ഉണ്ണികൃഷ്ണന്‍ മനസില്‍ നിറയുമ്പോള്‍...

ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരി എന്ന നന്മയുടെ ആള്‍രൂപം ഈ ഭൂമിയില്‍ നിന്ന് മാഞ്ഞു പോയിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. ഉണ്ണിയില്ലാത്ത ഒരു വര്‍ഷത്തെക്കുറിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ ഉള്ളം പിടയുകയാണ്. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന അപൂര്‍വ കാന്തിയുള്ള ജന്മങ്ങള്‍ അകാലത്ത് അസ്തമിക്കുമ്പോള്‍ നാം അനുഭവിക്കുന്ന നീറ്റലും ശൂന്യതയും പറഞ്ഞറിയിക്കാനോ എഴുതി പ്രതിഫലിപ്പിക്കാനോ വയ്യാത്തതാണ്. വാസ്തവത്തില്‍ ഉണ്ണി എനിക്ക് സഹപ്രവര്‍ത്തകനോ ഉറ്റമിത്രമോ സമാനമനസ്‌കനോ മാത്രമായിരുന്നില്ല; അതിലപ്പുറം സഹോദരതുല്യമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം. ഉണ്ണിയെ പരിചയപ്പെട്ട കാലം തൊട്ട് ആ പ്രാണന്‍ മേനി […]

ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരി എന്ന നന്മയുടെ ആള്‍രൂപം ഈ ഭൂമിയില്‍ നിന്ന് മാഞ്ഞു പോയിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. ഉണ്ണിയില്ലാത്ത ഒരു വര്‍ഷത്തെക്കുറിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ ഉള്ളം പിടയുകയാണ്. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന അപൂര്‍വ കാന്തിയുള്ള ജന്മങ്ങള്‍ അകാലത്ത് അസ്തമിക്കുമ്പോള്‍ നാം അനുഭവിക്കുന്ന നീറ്റലും ശൂന്യതയും പറഞ്ഞറിയിക്കാനോ എഴുതി പ്രതിഫലിപ്പിക്കാനോ വയ്യാത്തതാണ്. വാസ്തവത്തില്‍ ഉണ്ണി എനിക്ക് സഹപ്രവര്‍ത്തകനോ ഉറ്റമിത്രമോ സമാനമനസ്‌കനോ മാത്രമായിരുന്നില്ല; അതിലപ്പുറം സഹോദരതുല്യമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം. ഉണ്ണിയെ പരിചയപ്പെട്ട കാലം തൊട്ട് ആ പ്രാണന്‍ മേനി വിടുന്ന നാള്‍ വരെയും വിശുദ്ധമായ ഹൃദയ ബന്ധത്തിന് തരിമ്പും മങ്ങലേറ്റില്ല, പോറലേറ്റില്ല. ഏത് രഹസ്യവും അന്യോന്യം പറയാനും അത് ഉള്ളില്‍ കാത്തുസൂക്ഷിക്കാനും ഞങ്ങള്‍ ഇരുവര്‍ക്കും സാധിച്ചത് അത്തരമൊരു കന്മഷമില്ലാത്ത മനസ്സ് ഈശ്വരന്‍ കനിഞ്ഞു തന്നതു കൊണ്ടാകാം.
1980കളുടെ അവസാനത്തിലാണ് ഉണ്ണി എന്റെ ഹൃദയത്തിലേക്ക് പടി കടന്നെത്തുന്നത്. അഹ്മദ് മാഷുടെ കളരിയില്‍ കെ. കൃഷ്ണനും വി.പി. മനോഹരനും കെ.എം. അബ്ബാസിനുമൊപ്പം ഉണ്ണിയും പയറ്റിത്തെളിയുന്ന രമണീയമായ ഒരു കാലമായിരുന്നു അത്. കാഞ്ഞങ്ങാട്ടെ പത്രപ്രവര്‍ത്തന മേഖലയില്‍ നിന്ന് കാസര്‍കോട്ടെത്തിയ ഉണ്ണികൃഷ്ണന്റെ ജീവിത ത്തില്‍ 'ഉത്തരദേശം' ഒരു നാഴികക്കല്ലായി മാറിയെന്നത് കാല സാക്ഷ്യം.
കാസര്‍കോടന്‍ പത്രപ്രവര്‍ത്തന രംഗത്തെ മാത്രമല്ല പൊതുജീവിതത്തിലെയും സൗമ്യ സാന്നിധ്യമായിരുന്ന ഉണ്ണി 'ഉത്തരദേശ'ത്തെ എക്കാലവും ഹൃദയത്തോടു ചേര്‍ത്തു വെക്കുന്നതില്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലര്‍ത്തി. ഉണ്ണി ഒരിക്കലും അരങ്ങില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പത്രപ്രവര്‍ത്തകനായിരുന്നു.
റിപ്പോര്‍ട്ടിലായിരുന്നില്ല അദ്ദേഹത്തിന്റെ ആഭിമുഖ്യം. ഉത്തരദേശത്തിന് മുഖപ്രസംഗങ്ങള്‍ തയ്യാറാക്കാനും വാരാന്തപതിപ്പ് അണിയിച്ചൊരുക്കാനും അനിതരസാധാരണമായ ഒരു മിടുക്കായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഉത്തരദേശത്തിന്റെ ന്യൂസ് എഡിറ്റര്‍ എന്ന നിലയില്‍ പത്രത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
സംഘടനാ രംഗത്തും ഉണ്ണികൃഷ്ണന്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം കാസര്‍കോട്ടെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരളയുടെ ജില്ലാ ട്രഷററായിരിക്കെയാണ് ഉണ്ണികൃഷ്ണന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റി 9ന് ശനിയാഴ്ച 3.30ന് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.
ആകാശവാണിയില്‍ ഉണ്ണികൃഷ്ണന്റെതായി നിരവധിതവണ വാര്‍ത്താ അവലോകനങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. പി.ടി.ഐയുടെ കാസര്‍കോട് ലേഖകനായും ദീര്‍ഘകാലം അദ്ദേഹം സേവനം അനുഷ്ടിച്ചു.
മാനവികതയും ആര്‍ദ്രതയും മുഖമുദയായുണ്ടായിരുന്ന ഈ പത്രപ്രവര്‍ത്തകനെ നോക്കി എല്ലാവരും 'ഇതാ ഒരു നല്ല മനുഷ്യന്‍' എന്ന് പറയുന്നതും നമുക്ക് കേള്‍ക്കാനൊത്തു. തീര്‍ച്ചയായും അത് ഒരു സഫല ജന്മത്തിന്റെ സാക്ഷ്യപത്രമത്രെ. വാസ്തവത്തില്‍ ഒരു കര്‍മ്മയോഗിയായിരുന്നു അദ്ദേഹം.
സ്വഭാവ ഗുണങ്ങളാല്‍ സമ്പന്നമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നത് സുവിദിതം. പരിചയപ്പെടുന്ന ആരിലും സ്‌നേഹത്തിന്റെ മുദ്രകള്‍ പതിപ്പിക്കുന്നതില്‍ ഉണ്ണി എന്നും ശുഷ്‌ക്കാന്തി പുലര്‍ത്തി.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ കോഴിക്കോട്ടു നടന്ന സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനത്തില്‍ സംഗമിച്ച ശേഷം വഴി പിരിഞ്ഞ ഉണ്ണി തൊട്ടുപിന്നാലെ ഒരു സ്വപ്‌നം പോലെയാണ് മാഞ്ഞുപോയത്. അപൂര്‍ണമായ ഒരു മുഗ്ധ ചിത്രം പോലെ...
മരണം എന്ന രംഗ ബോധമില്ലാത്ത കോമാളിയെക്കുറിച്ച് ആര്‍ക്ക് എന്തു പറയാന്‍...? സ്‌നേഹിച്ച് കൊതി തീരാത്ത ആ പ്രാണപ്രിയന്റെ ദീപ്ത സ്മൃതികള്‍ക്കു മുന്നില്‍ നിത്യാദരപ്രണാമം...


-വി.വി. പ്രഭാകരന്‍

Related Articles
Next Story
Share it