വിട, പ്രിയ ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാര്‍

ക്യാപ്റ്റന്‍ കെ.എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ മരണവാര്‍ത്ത ഇന്നലെ രാത്രി പ്രൊഫ. ഗോപിനാഥന്‍ സാറിന്റെ ഫെയ്‌സ്ബുക്കിലൂടെ അറിഞ്ഞപ്പോള്‍ ഒരുവേള ഞാന്‍ സ്തബ്ധനായി. പുകള്‍പെറ്റ സ്വാതന്ത്ര്യസമര സേനാനി കെ.എം.കെ. നമ്പ്യാര്‍ എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ സാറായിരുന്നു.

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഞങ്ങളുടെ അയല്‍പക്കത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന കാലം മുതല്‍ തുടങ്ങിയ സ്‌നേഹബന്ധം. എവിടെവെച്ചു കണ്ടാലും നിറഞ്ഞ ചിരിയോടെ, സ്‌നേഹാന്വേഷണങ്ങളിലൂടെ അദ്ദേഹം സ്‌നേഹ സൗഹൃര്‍ദം പുതുക്കി കൊണ്ടേയിരുന്നു. പലപ്പോഴും ഒരു ഏകാന്ത പഥികനെപ്പോലെ നിശബ്ദം നഗരത്തിലെ തിരക്കുകളിലൂടെ സൗമ്യനായി യാത്ര ചെയ്തു. വഴിയില്‍ കണ്ടാല്‍ അല്‍പം കുശലാന്വേഷണം, കനത്ത തന്റെ ക്യാപ്റ്റന്‍ മീശക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന ഗൗരവഭാവം നിറഞ്ഞ ചിരിയോടെ, സംസാരിച്ചു തുടങ്ങുമ്പോള്‍ മെല്ലെ അലിഞ്ഞില്ലാതാകുന്നു. ക്യാപ്റ്റന്‍ എന്റെ ഉള്ളു സൗഹൃദത്തോടെ തൊടുന്നത് ഞാനനുഭവിച്ചിരുന്നു.

ആരായിരുന്നു ക്യാപ്റ്റന്‍? സ്വാതന്ത്ര്യസമര സേനാനി. പിന്നീട് ഗോവ വിമോചന സമത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച പോരാളി. പിന്നീട് കരസേനയില്‍ ചേര്‍ന്ന് ഹോണററി ക്യാപ്റ്റന്‍ പദവിയില്‍ നിന്നു വിരമിച്ചു നാടിന്റെ നന്മ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി, കാസര്‍കോട്ടുകാരുടെ ഈ പ്രിയപ്പെട്ട ക്യാപ്റ്റന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്വാതന്ത്ര്യ സമരഭടനുള്ള അംഗീകാരവും ആദരവും നേടിയ ക്യാപ്റ്റന്‍, 2010ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് നേരിട്ട് ആദരം വാങ്ങാന്‍ ക്ഷണിക്കപ്പെട്ടു.

ഞാനദ്ദേഹവുമായി ഏറ്റവും നന്നായി അടുക്കുന്നത് 1990കളിലെ കേരള സമ്പൂര്‍ണ്ണ സാക്ഷരതാ യഞ്ജത്തിലെ പ്രവര്‍ത്തന കാലഘട്ടത്തിലാണ്. ഞാനന്ന് കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ സാക്ഷരതാ ചുമതലയുള്ള അസി. പ്രൊജക്ട് ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അന്ന് അദ്ദേഹം എന്റെ കൂടെ വീടുകള്‍ കയറി ക്ലാസുകള്‍ സംഘടിപ്പിക്കാനും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും സദാ സന്നദ്ധമായി, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മദ്യവര്‍ജന പ്രസ്ഥാനത്തിലും കാന്‍ഫെഡ്, കാസര്‍കോട് പീപ്പിള്‍സ് ഫോറം തുടങ്ങിയ എല്ലാ നന്മ പരത്തുന്ന പ്രവര്‍ത്തനങ്ങളിലും തോളോടുതോള് ചേര്‍ന്നു, പ്രായാധിക്യത്തെ വകവെക്കാതെ സദാ പ്രവര്‍ത്തന നിരതനായി.

പല കൂടിക്കാഴ്ചകളിലും നാടിന്റെ മാറ്റങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന തിന്മയുടെ ആധിക്യം, സംസാരമധ്യ അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. എങ്കിലും നന്മയിലും സ്‌നേഹത്തിലും അദ്ദേഹത്തിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. തന്റെ സാര്‍ത്ഥകമായ ജീവിതത്തിന് വിരാമം കുറിച്ച് 87-ാം വയസ്സില്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ ജന്മം കൊണ്ട് കൂത്തുപറമ്പ് സ്വദേശിയാണെങ്കിലും കാസര്‍കോട്ടുകാരുടെ പ്രിയപ്പെട്ട ക്യാപ്റ്റനും ജ്യേഷ്ഠ സഹോദരനും പ്രിയപ്പെട്ടവനുമായി എന്റെ ഓര്‍മകളില്‍ സദാ പരിലസിക്കുന്നു. കാസര്‍കോട്ടുകാരുടെ ഈ സ്വന്തം ക്യാപ്റ്റനെ ചൗക്കി സന്ദേശം ലൈബ്രറി ആന്റ് റീഡിംഗ് റൂം ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.

കേളുഗുഡ്ഡെ അയ്യപ്പന്‍ നഗറില്‍ അദ്ദേഹത്തിന്റെ ഹരിശ്രീ നിലയത്തിലേക്കുള്ള റോഡിന് ക്യാപ്റ്റന്റെ പേര് നല്‍കി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചു.

എന്നും ജനഹൃദയങ്ങളില്‍ നക്ഷത്ര ശോഭയോടെ തിളങ്ങി നിന്ന എന്റെ, അല്ല ഞങ്ങളുടെ പ്രിയപ്പെട്ട കെ.എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്ന ക്യാപ്റ്റനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അവസാന നോക്കു കണ്ട് ഞാന്‍ വിടവാങ്ങി.

ആദരവോടെ ഒരു ബിഗ് സല്യൂട്ട്... വിട പ്രിയ ക്യാപ്റ്റന്‍!

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it