യശ്വന്ത് കാമത്ത്: മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ പ്രയത്‌നിച്ച വ്യാപാരി നേതാവ്

കാസര്‍കോടിന്റെ സൗമ്യ മുഖവും പ്രമുഖ വ്യാപാരിയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡണ്ടും വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ മുന്‍ ജില്ലാ പ്രസിഡണ്ടും കറകളഞ്ഞ മതേതരവാദിയുമായിരുന്ന ഫോര്‍ട്ട് റോഡിലെ യശ്വന്ത് കാമത്ത് വിട പറഞ്ഞിരിക്കുന്നു. കാസര്‍കോട് നഗരത്തിലെ വ്യാപാരികള്‍ വലിയ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്ന കാലത്ത് കാസര്‍കോട്ടെ വ്യാപാരികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി മഹാനായ ടി.എ ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തില്‍ 1978 ഫെബ്രുവരിയില്‍ രൂപീകൃതമായ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട യശ്വന്ത് കാമത്ത് ദീര്‍ഘകാലം സംഘടനക്ക് […]

കാസര്‍കോടിന്റെ സൗമ്യ മുഖവും പ്രമുഖ വ്യാപാരിയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡണ്ടും വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ മുന്‍ ജില്ലാ പ്രസിഡണ്ടും കറകളഞ്ഞ മതേതരവാദിയുമായിരുന്ന ഫോര്‍ട്ട് റോഡിലെ യശ്വന്ത് കാമത്ത് വിട പറഞ്ഞിരിക്കുന്നു. കാസര്‍കോട് നഗരത്തിലെ വ്യാപാരികള്‍ വലിയ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്ന കാലത്ത് കാസര്‍കോട്ടെ വ്യാപാരികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി മഹാനായ ടി.എ ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തില്‍ 1978 ഫെബ്രുവരിയില്‍ രൂപീകൃതമായ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട യശ്വന്ത് കാമത്ത് ദീര്‍ഘകാലം സംഘടനക്ക് നേതൃത്വം നല്‍കുകയും വ്യാപാര മേഖലയെ വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വ്യാപാരികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സമാനതകളില്ലാത്ത സേവനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ വ്യാപാരികള്‍ സംഘടിച്ച് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി എന്ന പേരില്‍ സംഘടന നിലവില്‍ വന്നപ്പോള്‍ 1980-ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായും കാസര്‍കോട് ജില്ല നിലവില്‍ വന്നതിന് ശേഷം കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും യശ്വന്ത് കാമത്ത് പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് മേഖലയില്‍ ടെലിഫോണ്‍ കിട്ടാക്കനിയായിരുന്ന കാലത്ത് കാസര്‍കോട് എം.ജി റോഡിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഫീസില്‍ എസ്.ടി.ഡി ബൂത്ത് സ്ഥാപിക്കുന്നതിനും കാസര്‍കോട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് യാഥാര്‍ത്ഥ്യമാക്കുന്നതിനും പ്രവര്‍ത്തിച്ചവരുടെ മുന്‍പന്തിയില്‍ യശ്വന്ത്കാമത്ത് ഉണ്ടായിരുന്നു. അണങ്കൂരില്‍ പ്രവര്‍ത്തിക്കുന്ന ടി.വി റിലേ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് വേണ്ടി പ്രക്ഷോഭം നടത്തിയത് അന്നത്തെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷനും നേതൃത്വം നല്‍കിയത് യശ്വന്ത് കാമത്തുമായിരുന്നു. കാസര്‍കോട് നഗരത്തിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ കത്തിപ്പടരാതിരിക്കാനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും നഗരത്തിലെ മറ്റു വ്യാപാര പ്രമുഖരുമായി ബന്ധപ്പെട്ട് സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും മുന്‍കൈ എടുത്തവരില്‍ പ്രധാനി യശ്വന്ത് കാമത്തായിരുന്നു. എല്ലാവരോടും സൗമ്യമായി പെരുമാറുകയും മാന്യമായി സംസാരിക്കുകയും ചെയ്ത വലിയ മനുഷ്യ സ്‌നേഹിയായിരുന്നു യശ്വന്ത് കാമത്ത്. കാസര്‍കോട് ജില്ലക്ക് വേണ്ടി രൂപീകൃതമായ ആക്ഷന്‍ കമ്മിറ്റിയില്‍ പ്രധാന പദവി വഹിച്ച യശ്വന്ത് കാമത്ത് പ്രക്ഷോഭ പരിപാടികളില്‍ വ്യാപാരികളെ പങ്കെടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ അദ്ദേഹം വിട വാങ്ങുമ്പോള്‍ കാസര്‍കോടിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്കും ജനനന്മക്കും നേതൃത്വം നല്‍കിയ വലിയ മനുഷ്യനെയാണ് നഷ്ടമാവുന്നത്.
2005ല്‍ ഞാന്‍ ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ നിന്നും നഗരസഭയിലേക്ക് മത്സരിച്ചിരുന്ന സമയത്ത് വലിയ സ്‌നേഹവും പിന്തുണയും പ്രോത്സാഹനങ്ങളും നല്‍കുകയും ചെയ്തിരുന്നു. നഗരത്തിലെ ചുമട്ടു തൊഴിലാളികളുടെ സേവന-വേതന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അവര്‍ക്ക് ന്യായമായ വേതനം നല്‍കുന്നതിലും അവരെ മാന്യമായി അംഗീകരിക്കുന്നതിലും മാതൃകാപരമായ സമീപനങ്ങളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
നഗരത്തിലെ ചുമട്ടുതൊഴിലാളികള്‍ അത് ഇന്നും വലിയ തോതില്‍ അയവിറക്കുന്നുണ്ട്. യശ്വന്ത് കാമത്തിന്റെ വിടവ് കാസര്‍കോടിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുകയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.


- എ. അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it