കീഴാളര്‍ക്ക് വേണ്ടി സ്വജീവിതം ചൂട്ട് ആക്കി നടന്ന സാമൂഹിക വിപ്ലവകാരി

ആനന്ദ തീര്‍ത്ഥസ്വാമികളുടെ 37 -ാമത്തെ ചരമവാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞുപോയ നവംബര്‍ 21. വലിയ മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെ കാസര്‍കോട് സാഹിത്യവേദി, അദ്ദേഹത്തെ ഒരു നിറഞ്ഞ സദസിന് മുന്നില്‍ അനുസ്മരിക്കുകയുണ്ടായി. മുഖ്യപ്രഭാഷണം നടത്തിയ റഹ്മാന്‍ തായലങ്ങാടി തന്റെ സ്വത:സിദ്ധവും സരസവുമായ സംസാരമധ്യേ സൂചിപ്പിക്കുകയുമുണ്ടായി. ആരോ അദ്ദേഹത്തോട് ചോദിച്ചത് സാഹിത്യവേദി അനുസ്മരിക്കാന്‍ മാത്രം എന്ത് വലിയ സാഹിത്യ സംഭാവനയാണ് ആനന്ദതീര്‍ത്ഥ സ്വാമികള്‍ നല്‍കിയിട്ടുള്ളതെന്ന്. റഹ്മാന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വീട്ടില്‍ ഷെല്‍ഫില്‍ കണ്ട നാരായണ ഗുരുവിന്റെ 40ലധികം ജീവചരിത്ര ഗ്രന്ഥങ്ങളെ പരാമര്‍ശിച്ചുകൊണ്ട്. എനിക്ക് തോന്നുന്നത് സാഹിത്യത്തിന് എത്രയോ മഹത്തായ സംഭാവനയാകുന്ന ഒരു ജീവിതം ആണ് സ്വാമി സമൂഹത്തിന് നല്‍കിയതെന്ന്. അതുവഴി സാഹിത്യവേദി ഒരു മഹത്തായ ദൗത്യമാണ് നിറവേറ്റിയതെന്നും സാരഥികളിലൊരാളെന്ന നിലയില്‍ അതില്‍ അഭിമാനം കൊള്ളുന്നതായും സ്വാഗത ഭാഷണത്തില്‍ സദസിനെ അറിയിച്ചത് അതുകൊണ്ടാണ്. അരനൂറ്റാണ്ട് കാലം കീഴാള വര്‍ഗത്തിന്റെ ഉന്നമനത്തിനുവേണ്ടി, അല്ല, ആ കിരാത ജാതി വിവേചന സമ്പ്രദായത്തില്‍ അവരും മനുഷ്യരാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി, മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്ന അവകാശങ്ങള്‍ അവരുടേതും ആണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ യത്‌നിച്ച ആ മഹാ മനീഷിയെ ഈ 37 വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര പേര് അനുസ്മരിച്ചിട്ടുണ്ട്? എത്ര സംഘടനകള്‍! എന്തിന് ഒന്ന് നന്നായി പഠിക്കാനെങ്കിലും മെനക്കെടേണ്ടതായിരുന്നില്ലേ? ഗവേഷണ വിഷയമാക്കേണ്ടതായിരുന്നില്ലേ? ഈയെനിക്കും അതിനു കഴിയാതെ പോയതില്‍ അനല്‍പമായ ജാള്യത മറച്ചുവെക്കുന്നില്ല.

ഒരു മനുഷ്യന്‍ സമൂഹത്തിനുവേണ്ടി, മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെക്കാത്തതൊക്കെ നഷ്ടക്കണക്കിലാണ് പെടുകയെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാമി ആനന്ദതീര്‍ത്ഥന്‍, ഒരു കീഴാള വര്‍ഗ സമൂഹത്തിന് വേണ്ടി മാത്രം ജീവിച്ച, വിപ്ലവകാരിയായ ഒരു സന്യാസി ആയിരുന്നു. ഒരു മാനവികമായ ആത്മീയത. അന്ന് നടമാടിയിരുന്ന ജാതി മതഭേദ ആചാരങ്ങള്‍ക്കെതിരെ, അതോടനുബന്ധിച്ച സാമൂഹിക തിന്മകള്‍ക്കെതിരെ ഒരു പോരാട്ടമായിരുന്നു ആ ജീവിതം. ഇതൊക്കെ പറയാനും പ്രസംഗിക്കാനും എഴുതാനും പറ്റുന്ന അത്ര എളുപ്പമല്ല അന്നും ഇന്നും അതിനായി അങ്ങ് ഇറങ്ങിത്തിരിക്കുക എന്നത്. രാഷ്ട്രീയ വിമര്‍ശനം സമൂഹം ഒരു പരിധിവരെ സഹിച്ചേക്കും. പക്ഷെ അവരുടെ മതങ്ങളെ, ജാതികളെ ഒന്ന് സ്പര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ വിവരമറിയും. ഇന്നത്തെ സോഷ്യല്‍ മീഡിയകളിലൂടെയായാല്‍ പോലും, അതിന്റെ ചൂടറിയാനാവും. മതത്തെ, ദൈവത്തെ തൊട്ടാല്‍ എത്ര പെട്ടെന്ന് പൊള്ളുന്നുവെന്ന് പരിശോധിച്ച് നോക്കുക. വിശ്വാസികള്‍ക്കും അ(ദൈവ)വിശ്വാസികള്‍ക്കും. സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ എന്‍.എസ്.എസിനെ വിമര്‍ശിച്ചപ്പോള്‍ എനിക്കത് നേരിയ തോതില്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. സമൂഹത്തെ, മനുഷ്യനെ അമിതമായി സ്‌നേഹിക്കുകയും അസത്യം, അധര്‍മ്മം, അനീതി, അന്യായം കാണാന്‍ പറ്റാത്ത ഒരു മനസ് സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കേ ധാര്‍മ്മികരോഷം സദാ ഉണരൂ. അത് ചിലപ്പോള്‍ ചിലരില്‍ അധാര്‍മ്മികതയെ ചുട്ടുകരിക്കാന്‍ മാത്രം ശക്തി കൈവരിക്കുകയും ചെയ്യും. സ്വാമികളെ ജീവിതാവസാനം വരെ ഒന്നിനും അതില്‍ നിന്ന് പിന്തിരിപ്പിക്കാനാവാതെ വന്നത് അതൊക്കെ കൊണ്ടാണ്. ചരിത്രത്തിന്റെ മുഖ്യധാരയില്‍ എവിടെയും അടയാളപ്പെടുത്താതെ പോയവരാണ് അത്തരക്കാരെല്ലാം. ആനന്ദ തീര്‍ത്ഥന്‍, ചരിത്രത്തിന്റെ മുഖ്യധാര പോട്ടെ, അതിന്റെ അരികുകളിലെവിടെയെങ്കിലും വേലിപ്പടര്‍പ്പിലെങ്കിലും അടയാളപ്പെടുത്തപ്പെടാതെ പോയതും അതെ കാരണത്താലാണ്. തെറ്റോ ശരിയോ എന്നത് പരിശോധിക്കുക പിന്നീടാണ് ചരിത്രത്തില്‍, പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത ജീവിതം നയിച്ചവരുടെയൊക്കെ അവസ്ഥ ഇത് തന്നെ ആയിരുന്നു. പക്ഷെ, ആ പൊതു സമൂഹം അവരറിയാതെ പോയ ഒന്നുണ്ട്. അല്ല അറിഞ്ഞു കൊണ്ട് അവഗണിച്ചതോ ആയ ഒന്ന്. ഈ സമൂഹം പുരോഗതി പ്രാപിച്ചത് അത്തരക്കാരായ, ഒഴുക്കിനെതിരെ നീന്തിയവരെ കൊണ്ടാണെന്നത്. ഇരുണ്ടകാലത്ത് കീഴാള വര്‍ഗത്തിന് വഴിതെളിക്കാന്‍ സ്വാമി സ്വജീവിതം ചൂട്ടാക്കി നടന്നു എന്ന് പറയുന്നതാവും ശരി.

നാരായണന്‍ പേരിയ മാഷ് തന്റെ സ്വാമിയോടൊത്തുള്ള അനുഭവങ്ങള്‍ പങ്കിടവേ, തനിക്കു നേരെ വന്ന ആക്രമങ്ങളെയും പരിക്കിനേയും കുറിച്ച് പറഞ്ഞു. തല്ലുകൊള്ളി സ്വാമിയുടെ കൂടെ നടന്നവരുടെ ഒക്കെ അനുഭവങ്ങള്‍ ഇതുതന്നെ എന്ന് അദ്ദേഹം ചിരിച്ചു കൊണ്ട് അനുസ്മരിക്കുകയുണ്ടായി.

ഒരിക്കല്‍ കത്തെഴുതാന്‍ വിലാസം ചോദിച്ചുവന്ന ഒരാളോട് ആനന്ദതീര്‍ത്ഥന്‍ പറഞ്ഞുവത്രെ, സിംപിള്‍, തല്ലുകൊള്ളി സ്വാമി കേരള. ഈ വിലാസത്തില്‍ എവിടന്ന് കത്തയച്ചാലും എനിക്ക് കത്ത് കിട്ടും എന്ന്. അദ്ദേഹം അനീതിക്കെതിരെയുള്ള തന്റെ പോരാട്ട ജീവിതം എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് ഇതില്‍ നിന്ന് വായിക്കാവുന്നതാണ്. കാര്‍ട്ടൂണിസ്റ്റ്, ചിത്രകലാധ്യാപകന്‍ പി.വി കൃഷ്ണന്‍ മാഷ് ആനന്ദതീര്‍ത്ഥന്റെ സന്തത സഹചാരികളില്‍ ഒരാളായിരുന്നു. അദ്ദേഹം എടുത്തതും വരച്ചതും ആയ പടങ്ങള്‍ കൂടി ഇന്ന് ആനന്ദതീര്‍ത്ഥന്റെ വിലപിടിപ്പുള്ള ശേഷിപ്പുകളിലൊന്നാണ്.

അനുസ്മരണച്ചടങ്ങില്‍ കേള്‍പ്പിച്ച കൃഷ്ണന്‍ മാഷിന്റെ ആനന്ദതീര്‍ത്ഥനെ കുറിച്ചുള്ള ഓഡിയോ ശബ്ദവും വികാര നിര്‍ഭരമായിരുന്നു.

രാമചന്ദ്ര റാവു-ദേവു ഭായ് ദമ്പതികളുടെ മകനായി, 1905 ജനുവരിയില്‍ സാമ്പത്തിക ഭദ്രതയുള്ള, തലശ്ശേരിയിലെ ഒരു കൊങ്കണ്‍ ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. അനന്ത ഷേണായ് പില്‍ക്കാലത്ത് സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്ന പേര് സ്വീകരിച്ചുകൊണ്ടാണ് അന്നത്തെ ജാതിക്കോമരങ്ങള്‍ വാണ കേരളത്തില്‍, ദക്ഷിണേന്ത്യയിലും, നടമാടിയ തിന്മകള്‍ക്കെതിരെ ഒക്കെ ഒറ്റയാള്‍ പട്ടാളം നയിച്ചത്. മദിരാശി കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ഹോണേഴ്സ് ബിരുദം നേടിയ ഘട്ടത്തിലാണ് അനന്ത ഷേണായ് ഗാന്ധിദര്‍ശനത്തില്‍ ആകൃഷ്ടനാകുന്നത്.

23-ാം വയസില്‍ കാല്‍നടയായി ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലെത്തി ഗാന്ധിജിയെ കാണുന്നു. തമിഴ്‌നാട്ടില്‍ ചെന്ന് രാജഗോപാലാചാരിയോടൊപ്പം ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുന്നു. ഗാന്ധിജി, ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ സമൂഹത്തിന്റെ താഴേക്കിടയിലെത്തിക്കുന്നതില്‍ ആനന്ദതീര്‍ത്ഥനോളം ത്യാഗം സഹിച്ച വ്യക്തി വേറെ കാണില്ല. വയനാട്ടില്‍ ഗോത്ര വിഭാഗങ്ങളെ അടിമത്വത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കുന്നതിന് മധുരൈയിലും മേലൂര്‍ മാങ്കുളം പ്രദേശത്തും കര്‍ണാടകയിലെ കുടകിലും സ്വാമി എത്താത്ത ഇടങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഇല്ലെന്ന് പറയാം.

1971ല്‍ അഗല്‍പ്പാടിയിലെ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ കീഴാള പ്രവേശനത്തിന് തുനിയവെ അതിഭീകരമായി മര്‍ദ്ദനമേറ്റ് മരണത്തിലേക്ക് നടന്നെത്താനുള്ള ദൂരം ചെറുതാക്കി. 1987 നവംബര്‍ 21ന് സ്വാമി ആനന്ദതീര്‍ത്ഥ ഈ ലോകത്തോട് വിട പറഞ്ഞു.

-എ.എസ്. മുഹമ്മദ് കുഞ്ഞി

Related Articles
Next Story
Share it