ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റായ അപ്പുക്കുട്ടന്‍ മാഷ്

രണ്ടുവര്‍ഷം മുമ്പാണ്, അന്നൂരില്‍ ഒരാവശ്യത്തിന് പോയപ്പോള്‍ ആ നാട്ടുകാരനായ മാതൃഭൂമി ലേഖകന്‍ സുധീഷാണ് പറഞ്ഞത്, അപ്പുക്കുട്ടന്‍ മാഷ് താമസിക്കുന്നത് അവിടെയാണ്.

അന്നൂര്‍ സ്‌കൂളിനടുത്തുള്ള വീട്. സുധീഷിനൊപ്പം വീട്ടിലെത്തിയപ്പോള്‍ മാഷ് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. ആ നോട്ടത്തിനോ കണ്ണില്‍ വിരിയുന്ന ചിരിക്കോ മാറ്റമൊന്നുമില്ല. നിമിഷങ്ങള്‍ കടന്നുപോയി, എന്നെ മനസ്സിലായോ എന്ന ചോദ്യത്തിന് മാഷ് ഇല്ലെന്ന് തലയാട്ടുകയായിരുന്നു. അപ്പോള്‍ കണ്ണുനിറഞ്ഞുപോയി.

മാഷെ കണ്ടാല്‍ സ്മൃതിനാശം സംഭവിച്ചുവെന്ന്് ആരും പറയില്ല. പഴയ ദൃഢഗാത്രം അതേപോലെ. ഏറെനേരം മാഷോട് എന്തൊക്കെയോ പറഞ്ഞാണ് അന്ന്് മടങ്ങിയത്. പിന്നെയും മാഷ് ചില പരിപാടികളിലൊക്കെ പങ്കെടുത്ത് അല്‍പനേരം സാഹിത്യത്തെക്കുറിച്ചൊക്കെ സംസാരിച്ചതായി പലരില്‍ നിന്നായി അറിയാന്‍ കഴിഞ്ഞു. ഓര്‍മകളുടെയും മറവിയുടെയും ലോകത്ത്് മാറിമാറി...

അപ്പുക്കുട്ടന്‍ മാഷുടെ അയല്‍ക്കാരനും സഹോദരതുല്യനുമായ എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍ രണ്ടാഴ്ച മുമ്പ്് കാസര്‍കോട് ഉത്തരദേശം പത്രത്തിന്റെ ഒരു പരിപാടിയില്‍ ഉത്തരദേശം സ്ഥാപകനായ കെ.എം. അഹ്മദ് മാഷെക്കുറിച്ച് സംസാരിക്കുമ്പോള്‍ അപ്പുക്കുട്ടന്‍ മാഷെക്കുറിച്ച് പറയുകയുണ്ടായി. ഓര്‍മകളെക്കുറിച്ചാണ് സി.വി. സംസാരിച്ചുതുടങ്ങിയത്. അത് അഹ്മദ് മാഷും അപ്പുക്കുട്ടന്‍ മാഷും തമ്മിലുണ്ടായിരുന്ന അപാരമായ സൗഹൃദബന്ധത്തിലേക്കെത്തി. അഹ്മദ് മാഷെക്കുറിച്ച് പ്രസംഗിക്കാന്‍ കാസര്‍കോട്ട് പോകുന്നുണ്ടെന്ന് പറയനായി മാഷുടെ വീട്ടില്‍പോയെന്നും അദ്ദേഹം പൂര്‍ണമായും സ്മൃതിനാശത്തിനടിപ്പെട്ടെന്ന്് മനസ്സിലായപ്പോള്‍ വിതുമ്പിപ്പോകുമെന്ന ഘട്ടത്തില്‍ താന്‍ പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് സി.വി. പറഞ്ഞത്. സിറ്റി ടവര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് സി.വിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അറിയാതെ തേങ്ങിപ്പോയി. കെ.എം. ഹസ്സന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് ഉത്തരദേശം സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ സമ്മാനവിതരണത്തന്റേതായിരുന്നു വേദി.

പി. അപ്പുക്കുട്ടന്‍ മലബാറിലെ ഏറ്റവും പ്രശസ്തനായ പ്രഭാഷകനും സാംസ്‌കാരികനായകനുമായിരുന്നു. മലബാറില്‍ അദ്ദേഹം എത്താത്ത ഗ്രാമങ്ങളില്ല. വായനശാലകളിലും കലാസമിതികളിലും വാര്‍ഷികാഘോഷത്തിനോ സെമിനാറുകള്‍ക്കോ അപ്പുക്കുട്ടന്‍ മാഷ് എത്താത്ത സാസ്‌കാരിക സ്ഥാപനങ്ങള്‍ അപൂര്‍വമാകും. വിദൂര ഗ്രാമങ്ങളിലെ പരിപാടികള്‍ക്കായി ബസ്സില്‍ പിടിച്ചുതൂങ്ങി പോവുകയും വളരെ വൈകി മടങ്ങിയെത്തുകയും ചെയ്യുന്ന പ്രവര്‍ത്തനശൈലി. ബസിന്റെ ടിക്കറ്റ് ചാര്‍ജ് പോലും കിട്ടിയില്ലെങ്കിലും മുഷിയാത്ത, വിനയത്തിന്റെ ആള്‍രൂപം. എപ്പോഴും ഖദര്‍ മാത്രം ധരിക്കുന്ന അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അടിയുറച്ച ഗാന്ധിയനായിരുന്നു. പിന്നീട് ഗാന്ധിയനായിരിക്കെത്തന്നെ മാര്‍ക്‌സിസ്റ്റുമായി. പുരോഗമന കലാ സാഹിത്യസംഘം മലബാറിലെ എല്ലാ ജില്ലയിലും താഴെത്തട്ടുമുതല്‍ കെട്ടിപ്പടുക്കാന്‍ അദ്ദേഹം നടത്തിയ അക്ഷീണപരിശ്രമം അവിസ്മരണീയമാണ്.

സാഹിത്യനിരൂപണത്തില്‍ വേറിട്ട വഴിയിലൂടെയാണ് അപ്പുക്കുട്ടന്‍ മാഷ് സഞ്ചരിച്ചത്. നോവലുകളും നാടകങ്ങളും സാമൂഹ്യശാസ്ത്രകൃതികളുമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ പഥ്യം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ നാടകത്തെക്കുറിച്ച് നിരവധി ലേഖനങ്ങളെഴുതി. എന്നാല്‍ ദിവസേന ഒന്നും രണ്ടും സാഹിത്യപ്രഭാഷണങ്ങള്‍ക്കായി യാത്രചെയ്യേണ്ടിവന്നതിനാല്‍ എഴുത്തിനായി കൂടുതല്‍ സമയം നീക്കിവെക്കാന്‍ സാധിച്ചില്ല. അഞ്ചും ആറും മണിക്കൂര്‍ യാത്ര, മൂന്നും നാലും മണിക്കൂര്‍ പ്രസംഗം. വീട്ടിലെത്തുമ്പോള്‍ നിലമുഴാന്‍പോയതിനേക്കാള്‍ ക്ഷീണം. പിന്നീടെപ്പോഴാണെഴുതുക. ദേശാഭിമാനി വാരികയുടെ ചുമതലക്കാരനായി ഈ ലേഖകന്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അപ്പുക്കുട്ടന്‍ മാഷ് പറയുന്നതങ്ങനെയായിരുന്നു. ഓണപ്പതിപ്പിലും മറ്റെന്തങ്കിലും പ്രത്യേക പതിപ്പിലുമെങ്കിലും എഴുതിക്കാന്‍ എത്രയാണ് പ്രയാസപ്പെട്ടത്. കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയെന്ന നിലയില്‍ അപ്പുക്കുട്ടന്‍ മാഷ് നടത്തിയ പ്രവര്‍ത്തനം അവിസ്മരണീയമാണ്. കലാസമിതി പ്രസ്ഥാനം ക്ഷീണിതമായിക്കൊണ്ടിരുന്ന കാലത്താണ് മാഷ് സെക്രട്ടറിയായത്. ജില്ലകളില്‍ കേന്ദ്രകലാസമിതികളുണ്ടാക്കിയും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും ഗ്രാമീണകലാസമിതികള്‍ക്ക് നവോന്മേഷം പകരാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഉത്തരദേശത്തിന്റെ സ്ഥാപകനും പത്രാധിപരുമായ കെ.എം അഹ്മദ് മാഷും അപ്പുക്കുട്ടന്‍ മാഷും ഇരുമെയ്യാണെങ്കിലും കരളൊന്നാണെന്ന നിലയിലായിരുന്നു. തൊള്ളായിരത്തി എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും കാസര്‍കോട്ട് അവരുടെ സൗഹൃദത്തിലൂടെയാണ് സാംസ്‌കാരികമായ ഒട്ടേറെ മുകുളങ്ങള്‍ വിടര്‍ന്നത്. ഇരുവരും ഒരേകാലത്താണ് മികച്ച പ്രഭാഷകരായി ശ്രദ്ധേയരായത്. ഉത്തരദേശം പത്രത്തിന്റെ വളര്‍ച്ചയിലും അപ്പുക്കുട്ടന്‍ മാഷുടെ കയ്യൊപ്പുണ്ട്.




Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it