ടി.ഇ ഇല്ലാത്ത ഒരു വര്‍ഷം

മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്ദുല്ല ഇല്ലാത്ത ഒരു വര്‍ഷം മുസ്ലിം ലീഗിനെയും എന്നെയും സംബന്ധിച്ച് വ്യക്തിപരമായി വലിയ ശൂന്യതയുടെ ആണ്ടാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനായിരുന്നു മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ നഷ്ടം സൃഷ്ടിച്ച് ടി.ഇ അബ്ദുല്ല വിട പറഞ്ഞത്. ഇന്ന് വീണ്ടും ഫെബ്രുവരി ഒന്ന് തിരികെ എത്തുമ്പോള്‍ ടി.ഇയുടെ സാന്നിധ്യം ഏറെ ആഗ്രഹിച്ചുപോകുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ച ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ […]

മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ അബ്ദുല്ല ഇല്ലാത്ത ഒരു വര്‍ഷം മുസ്ലിം ലീഗിനെയും എന്നെയും സംബന്ധിച്ച് വ്യക്തിപരമായി വലിയ ശൂന്യതയുടെ ആണ്ടാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനായിരുന്നു മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ നഷ്ടം സൃഷ്ടിച്ച് ടി.ഇ അബ്ദുല്ല വിട പറഞ്ഞത്. ഇന്ന് വീണ്ടും ഫെബ്രുവരി ഒന്ന് തിരികെ എത്തുമ്പോള്‍ ടി.ഇയുടെ സാന്നിധ്യം ഏറെ ആഗ്രഹിച്ചുപോകുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ച ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ നിര്‍ണ്ണായക ഘട്ടമാണ് കടന്നുപോകുന്നത്. ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ ഫണ്ട് ശേഖരണോദ്ഘാടനത്തിന് ഇന്ന് തുടക്കം കുറിച്ചപ്പോള്‍ മുന്നില്‍ നിന്ന് അതിന് ചുക്കാന്‍ പിടിക്കാന്‍ ടി.ഇ അബ്ദുല്ല ഒപ്പമില്ല. കാസര്‍കോട് നഗരസഭയിലെ തന്റെ പിന്‍ഗാമിയായി പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പും സ്ഥാനമേല്‍ക്കല്‍ ചടങ്ങും ഇന്ന് നടക്കുമ്പോള്‍ അത് കാണാനും ടി.ഇ അബ്ദുല്ല ഇല്ല.
അഞ്ച് പതിറ്റാണ്ട് കാലത്തെ അടുത്ത ബന്ധത്തില്‍ എക്കാലവും അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനും ഉപദേശകനുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വവും സാന്നിധ്യവും ഉപദേശ നിര്‍ദ്ദേശങ്ങളും അനിവാര്യമായിരുന്ന കാലയളവായിരുന്നു പോയവര്‍ഷം. മുസ്ലിം ലീഗ് പാര്‍ട്ടിയെയും അതിന്റെ ഭൂതകാലത്തെയും നെഞ്ചില്‍ ചേര്‍ത്ത് വെച്ച് ജീവിച്ച ടി.ഇ. അബ്ദുല്ല ഉണ്ടായിരുന്നുവെങ്കില്‍ എന്ന് കൊതിച്ച ദിനങ്ങളായിരുന്നു കടന്നുപോയത്. അഞ്ച് പതിറ്റാണ്ട് കാലത്തെ ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍.
1977ലെ മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനത്തില്‍ വളണ്ടിയര്‍മാരായി ഒന്നിച്ച് പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളില്‍, ഭരണ തലങ്ങളില്‍, മഹല്ല് ജമാഅത്ത് കമ്മിറ്റികളില്‍ എല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മരണംവരെ അത് തുടരുകയും ചെയ്തു. എല്ലാ കാര്യങ്ങളും ആലോചിച്ച് ചെറിയ ശബ്ദത്തില്‍ അവതരിപ്പിച്ച് സൗമ്യമായി പ്രാവര്‍ത്തികമാക്കിയിരുന്ന മുസ്ലിം ലീഗ് നേതാവായിരുന്നു ടി.ഇ. അബ്ദുല്ല. സങ്കീര്‍ണ്ണ പ്രശ്‌നങ്ങളുടെ കുരുക്കുകളഴിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യ കഴിവ് വേറെ തന്നെയായിരുന്നു.
പരിഹരിക്കാനാവാത്ത പല പ്രശനങ്ങളും അദ്ദേഹത്തിന്റെ ഇട പടല്‍ കൊണ്ടും നയചാതുര്യം കൊണ്ടും എളുപ്പത്തില്‍ പരിഹരിച്ച അനുഭവങ്ങള്‍ നിരവധിയാണ്. മുസ്ലിം ലീഗിന്റെ ചരിത്രം പറയുന്നവര്‍ക്കും എഴുതുന്നവര്‍ക്കും ആശ്രയിക്കാമായിരുന്ന ഒരു റഫറന്‍സ് ഗ്രന്ഥമായിരുന്നു അദ്ദേഹം. കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലറായി 27 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം 12 വര്‍ഷക്കാലം ചെയര്‍മാനായിരുന്നു. കാസര്‍കോട് വികസന അതോറിറ്റി ചെയര്‍മാനായി 5 വര്‍ഷവും കേരള ഹജ്ജ് കമ്മിറ്റി അംഗമായി 5 വര്‍ഷവും ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗമായി 5 വര്‍ഷവും പ്രവര്‍ത്തിച്ച ടി.ഇ. എല്ലാ മേഖലകളിലും ഒന്നാമന്‍ തന്നെയായിരുന്നു.
മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ദീര്‍ഘകാലം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട്, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്, കാസര്‍കോട് ഉബൈദ് പഠനകേന്ദ്രം ട്രഷറര്‍, തളങ്കര കണ്ടത്തില്‍ സെയ്തലവി ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള രാഷ്ട്രീയ ചരിത്രവും മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രം മുതല്‍ ആനുകാലിക സംഭവങ്ങള്‍ വരെ ഓര്‍മ്മയില്‍ നിന്ന് എടുത്ത് ഏത് സമയവും ഉദ്ധരിക്കുന്ന ടി.ഇക്ക് ഭരണരംഗത്തെ സുപ്രധാന തീരുമാനങ്ങളും നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും മന:പാഠമായിരുന്നു.
കേരള മുനിസിപ്പല്‍, റവന്യൂ നിയമങ്ങള്‍ ഉള്‍പ്പടെ ഒട്ടുമിക്ക നിയമങ്ങളും വരികള്‍ക്കിടയിലൂടെ വായിച്ച് പഠിച്ച ടി.ഇ, നിയമങ്ങളുടെ വ്യാഖ്യാനത്തില്‍ ഒരു ന്യായാധിപനെപ്പോലെയായിരുന്നു.
പുസ്തക താളുകളില്‍ ഉറങ്ങിക്കിടക്കുന്ന നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ പല ഉന്നത ഉദ്യോഗസ്ഥരും സംശയ നിവാരണത്തിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും ടി.ഇയെയാണ് ആശ്രയിച്ചിരുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച്. മുഹമ്മദ് കോയ, ഇ. അഹമ്മദ് സാഹിബ്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മണ്‍മറഞ്ഞ നേതാക്കളുമായും ജീവിച്ചിരിക്കുന്ന മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളുമായും അദ്ദേഹത്തിന് ആത്മ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇ. അഹമ്മദ് സാഹിബിന്റെ പ്രിയപ്പെട്ട ശിഷ്യനും കാസര്‍കോട്ടെ പ്രതി പുരുഷനുമായിരുന്നു ടി.ഇ. അബ്ദുല്ല സാഹിബ്. അഹമ്മദ് സാഹിബ് മരണപ്പെട്ട ഫെബ്രുവരി ഒന്നിന് തന്നെ ടി.ഇയും വിടപറഞ്ഞത് യാദൃശ്ചികമായിരിക്കാം.
എന്റെ എല്ലാ ഉയര്‍ച്ചക്ക് പിന്നിലും ടി.ഇയുടെ പിന്തുണയും ഉപദേശവും ഉണ്ടായിരുന്നു. തളര്‍ച്ചയില്‍ താങ്ങും തണലുമായി കൂടെ തന്നെയുണ്ടായിരുന്നു. അവസാന കാലത്ത് കോഴിക്കോട്ടെ ആസ്പത്രിയില്‍ നിന്ന് അയച്ച മെസേജുകളും അവസാനം കഴിയുന്നില്ല എന്ന് പറഞ്ഞ് അയച്ച സന്ദേശവും ആരോഗ്യം സൂക്ഷിക്കണമെന്ന ഉപദേശവും ഇന്നും എന്റെ ഫോണിലുണ്ട്. മറ്റ് സന്ദേശങ്ങളെല്ലാം ഒഴിവാക്കിയെങ്കിലും എന്റെ പ്രിയപ്പെട്ട ടി.ഇ അവസാനമായി അയച്ച സന്ദേശങ്ങള്‍ മനസ്സില്‍ നിന്നെന്ന പോലെ മൊബൈല്‍ ഫോണിലും മായാതെ കിടക്കുന്നു. നേരത്തെ പോകുമെന്ന് പ്രതീക്ഷിച്ച എന്നെ തനിച്ചാക്കി ടി.ഇ. നേരത്തെ പോയിട്ട് ഒരു വര്‍ഷം. സര്‍വ്വശക്തനായ നാഥന്‍ എന്റെ പ്രിയപ്പെട്ട ടി.ഇക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.


-എ. അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it