കെ.യശ്വന്ത് കാമത്ത്: വ്യാപാരികളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവ്

1978 ഫെബ്രുവരി 13-ാം തീയ്യതി കാസര്‍കോട് മര്‍ച്ചന്റ്‌സ് ആന്റ് ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ എന്ന സംഘടനയുടെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.യശ്വന്ത് കാമത്ത് തുടര്‍ച്ചയായി 13 വര്‍ഷം തല്‍സ്ഥാനത്ത് തുടരുകയും പിന്നീട് അദ്ദേഹം മാറി നില്‍ക്കുകയും ചെയ്‌തെങ്കിലും വീണ്ടും സംഘടന അദ്ദേഹത്തെ ഐക്യകണ്‌ഠേന പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും അദ്ദേഹം സംഘടനയെ നയിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ നേതൃത്വം താലൂക്കിലെ മുഴുവന്‍ വ്യാപാരികള്‍ക്കും ഒരു സുവര്‍ണ്ണ കാലഘട്ടമായിരുന്നു. തെക്കില്‍ ചെക്ക്‌പോസ്റ്റ് നീക്കം ചെയ്യിക്കാനും വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ നടത്തി വന്നിരുന്ന കട പരിശോധന ഒഴിവാക്കാനും […]

1978 ഫെബ്രുവരി 13-ാം തീയ്യതി കാസര്‍കോട് മര്‍ച്ചന്റ്‌സ് ആന്റ് ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ എന്ന സംഘടനയുടെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.യശ്വന്ത് കാമത്ത് തുടര്‍ച്ചയായി 13 വര്‍ഷം തല്‍സ്ഥാനത്ത് തുടരുകയും പിന്നീട് അദ്ദേഹം മാറി നില്‍ക്കുകയും ചെയ്‌തെങ്കിലും വീണ്ടും സംഘടന അദ്ദേഹത്തെ ഐക്യകണ്‌ഠേന പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും അദ്ദേഹം സംഘടനയെ നയിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ നേതൃത്വം താലൂക്കിലെ മുഴുവന്‍ വ്യാപാരികള്‍ക്കും ഒരു സുവര്‍ണ്ണ കാലഘട്ടമായിരുന്നു. തെക്കില്‍ ചെക്ക്‌പോസ്റ്റ് നീക്കം ചെയ്യിക്കാനും വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ നടത്തി വന്നിരുന്ന കട പരിശോധന ഒഴിവാക്കാനും ചെറുകിട വ്യാപാരികള്‍ വില്‍പ്പന നടത്തിവന്നിരുന്ന സിഗരറ്റ് പാക്കറ്റില്‍ പത്ത് ശതമാനം ലാഭവിഹിതം നല്‍കി വില മുദ്രണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും സംഘടന നടത്തിയ സമരങ്ങളുടെ മുന്‍ നിരയില്‍ യശ്വന്ത് കാമത്തും ഉണ്ടായിരുന്നു. കാസര്‍കോട് നഗരത്തില്‍ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തും മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് മുന്നിലും നടത്തി വന്നിരുന്ന പൊതുയോഗങ്ങള്‍ വ്യാപാരികള്‍ക്ക് ദുരിതമായി മാറിയപ്പോള്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ച് വ്യാപാരികളുടെ പരാതി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
ദൈനംദിനം വ്യാപാരികള്‍ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകള്‍ പോലും ചെറുകിട വ്യാപാരികള്‍ക്ക് വായ്പ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രൂപീകരിച്ച് കൊണ്ട് മുഴുവന്‍ വ്യാപാരികളുടെയും സഹകരണത്തോടെ ചെറുകിട വ്യാപാരികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിച്ച് കൊണ്ട് വ്യാപാര രംഗത്ത് പിടിച്ച് നിര്‍ത്താന്‍ സഹായിച്ചതും അദ്ദേഹമായിരുന്നു.
വ്യാപാരികള്‍ക്ക് ചെറുനോട്ടുകളും ചില്ലറ നാണയങ്ങളും കിട്ടാതെ കച്ചവടം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് വ്യാപാര ഭവനില്‍ നാണയമേള സംഘടിപ്പിച്ച് വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കാനും നഗരത്തിലെ വഴിയോര കച്ചവടം വര്‍ധിച്ച് വന്ന സാഹചര്യത്തില്‍ വാടകയും നികുതിയുമടച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രണ്ട് തവണ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് വ്യാപാര ഭവന്‍ നിര്‍മ്മിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കാസര്‍കോട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനും ആദായ നികുതി ഓഫീസ് കൊണ്ട് വരാനും നമ്പര്‍ പ്ലീസ് സംവിധാനം നിലവിലുണ്ടായിരുന്ന ലാന്റ് ഫോണുകളെ ഓട്ടോമാറ്റിക് സമ്പ്രദായത്തിലേക്ക് മാറ്റാനും അദ്ദേഹം പരമാവധി പരിശ്രമിച്ചിട്ടുണ്ട്. നഗരത്തിലെ ആദ്യത്തെ എസ്.ടി.ഡി ബൂത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി കാസര്‍കോട് മര്‍ച്ചന്റ്‌സ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി സൗജന്യമായി അനുവദിച്ച സ്ഥലത്ത് അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.
കാസര്‍കോട് റെയില്‍വെ വികസനം, കാസര്‍കോട് ജില്ല രൂപീകരണം, താലൂക്ക് ആസ്പത്രി വികസനം, ഇതിനെല്ലാം പുറമെ ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താനും ജില്ലയിലെ വ്യാപാരികളെ ജാതിമത ചിന്തകള്‍ക്കും കക്ഷിരാഷ്ട്രീയത്തിനതീതമായി സംഘടിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിതൃതുല്യനായ ഒരു ഗുരുവിനെയാണ് അദ്ദേഹത്തിന്റെ നിര്യാണം മൂലം വ്യക്തിപരമായി എനിക്ക് നഷ്ടമായത്. രണ്ട് പതിറ്റാണ്ടുകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച എന്നെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് മരണ ദിവസം അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ച എന്നെ സമീപിച്ച് അവസാനം വരെ അദ്ദേഹത്തെ പരിചരിച്ച മകന്റെ ഭാര്യ പറഞ്ഞു. അവസാന നാളുകളില്‍ അദ്ദേഹം കണ്ണ് തുറക്കാനോ, എന്തെങ്കിലും കഴിക്കാനോ വിസമ്മതിച്ചിരുന്നു. ആ സമയത്ത് ഞാന്‍ പറഞ്ഞത് എ.കെ മൊയ്ച്ച വന്നിട്ടുണ്ടെന്നാണ് അപ്പോള്‍ അദ്ദഹം കണ്ണ് തുറക്കുകയും ഞാന്‍ അദ്ദേഹത്തിന്റെ വായ തുറന്ന് പാനീയങ്ങള്‍ ഒഴിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്. ഞാന്‍ അറിയാതെ കരഞ്ഞ് പോയ നിമിഷങ്ങളായിരുന്നു അത്. ആ വലിയ മനുഷ്യന്റെ മരണം വ്യാപാര കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്.
അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


-എ.കെ മൊയ്തീന്‍ കുഞ്ഞി
(കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് )

Related Articles
Next Story
Share it