താജ് ആമച്ച, അറിവിന്റെ പ്രകാശം...

മനോമുകുരത്തില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ശുഭ വസ്ത്രധാരിയായ, പാല്‍ പുഞ്ചിരിയോടെ നടന്നു നീങ്ങുന്ന കാസര്‍കോട് തളങ്കരയിലെ താജ് ആമച്ച എന്ന തേജസിനെ പരിചയപ്പെട്ട ആര്‍ക്കും തന്നെ മറക്കാന്‍ സാധിക്കില്ല. ഭൂത കാലങ്ങളില്‍ അദ്ദേഹം കടന്ന് പോയ വഴികള്‍ നമ്മളില്‍ പലര്‍ക്കും അറിയുന്ന ചരിത്രമല്ല. കര്‍ണാടകയിലെ ഭദ്രാവാതിയില്‍ കരാറുകാരനായി ഉള്ള തുടക്ക ജീവിതം ആരംഭിച്ചുവെങ്കിലും തന്റെ കര്‍മ്മ മേഖല കരാര്‍ ജോലിയില്‍ തളച്ചിടേണ്ടതല്ല എന്ന ബോധ്യത്താല്‍ അതിരറ്റ വായനയും സാഹിത്യ അഭിരുചിയും കൊണ്ട് കാസര്‍കോട് ഒരു ബുക്ക് […]

മനോമുകുരത്തില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ശുഭ വസ്ത്രധാരിയായ, പാല്‍ പുഞ്ചിരിയോടെ നടന്നു നീങ്ങുന്ന കാസര്‍കോട് തളങ്കരയിലെ താജ് ആമച്ച എന്ന തേജസിനെ പരിചയപ്പെട്ട ആര്‍ക്കും തന്നെ മറക്കാന്‍ സാധിക്കില്ല. ഭൂത കാലങ്ങളില്‍ അദ്ദേഹം കടന്ന് പോയ വഴികള്‍ നമ്മളില്‍ പലര്‍ക്കും അറിയുന്ന ചരിത്രമല്ല. കര്‍ണാടകയിലെ ഭദ്രാവാതിയില്‍ കരാറുകാരനായി ഉള്ള തുടക്ക ജീവിതം ആരംഭിച്ചുവെങ്കിലും തന്റെ കര്‍മ്മ മേഖല കരാര്‍ ജോലിയില്‍ തളച്ചിടേണ്ടതല്ല എന്ന ബോധ്യത്താല്‍ അതിരറ്റ വായനയും സാഹിത്യ അഭിരുചിയും കൊണ്ട് കാസര്‍കോട് ഒരു ബുക്ക് ഹൗസും സ്റ്റേഷനറി കടയും ആരംഭിക്കാന്‍ പ്രേരണയായി. അത് കഴിഞ്ഞതിന് ശേഷമാണ് പ്രവാസ ലോകത്തേക്ക് കടന്ന് കയറുന്നത്. കര്‍മ്മ മേഖല എവിടെയായാലും എഴുത്തിനെയും വായനെയും കൂടെപ്പിറപ്പായി കൊണ്ട് നടന്നത് കൊണ്ടാവാം പെരുമാറ്റത്തിലും ഇടപെടലുകളിലും എല്ലാം ഉന്നതമായ കളങ്കമില്ലാത്ത, തങ്കപ്പെട്ട സംസ്‌കാര സമ്പന്നതയും കുലീനതയും ഒത്തുചേര്‍ന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രസിദ്ധമായ പല പുസ്തകങ്ങളും രാവന്തിയോളം വായിച്ചും മനസ്സിലാക്കിയുമുള്ള വലിയൊരു പണ്ഡിതന്‍ തന്നെയായി മാറി. ആമച്ചയെ പോലുള്ളൊരു അസാമാന്യമായ ബുദ്ധി ശക്തിയും ലോകം മുഴുവന്‍ സഞ്ചരിച്ചു നേടിയാല്‍ കിട്ടാത്ത രീതിയിലുള്ള അറിവും നേടിയുള്ള ഒരു വ്യക്തി എന്ന നിലയില്‍ ആമച്ച കാസര്‍കോട് ജില്ലയിലെ ഉന്നതമായ ബുദ്ധിജീവി എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. സ്വയം ആര്‍ജിച്ചെടുത്ത അറിവുകള്‍ കവി ടി. ഉബൈദ് മാഷിനോടൊപ്പം നിന്ന് കാസര്‍കോട്ട് വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളുടെ മുന്നേറ്റത്തിനും സാമൂഹ്യ മാറ്റത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. തൊണ്ണൂറിന് ശേഷമാണ് ജിദ്ദയില്‍ അദ്ദേഹത്തിന്റെ കച്ചവട സ്ഥാപനം ആരംഭിക്കുന്നത്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്ത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനം. താമസം അദ്ദേഹം താമസിക്കുന്ന അതേ ഫ്‌ളാറ്റില്‍ തന്നെ. വേഷവിധാനം ആരെയും ആകര്‍ഷിക്കുന്ന കറുത്ത പാന്റും തൂവെള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും ഇന്‍ ചെയ്ത മോഡലില്‍ ആയിരുന്നു. ഇംഗ്ലീഷ് പത്രങ്ങളായ അറബ് ന്യൂസ്, സൗദി ഗസറ്റ് എന്നീ പത്രങ്ങള്‍ കയ്യില്‍ കൂട്ടായി എന്നും കാണും. പുഞ്ചിരിയില്‍ പൊതിഞ്ഞ പതിഞ്ഞ സംസാരത്തില്‍ കുശലങ്ങള്‍ പറയുമ്പോഴും കുലീനത്വം ആ മുഖത്ത് ജ്വലിച്ചു നിന്നിരുന്നു. സൗദി പൊലീസുകാര്‍ പോലും വളരെ ബഹുമാനപൂര്‍വ്വം സലാം ചൊല്ലി അഭിവാദ്യം ചെയ്യുന്നതും പതിവ് കാഴ്ചയായിരുന്നു. അദ്ദേഹത്തിന്റെ കഫീലും ഞങ്ങളുടെ കഫീലും അഹമ്മദ് ജഹ്ദലി എന്ന വ്യക്തിയായത് കൊണ്ട് ആ വഴിയിലുള്ള ഒരു ബന്ധവും കൂടി ഞങ്ങള്‍ തമ്മിലുണ്ട്. മറ്റൊരോര്‍മ്മ ജിദ്ദയിലുള്ള കാസര്‍കോട് പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് ആമച്ചയെയായിരുന്നു. പ്രിയപ്പെട്ട ആമച്ച തൊണ്ണൂറാം വയസ്സില്‍ വിട പറഞ്ഞു എങ്കിലും, കുറഞ്ഞ കാലത്തെ സഹവാസത്തിനിടയില്‍ ഒരായിരം ഓര്‍മ്മകള്‍ തികട്ടി വരികയാണ്. അതിനിടയില്‍ അദ്ദേഹം പ്രവാസം ഒഴിവാക്കി തിരിച്ചു വന്നപ്പോള്‍ ഗസല്‍ ഇബ്രാഹിംച്ച, പള്ളിക്കര നസീമിച്ച, കുന്നില്‍ ബഷീര്‍ച്ച തുടങ്ങിയവരുടെ കൂട്ടത്തില്‍ തളങ്കരയിലുള്ള വീട് സന്ദര്‍ശിക്കാനുള്ള അവസരവും ഉണ്ടായി. ആ നേരം ഓര്‍മ്മകള്‍ പങ്കുവെച്ച് സന്തോഷത്തോടെ തമാശകള്‍ പറഞ്ഞും ചിരിച്ചും ഉല്ലസിച്ചും കുറെ നേരം അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നിമിഷങ്ങള്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ വലിയൊരു ലൈബ്രറിത്തന്നെ ഉള്ള കാര്യം പറയുകയും ഞങ്ങള്‍ താഴേയും മുകളിലുമായി മാനോഹരമായി അടുക്കിവെച്ച വിവിധ ഭാഷകളിലുള്ള വലിയ ഗ്രന്ഥങ്ങള്‍ കണ്ട് അതിശയപ്പെടുകയും ചെയ്തു.
ജ്വലിക്കുന്ന ഓര്‍മ്മകളുമായി പ്രിയ ആമച്ച കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും ഇടയില്‍ എന്നും ജീവിക്കും.


-ബഷീര്‍ ചിത്താരി

Related Articles
Next Story
Share it