അഹ്‌മദ് മാഷ് ഇവിടെത്തന്നെയുണ്ട്...

കഴിഞ്ഞ 14 വര്‍ഷവും കാസര്‍കോട് അഹ്‌മദ് മാഷിനെ ഓര്‍ക്കുകയും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. കാസര്‍കോട് നടക്കുന്ന സാംസ്‌കാരിക പരിപാടികളിലൊന്നും ആ പേര് പരാമര്‍ശിക്കാതിരുന്നിട്ടില്ല. കാസര്‍കോടിന്റെ സാംസ്‌കാരിക, സാഹിത്യ, മാധ്യമ ചരിത്രങ്ങളിലേക്ക് കടന്നുപോവുന്നവരൊക്കെ അഹ്‌മദ് മാഷിന്റെ സംഭാവനകളെ ഓര്‍ക്കും. ഈ വടക്കന്‍ മണ്ണില്‍ അത്രമാത്രം വേരൂന്നിയ ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ 14-ാം ചരമവാര്‍ഷിക ദിനമാണിന്ന്.

തികഞ്ഞ മാധ്യമധര്‍മ്മം അറിഞ്ഞ പത്രപ്രവര്‍ത്തകനും നാവിന്‍തുമ്പത്ത് എല്ലായ്പ്പോഴും മധുരം തുളുമ്പുന്ന പ്രഭാഷകനും ഒരുപാട് വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച എഴുത്തുകാരനുമായിരുന്നു കെ.എം അഹ്‌മദ് മാഷ്. ഉത്തരകേരളത്തിന്റെ സാംസ്‌കാരിക ഭൂമികയെ ചലിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്ത സാംസ്‌കാരിക നായകന്‍. കവി ടി. ഉബൈദ് പകര്‍ന്ന് നല്‍കിയ അക്ഷര വെളിച്ചത്തിന്റെ ബലത്തില്‍ നാടിന് ചൂട്ടായി നിന്ന അദ്ദേഹം, അധ്യാപക വൃത്തിയില്‍ നിന്നാണ് പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ഉബൈദ് മാഷിന്റെ അരുചേര്‍ന്ന് നിന്ന് അദ്ദേഹം തന്റെ സാംസ്‌കാരിക ബോധത്തെ തിളക്കമുള്ളതാക്കി. അഹ്‌മദ് മാഷ് കൈവെച്ച മേഖലകളിലെല്ലാം തിളക്കം ചാര്‍ത്തുകയും ചെയ്തു. അധ്യാപകന്‍ എന്ന നിലയിലും മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിയും സംഘാടകന്‍ എന്ന നിലയിലുമൊക്കെ പൂര്‍ണ്ണവിജയമായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ട് കാലം മാധ്യമ രംഗത്ത് പ്രശോഭിച്ച അഹ്‌മദ് മാഷിന്റെ പത്രപ്രവര്‍ത്തന രീതി സംശുദ്ധമായിരുന്നു. വാര്‍ത്തകളില്‍ കലര്‍പ്പില്ല. വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ശീലവും ഇല്ലായിരുന്നു. അഹ്‌മദ് മാഷ് എഴുതുന്ന വാര്‍ത്തകളാവട്ടെ, ലേഖനങ്ങളാവട്ടെ ഒരക്ഷരം പോലും വെട്ടിക്കളയാനുണ്ടാവില്ല, കൂട്ടിച്ചേര്‍ക്കാനുമുണ്ടാവില്ല. അത്രമാത്രം കിറുകൃത്യമായിരുന്നു. അതുകൊണ്ട് തന്നെ ഉത്തരകേരളത്തിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഒരു സര്‍വ്വകലാശാലയായാണ് അഹ്‌മദ് മാഷെ കണ്ടത്.

മാതൃഭൂമിയുടെ കാസര്‍കോട്ടെ ആദ്യത്തെ സ്റ്റാഫ് ലേഖകനായിരുന്നു അദ്ദേഹം. അതിന് മുമ്പ് 15 വര്‍ഷത്തിലധികം പാര്‍ട്ട്ടൈം ലേഖകനായിരുന്നു. മാതൃഭൂമിയുടെ ചീഫ് കറസ്പോണ്ടന്റായി 2010 ജനുവരിയിലാണ് അഹ്‌മദ് മാഷ് വിരമിച്ചത്. മൊത്തം 42 വര്‍ഷക്കാലം അദ്ദേഹം പത്രപ്രവര്‍ത്തന രംഗത്ത് സേവനം അനുഷ്ടിച്ചു. പ്രമാദമായ നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെയാണ് അഹ്‌മദ് മാഷ് പത്രലോകത്ത് ശ്രദ്ധേയനാവുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ഗോവ തിരഞ്ഞെടുപ്പുകള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്ദിരാഗാന്ധി മത്സരിച്ച വാശിയേറിയ ചിക്കമംഗളൂര്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തതും അഹ്‌മദ് മാഷാണ്. ഒരു വാര്‍ത്താ ലേഖകന്‍ എന്ന നിലയില്‍ എപ്പോഴും നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന അഹ്‌മദ് മാഷാണ്, കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ചന്ദ്രന്റെ അറസ്റ്റ് വാര്‍ത്ത ആദ്യമായി വായനക്കാരില്‍ എത്തിച്ചത്. കാസര്‍കോട്ടെ കള്ളക്കടത്ത് വേട്ടകള്‍ റിപ്പോര്‍ട്ട് ചെയ്തും ശ്രദ്ധേയനായി. കാസര്‍കോടിന്റെ സാമുദായിക അസ്വസ്ഥത ഇല്ലാതാക്കുന്നതിന് വേണ്ടി അഹ്‌മദ് മാഷ് നിരന്തരം എഴുതിയിരുന്നു. അവയില്‍ മതമൈത്രിയുടെ മധുരം നിറഞ്ഞിരുന്നു. വാര്‍ത്തകളിലും ലേഖനങ്ങളിലും അഹ്‌മദ് മാഷ് സംരക്ഷിച്ചു പോന്നിരുന്ന മതേതരത്വവും വികസനോന്മുഖവുമായ കാഴ്ചപ്പാട് എടുത്ത് പറയേണ്ടതാണ്.

കാസര്‍കോട് മേഖലയുടെ അവികസിതാവസ്ഥയില്‍ മനസ് നൊന്തിരുന്ന ഒരാളെന്ന നിലയില്‍ ഇതിനെതിരെ നിരന്തരം വാര്‍ത്തകളും ലേഖനങ്ങളും എഴുതി. നാടിന്റെ പൊതുവായ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ധീരനായ ഒരു യോദ്ധാവിന്റെ ശൈലിയില്‍ പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. കാസര്‍കോടിന്റെ ഹൃദയവികാരങ്ങളെ പേനയില്‍ മുക്കിയെടുത്ത് വായനക്കാരുടെ മുന്നിലെത്തിക്കാനും തന്റെ നാവില്‍ അലിഞ്ഞ മധുരം മാനവികതയുടെ ഉണ്മകളെ ത്രസിപ്പിക്കാനും അത് ശ്രോതാക്കളെ വിചാര വിസ്മയങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകാനും അദ്ദേഹത്തിന് കഴിഞ്ഞു.

കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ വടക്കോട്ടേക്ക് നോക്കുമ്പോള്‍ ആദ്യം ഓര്‍ത്തതും ബന്ധപ്പെട്ടതുമൊക്കെ അഹ്‌മദ് മാഷിനെയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും സാഹിത്യ, സാംസ്‌കാരിക നായകരുമായി മാഷിന് നല്ല ഹൃദയബന്ധമുണ്ടായിരുന്നു. ശിവരാമകാറന്ത്, എം.ടി. വാസുദേവന്‍ നായര്‍, യു.ആര്‍. അനന്തമൂര്‍ത്തി, വൈക്കം മുഹമ്മദ് ബഷീര്‍, പി. കുഞ്ഞിരാമന്‍ നായര്‍, സുകുമാര്‍ അഴിക്കോട്, എം.എന്‍. വിജയന്‍, കടമ്മനിട്ട, വി.കെ.എന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരുമായി വലിയ ബന്ധമായിരുന്നു അദ്ദേഹത്തിന്.

1982ല്‍ ഉത്തരദേശം പത്രത്തിന്റെ ആദ്യരൂപത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അഹ്‌മദ് മാഷ് കാസര്‍കോട്ട് എത്തിച്ചത് അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ബലം കൊണ്ടായിരുന്നു.

ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക് പടര്‍ന്നു കയറാന്‍ അഹ്‌മദ് മാഷിന് കഴിഞ്ഞിരുന്നു. ഏത് വിഷയവും അവഗാഹമായി, പൂര്‍ണ്ണ വിവരങ്ങള്‍ സഹിതം വാക്കുകളുടെ മനോഹാരിത കൊണ്ട് അവതരിപ്പിക്കാന്‍ അഹ്‌മദ് മാഷിനുണ്ടായിരുന്ന മിടുക്ക് അപാരമായിരുന്നു. മൃദുവായി തുടങ്ങി കത്തിപ്പടര്‍ന്ന് ആ പ്രസംഗം തുടരുമ്പോള്‍ സദസ് നിശ്ചലമായി കേട്ടിരിക്കും.

11 തവണ അഹ്‌മദ് മാഷ് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രസിഡണ്ടായി. പ്രസ്‌ക്ലബ്ബിന് മൂന്ന് നില കെട്ടിടം സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രയത്‌നത്തിലാണ്.

സാര്‍ത്ഥകമായ ആസൂത്രണവും കഠിനമായ പ്രയത്നവും സൗമ്യമായ പെരുമാറ്റവുമെല്ലാം ഏത് ദൗത്യവും ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ അഹ്‌മദ് മാഷിന് കരുത്തായി.

ദീര്‍ഘകാലം കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡണ്ടായി കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ പ്രോജ്വലമാക്കി. മാപ്പിളപ്പാട്ടുകളുടെ ചരിത്രത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. മാപ്പിളപ്പാട്ട് സംസ്‌കൃതിയെ കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ അഹ്‌മദ് മാഷ് മുന്‍നിരയില്‍ തന്നെയായിരുന്നു.

1974ല്‍ കാസര്‍കോട് തളങ്കരയില്‍ നടന്ന സാഹിത്യ പരിഷത്ത് സമ്മേളനവും സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദേശീയ നാടകോത്സവവും അടക്കം വടക്കിന്റെ മണ്ണിലെ സാംസ്‌കാരികമായ മുന്നേറ്റങ്ങളെ പൊലിപ്പിക്കുകയും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ അഹ്‌മദ് മാഷിന്റെ പ്രയത്നം ചെറുതായിരുന്നില്ല.

ഓര്‍മ്മകളിലേക്ക് ഒരു കിളിവാതില്‍, വാക്കുകള്‍ തേടുന്ന ഇശലുകള്‍ എന്നീ പുസ്തകങ്ങള്‍ അഹ്‌മദ് മാഷിന്റേതായി പ്രസിദ്ധീകൃതമായെങ്കിലും എണ്ണമറ്റ കൃതികള്‍ അദ്ദേഹത്തില്‍ നിന്ന് വായനക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം പുസ്തക രചനയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ അനാഥമാക്കി 2010 ഡിസംബര്‍ 16നാണ് അഹ്‌മദ് മാഷ് ഈ ലോകത്തോട് വിടപറഞ്ഞത്. എല്ലാവര്‍ഷവും മുടങ്ങാതെ അഹ്‌മദ് മാഷിനെ കാസര്‍കോട് സാഹിത്യവേദിയുടേയും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയുമൊക്കെ ആഭിമുഖ്യത്തില്‍ അനുസ്മരിക്കാറുണ്ട്. നാളെ കാസര്‍കോട് സാഹിത്യവേദി അഹ്‌മദ് മാഷെ അനുസ്മരിക്കുന്നു. ഉച്ചതിരിഞ്ഞ് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രമോദ് രാമനും ജോസ് ഗ്രെയ്‌സും അടക്കമുള്ളവര്‍ അദ്ദേഹത്തെ ഓര്‍ക്കാനും പറയാനും എത്തും.

Related Articles
Next Story
Share it