എം. മൊയ്തീന്‍: മായാത്ത വ്യക്തിമുദ്ര

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ രംഗത്ത് പ്രത്യയശാസ്ത്രങ്ങളും കക്ഷി താല്‍പര്യങ്ങളും തമ്മില്‍ എത്രയോ സംഘട്ടനങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോഴും അവക്കെല്ലാമുപരി പ്രതിയോഗികളുടെ പോലും സമാദരവ് ആര്‍ജ്ജിക്കാറുള്ള ചില വിശിഷ്ട വ്യക്തികളുണ്ട്. ആ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് ദിവസങ്ങള്‍ക്ക് മുമ്പ് നിര്യാതനായ എം. മൊയ്തീന്‍. ഞാനും മൊയ്തീന്‍ച്ചയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയുമുള്ള ബന്ധമല്ല. അതിലുപരി കുടുംബ ബന്ധവും. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ വരും. കട്ടനടിച്ച് ഞങ്ങള്‍ സൊറ പറയാനിരിക്കും. എനിക്ക് രാഷ്ട്രീയം ഇഷ്ടമല്ലാത്തത് കൊണ്ട് എന്നോട് രാഷ്ട്രീയം പറയാറില്ല. തമാശകളും […]

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ രംഗത്ത് പ്രത്യയശാസ്ത്രങ്ങളും കക്ഷി താല്‍പര്യങ്ങളും തമ്മില്‍ എത്രയോ സംഘട്ടനങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോഴും അവക്കെല്ലാമുപരി പ്രതിയോഗികളുടെ പോലും സമാദരവ് ആര്‍ജ്ജിക്കാറുള്ള ചില വിശിഷ്ട വ്യക്തികളുണ്ട്. ആ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് ദിവസങ്ങള്‍ക്ക് മുമ്പ് നിര്യാതനായ എം. മൊയ്തീന്‍. ഞാനും മൊയ്തീന്‍ച്ചയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയുമുള്ള ബന്ധമല്ല. അതിലുപരി കുടുംബ ബന്ധവും. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ വരും. കട്ടനടിച്ച് ഞങ്ങള്‍ സൊറ പറയാനിരിക്കും. എനിക്ക് രാഷ്ട്രീയം ഇഷ്ടമല്ലാത്തത് കൊണ്ട് എന്നോട് രാഷ്ട്രീയം പറയാറില്ല. തമാശകളും നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞ് പിരിയും. വീട്ടില്‍ ചടഞ്ഞിരിക്കുന്ന പ്രകൃതക്കാരനല്ല അദ്ദേഹം. എവിടെയെങ്കിലും സഞ്ചരിക്കണം. എന്റെ തറവാട് വീട്ടില്‍ ശംസു അമ്മാവനെ കാണാന്‍ ദിവസവും അദ്ദേഹം പോകും. ശംസു അമ്മാവനും ഇദ്ദേഹവും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കുക സാധ്യമല്ല. അതൊരു ആത്മബന്ധമാണ്. ഒരു വര്‍ഷം മുമ്പാണ് അമ്മാവന്‍ ശംസു മരണപ്പെട്ടത്. അമ്മാവന്റെ മരണം മൊയ്തീന്‍ച്ചയെ തളര്‍ത്തിയിരുന്നു.
1974മുതല്‍ 1992വരെ ചൗക്കി യൂത്ത്‌ലീഗിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിനുള്ളില്‍ ബലവത്തായ ഒരടിത്തറ പാകാന്‍ മൊയ്തീന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന് കഴിഞ്ഞിട്ടുണ്ട്. ചൗക്കിയില്‍ എന്ന് വേണ്ട പഞ്ചായത്തിലാകമാനമുള്ള പല രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പെട്ടവരും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകയാക്കിയിട്ടുണ്ട്. കറകളഞ്ഞ നേതാവെന്ന പേര് അരുമയോടെ നാട്ടുകാര്‍ അദ്ദേഹത്തിന് പതിച്ചു നല്‍കി. പുഞ്ചിരി തൂകുന്ന അദ്ദേഹത്തിന്റെ മുഖം ഒരു തവണ കണ്ടവര്‍ക്ക് പോലും മറക്കാനാവില്ല.
സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ശബ്ദിക്കുന്ന ആ നല്ല മനുഷ്യന് ചൗക്കിയില്‍ ഒരുപാട് ബന്ധങ്ങളുണ്ട്. സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളുമായി ഒട്ടേറെ പേരുണ്ട്. മൊയ്തീന്‍ തീ തുപ്പുന്ന പ്രാസംഗികനോ, സമര രംഗത്ത് പൊട്ടിത്തെറിക്കുന്ന ആളോ അല്ല. അത്തരം ശീലക്കാരില്‍ പലരും കാര്യം വരുമ്പോള്‍ കവാത്ത് മറക്കുന്നവരായി നാം കണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ മൊയ്തീന്‍ച്ചാക്ക് പിന്നെ ഇരിക്കപ്പൊറുതിയില്ല. ശരീരം മറന്ന് ചത്ത് പ്രവര്‍ത്തിക്കും.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് മൊയ്തീന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ശാഖാ പ്രസിഡണ്ടായിരുന്നു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലിംലീഗില്‍ നിന്ന് രാജി വെച്ചു. സുലൈമാന്‍ സേട്ടിന്റെ ആരാധകനായിരുന്ന മൊയിതീന്‍ സേട്ടിന്റെ പാത പിന്തുടര്‍ന്ന് മുസ്ലിം ലീഗിനോട് വിട പറഞ്ഞു. 1994ല്‍ സേട്ട് സാഹിബ് രൂപം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്നു. ഐക്യമുന്നണിക്ക് പൊതുവെയും മുസ്ലിംലീഗിന് പ്രത്യേകിച്ചും അദ്ദേഹത്തിന്റെ രാജി തീരാനഷ്ടം തന്നെയാണ് സൃഷ്ടിച്ചത്.
1994 മുതല്‍ ഏറെക്കാലം വരെ അദ്ദേഹം നാഷണല്‍ ലീഗിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നു. സ്വതവേ മിതഭാഷിയാണെങ്കിലും സ്വാഭിപ്രായം തുറന്ന് പറയുകയും അതില്‍ ധീരമായി ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു, പരേതന്‍. തന്റെ പാര്‍ട്ടിയിലുള്ളവരെ മാത്രമല്ല, മറ്റ് പാര്‍ട്ടികളില്‍ പെട്ടവരെപ്പോലും അദ്ദേഹം ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. പൊതുകാര്യ രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു നേതാവ് കൂടിയാണദ്ദേഹം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ വികസന കാര്യങ്ങളില്‍ മൊയ്തീന്‍ച്ച പ്രദര്‍ശിപ്പിച്ച് പോന്ന ശ്രദ്ധ അന്യാദൃശ്യമായിരുന്നു. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും സമ്മതിച്ച് പോന്ന കാര്യമാണിത്. സ്‌നേഹത്തിലൂടെയും ഉദാരമായ പെരുമാറ്റം കൊണ്ടും എതിരാളികളെ വശീകരിക്കാനുള്ള പരേതന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ചൗക്കി ദേശത്തെ മാത്രമല്ല, മൊഗ്രാല്‍പുത്തൂരിലെ മുഴുവന്‍ ജനങ്ങളുടെയും കണ്ണിലുണ്ണിയും കരള്‍ത്തുടിപ്പുമായിരുന്നു അദ്ദേഹം. രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാമൂഹ്യ രംഗത്തും അനല്‍പമായ സേവനങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കാവുഗോളി ചൗക്കി നൂറുല്‍ ഹുദാ മസ്ജിദിന്റെയും മദ്രസയുടെയും പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് സജീവമായ പങ്കുണ്ടായിരുന്നു. കലാ സാംസ്‌കാരിക രംഗത്ത് അദ്ദേഹത്തിന്റെ സേവനങ്ങള്‍ മികച്ചതായിരുന്നു. നാട്ടില്‍ ഞങ്ങള്‍ നാടകം കളിച്ചപ്പോള്‍ അതിന് വേണ്ട ഒത്താശകള്‍ ചെയ്ത് തന്ന് സഹകരിച്ചത് ഞാനിന്നുമോര്‍ക്കുന്നു.
വിനയ ശീലനും സ്‌നേഹ സമ്പന്നനുമായിരുന്ന മൊയ്തീന്‍ച്ചയുടെ നിര്യാണത്തില്‍ നല്ലൊരു നേതാവിനെയാണ് കാവുഗോളിയിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം അല്ലാഹു ധന്യമാക്കിക്കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.


-കെ.കെ അബ്ദു കാവുഗോളി

Related Articles
Next Story
Share it