എസ്. അബൂബക്കര്‍ ഉമ്മയുടെ അടുത്തെത്തി

അവനും ഉമ്മയുടെ അടുത്തെത്തി... പിറകില്‍ ഒന്നുമില്ലാതെ എല്ലാം ഉണ്ടായിരുന്ന എസ്. അബൂബക്കര്‍ യാത്രയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.'ജനുവരി അഞ്ചാം തീയ്യതി മകളുടെ കല്യാണമാണ് കുടുംബ സമേതം വരണം- ശമീമയേയും കൂട്ടണം. ഷാഫിച്ചാനെ ഞാന്‍ നേരില്‍ കണ്ട് പറയും, മുജീബിനോടും പറഞ്ഞിട്ടുണ്ട്. ബാക്കി നേരില്‍ കണ്ട് സംസാരിക്കാം. സൗഹൃദത്തിന്റെ തണലിന് കീഴിലെ ഒറ്റമുറിയിലിരുന്നവന്‍ സംസാരിച്ച് വെച്ചു.അകകണ്ണിലെ പുറംകണ്ണുമായ് എഴുതിയ കവിതയിലും കുറിപ്പുകളിലും വിഷാദത്തിന്റെ നേര്‍ത്ത മര്‍മ്മരം ഉണ്ടായിരുന്നു. അതവന്റെ സ്‌നേഹ നിധികളായ കുടുംബത്തേയും സൗഹൃദങ്ങളെയും തഴുകി വന്നു. മതമായാലും രാഷ്ട്രീയമായാലും […]

അവനും ഉമ്മയുടെ അടുത്തെത്തി... പിറകില്‍ ഒന്നുമില്ലാതെ എല്ലാം ഉണ്ടായിരുന്ന എസ്. അബൂബക്കര്‍ യാത്രയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.
'ജനുവരി അഞ്ചാം തീയ്യതി മകളുടെ കല്യാണമാണ് കുടുംബ സമേതം വരണം- ശമീമയേയും കൂട്ടണം. ഷാഫിച്ചാനെ ഞാന്‍ നേരില്‍ കണ്ട് പറയും, മുജീബിനോടും പറഞ്ഞിട്ടുണ്ട്. ബാക്കി നേരില്‍ കണ്ട് സംസാരിക്കാം. സൗഹൃദത്തിന്റെ തണലിന് കീഴിലെ ഒറ്റമുറിയിലിരുന്നവന്‍ സംസാരിച്ച് വെച്ചു.
അകകണ്ണിലെ പുറംകണ്ണുമായ് എഴുതിയ കവിതയിലും കുറിപ്പുകളിലും വിഷാദത്തിന്റെ നേര്‍ത്ത മര്‍മ്മരം ഉണ്ടായിരുന്നു. അതവന്റെ സ്‌നേഹ നിധികളായ കുടുംബത്തേയും സൗഹൃദങ്ങളെയും തഴുകി വന്നു. മതമായാലും രാഷ്ട്രീയമായാലും സാഹിത്യമായാലും അറിവുകള്‍ക്കുള്ളിലെ അറിവ് തേടിയെത്തും അബു. അതന്വേഷിച്ച് അലഞ്ഞവന്‍ സര്‍ഗ്ഗാത്മകതയുടെ വെളിച്ചം വാരി വിതറി. താനെഴുതിയ കുറിപ്പുകളിലും കവിതകളിലും ദൃഢമായ അക്ഷരങ്ങള്‍ കൊണ്ട് സര്‍ഗ്ഗാത്മക ആവിഷ്‌കാരം നടത്തി. അതെ, അബു ശാശ്വതമായ ജീവിതത്തിലേക്ക് യാത്രയായിരിക്കുന്നു. തന്റെ നിയോഗത്തെ പാതിവഴിയില്‍ ഉപേക്ഷിച്ച് സര്‍വ്വശക്തനിലേക്ക് തിരിച്ച് വരാന്‍ അവനോട് കല്‍പിച്ചിരിക്കുന്നു. അബുവിന്റെ വേര്‍പാടിന്റെ കാഠിന്യം മനസ്സാകെ മരവിച്ച് പോകുന്ന അവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ ദിവസങ്ങള്‍ എടുത്തു. അബു ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു. കഥയും കവിതയും തന്റെ ചുറ്റുപാടുകളെ വര്‍ണ്ണിച്ചു സൗഹൃദങ്ങള്‍ക്ക് സ്‌നേഹം വിളമ്പിയും അവന്‍ ജീവിതത്തെ ലളിത വാക്യങ്ങള്‍ കൊണ്ട് ധന്യമാക്കി.
ഹൃദയം കൊണ്ടെഴുതിയ വാക്കുകളുടെ സ്‌നേഹമൊഴികള്‍ അത്രയേറെയുണ്ട്. പിറകില്‍ ഒന്നുമില്ലായിരുന്നു എന്നൊരു കവിത കണ്ണീരില്‍ മുക്കിയവന്‍ കുറിച്ചിട്ടുണ്ട്. ഉമ്മയുടെ മയ്യിത്ത് ഖബറടക്കി ഖബര്‍സ്ഥാനില്‍ നിന്ന് തിരിച്ച് നടക്കുമ്പോള്‍-ശൂന്യമായ ഹൃദയത്തെ നോക്കി വിലപിച്ച ഒരു പിഞ്ചുകുഞ്ഞിന്റെ തരളിതമായ മനസ്സ് എന്ന പോലെ ആര്‍ദ്രമായ വാക്കുകള്‍ കൊണ്ട് രചിച്ച ആ വരികള്‍ ഇങ്ങനെ.
"പിറകില്‍
ഒന്നുമില്ലായിരുന്നു.
കരഞ്ഞില്ല
ഇനി ഉമ്മ ഇല്ല
എന്നറിഞ്ഞപ്പോള്‍!
കരഞ്ഞില്ല
കൃത്യം പതിനൊന്നു
മണിക്ക്
മയ്യത്ത് നമസ്‌കരിക്കും
എന്നെഴുതി
തീര്‍ത്തപ്പോള്‍.
കരഞ്ഞില്ല
കബര്‍ തയ്യാറായോ
എന്നാരോ
ചോദിച്ചപ്പോള്‍.
കരഞ്ഞില്ല
മയ്യിത്ത് കട്ടില്‍
കൊണ്ടുവരാന്‍
ആരെങ്കിലും പോയോ
എന്ന് ചോദിച്ചപ്പോള്‍.
കരഞ്ഞില്ല
മയ്യിത്ത്
കബറിലെടുത്തപ്പോള്‍,
മൂന്ന് പിടി മണ്ണിട്ടപ്പോള്‍.
അവസാന
പ്രാര്‍ത്ഥനയും കഴിഞ്ഞു
ഒറ്റക്ക് തിരിച്ചു
നടക്കുമ്പോള്‍
പിറകിലേക്ക് ഒന്നറിയാതെ
നോക്കിയപ്പോള്‍ മാത്രം
കരഞ്ഞു
പിറകില്‍
ഒന്നുമില്ലായിരുന്നു!"
എസ്.എ എന്ന ചുരുക്ക പേരില്‍ എഴുതിയ ഈ കവിത എത്രയാവര്‍ത്തി വായിച്ചാലും കണ്ണ് നിറയാറുണ്ട്. കൂടെ മരണത്തെ അതിന്റെ തീവ്രമായ അളവില്‍ അടയാളപ്പെടുത്തിയ 'നൊടി കവിതകള്‍' എന്ന പേരില്‍ കുറിച്ച കവിതകളും ശ്രദ്ധേയമാണ്. കാലം എന്ന പേരില്‍ അഞ്ച് വരി കവിതയുണ്ട്.
'കാലിട്ടടിച്ചതോര്‍മ്മയില്ല ബ മുട്ടിലിഴഞ്ഞതും, സങ്കട കരച്ചില്‍ അന്നുമിണ്ടിന്നും'. മറ്റൊരു കവിത ഇങ്ങനെ കുറിച്ചിരിക്കുന്നു.
'അപ്പുറത്തേറെ പ്രിയപ്പെട്ടൊരാള്‍ കാത്തിരിക്കുന്നു, ഇപ്പുറത്തേ പ്രിയപ്പെട്ടൊരാള്‍ കരഞ്ഞു കൊണ്ടേയിരിക്കുന്നു. 'എഴുത്തിനെ കുറിച്ചവന്‍ ഇങ്ങനെ എഴുതി.
'ഞാനൊറ്റക്കായപ്പോള്‍ എനിക്ക് വേണ്ടി വാദിക്കാന്‍ ഒരു വക്കീല്‍..' അബുവിന്റെ വക്കീലും ജഡ്ജിയും എഴുത്തായിരുന്നു. എഴുത്തിലൂടെ കുടിച്ച് വറ്റിച്ച കയ്പുനീര്‍ കുഞ്ഞരുവിയായി ഒഴുക്കി കൊണ്ടിരുന്നു. ആഴവും പരപ്പും കയങ്ങളും നിറഞ്ഞ സത്യസന്ധമായ എഴുത്ത് അവന്റെ കഥകളിലും നിറഞ്ഞ് നിന്നു.
തുറന്നെഴുതിയ പലതും തന്റെ സ്‌നേഹമാണെന്ന് പറയാതെ പറയുകയായിരുന്നു. ജീവിതത്തിലെ വലിയൊരു ആഗ്രഹപൂര്‍ത്തീകരണത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പെ അവന്‍ അവന്റെ ഏറ്റവും പ്രിയപ്പെട്ട ഉമ്മയുടെ അരികിലേക്ക് നടന്നകന്നിരിക്കുന്നു. ജീവനും മൃത്യുവും കാലത്തിന്റെ ഇരട്ട സന്താനമാണ്. എന്നാലും ഹൃദയത്തില്‍ സ്ഥാനം നേടിയവന്‍ പടിയിറങ്ങി പോകുമ്പോള്‍ അത് വല്ലാതെയങ്ങ് തളര്‍ത്തി കളയും. അബു എഴുതിയത് പോലെ 'സുഗന്ധ പൂരിതമായ ഓര്‍മ്മകളുടെ പുതുവസ്ത്രങ്ങളോടെ കണ്ണുനനയിച്ച് കടന്ന് പോയവരുടെ ഇടയിലേക്ക് അബുവും ഒത്തു ചേര്‍ന്നിരിക്കുന്നു. അബൂ, നീ ഞങ്ങളെ വിട്ട് പോയിട്ടില്ല, നിന്റെ കഥകളും കവിതകളും പുഞ്ചിരിയും ഓര്‍മ്മകളില്‍ ജ്വലിച്ച് നില്‍ക്കും.
പ്രാര്‍ത്ഥനയോടെ ....

-ഹമീദ് കാവില്‍

Related Articles
Next Story
Share it