പ്രിയ കളിക്കൂട്ടുകാരാ ഇത്ര വേഗം നീയും...

പതിവുപോലെ വെള്ളിയാഴ്ച രാവിലെ ഖത്തറിലെ കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി വാട്‌സാപ്പ് തുറന്ന് നോക്കിയപ്പോള്‍, ഒരു ഗ്രൂപ്പില്‍ റാഫി അഡൂറിന്റെ സന്ദേശം.

'വിശ്വസിക്കാന്‍ പറ്റാത്ത ഒരു മരണവാര്‍ത്ത ഉണ്ട്. നമ്മളെ സിറാജ് റോയല്‍ മാര്‍ട്ട് നമ്മെ വിട്ടുപോയി...'

ആ സന്ദേശം കണ്ട നിമിഷം, ഒരു ശൂന്യത. പിന്നീട് ജ്യേഷ്ടന്‍ മൊയ്തീന്‍ച്ചാന്റെ വോയിസ് മെസ്സേജ് ഒരുപാട് സുഹൃത്തുക്കളുടെ സാമൂഹ്യ മാധ്യമങ്ങളിലെ സ്റ്റാറ്റസുകള്‍. ഞെട്ടലും വേദനയും മാത്രം. പല സുഹൃത്തുക്കളും വിളിച്ചു, വാക്കുകള്‍ കിട്ടാതെ വിതുമ്പി.

സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന, പ്രതിഭാശാലിയായ യുവ വ്യാപാരിയെയാണ് നാടിന് നഷ്ടമായത്. സ്‌നേഹനിധിയായ വാപ്പയെയാണ് മൂന്ന് പിഞ്ചോമന മക്കള്‍ക്ക് നഷ്ടമായത്. ജീവിതത്തില്‍ കൂടെ നടക്കേണ്ടിയിരുന്ന ഭാര്യയ്ക്ക് വലിയൊരു കരുതലും തണലുമാണ് നഷ്ടമായത്.

സഹോദരങ്ങള്‍ക്ക് വിശ്വസനീയനായ സുഹൃത്തിനെ പോലെയായിരുന്ന കൂടപ്പിറപ്പിന്റെ അകാല വിയോഗമാണ് ഉണ്ടായത്. വാത്സല്യത്തോടെ നോക്കി വളര്‍ത്തിയ ഉമ്മയ്ക്ക് മൂപ്പത്തെട്ടിന്റെ ചെറുപ്പമുള്ള ഇളയ മകനെയാണ് നഷ്ടമായത്. എന്തും തുറന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ഏറ്റവും അടുത്ത, കുഞ്ഞു നാള്‍ മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്ന പ്രിയപ്പെട്ട കൂട്ടുകാരനെയാണ് എനിക്ക് നഷ്ടമായാത്.

സമസ്തയുടെ പോഷക ഘടകങ്ങളില്‍ ഉള്‍പ്പെടെ സജീവ സഹകാരിയും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലും ഉള്ള സിറാജിന്റെ നന്മകള്‍ നിറഞ്ഞ സേവനങ്ങള്‍ ധൃതിയോടെ റബ്ബിന്റെ അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണെന്ന് അറിഞ്ഞില്ല.

പ്രിയ സിറാജ്,

ദേലംപാടി ഗ്രാമ പഞ്ചായത്തിലെ മുന്‍ നിരയിലുള്ള ക്ലബ്ബായ വോയ്‌സ് ഓഫ് അഡൂരിന്റെ പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിരുന്ന നിന്റെ സേവനങ്ങള്‍ നാടിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ മരിക്കാത്ത ഓര്‍മ്മകളായി ജ്വലിച്ച് നില്‍ക്കും. നോമ്പ് കാലത്ത് പള്ളിയിലും സ്വന്തം ക്ലബ്ബിലും ഉള്‍പ്പെടെ ഇഫ്ത്താര്‍ സംഘടിപ്പിച്ചപ്പോള്‍ നിന്റെ ആവേശത്തോടെയുള്ള ഇടപെടല്‍ സുഹൃത്തുക്കള്‍ പങ്കുവെച്ചത് ഞാന്‍ ഓര്‍ക്കുകയാണ്. യുവ നിരക്ക് മാതൃകയായിരുന്നു നീ. രണ്ട് നാള്‍ മുമ്പ് വരെ വാട്‌സാപ്പില്‍ സജീവമായിരുന്ന ആള്‍ ഇനി ഓര്‍മ്മയാകുമ്പോള്‍, ഇനി നീ അഡൂരിലില്ല എന്ന സത്യം ഓര്‍ക്കാന്‍ പറ്റുന്നില്ല സിറാജ്. നിന്റ അകാല വിയോഗം ഒരിക്കലും മറക്കാനാകാത്ത, നികത്താനാവാത്ത നഷ്ടമാണ്.

വന്‍ ജനാവലിയുടെ സാന്നിധ്യം നിന്റെ ജനാസക്കരികില്‍ കണ്ടപ്പോള്‍ നീ തീര്‍ത്ത നന്മയുടെ പുമരം പള്ളിക്കാട്ടിലെ നിറ വസന്തമായി. സൗഭാഗ്യം നിറഞ്ഞ നാളുകളിലൊക്കെ ഒട്ടേറെ പുണ്യം കരസ്ഥമാക്കി, പ്രിയ കുടുംബക്കാരോടും നാട്ടുകാരോടൊപ്പവും ചെറിയ പെരുന്നാളും ആഘോഷിച്ച ശേഷമാണ് അല്ലാഹുവിലേക്കുള്ള നിന്റെ യാത്ര. നാഥന്‍ പരലോകം വെളിച്ചമാക്കട്ടെ.

മരണം എന്ന സത്യം നമ്മെയും ഒരുനാള്‍ തലോടും. നാഥന്റെ സന്നിധിയില്‍ സ്വര്‍ഗത്തിന്റെ അവകാശികളായി നമുക്ക് കണ്ടുമുട്ടാന്‍ അല്ലാഹു വിധി നല്‍കട്ടെ.. ആമീന്‍.

Related Articles
Next Story
Share it