ഷാഫി ഉസ്താദ്; അകവും പുറവും തേച്ചുമിനുക്കിയ പണ്ഡിതന്‍

നാലരപ്പതിറ്റാണ്ടിലേറെക്കാലം അറിവുണര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നന്മയുടെ പക്ഷം ചേര്‍ത്തുനിര്‍ത്തി വിനയം കൊണ്ട് വിസ്മയിപ്പിച്ച മഹാഗുരുവായിരുന്നു ഷാഫിഉസ്താദ്. തുറന്ന മനസ്സുള്ള, ഉയര്‍ന്ന ചിന്തയുള്ള, സ്റ്റേജിലും പേജിലും നിറഞ്ഞു നില്‍ക്കാന്‍ താല്‍പര്യം കാണിക്കാത്ത ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് ജീവിച്ച മഹാപണ്ഡിതന്‍, സ്ഫുടമായ ഭാഷയില്‍ സംസാരിച്ച് സുന്ദരമായ അധ്യാപനങ്ങള്‍ നടത്തിയ ഗുരുവര്യര്‍.ഉസ്താദിന്റെ ദര്‍സില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഉണ്ടാവണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഉള്ളവര്‍ പഠനത്തില്‍ താല്‍പര്യമുള്ളവരാവണം എന്നായിരുന്നു നിലപാട്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ അടുത്ത് വിളിച്ച് ഉള്ളുതുറന്ന് സംസാരിക്കും. താല്‍പര്യമില്ലെന്നു കണ്ടാല്‍ അവരാഗ്രഹിക്കുന്ന […]

നാലരപ്പതിറ്റാണ്ടിലേറെക്കാലം അറിവുണര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നന്മയുടെ പക്ഷം ചേര്‍ത്തുനിര്‍ത്തി വിനയം കൊണ്ട് വിസ്മയിപ്പിച്ച മഹാഗുരുവായിരുന്നു ഷാഫിഉസ്താദ്. തുറന്ന മനസ്സുള്ള, ഉയര്‍ന്ന ചിന്തയുള്ള, സ്റ്റേജിലും പേജിലും നിറഞ്ഞു നില്‍ക്കാന്‍ താല്‍പര്യം കാണിക്കാത്ത ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് ജീവിച്ച മഹാപണ്ഡിതന്‍, സ്ഫുടമായ ഭാഷയില്‍ സംസാരിച്ച് സുന്ദരമായ അധ്യാപനങ്ങള്‍ നടത്തിയ ഗുരുവര്യര്‍.
ഉസ്താദിന്റെ ദര്‍സില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഉണ്ടാവണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഉള്ളവര്‍ പഠനത്തില്‍ താല്‍പര്യമുള്ളവരാവണം എന്നായിരുന്നു നിലപാട്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ അടുത്ത് വിളിച്ച് ഉള്ളുതുറന്ന് സംസാരിക്കും. താല്‍പര്യമില്ലെന്നു കണ്ടാല്‍ അവരാഗ്രഹിക്കുന്ന വഴിയില്‍ തിരിച്ചുവിടും. അതോടെ ഗുരുശിഷ്യബന്ധം ഫുള്‍സ്റ്റോപ്പാവുന്നില്ല. അവര്‍ എവിടെയായാലും കൃത്യമായ ഫോളോഅപ്പ് ഉസ്താദിന്റെ ഭാഗത്ത് നിന്നുണ്ടാകും. അവരുടെ ഉയര്‍ച്ചയും വളര്‍ച്ചയും ഉസ്താദുമായവര്‍ പങ്കുവെക്കും. 21-ാം വയസില്‍ ദര്‍സ് തുടങ്ങിയത് മുതല്‍ നാളിതുവരെയുള്ള വിദ്യാര്‍ത്ഥികളുടെ കൃത്യമായ കണക്ക് സൂക്ഷിച്ചു വെച്ചിരുന്നു. അവരില്‍ പ്ലമ്പറും ഡ്രൈവറും ഡോക്ടറും എല്ലാവരുമുണ്ടായിരുന്നു. സെക്കന്റ് സൂചികള്‍ പോലും ഉസ്താദിന്റെ സമയം അടയാളപ്പെടുത്തും.
ഒരു ദിവസം ജില്ലയിലെ പ്രമുഖ മുദരീസ് ഉസ്താദിനെ കാണാന്‍ വന്നു. ഫറാഇള് (അനന്തര സ്വത്ത് വകകളെ കുറിച്ച് വിവരിക്കുന്ന കിത്താബ്) അത് നന്നായി ഓതിപ്പഠിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. മുതഅല്ലീമീങ്ങള്‍ ഉച്ചഭക്ഷണത്തിന് പോകുന്ന സമയത്ത് അദ്ദേഹത്തോട് വരാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് വിശ്രമത്തിന് വിഘാതമാവില്ലേ എന്നദ്ദേഹം ഉണര്‍ത്തിയപ്പോള്‍ കിത്താബോതി കൊടുക്കല്‍ തന്നെയാണ് എന്റെ വിശ്രമം എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ആളുകള്‍ പരിപാടിക്ക് ക്ഷണിച്ചാല്‍ കൃത്യസമയം മാത്രം വന്ന് കൊണ്ടുപോയി. കാര്യം കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചെത്തണമെന്ന ഉപാധി വെക്കും. നിങ്ങളുടെ വീട്ടിലെ പാര്‍ട്ടി കാരണം എന്റെ ദര്‍സ് മുടങ്ങിപ്പോകരുതെന്ന് പ്രത്യേകം അവരെ ഓര്‍മ്മിപ്പിക്കും.
നമ്മുടെ ചുറ്റുപാടുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ ഏറെയുണ്ട്. അവരുടെ സങ്കടങ്ങള്‍ നമ്മോടായി പറയുമ്പോള്‍ അതൊന്നും കേട്ടുകൊണ്ടിരിക്കാന്‍ നമുക്ക് സമയമില്ല. നാം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ കേള്‍ക്കണം. അന്യനെ കേട്ടുകൊണ്ടിരിക്കുക എന്നത് പ്രശ്‌നപരിഹാരത്തിന്റെ വഴിയാണ്. ഇതില്‍ ഉസ്താദ് ഞങ്ങള്‍ക്ക് മാതൃകയാണ്. അത് കൊണ്ട് തന്നെ അടുത്തിടപഴകിയ ഒരാളും അകന്നു പോയില്ല. കൂടുതല്‍ അടുക്കുക മാത്രമായിരുന്നു.
കര്‍മഗോള ഗണിത ശാസ്ത്രത്തില്‍ അഗ്രഗണ്യനായ ഉസ്താദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ മാന്ത്രിക കലണ്ടര്‍ ശ്രദ്ധേയമായിരുന്നു. കൂട്ടത്തില്‍ ഒരു കോപ്പി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും അയച്ചുകൊടുത്തു. അവരുടെ അഭിനന്ദന കത്ത് ഉസ്താദിനെ തേടിയെത്തി. സേവനം ചെയ്യുന്ന നാടുകളില്‍ നീതി പുലര്‍ത്തി, നാട്ടുകാരോട് അടുപ്പത്തിലും അകല്‍ച്ചയിലും പരിധിവിട്ടില്ല. തര്‍ക്ക വിഷയങ്ങളില്‍ പക്ഷം ചേരാതെ ഇടപെട്ട് വിജയം കണ്ടു. 40 വര്‍ഷത്തോളം ദര്‍സ് നടത്താനുള്ള ഭാഗ്യം ലഭിക്കാന്‍ ദുആ ചെയ്യണം എന്ന് ശിഷ്യരോട് പറയുമായിരുന്നു. നീണ്ട 45 വര്‍ഷത്തെ ദര്‍സ് സേവനം ഒടുവില്‍ ധന്യമായി.
അറിവ് ഉയര്‍ത്തപ്പെടുക എന്നത് അന്ത്യനാളിന്റെ അടയാളത്തില്‍ തിരുനബി ഉണര്‍ത്തിയതാണ്. അകവും പുറവും നന്മയിലായി ജീവിച്ച് നികത്താനാവാത്ത വിടവും തീരാത്ത വേദനയുമായി അല്‍ഹാജ് ഷാഫി ഉസ്താദ് റബ്ബിന്റെ റഹ്മത്തിലേക്ക് യാത്രയായി ഒരാണ്ട് പിന്നിട്ടിരിക്കുന്നു. റബ്ബ് ദറജ വര്‍ധിപ്പിക്കട്ടെ... സ്വര്‍ഗത്തില്‍ അവര്‍ക്കൊപ്പം നമുക്കും ഒരിടം നല്‍കട്ടെ.


-അബൂബക്കര്‍ കാമില്‍ സഖാഫി

Related Articles
Next Story
Share it