ചൊവ്വാഴ്ച അന്തരിച്ച ടി.എ മുഹമ്മദ് ഹാജി എന്ന ചെമ്മനാട് മമ്മദ്ച്ച പൊതുപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ രംഗത്തും ഒരു കാലഘട്ടത്തിന്റെ നിറസാന്നിധ്യമായിരുന്നു. എരുതുംകടവ് മുസ്ലിംലീഗ് പ്രസിഡണ്ട്, ജമാഅത്ത് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ദീര്‍ഘകാലം വഹിച്ച അദ്ദേഹം മണ്ഡലം മുസ്ലിംലീഗിന്റെ സാരഥിയായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം എല്ലാ കാര്യങ്ങളിലും നിസ്വാര്‍ത്ഥ സേവകനും സൗമ്യമായ പെരുമാറ്റത്തിന്റെ ഉടമയുമായിരുന്നു. വാര്‍ധക്യ സംബന്ധമായ രോഗത്തിനടിമപ്പെടുന്നതുവരെ ഉത്സാഹിയായ അദ്ദേഹം നാടിന്റെ ചരിത്രമറിയുന്ന, മാറ്റത്തിനായി പ്രയത്നിച്ച നന്മയുടെയും കാരുണ്യത്തിന്റെയും പരസഹായത്തിന്റെയും ഉത്തമ മാതൃകയായിരുന്നു. പലരും ഭൗതീക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാത്ത കാലത്ത് മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതീക വിദ്യാഭ്യാസത്തെയും ആത്മാര്‍ത്ഥമായി പ്രോത്സാഹിപ്പിച്ച ദീര്ഘദൃഷ്ടിയോടു കൂടിയുള്ള കാഴ്ചപ്പാടിന്റെ ഉടമയായിരുന്നു അദ്ദേഹം. അതിന്റെ മകുടമായ തെളിവാണ് അദ്ദേഹത്തിന്റെ സലാഹുദ്ദീന് എന്ന മകന്. കേരള വാട്ടര്‍ അതോറിറ്റിയിലെ റിട്ട. ചീഫ് എഞ്ചിനീയര്‍ ആണ് സലാഹുദ്ദീന്. യാതൊരു തലക്കനക്കവുമില്ലാത്ത സൗമ്യ സ്വഭാവമുള്ള പിതാവിന്റെ പിന്തുടര്ച്ചക്കാരനായാണ് ഞങ്ങളെല്ലാം അദ്ദേഹത്തെ കാണുന്നത്.
കര്‍മ്മരംഗത്തുണ്ടായിരുന്ന കാലത്തോളം എല്ലാകാര്യത്തിലും സത്യസന്ധമായി പ്രവര്‍ത്തിക്കുവാന്‍ ഭാഗ്യം ലഭിച്ച മുഹമ്മദ് ഹാജിയുടെ പ്രവര്‍ത്തനങ്ങളെല്ലാം മാതൃകാപരമായിരുന്നു. ഞങ്ങളുടെയൊക്കെ പ്രിയ ഉപദേഷ്ടാവും നേതൃത്വപാടവം കൊണ്ട് കൊതിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പരലോക ജീവിതം എന്നും സന്തോഷപൂരിതമാകട്ടെ… ആമീന്‍…
-എം.കെ. ചെര്‍ക്കളം