ടി.ഇ സൗമ്യനായ പോരാളി...
ടി.ഇ അബ്ദുല്ല എന്ന അസാധ്യ പ്രതിഭയെ വേണ്ട രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ നമുക്കായില്ല എന്ന ദു:ഖസത്യം സമ്മതിച്ചേ മതിയാവൂ. ഒരു അനുശോചനത്തിലെ ഭംഗിവാക്കല്ല ഇത്. ഒരു യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞു എന്ന് മാത്രം.രാഷ്ട്രീയക്കാരനല്ലാത്ത ഒരു ടി.ഇയെ മാത്രമേ എനിക്കറിയാവൂ. അദ്ദേഹം പങ്കുവെച്ച വിജ്ഞാനവും നര്‍മ്മവും ധര്‍മ്മബോധവും വികസന ത്വരയും അദ്ദേഹത്തിന്റെ ജീവിത കാലത്ത് പൊതു സമുഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ സാധിക്കാത്തതിലുള്ള ദുഃഖം ഇവിടെ മറച്ചുവെക്കുന്നില്ല.ഞങ്ങളുടെ ആത്മബന്ധം ആരംഭിക്കുന്നത് മക്കയിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയിലാണ്. അവിസ്മരണീയമായ ആ ഉംറ […]
ടി.ഇ അബ്ദുല്ല എന്ന അസാധ്യ പ്രതിഭയെ വേണ്ട രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ നമുക്കായില്ല എന്ന ദു:ഖസത്യം സമ്മതിച്ചേ മതിയാവൂ. ഒരു അനുശോചനത്തിലെ ഭംഗിവാക്കല്ല ഇത്. ഒരു യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞു എന്ന് മാത്രം.രാഷ്ട്രീയക്കാരനല്ലാത്ത ഒരു ടി.ഇയെ മാത്രമേ എനിക്കറിയാവൂ. അദ്ദേഹം പങ്കുവെച്ച വിജ്ഞാനവും നര്‍മ്മവും ധര്‍മ്മബോധവും വികസന ത്വരയും അദ്ദേഹത്തിന്റെ ജീവിത കാലത്ത് പൊതു സമുഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ സാധിക്കാത്തതിലുള്ള ദുഃഖം ഇവിടെ മറച്ചുവെക്കുന്നില്ല.ഞങ്ങളുടെ ആത്മബന്ധം ആരംഭിക്കുന്നത് മക്കയിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയിലാണ്. അവിസ്മരണീയമായ ആ ഉംറ […]
ടി.ഇ അബ്ദുല്ല എന്ന അസാധ്യ പ്രതിഭയെ വേണ്ട രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ നമുക്കായില്ല എന്ന ദു:ഖസത്യം സമ്മതിച്ചേ മതിയാവൂ. ഒരു അനുശോചനത്തിലെ ഭംഗിവാക്കല്ല ഇത്. ഒരു യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞു എന്ന് മാത്രം.
രാഷ്ട്രീയക്കാരനല്ലാത്ത ഒരു ടി.ഇയെ മാത്രമേ എനിക്കറിയാവൂ. അദ്ദേഹം പങ്കുവെച്ച വിജ്ഞാനവും നര്‍മ്മവും ധര്‍മ്മബോധവും വികസന ത്വരയും അദ്ദേഹത്തിന്റെ ജീവിത കാലത്ത് പൊതു സമുഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ സാധിക്കാത്തതിലുള്ള ദുഃഖം ഇവിടെ മറച്ചുവെക്കുന്നില്ല.
ഞങ്ങളുടെ ആത്മബന്ധം ആരംഭിക്കുന്നത് മക്കയിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയിലാണ്. അവിസ്മരണീയമായ ആ ഉംറ യാത്രയില്‍ ഞങ്ങള്‍ പരസ്പരം അടുത്തറിഞ്ഞു. അതിനാല്‍ തന്നെ ക്ഷണിക്കപ്പെടാത്ത അഥിതിയായി അദ്ദേഹത്തിന്റെ ഭവനത്തില്‍ പലപ്പോഴും എത്തിയിട്ടുണ്ട്. വശ്യസുന്ദരമായ പുഞ്ചിരിയും സ്‌നേഹ നിര്‍ഭരമായ പെരുമാറ്റവും കൊണ്ടായിരിക്കും ഓരോ തവണയും അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ കൗശലമോ നേതൃസ്ഥാനത്തിന്റെ ഗര്‍വ്വോ അദ്ദേഹത്തില്‍ ഒരിക്കലും കണ്ടിരുന്നില്ല. നിഷ്‌കളങ്ക സ്‌നേഹത്തിന്റെ നിറകുടം!
ടി.ഇയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അനുസ്മരിക്കുന്നത് ഈയവസരത്തില്‍ അദ്ദേഹത്തോടും സമൂഹത്തോടും ചെയ്യുന്ന നന്മയാകട്ടെ എന്ന് കരുതി ചിലത് കുറിക്കുന്നു. വരുംതലമുറക്ക് ഗുണപാഠമാകട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.
അനുസരണയുള്ള അനുയായിവൃന്ദവും ഇഛാശക്തിയുള്ള നേതൃത്വവും കൊണ്ട് മാത്രമേ സമൂഹത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച വ്യക്തിയാണ് ടി.ഇ. അബ്ദുല്ല. ആള്‍ക്കൂട്ടങ്ങള്‍ക്ക് തലയില്ലെന്നും അതിനാല്‍ തന്നെ ക്രിയാത്മക ചലനം സൃഷ്ടിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ക്കാവില്ലെന്നും ടി.ഇ ഉറച്ച് വിശ്വസിച്ചിരുന്നു.
കര്‍ണ്ണാടകയിലെ മുന്‍ മന്ത്രി യു.ടി ഖാദര്‍, യൂസഫ് ബദ്‌രിയ, ഹാഫിള് അബ്ദുല്‍ വാഹിദ് തുടങ്ങി പ്രഗത്ഭരടങ്ങിയ ഒരു യാത്രാ സംഘമായിരുന്നു ഞങ്ങളുടെത്. മക്കയിലെത്തിയപ്പോള്‍ ജിദ്ദ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നാട്ടില്‍ നിന്നെത്തിയ നേതാക്കള്‍ക്ക് സ്വീകരണം നല്‍കണമെന്നൊരാഗ്രഹം.
അവര്‍ ടി.ഇ യെ സ്വീകരണത്തിന് വേണ്ടി ജിദ്ദയിലേക്ക് ക്ഷണിച്ചപ്പോള്‍ ടി.ഇ നല്‍കിയ മറുപടി തെല്ലൊന്നുമല്ല എന്നെ അമ്പരപ്പിച്ചത്. 'ഞങ്ങളുടെ അമീര്‍ അഥവാ ഗ്രൂപ്പ് ലീഡറുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രം!'. ഇതാണ് ടി.ഇ നല്‍കിയ മറുപടി.
ആ ഗ്രൂപ്പിനെ നയിക്കാനുള്ള നിയോഗം ഈയുള്ളവനിലായിരുന്നതിനാല്‍ ടി.ഇ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു. നിങ്ങളുടെ നേതാവ് ഒരു നീഗ്രോ അടിമയാണെങ്കില്‍ പോലും നിങ്ങള്‍ അനുസരിക്കണമെന്ന നബിവചനം സി.എച്ച് പലപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു. ഒരു അമീറിന്റെ (നേതാവിന്റെ) പവര്‍ എന്താണെന്ന് മനസ്സിലാക്കിയത് നിന്നില്‍ നിന്നാണെന്നും എന്നെ കളിയാക്കി പറഞ്ഞു. സി.എച്ചിനെ മാര്‍ഗദര്‍ശിനിയായും നേതാവായും കണ്ടിരുന്ന ടി.ഇ സംഭാഷണങ്ങളിലുടനീളം അദ്ദേഹത്തെ അനുസ്മരിക്കുമായിരുന്നു.
പരന്ന വായനാ ശീലം സമകാലീന രാഷ്ടീയക്കാരനില്‍ നിന്നും ടി.ഇയെ തികച്ചും വ്യത്യസ്ഥനാക്കുന്നു. അതിനാല്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് നല്‍കിയ സ്‌നേഹ സമ്മാനം പുസ്തകങ്ങളായിരുന്നു.
ഉദാരതയായിരുന്നു ടി.ഇയുടെ ഏറ്റവും വലിയ ഗുണം. ടി.ഇ യുടെ വരുമാനത്തെ കുറിച്ച് അദ്ദേഹം സ്വന്തം ചെലവില്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു പണ്ഡിതനോട് രഹസ്യമായി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് വലിയ വരുമാനമൊന്നും ടി.ഇ ക്കില്ലെങ്കിലും വെറും കയ്യോടെ ആരും അവിടെ നിന്നും ഇറങ്ങിപ്പോകാന്‍ ഇടയില്ല എന്നാണ്.
കാസര്‍കോടിന്റെ വികസനം ടി.ഇയുടെ സ്വപ്‌നമായിരുന്നു. പക്ഷേ അത് വേണ്ട രൂപത്തില്‍ ഉള്‍കൊള്ളാന്‍ സമൂഹത്തിനായില്ല എന്നത് വലിയ നഷ്ടമാണ്.
കാസര്‍കോട്ട് ഒരു നീന്തല്‍ പരിശീലന കേന്ദ്രത്തിന്റെ ആവശ്യകതയെ കുറിച്ച് ടി.ഇ എപ്പോഴും പറയുമായിരുന്നു. പടിഞ്ഞാര്‍ മുഴുവനായും അറബിക്കടലും തെക്ക് കിഴക്ക് ചന്ദ്രഗിരിയും അതിര്‍ത്തി പങ്കിടുന്ന മുനിസിപ്പാലിറ്റിയില്‍ നീന്താന്‍ അറിയാത്ത ഒരാള്‍ പോലും ഉണ്ടാവാന്‍ പാടില്ല എന്നത് ടി.ഇ യുടെ സ്വപ്‌നമായിരുന്നു. ചന്ദ്രഗിരി പുഴയുടെ തീരത്ത് എക്കോ സ്വിമ്മിംഗ് ബേ എന്ന പേരില്‍ ഒരു ആശയം ഈയുള്ളവനോട് പലപ്പോഴും പങ്കുവെച്ചിരുന്നു. ചെലവ് കുറഞ്ഞ പരിസ്ഥിതി സന്തുലിതമായ നീന്തല്‍ തീരങ്ങളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തളങ്കര മുതല്‍ പുലിക്കുന്ന് വരെയുള്ള തിരഞ്ഞെടുത്ത തീരങ്ങളും തുരുത്തി മുഴുവനായും ഇതിനായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു.
ഒരു പക്ഷേ ഇതു പോലെ മറ്റു സംരംഭങ്ങളെ കുറിച്ചും പലരോടും അദ്ദേഹം മനസ്സ് തുറന്നിട്ടുണ്ടാകുമെന്നാണ് എന്റെ വിശ്വാസം.
എഴുതിയാല്‍ തീരാത്ത ഓര്‍മ്മകള്‍ ഇവിടെ നിര്‍ത്തുന്നു. നാഥാ ഞങ്ങളുടെ പ്രിയങ്കരനായ ടി.ഇക്ക് സ്വര്‍ഗ്ഗീയ സുഖം പ്രദാനം ചെയ്യണേ. പാപങ്ങള്‍ കഴുകിക്കളയണേ. കുടുബത്തിന് സമാധാനം പ്രദാനം ചെയ്യണേ...
-ലായി ചെംനാട്