുടെ മകന്‍ സി.പി ശ്രീഹര്‍ഷന്‍ കുറച്ച് മുമ്പ് മാതൃഭൂമി ഡല്‍ഹി ബ്യൂറോയില്‍ നിയമിതനായപ്പോഴും അദ്ദേഹം ഏറെ സന്തോഷിച്ചു. നേരത്തെ തിരുവനന്തപുരത്ത് കേരള കൗമുദിയില്‍ ആയിരുന്നു ശ്രീഹര്‍ഷന്‍. മകന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ മാഷ് ഏറെ അഭിമാനം കൊണ്ടിരുന്നു.
ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അലട്ടുന്നത് വരെ അപ്പുക്കുട്ടന്‍ മാഷ് നേരിട്ടും ഫോണ്‍ വഴിയുമെല്ലാം ഉത്തരദേശം പ്രവര്‍ത്തകര്‍ക്ക് വഴിയില്‍ പ്രകാശം വിതറിക്കൊണ്ടിരുന്നു. ആ വെളിച്ചമാണ് ഇപ്പോള്‍ അണഞ്ഞുപോയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.
കാസര്‍കോട് സാഹിത്യവേദിക്ക് വേണ്ടി പദ്മനാഭന്‍ ബ്ലാത്തൂര്‍, ടി.എ. ഷാഫി, മുജീബ് അഹ്മദ്, എം.വി. സന്തോഷ് എന്നിവര്‍ ചേര്‍ന്ന് റീത്ത് സമര്‍പ്പിക്കുന്നു