തിങ്കളാഴ്ച, അവസാനത്തെ കൂടിക്കാഴ്ച...

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലെ നാലാം നിലയിലെ മുറിയില്‍ ശാന്തമായി ഉറങ്ങുകയായിരുന്നു തിങ്കളാഴ്ച കാണാന്‍ ചെല്ലുമ്പോള്‍ ടി.ഇ അബ്ദുല്ല സാഹിബ്. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല എന്ന് വാതിലില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ക്ക് മുന്നില്‍ വാതില്‍ തുറക്കപ്പെട്ടു. സന്തതസഹചാരി ഗഫൂര്‍ തളങ്കര അദ്ദേഹത്തിന്റെ കാതില്‍ 'ഷാഫിയും കൂട്ടുകാരും വന്നിട്ടുണ്ടെ'ന്ന് പറഞ്ഞപ്പോള്‍ കണ്ണു തുറന്നുനോക്കി ടി.ഇ കൈ ഉയര്‍ത്തിക്കാണിച്ചു. അദ്ദേഹത്തിന് എന്തൊക്കെയോ പറയണമെന്നുണ്ട്. ശ്വാസതടസ്സം വാക്കുകളെ തടസ്സപ്പെടുത്തുന്നു. എന്നോടൊപ്പം മജീദ് തെരുവത്തും സമീര്‍ ചെങ്കളവും ഇഖ്ബാല്‍ കൊട്ടയാടിയും സിദ്ദീഖ് പട്ടേലും […]

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലെ നാലാം നിലയിലെ മുറിയില്‍ ശാന്തമായി ഉറങ്ങുകയായിരുന്നു തിങ്കളാഴ്ച കാണാന്‍ ചെല്ലുമ്പോള്‍ ടി.ഇ അബ്ദുല്ല സാഹിബ്. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല എന്ന് വാതിലില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ക്ക് മുന്നില്‍ വാതില്‍ തുറക്കപ്പെട്ടു. സന്തതസഹചാരി ഗഫൂര്‍ തളങ്കര അദ്ദേഹത്തിന്റെ കാതില്‍ 'ഷാഫിയും കൂട്ടുകാരും വന്നിട്ടുണ്ടെ'ന്ന് പറഞ്ഞപ്പോള്‍ കണ്ണു തുറന്നുനോക്കി ടി.ഇ കൈ ഉയര്‍ത്തിക്കാണിച്ചു. അദ്ദേഹത്തിന് എന്തൊക്കെയോ പറയണമെന്നുണ്ട്. ശ്വാസതടസ്സം വാക്കുകളെ തടസ്സപ്പെടുത്തുന്നു. എന്നോടൊപ്പം മജീദ് തെരുവത്തും സമീര്‍ ചെങ്കളവും ഇഖ്ബാല്‍ കൊട്ടയാടിയും സിദ്ദീഖ് പട്ടേലും ഉണ്ടായിരുന്നു. ഞങ്ങള്‍ ശല്യപ്പെടുത്താന്‍ നിന്നില്ല.
ജനുവരി 18നാണ് ടി.ഇ അബ്ദുല്ല ഏറ്റവുമൊടുവില്‍ കോഴിക്കോട്ടെ ആസ്പത്രിയിലേക്ക് പോയത്. ആഴ്ചകള്‍ക്ക് മുമ്പ് എറണാകുളത്തെ ആസ്പത്രിയിലേക്ക് പതിവ് പരിശോധനക്കുള്ള യാത്രക്കിടെ തീവണ്ടിയില്‍വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് കുറേ നാളുകള്‍ ബേബി മെമ്മോറിയല്‍ ആസ്പത്രിയിലായിരുന്നു. അസുഖം അല്‍പം ഭേദപ്പെട്ട് അദ്ദേഹം മാലിക് ദീനാര്‍ ഉറൂസിന് ഏതാനും ദിവസം മുമ്പ് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എങ്കിലും അവശത അദ്ദേഹത്തിന്റെ മുഖത്തും ചലനങ്ങളിലും കാണാം. ഉറൂസിന് തലേന്ന് മാലിക് ദീനാര്‍ നഗറിലെ പ്രധാന കവാടത്തിന്റെ ഉദ്ഘാടന ചടങ്ങിനും തളങ്കര പാലിയേറ്റീവ് കെയര്‍ മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഫസ്റ്റ് എയ്ഡ് ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനും ടി.ഇ ഉണ്ടായിരുന്നു. ഉറൂസ് കമ്മിറ്റി ഓഫീസില്‍ വന്ന് ഇരുന്നതും കാര്യങ്ങളൊക്കെ നിയന്ത്രിച്ചതും സംഘാടകര്‍ക്ക് വലിയ ആശ്വാസമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേട്ടയാടാനെത്തിയ മാരക രോഗത്തെ തുരത്തിയോടിച്ചതിന്റെ ആര്‍ജ്ജവം അദ്ദേഹത്തിന്റെ മനസ്സിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാവണം ഇത്തവണയും ഏത് രോഗത്തേയും മറികടക്കാന്‍ തനിക്ക് കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിന്റെ വാക്കുകളില്‍ ഞങ്ങള്‍ കണ്ടിരുന്നു. ഉറൂസിനോടനുബന്ധിച്ചുള്ള ചരിത്ര സെമിനാറിന്റെ നടത്തിപ്പിന് മുന്‍പന്തിയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു.
ഇത്തവണ കോഴിക്കോട്ടേക്ക് പോകുന്നതിന് ഒരുനാള്‍ മുമ്പ് (16ന്) എന്നെ അദ്ദേഹം വീട്ടിലേക്ക് വിളിച്ചു. മഗ്രിബ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ വലിയൊരു പെട്ടി എനിക്ക് മുമ്പില്‍ എടുത്തുവെച്ചിട്ടുണ്ട്. 'പെട്ടി പിന്നീട് തുറക്കാം, ആദ്യം എന്നെയൊന്ന് സഹായിക്കണം'-ടി.ഇ അറിയിച്ചു. അദ്ദേഹം കുറച്ചുവൈറ്റ് പേപ്പറുകളും പേനയും എന്റെ മുന്നിലേക്ക് നീട്ടി. 'എഴുതാന്‍ കൈ വഴങ്ങുന്നില്ല. ഹമീദലി ഷംനാടിന്റെ സ്മരണികയിലേക്ക് ഒരു ലേഖനം എഴുതണം. ഞാന്‍ പറയാം, ഷാഫി അത് എഴുതിയെടുത്ത് നല്ലൊരു ലേഖനമാക്കി എഡിറ്റ് ചെയ്ത് തന്നാല്‍ മതി'. സന്തോഷപൂര്‍വ്വം ഞാന്‍ സമ്മതിച്ചു.
അദ്ദേഹം പറഞ്ഞുതുടങ്ങി. ഹമീദലി ഷംനാടിന്റെ ജീവിതം തന്നെയാണ് എന്റെ മുന്നില്‍ ടി.ഇ അബ്ദുല്ല വരച്ചുകാട്ടിയത്. ഷംനാട് സാഹിബിന്റെ ജനനം മുതല്‍ ഒരു ബിരുദധാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും നഗരസഭാ ചെയര്‍മാന്‍ മുതല്‍ രാജ്യസഭാംഗം വരെ പ്രവര്‍ത്തിച്ച ജനപ്രതിനിധി എന്ന നിലയിലം സര്‍വ്വോപരി മാതൃകാ പുരുഷനെന്ന നിലയിലും ഷംനാട് സാഹിബിന്റെ ജീവിതം മുഴുവനും ഏതാനും മിനിട്ടുകള്‍ കൊണ്ട് ടി.ഇ അബ്ദുല്ല പറഞ്ഞുതീര്‍ത്തു. ഷംനാട് സാഹിബിന്റെ ജീവിതം മുഴുവനും അദ്ദേഹത്തിന് ഒരൊറ്റ ഇരുപ്പിന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞത് ഷംനാട് സാഹിബും ടി.ഇ അബ്ദുല്ലയും തമ്മിലുള്ള ആത്മബന്ധം കൊണ്ടാവണം.
പിന്നീട് അദ്ദേഹം എനിക്ക് മുന്നില്‍ ആ പെട്ടി മലര്‍ക്കെ തുറന്നുവെച്ചു. വന്ദ്യപിതാവ് മുന്‍ എം.എല്‍.എ ടി.എ ഇബ്രാഹിം സാഹിബിന്റെ ജീവിതതുടിപ്പുകള്‍ അപ്പാടെ ആ പ്രിയപുത്രന്‍ പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇബ്രാഹിം സാഹിബിന്റെ നിയമസഭാ പ്രസംഗങ്ങളും പലര്‍ക്കും അയച്ച കത്തുകളും മറുപടികളും പത്രകട്ടിംഗുകളും ഫോട്ടോസുമൊക്കെയായി തുടിക്കുന്ന ഓര്‍മ്മകള്‍ ആ പെട്ടിയിലുണ്ട്. അക്കൂട്ടത്തില്‍ ഒരെണ്ണം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 1978 ജനുവരി 19ന് കാസര്‍കോട്ട് നടന്ന താലൂക്ക് മുസ്ലിംലീഗ് സമ്മേളനത്തില്‍ ടി.എ ഇബ്രാഹിം സാഹിബ് നടത്തിയ സ്വാഗത പ്രസംഗത്തിന്റെ പ്രിന്റ് ചെയ്ത കോപ്പിയായിരുന്നു അത്. ഞാന്‍ അത് മുഴുവനും വായിച്ചുനോക്കി. ഇത് ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ടി.ഇ അബ്ദുല്ല തലയാട്ടി. ആ സ്വാഗത പ്രസംഗം അപ്പടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ടി. ഇ അബ്ദുല്ല തന്നെയാണ് അതിന് തലവാചകം പറഞ്ഞത്. 'ഒരു സ്വാഗത പ്രസംഗത്തിന്റെ 45 വര്‍ഷങ്ങള്‍...'
ഹമീദലി ഷംനാടിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പിറ്റേന്ന് തന്നെ എഴുതി എഡിറ്റ് ചെയ്ത് ടൈപ്പ് ചെയ്ത് ഞാന്‍ ടി.ഇ അബ്ദുല്ലക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ഓര്‍മ്മകളുടെ ഒരു മഹാവസന്തമാണ് ടി.ഇ. അബ്ദുല്ല. ഇത്രമാത്രം ഓര്‍മ്മകളെ താലോലിക്കുന്ന മറ്റൊരാള്‍ അപൂര്‍വ്വമായിരിക്കും. ഏതൊരു കാര്യവും തിയതിയും ദിവസവുമടക്കം കൃത്യമായി ഓര്‍ത്തെടുക്കാന്‍ ടി.ഇ അബ്ദുല്ലക്ക് അപാരമായ കഴിവുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ ഓരോ സംഭവങ്ങളെ കുറിച്ചും ടി.ഇ അബ്ദുല്ല ആവേശത്തോടെ പറയുമ്പോള്‍ പുതുതലമുറ വാ പൊളിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.
മുസ്ലിംലീഗിന്റെ ഉന്നതനായ നേതാവായിരുന്നുവെങ്കിലും ടി.ഇ അബ്ദുല്ല എല്ലാവര്‍ക്കും ഒരുപോലെ സുസമ്മതനായത് രാഷ്ട്രീയത്തിലുപരി എല്ലാവരേയും ഒരു പോലെ സ്നേഹിക്കാനുള്ള മനസ്സുണ്ടായിരുന്നത് കൊണ്ടാണ്. വാക്കിലോ പ്രസംഗത്തിലോ എതിരാളികളെ പോലും വിമര്‍ശിക്കാത്ത മാന്യതയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പോലും എതിരാളികള്‍ ടി.ഇക്ക് മുന്നില്‍ നിന്ന് മാറിനിന്ന് അദ്ദേഹത്തിന് എതിരില്ലാത്ത വിജയം സമ്മാനിച്ചത് എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനും പ്രിയനുമായത് കൊണ്ടാണ്. രാഷ്ട്രീയമാവട്ടെ മതമാവട്ടെ ഒരു അതിര്‍വരമ്പുകളും ടി.ഇ അബ്ദുല്ലക്ക് മുന്നിലുണ്ടായിരുന്നില്ല.
അവികസിത ജില്ലയുടെ തലസ്ഥാനമായ കാസര്‍കോട് നഗരം വികസനത്തിന്റെ വെള്ളിവെളിച്ചം കണ്ടത് ടി.ഇ അബ്ദുല്ല നഗരസഭാ ചെയര്‍മാനായിരുന്ന കാലത്താണ്. എം. രാമണ്ണറൈയും കെ.എസ് സുലൈമാന്‍ ഹാജിയും ഹമീദലി ഷംനാടും എസ്.ജെ പ്രസാദും ബീഫാത്തിമ ഇബ്രാഹിമും ഏറ്റവും ഒടുവില്‍ വി.എം മുനീറും ഭരിച്ചകാലഘട്ടം മോശമായിരുന്നുവെന്നല്ല. നഗരത്തിന്റെ സ്പന്ദനം മനസ്സിലാക്കി വികസനത്തിന്റെ ചാല് കീറാന്‍ ടി.ഇ അബ്ദുല്ലക്ക് പ്രത്യേകം കഴിഞ്ഞിരുന്നുവെന്നത് എല്ലാവരും സമ്മതിക്കും. നഗരസഭാ ചട്ടങ്ങള്‍ ടി.ഇ അബ്ദുല്ലക്ക് പച്ചവെള്ളം പോലെ ഹൃദിസ്ഥമായിരുന്നു. നഗര വികസനത്തിന് ഉതകുന്ന പദ്ധതികളെ കുറിച്ച് അദ്ദേഹം നിരന്തരം പഠിക്കുമായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലും മറ്റും കൂട്ടുകെട്ടുകളുണ്ടാക്കി വികസനത്തിന്റെ ഏടുകള്‍ ഇങ്ങോട്ട് കൊണ്ടുവരാന്‍ അദ്ദേഹത്തിന് പ്രത്യേകം കഴിവുമുണ്ടായിരുന്നു. കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയവും മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളുമൊക്കെ ടി.ഇ അബ്ദുല്ലയുടെ ഭരണകാലത്തെ സംഭാവനകളാണ്. ഭരണത്തിലെ രണ്ടാമന്‍ എന്ന നിലയില്‍ എ. അബ്ദുല്‍റഹ്മാനും ടി.ഇ അബ്ദുല്ലക്ക് കരുത്തേകി മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. നഗരസഭാ ടൗണ്‍ ഹാളും സ്റ്റേഡിയവുമടക്കമുള്ള വലിയ വികസന പദ്ധതികളില്‍ ഹമീദലി ഷംനാടിനൊപ്പം കൈകോര്‍ത്ത് നിന്ന് പ്രവര്‍ത്തിച്ചത് ടി.ഇ അബ്ദുല്ലയുടെ മറ്റൊരു നേട്ടമാണ്. ടി.ഇയുടെ പ്രവര്‍ത്തന മികവിനെ ആരും കാണാതെ പോയിട്ടുമില്ല. സംസ്ഥാന സര്‍ക്കാറിന്റെയടക്കം പുരസ്‌കാരങ്ങള്‍ തോളിലേറ്റി കാസര്‍കോട് നഗരസഭയിലേക്ക് കൊണ്ടുവരാന്‍ ടി.ഇ അബ്ദുല്ലക്ക് കഴിഞ്ഞത് പ്രവര്‍ത്തന മികവിന്റെ ഉജ്വലമായ അധ്യായങ്ങളാണ് വിളിച്ചോതുന്നത്.
ഏറ്റവും കൂടുതല്‍ കാലം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ പദവി അലങ്കരിച്ചതിനെ ഒരു ഭാഗ്യമായല്ല, അവസരമായാണ് ടി.ഇ അബ്ദുല്ല കണ്ടത്.
നഗരത്തിന്റെ വികസനത്തിനൊപ്പം തന്നെ കാസര്‍കോടിന്റെ സാംസ്‌കാരികമായ മുന്നേറ്റത്തിലും ടി.ഇ അബ്ദുല്ലയുടെ കൈയൊപ്പുണ്ട്. ഒരു രാഷ്ട്രീയക്കാരനോ ജനപ്രതിനിധിയോ വികസന കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തെറ്റിദ്ധരിച്ചുപോയവരെ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തിരുത്തുകയായിരുന്നു അദ്ദേഹം. സുകുമാര്‍ അഴീക്കോടും ടി. പത്മനാഭനും ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയും ചിത്രകാരന്‍ മുത്തുക്കോയയും അടക്കമുള്ളവരെ കാസര്‍കോട്ട് കൊണ്ടുവന്ന് സാഹിത്യ-സാംസ്‌കാരിക സെമിനാറുകള്‍ അടക്കം സംഘടിപ്പിച്ച ടി.ഇ അബ്ദുല്ലയെ പോലെ സാംസ്‌കാരിക മേഖലകളെ തലോടിയ മറ്റൊരു ജനപ്രതിനിധി കാസര്‍കോട് ഇല്ല എന്നുതന്നെ പറയേണ്ടിവരും.
വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അമരത്ത് ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയുക വഴി ടി.ഇ അബ്ദുല്ലയുടെ നേതൃത്വപാടവം പഠിക്കാനും ഗ്രഹിക്കാനും ഞാന്‍ അടക്കമുള്ളവര്‍ക്ക് ഒരുപാട് അവസരങ്ങളുണ്ടായിട്ടുണ്ട്. ദഖീറത്തുല്‍ ഉഖ്റാ സംഘത്തില്‍ ടി.ഇ പ്രസിഡണ്ടും ഞാന്‍ ജനറല്‍ സെക്രട്ടറിയും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയില്‍ അദ്ദേഹം വൈസ് പ്രസിഡണ്ടും ഞാന്‍ ജോ. സെക്രട്ടറിയും ടി. ഉബൈദ് പഠന കേന്ദ്രത്തില്‍ ടി.ഇ ട്രഷററും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച അനുഭവം എനിക്ക് പകര്‍ന്നത് വലിയ കരുത്തും പാഠവുമാണ്.
ടി.ഇ അബ്ദുല്ലയെ കുറിച്ചുള്ള ഓര്‍മ്മകളുടെ തിരതല്ലുകളാണ് ഹൃദയം മുഴുവനും. അദ്ദേഹം വഹിച്ച സ്ഥാനങ്ങളേയും പദവികളേയോ കുറിച്ചൊന്നും എഴുതുന്നില്ല. ഒരുകാര്യം മാത്രം പറഞ്ഞ് അവസാനിപ്പിക്കാം. ആഴ്ചകള്‍ക്ക് മുമ്പ്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നെ വിളിക്കുന്നു. മുസ്ലിംലീഗില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സഹപാഠിയും ആത്മസുഹൃത്തുമായ മുനീറിന്റെ സ്നേഹപൂര്‍ണ്ണമായ വിളി. ഞാന്‍ ചിരിച്ചു. എപ്പോഴാണ് മെമ്പര്‍ഷിപ്പുമായി വീട്ടില്‍ വരേണ്ടതെന്ന് മുനീര്‍ തിരിക്കിയപ്പോള്‍ പറയാമെന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. ഇക്കാര്യം ഞാന്‍ ടി.ഇ അബ്ദുല്ലയോട് പറഞ്ഞു. മുസ്ലിംലീഗില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. എന്ന് പറഞ്ഞപ്പോള്‍ ടി.ഇയുടെ മറുപടി ഇതായിരുന്നു: പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ആളുകളെ വേണം. പക്ഷെ ഷാഫി ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പ് എടുക്കേണ്ട. ഒരു പാര്‍ട്ടിയോടും വിധേയത്വമില്ലാത്ത, എല്ലാവര്‍ക്കും സുസമ്മതനായ മാധ്യമപ്രവര്‍ത്തകനായി ജീവിക്കണം. അഹ്മദ് മാഷിനെ പോലെ....

-ടി.എ. ഷാഫി

Related Articles
Next Story
Share it