എന്റെ ഗുരു ഉമര്‍ മൗലവി എത്ര സൗമ്യനായിരുന്നു

മഹത്തായ അറബി ഭാഷയുടെ ആദ്യാക്ഷരം നുകര്‍ന്നു തന്ന ഉമര്‍ മൗലവി കുറ്റിക്കോല്‍ എത്ര സൗമ്യനായിരുന്നു.അറബി പഠിപ്പിക്കുന്നതില്‍ മാത്രമല്ല കയ്യക്ഷരം നന്നാക്കുവാനും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കിയ ഗുരുവായിരുന്നു.അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍ മനസ്സില്‍ ദു:ഖത്തിന്റെ കാര്‍മേഘം വട്ടമിട്ട് പറക്കുകയായിരുന്നു.നല്ല വാത്സല്യത്തോടെ, വിനയത്തോടെ അതിലുപരി ബഹുമാനാദരവോടെ പഠിപ്പിച്ച വ്യക്തിയായിരുന്നു എന്റെ അറബി ഉസ്താദ് ഉമര്‍ മൗലവി. എന്നും പുഞ്ചിരി തൂകുന്ന പ്രകാശ പൂരിതമായ മുഖം. അദ്ദേഹത്തിന്റെ ക്ലാസ് മുറി എന്നും അറബി അക്ഷരങ്ങളുടെ കലവറയായിരുന്നു. നെല്ലിക്കുന്ന് […]

മഹത്തായ അറബി ഭാഷയുടെ ആദ്യാക്ഷരം നുകര്‍ന്നു തന്ന ഉമര്‍ മൗലവി കുറ്റിക്കോല്‍ എത്ര സൗമ്യനായിരുന്നു.
അറബി പഠിപ്പിക്കുന്നതില്‍ മാത്രമല്ല കയ്യക്ഷരം നന്നാക്കുവാനും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കിയ ഗുരുവായിരുന്നു.
അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍ മനസ്സില്‍ ദു:ഖത്തിന്റെ കാര്‍മേഘം വട്ടമിട്ട് പറക്കുകയായിരുന്നു.
നല്ല വാത്സല്യത്തോടെ, വിനയത്തോടെ അതിലുപരി ബഹുമാനാദരവോടെ പഠിപ്പിച്ച വ്യക്തിയായിരുന്നു എന്റെ അറബി ഉസ്താദ് ഉമര്‍ മൗലവി. എന്നും പുഞ്ചിരി തൂകുന്ന പ്രകാശ പൂരിതമായ മുഖം. അദ്ദേഹത്തിന്റെ ക്ലാസ് മുറി എന്നും അറബി അക്ഷരങ്ങളുടെ കലവറയായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളിന്റെ നാലു ചുമരുകള്‍ക്ക് അറബി ഉസ്താദായ ഉമര്‍ മൗലവിയെ പറ്റി, അദ്ദേഹത്തിന്റെ അധ്യാപനത്തെ പറ്റി ഒരുപാട് പറയാനുണ്ടാകും.
അത്രയ്ക്കും ബഹുമാനവും സൗമ്യതയും നിറഞ്ഞ ഗുരുവായിരുന്നു. തൂവെള്ള വസ്ത്രവും തോളിലൊരു ഷാളുമായി വരുന്ന ഉസ്താദിനെ കാണുമ്പോള്‍ ആദരവേറുകയായിരുന്നു.
വെള്ള താടിയും തലമുടിയും കണ്ണടയും വെച്ച അവരെ കാണുന്നത് തന്നെ എന്ത് ഭംഗിയായിരുന്നു. സല്‍ഗുണ സ്വഭാവമുള്ള ഉമര്‍ ഉസ്താദ് സ്വന്തം മക്കളെ പോലെയായിരുന്നു കണ്ടതും പഠിപ്പിച്ചതും.
അറബി എഴുത്തിലെ എന്റെ കയ്യക്ഷരം നന്നാക്കി തന്ന വന്ദ്യഗുരുവാണ് കുറ്റിക്കോല്‍ ഉമര്‍ മൗലവി. അറബി ഹോം വര്‍ക്കില്‍ കയ്യക്ഷരം നന്നാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത എന്നെ ഏറെ അസ്വസ്ഥനാക്കി. അദ്ദേഹം ഏറെ കാലം നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ സേവനം ചെയ്തിരുന്നു. നെല്ലിക്കുന്ന് പ്രദേശ വാസികള്‍ക്കും എന്നപ്പോലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രിയപ്പെട്ട ഒരാളായിരുന്നു.
ഭൂമിക്ക് പോലും വേദന വരാത്തവിധം നടന്നിരുന്നവരായിരുന്നു. സ്‌നേഹ ചൈതന്യവും ബഹുമാനാദരണവും കൊണ്ടും വശ്യമായ പുഞ്ചിരിയും സൗമ്യതയാലും ആരേയും ആകര്‍ഷണ പാതയിലേക്കെത്തിച്ച മാന്യ വ്യക്തി.
വെളുത്ത് തുടുത്ത പ്രകാശ പൂരിതമായ മുഖവും വെളുത്ത താടിയും ഏറെ ആകര്‍ഷണീയമായിരുന്നു. അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കുവാന്‍ കരുണാമയനോട് പ്രാര്‍ത്ഥിക്കുന്നു.

-മുഹമ്മദലി നെല്ലിക്കുന്ന്‌

Related Articles
Next Story
Share it