പൂങ്കുയില്‍ പറന്നകന്നു...
1970കളുടെ മധ്യകാലം. വിളയില്‍ വത്സലയെന്ന കൊച്ചുഗായിക ഉദയം കൊണ്ട കാലം. കോഴിക്കോട് ആകാശവാണിയില്‍ ബാലലോകം എന്ന പേരില്‍ വി.എം കുട്ടി കുട്ടികളുടെ പരിപാടി അവതരിപ്പിക്കുന്നു. അന്നൊരിക്കല്‍ വാരിക്കുഴിയില്‍ അഹ്മദ് കുട്ടി വത്സലയെ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കൊണ്ടുവരുന്നു. കെ.എന്‍.എ. ഖാദര്‍ അന്ന് വിദ്യാര്‍ത്ഥിയാണ്. പരിപാടിക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഖാദറുമുണ്ട്. വത്സലയുടെ പാട്ടുമികവ് തിരിച്ചറിഞ്ഞ വി.എം. കുട്ടിക്ക് ആ ബാലികയുടെ ശബ്ദം ഏറെ ഇഷ്ടമായി. വത്സലയെ പരിചയപ്പെടുകയും വീട്ടുവിലാസം വാങ്ങുകയും ചെയ്തു. ആയിടയ്ക്കാണ് വി.എം. കുട്ടിക്ക് കാസര്‍കോട്ട് പരിപാടി […]
1970കളുടെ മധ്യകാലം. വിളയില്‍ വത്സലയെന്ന കൊച്ചുഗായിക ഉദയം കൊണ്ട കാലം. കോഴിക്കോട് ആകാശവാണിയില്‍ ബാലലോകം എന്ന പേരില്‍ വി.എം കുട്ടി കുട്ടികളുടെ പരിപാടി അവതരിപ്പിക്കുന്നു. അന്നൊരിക്കല്‍ വാരിക്കുഴിയില്‍ അഹ്മദ് കുട്ടി വത്സലയെ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കൊണ്ടുവരുന്നു. കെ.എന്‍.എ. ഖാദര്‍ അന്ന് വിദ്യാര്‍ത്ഥിയാണ്. പരിപാടിക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഖാദറുമുണ്ട്. വത്സലയുടെ പാട്ടുമികവ് തിരിച്ചറിഞ്ഞ വി.എം. കുട്ടിക്ക് ആ ബാലികയുടെ ശബ്ദം ഏറെ ഇഷ്ടമായി. വത്സലയെ പരിചയപ്പെടുകയും വീട്ടുവിലാസം വാങ്ങുകയും ചെയ്തു. ആയിടയ്ക്കാണ് വി.എം. കുട്ടിക്ക് കാസര്‍കോട്ട് പരിപാടി […]
1970കളുടെ മധ്യകാലം. വിളയില്‍ വത്സലയെന്ന കൊച്ചുഗായിക ഉദയം കൊണ്ട കാലം. കോഴിക്കോട് ആകാശവാണിയില്‍ ബാലലോകം എന്ന പേരില്‍ വി.എം കുട്ടി കുട്ടികളുടെ പരിപാടി അവതരിപ്പിക്കുന്നു. അന്നൊരിക്കല്‍ വാരിക്കുഴിയില്‍ അഹ്മദ് കുട്ടി വത്സലയെ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കൊണ്ടുവരുന്നു. കെ.എന്‍.എ. ഖാദര്‍ അന്ന് വിദ്യാര്‍ത്ഥിയാണ്. പരിപാടിക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഖാദറുമുണ്ട്. വത്സലയുടെ പാട്ടുമികവ് തിരിച്ചറിഞ്ഞ വി.എം. കുട്ടിക്ക് ആ ബാലികയുടെ ശബ്ദം ഏറെ ഇഷ്ടമായി. വത്സലയെ പരിചയപ്പെടുകയും വീട്ടുവിലാസം വാങ്ങുകയും ചെയ്തു. ആയിടയ്ക്കാണ് വി.എം. കുട്ടിക്ക് കാസര്‍കോട്ട് പരിപാടി അവതരിപ്പിക്കാന്‍ വിളി വരുന്നത്. കെ.എം. അഹ്മദ് മാഷിനെ കണ്ട് ഒപ്പം പുതിയൊരു കുട്ടിയുണ്ടെന്നും നല്ലൊരു വേദി വേണമെന്നും കുട്ടി മാഷ് ആവശ്യപ്പെടുന്നു. അഹ്മദ് മാഷ് കെ.എസ്. അബ്ദുല്ലയുമായി സംസാരിച്ച് തളങ്കരയില്‍ നല്ലൊരു വേദി ഒരുക്കി. ഗാനമേള തുടങ്ങുന്നതായി അനൗണ്‍സ്‌മെന്റ് വന്നു. എന്നാല്‍ കര്‍ട്ടണ്‍ താഴ്ന്ന് തന്നെ കിടക്കുകയാണ്. കാണികള്‍ ആകാംക്ഷാപൂര്‍വ്വം കാത് കൂര്‍പ്പിച്ച് കാത്തിരിക്കുന്നതിനിടയില്‍ കര്‍ട്ടണ് പിന്നില്‍ നിന്ന് ഒരു പൂങ്കൂയില്‍ ശബ്ദം ഉയര്‍ന്നു. നിറഞ്ഞ സദസാണ്. 11 വയസുള്ള കുട്ടിയാണ് പാടുന്നത്. നിറഞ്ഞ സദസിനെ കണ്ട് സഭാകമ്പം തോന്നിയാലോ എന്ന് കരുതി കെ.എസ്. അബ്ദുല്ലയാണ് കര്‍ട്ടണ്‍ ഉയര്‍ത്തേണ്ട എന്ന് നിര്‍ദ്ദേശിച്ചത്. ഒരു പെണ്‍കുട്ടി അറബി ഗാനം പാടുന്നു എന്ന് മാത്രമായിരുന്നു അറിയിപ്പ്. പെണ്‍കുട്ടിയുടെ പേര് പോലും വെളിപ്പെടുത്തിയിരുന്നില്ല.
'ആമിന്‍ത്തുസക്കുറുജീ...'
അക്ഷരസ്ഫുടതയോടെ അതിമനോഹരമായി പാവാടക്കാരി പെണ്‍കുട്ടി ആ പാട്ടു പാടിയപ്പോള്‍ പെരുമഴപോലെ കയ്യടി. സദസ് ഒന്നടങ്കം എണീറ്റ് നിന്നു. കെ.എസ്. അബ്ദുല്ല മുന്‍നിരയില്‍ നിന്ന് എണീറ്റ് സ്റ്റേജിന് പിന്നിലേക്ക് ഓടി വന്ന് പാട്ടുകാരിയെ അഭിനന്ദനം കൊണ്ട്മൂടി.
'വണ്‍സ്മോര്‍...'
ഒരുവട്ടം കൂടി അതേ പാട്ട് ഒരുവട്ടം കൂടി പാടണമെന്ന് സദസ് ഒന്നടങ്കം ആവശ്യപ്പെട്ടു. മധുരശബ്ദം കൊണ്ട് കോരിത്തരിപ്പിച്ച പാട്ടുകാരിയെ കാണണമെന്നും കര്‍ട്ടണ്‍ ഉയര്‍ത്തണമെന്നും സദസ് ഉയര്‍ക്കെ ആവശ്യപ്പെട്ടു.
കര്‍ട്ടണ്‍ ഉയര്‍ന്നു. മുന്നില്‍ നീണ്ടുമെലിഞ്ഞ ഇളം നിറത്തിലുള്ള ഒരു പാവാടക്കാരി മൈക്കുമായി നില്‍ക്കുന്നു. തിങ്ങിനിറഞ്ഞ സദസിനെ കണ്ട് പേടിച്ചാവണം, മുഖത്ത് ചിരിയുടെ ലക്ഷണം പോലുമില്ല. സദസ് ഒന്നടങ്കം കയ്യടിച്ച് അവളെ പ്രോത്സാഹിപ്പിച്ചു. അവള്‍ വീണ്ടും പാടി. അതേ ഗാനം, അതേ ശ്രുതിയില്‍. മഴ പെയ്ത് തീര്‍ന്നത് പോലെ പാട്ട് അവസാനിച്ചപ്പോള്‍ സദസ് ഒന്നടങ്കം എണീറ്റ് നിന്ന് അഭിനന്ദനപ്പൂക്കള്‍ ചൊരിഞ്ഞു. വേദിയിലേക്ക് നാണയങ്ങളും നോട്ടുകളും വന്നു വീണു. കെ.എസ്. അബ്ദുല്ലയും അഹ്മദ് മാഷും വേദിയില്‍ ഓടിച്ചെന്ന് അവളെ അഭിനന്ദനം കൊണ്ട് മൂടി. അഹ്മദ് മാഷ് മൈക്ക് എടുത്ത് സദസിനോട് ആ നവാഗത ഗായികയുടെ പേര് വെളിപ്പെടുത്തി: വിളയില്‍ വത്സല. അന്ന് തളങ്കരയില്‍ ഉയര്‍ന്ന കയ്യടിപൂരമായിരിക്കും വത്സലയുടെ ജീവിത്തിലെ ആദ്യകാലത്തെ ഏറ്റവും വലിയ അംഗീകാരം. ഉബൈദിന്റെ മണ്ണില്‍ വന്ന് പാടി നേടിയ കരുത്തുമായി വത്സല പിന്നീട് മാപ്പിളപ്പാട്ടിന്റെ മധുര വഴികളിലൂടെ പാടിപ്പറക്കുകയായിരുന്നു.
വത്സല പിന്നീട് വിളയില്‍ ഫസീല എന്ന പേരില്‍ രാജ്യത്തും വിദേശ രാജ്യങ്ങളിലും ഒരു വാനമ്പാടിയെപോലെ പറന്നു നടന്നു.
വിളയില്‍ ഗ്രാമത്തില്‍ ഉള്ളാട്ടുതൊടി കേളന്റെയും ചെറുപെണ്ണിന്റെയും മകളായാണ് വത്സല ജനിച്ചത്. പ്രത്യേകിച്ച് സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. വത്സലയുടെ ജ്യേഷ്ഠന്‍ സിനിമാഗാനങ്ങളുമായി ഇറങ്ങുന്ന പുസ്തകങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ഇത്തരം പുസ്തകങ്ങള്‍ നോക്കി കുഞ്ഞു വത്സലയും സഹോദരനും ഗാനങ്ങളാലപിക്കുമായിരുന്നു. വല്ലപ്പോഴും അയല്‍ വീടുകളിലെ റേഡിയോകളില്‍ നിന്നും കല്യാണ വീടുകളിലെ കോളാമ്പികളില്‍ നിന്നും കേട്ട ഈണങ്ങള്‍ മാത്രമായിരുന്നു കുഞ്ഞുവത്സലയുടെ സംഗീതത്തിന് കൂട്ട്. അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കല്യാണ വീട്ടില്‍ പാടുന്നത്. പിന്നീട് സ്‌കൂളിലെ സാഹിത്യ സമാജങ്ങളില്‍ സ്ഥിരം ഗായികയായി.
ബാലലോകം പരിപാടിക്ക് ശേഷം വി.എം കുട്ടി മാഷിന്റെ ശിഷ്യത്വത്തിലായിരുന്നു കുഞ്ഞുവത്സല. മൂന്നാം വയസില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മാവന്‍മാരുടെ കൂടെയാണ് വളര്‍ന്നത്. പിതാവ് നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് മാപ്പിളപ്പാട്ടില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
വി.എം കുട്ടി മാഷിന്റെ വീട്ടില്‍ നിന്നായിരുന്നു മാപ്പിളപ്പാട്ട് പഠനം. മാലതി, സതി, സുശീല തുടങ്ങി മറ്റു കുട്ടികളുമുണ്ടായിരുന്നു. അക്കാലത്ത് ആയിശ സഹോദരിമാരായിരുന്നു മാഷിന്റെ ട്രൂപ്പിലെ പ്രധാന ഗായകര്‍.
തട്ടമിട്ട് മാപ്പിളപ്പാട്ട് പാടുന്ന വത്സല അന്ന് മലബാറില്‍ ഒരത്ഭുതം തന്നെയായിരുന്നു. ആലാപന മികവുകൊണ്ട് അവര്‍ മാപ്പിളപ്പാട്ട് പ്രേമികളുടെ മനസിലിടം നേടി. വത്സലയുടെ വേദികള്‍ തിരഞ്ഞ് ആസ്വാദക ഹൃദയങ്ങള്‍ സഞ്ചരിച്ചിരുന്നു. അറബി വാക്കുകള്‍ ഉച്ചാരണശുദ്ധിയോടെ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അറബ് കവി ഇമാം ബുസ്വൂരിയുടെ ഒരു ബുര്‍ദ കാവ്യം ആലപിക്കുന്നത് കേട്ട് യേശുദാസ് വത്സലയെ അഭിനന്ദിക്കുകയുണ്ടായി. പിന്നീട് ദാസേട്ടന്‍ കാസറ്റിനായി ബുര്‍ദ പാടിയപ്പോള്‍ അത് പറഞ്ഞുകൊടുത്തത് വിളയില്‍ ഫസീലയായിരുന്നു. പില്‍ക്കാലത്ത് വത്സല ഇസ്ലാം മതം സ്വീകരിച്ച് ഫസീലയായി. 1986ല്‍ ടി.കെ.പി മുഹമ്മദലിയെ വിവാഹം ചെയ്തു. ഫയാദ് അലി, ഫാഹിമ എന്നിങ്ങനെ രണ്ടു മക്കളും പിറന്നു.
മാപ്പിളപ്പാട്ടില്‍ സ്വന്തമായി വിലാസമുണ്ടാക്കിയെടുക്കാന്‍ വിളയില്‍ ഫസീലക്ക് കഴിഞ്ഞു. 1970ല്‍ കൊളംബിയ റിക്കാര്‍ഡായി കിരി കിരി ചെരുപ്പുമായ്... എന്ന ഗാനം റിലീസ് ആയി. രണ്ടാമതായി ഇറങ്ങിയ ആമിന ബീവിക്കോമന മകനായ് എന്ന ഗാനമാണ് വിളയില്‍ ഫസീലക്ക് (അന്ന് വത്സല) മാപ്പിളപ്പാട്ട് രംഗത്ത് വലിയ ഇടം നേടിക്കൊടുത്തത്. ഗാനം ഹിറ്റായതോടെ സിലോണ്‍ റേഡിയോയില്‍ നിരന്തരമായി പ്രക്ഷേപണം ചെയ്യപ്പെട്ടു. 1976ല്‍ കോഴിക്കോട് വെച്ച് സംഘടിപ്പിച്ച എം.ഇ. എസ് അഖിലേന്ത്യാ മാപ്പിളപ്പാട്ട് ഗാനാലാപന മത്സരത്തില്‍ ഗ്രൂപ്പിനത്തില്‍ ഒന്നാം സ്ഥാനം നേടിയതിനു പുറമെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് നിരന്തരമായി മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയുമുണ്ടായി. രാജ്യത്തിനകത്തും പുറത്തുമായി നാലായിരത്തിലധികം വേദികളില്‍ ഫസീല പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് എന്ന കലയെ ജനകീയമാക്കുന്നതില്‍ വിളയില്‍ ഫസീലയുടെ പേരിന് വലിയ പങ്കുണ്ട്. കടലിന്റെയിക്കരെ വന്നോരെ, ഖല്‍ബുകള്‍ വെന്തു പുകഞ്ഞോരെ, തെങ്ങുകള്‍ തിങ്ങിയ നാടിന്റെയോര്‍മയില്‍, വിങ്ങിയ നിങ്ങടെ കഥ പറയൂ എന്ന ഗാനം ഒരു തരംഗമായിരുന്നു.
-ടി.എ ഷാഫി